ADVERTISEMENT

ഞാൻ എന്തെങ്കിലും എഴുതിയിട്ട് കുറേ നാളുകളായി. സത്യം പറഞ്ഞാൽ എനിക്ക് ശരിക്കും കരച്ചിലു വരുന്നുണ്ട്. ഇന്ന് വീട്ടിൽ ചുമ്മാ ഇരിക്കുമ്പോൾ പുറത്തു നല്ല മഴ പെയ്തു. മഴ കണ്ടപ്പോൾ എന്നിലെ സങ്കടം കൂടുതൽ ശക്തമായി. "എന്തിനാണ് നീ ചുമ്മാ കരയുന്നത്.. അമ്മ മോനെ ദാ ഇങ്ങനെ വട്ടം കെട്ടിപ്പിടിച്ചിട്ടുണ്ട് കേട്ടോ. മോൻ കരയേണ്ട.." ഓർമ്മയിൽ നിന്നും ആരോ പറയുന്നു. അമ്മ. അമ്മയുടെ പറച്ചിലിൽ പരിഭവമുണ്ട്, സങ്കടമുണ്ട്.. മനസ്സിനു മടുപ്പു വരുമ്പോഴെല്ലാം ഞാൻ അമ്മയുടെ ഈ വാട്ട്സാപ്പ് വോയിസ്‌ ക്ലിപ്പെടുത്തു കേൾക്കും. വർഷങ്ങൾക്കു മുൻപ് മഴ പെയ്യുന്നയൊരു സന്ധ്യയിൽ അമ്മ എന്റെ വാട്ട്സാപ്പിൽ അയച്ച മെസേജ്. അതിപ്പോഴും ഞാൻ സൂക്ഷിച്ചിരിക്കുന്നു. അതയച്ചതിനുശേഷമാണ് അമ്മ ആരോടോ ഒപ്പം ഇറങ്ങിപ്പോയത്. ഫോൺ വീട്ടിൽ വച്ചു പുറത്തു പോയ എന്നെയും കാത്ത് വാട്ട്സാപ്പിൽ ഈ വോയ്സ് കിടപ്പുണ്ടായിരുന്നു. എനിക്കുള്ള മറുപടി പോലെ. സ്കൂളിൽ പഠിക്കുമ്പോൾ മലയാളം വലിയ ഇഷ്ടമായിരുന്നു. പ്ലസ് വണ്ണിൽ വച്ച് ഇക്കണോമിക്സ് പഠിപ്പിച്ച സൂസി മിസ് നിങ്ങൾക്കു ഭാവിയിൽ ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചു. കടലാസിൽ എല്ലാവരും തങ്ങളുടെ ആഗ്രഹങ്ങളെഴുതുന്ന കൂട്ടത്തിൽ ഞാനും കൂടി. ഒരെഴുത്തുകാരനാകാനാണ് ആഗ്രഹമെന്ന് എഴുതിക്കൊടുത്തപ്പോൾ അന്ന് ക്ലാസ് മുറിയിൽ മുഴങ്ങിയ കൈയ്യടി ഇന്നുമെന്റെ ചെവിയിലുണ്ട്. വലിയ എഴുത്തുകാരനൊന്നും ആകാൻ പറ്റിയില്ലെങ്കിലും ഞാനും വെറുതേ എഴുതാൻ ശ്രമിച്ചു. ശ്രമിക്കുന്നതു കൊണ്ടു നമുക്ക് പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനില്ലല്ലോ.. എന്റെ എഴുത്തുകൾക്ക് അകലം കൂടുമ്പോഴെല്ലാം ഞാൻ വല്ലാണ്ട് പരിഭ്രാന്തനായി. എഴുത്തുകളിലെ അകലം എന്റെ സർഗ്ഗശേഷിയെ ബാധിക്കുമോ എന്നു ഞാൻ ശരിക്കും ഭയപ്പെട്ടു. അങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ എന്റെ എഴുത്തിന്റെ വേഗത കൂട്ടി.. ആഴ്ചയിൽ മിനിമം രണ്ടെഴുത്തുകൾ- അങ്ങനെയൊരു തീരുമാനം മനസ്സിൽ ഉറപ്പിച്ചപ്പോൾ എനിക്ക് മറ്റൊന്നിലും ശ്രദ്ധിക്കാൻ നേരമില്ലാതായി. മറ്റൊന്നിലും എന്നുവച്ചാൽ.. അതെ ആത്മഹത്യയിൽ തന്നെ.

