കുഞ്ഞു കൈകളിൽ കൊടുത്തിടും
സെൽഫോണെന്നാദ്യ ലഹരി
വളരുമ്പോൾ കൂടുന്ന വാശിയും
കൂടുന്നു കൂട്ടുകാരോടൊത്തു
പലവർണ്ണ മിഠായി ലഹരിയിൽ തുടങ്ങും
കൊതിയോടെ കഴിച്ചു വീണ്ടും നുണയുവാൻ
ലഭിച്ചീടുവാൻ അവർ നൽകും നിർദ്ദേശത്താൽ
ചെയ്തിടും ചില കളവ് കുറ്റവും
ഉറ്റവരും ഉടയവരും ഇല്ല
ലഹരിയാണെന്റെ എല്ലാമെന്നവർ
ചൊല്ലിപഠിപ്പിച്ചപ്പോൾ അതാണ് കേട്ടതും
കേൾക്കുവാനിഷ്ടവും അവരിൽ
തനിച്ചു നിൽക്കുവാനേറെയിഷ്ടം
തനിച്ചല്ല ലഹരിയുണ്ടെങ്കിലെ
ന്നവർക്കുമാശ്വാസമതെന്നും
നന്മകളൊക്കെ കാറ്റിൽ പറത്തി
തിന്മകളോടൊപ്പം തെറ്റുകളാവർത്തിച്ചു
നെറികേടുകൾക്കൊപ്പം നടന്നു
നീങ്ങുന്നവരറിയുന്നില്ലാ
ചെയ്തതോ ചെയ്തിരിക്കുന്നതോ പാപമെന്നു
നാവിൽ രുചിക്കാനായ്
ആവേശ ലഹരികൾ പലവിധം
മത്തുപിടിപ്പിക്കാൻ
മധുര നിമിഷ സുഖങ്ങൾ തേടി
ഭ്രാന്തമായി അലയും
അടിമയായി തീർന്നവർ
സിരകളിൽ ഒഴുകുന്ന ലഹരിയുടെ താണ്ഡവം
ജീവിതത്തിന്റെ ഇരുട്ടിലേക്കുള്ള
യാത്രയുടെ ടിക്കറ്റുമായെത്തുന്നു
വെളിച്ചത്തിലേക്ക് വിളിക്കുന്ന കൈകൾ
തട്ടിത്തെറിപ്പിച്ചു
പെറ്റവയറിന്റെ താളം കേൾക്കാനാവാതെ
ചവിട്ടിമെതിക്കാൻ മാത്രം
ലഹരിയുടെ മത്തു മാത്രമാകുന്നു
ലഹരിക്കടിമയായാൽ
ലഹരി മാത്രമാകുന്നു കൂട്ടിന്
Content Summary: Malayalam Poem ' Laharimittayi ' Written by Fasila Kolathara