Read also: കിടപ്പിലായ അച്ഛനോട് വെറുപ്പ്, ഉപേക്ഷിക്കാൻ ശ്രമങ്ങൾ; ഭാര്യയുടെ കണ്ണ് തെറ്റുന്ന സമയത്തിനായി അയാൾ കാത്തിരുന്നു.

കഴിഞ്ഞ മാസം ഞാനെന്റെ സൈക്യാട്രിസ്റ്റിനെ കണ്ടു. എപ്പോഴും പുഞ്ചിരിക്കുന്ന കന്യാസ്ത്രീ. വെള്ള വസ്ത്രങ്ങളണിഞ്ഞ അവർ എന്നെ നോക്കി ചിരിച്ചു. അതൊരു പരിഹാസച്ചിരിയാണോ എന്നെനിക്ക് ഡൗട്ടുണ്ട്. ഇവരുടെയടുത്തു ഞാൻ വരാൻ തുടങ്ങിയിട്ട് ഏകദേശം ഒരു വർഷത്തിനു മുകളിലായിരിക്കുന്നു. എനിക്ക് ഈ ആശുപത്രി സന്ദർശനം വെറും ടൈം പാസ് മാത്രമാണ്. എന്തായാലും ഞാൻ ആത്മഹത്യ ചെയ്യും. എന്നെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാനുള്ള കഴിവൊന്നും കന്യാസ്ത്രീക്കില്ല. പ്രിസ്‌ക്രിപ്ഷൻ ചീട്ടിലേക്ക് വേഗത്തിൽ ഡിപ്രഷനും, ആൻസൈറ്റിക്കുമുള്ള മരുന്നുകൾ എഴുതിച്ചേർക്കുന്ന ഡോക്ടറെ നോക്കി ഞാനെപ്പോഴും പുച്ഛത്തിൽ ചിന്തിക്കും. എങ്കിലും മാസത്തിലൊരിക്കലുള്ള ആശുപത്രി സന്ദർശനം ഞാൻ മുടക്കിയിരുന്നില്ല. അതിനുകാരണം ഒരുപക്ഷേ ആ പെൺകുട്ടിയാകാം. ഞാൻ വരുന്ന ദിവസമെല്ലാം ആ പെൺകുട്ടിയും ആശുപത്രിയിൽ വരുമായിരുന്നു. ഇരട്ട പിന്നിയ മുടിയിൽ നീല റിബൺ കെട്ടിയ പെൺകുട്ടി. അവൾക്കൊരു എട്ടോ പത്തോ വയസ്സ് പ്രായം തോന്നിച്ചു. ഞാൻ കാണുമ്പോഴെല്ലാം അവൾ മുട്ടിനു തൊട്ടു താഴെയെത്തുന്ന ഒരു ഫ്രോക്കായിരുന്നു ധരിച്ചിട്ടുള്ളത്. പല നിറങ്ങളിലുള്ള ഫ്രോക്കുകൾ. അതവളെ ഒരു തുമ്പിയെപ്പോലെ മനോഹരിയാക്കി. അവളുടെ ഇരട്ട പിന്നിയ മുടിയിലെ റിബണിന്റെ നിറം മാത്രം ഒരിക്കലും മാറി കണ്ടിട്ടില്ല. ഒരു പക്ഷേ അവൾക്കേറ്റവും ഇഷ്ടപ്പെട്ട നിറം അതായിരിക്കും. നീല. ആ ചിന്ത വന്നപ്പോൾ തൊട്ടാണ് ഞാനെന്റെ ഇഷ്ടപ്പെട്ട നിറത്തെക്കുറിച്ചു ചുമ്മാ ചിന്തിച്ചു തുടങ്ങിയത്. മറവിയുടെ ചിതലരിച്ച പഴയ ഒരു ക്രയോൺസു പെട്ടിയിൽ നിന്നും ചുവന്ന നിറമുള്ളയൊരു ക്രയോൺ ആശുപത്രി വരാന്തയിൽ ഊർന്നു വീഴുന്നതു അന്നു ഞാൻ കണ്ടു. "നീ നന്നായി പടം വരയ്ക്കുമായിരുന്നു." അതെന്നോടു പറയുന്നതായി എനിക്കു തോന്നി. എനിക്കു വല്ലാണ്ടു സങ്കടം തോന്നി. 

ആ പെൺകുട്ടിക്ക്‌ ഓട്ടിസമായിരുന്നു. അവളുടെ നിഷ്കളങ്കമായ പുഞ്ചിരി കാണുവാൻ വേണ്ടി മാത്രം ഞാൻ റെഗുലറായി ആശുപത്രിയിൽ പോയി. എങ്കിലും ആ പെൺകുട്ടിക്കോ, ആശുപത്രിക്കു മുന്നിൽ കൈകൾ വിരിച്ചു നിൽക്കുന്ന ശാന്തമായ കണ്ണുകളുള്ള യേശുദേവനോ, എന്റെ സൈക്യാട്രിസ്റ്റായ ഡോക്ടർ വിനീതയ്ക്കോ ഒന്നും എന്റെ പ്രശ്നത്തിനു പരിഹാരം കണ്ടെത്താൻ കഴിയില്ലെന്ന് എനിക്കുറപ്പായിരുന്നു. "നിങ്ങൾ എന്തെങ്കിലും ചെയ്യാറുണ്ടോ?" ഒരു ദിവസം പ്രിസ്ക്രിപ്ഷനിൽ നിന്നും തലയുയർത്തിയ ഡോക്ടർ എന്നോട് അപ്രതീക്ഷിതമായി ചോദിച്ചു. "ങേ" പെട്ടെന്നുള്ള ചോദ്യമായതിനാൽ ഞാൻ ശരിക്കും പതറിപ്പോയി. "നിങ്ങൾ എന്തെങ്കിലും ചെയ്യാറുണ്ടോ എന്ന്" ചെറു ചിരിയോടെ ഡോക്ടർ ചോദ്യമാവർത്തിച്ചു. "ഐ മീൻ നിങ്ങളുടെ റെഗുലർ ആക്ടിവിറ്റീസ്.. നിങ്ങൾ നേരം വെളുത്തു വൈകുന്നേരം കിടക്കുന്ന വരെയുള്ള സമയത്ത് എന്തു ചെയ്യുന്നു" എനിക്കു ഡോക്ടറോടു പറയാൻ ഒരുത്തരമുണ്ടായിരുന്നില്ല. ഞാൻ എണീക്കുന്നത് എപ്പോഴാണ്? ഞാൻ ഭക്ഷണം കഴിക്കുന്നത് എപ്പോഴാണ്? ഞാൻ ഭക്ഷണം കഴിക്കാറുണ്ടോ? ഞാൻ... ഞാൻ വേറെ എന്തെങ്കിലും ചെയ്യാറുണ്ടോ? അടച്ചിട്ട എന്റെ മുറിയും ജനലുകൾ മറഞ്ഞുകിടക്കുന്ന ചുവന്ന കർട്ടനുകളും ഓർമ്മയിൽ തെളിഞ്ഞു. മുറിയിൽ സൂര്യപ്രകാശം കിടക്കുന്ന വിധത്തിലുള്ള കർട്ടനുകൾ വേണം ജനാലകൾക്കിടാനെന്ന് മമ്മി പറഞ്ഞുവെങ്കിലും ഞാൻ പപ്പയെക്കൊണ്ട് നിർബന്ധിച്ചു വാങ്ങിപ്പിച്ചതാണ് വെളിച്ചം അധികം കടത്തി വിടാത്ത ആ ചുവന്ന കർട്ടൻ വിരികൾ. എനിക്കു വെളിച്ചം ഒട്ടും ഇഷ്ടമല്ല. അരണ്ടമുറിയിൽ നിരത്തിയിട്ട പുസ്തകങ്ങൾക്കിടയിൽ നിലം പറ്റി മലർന്നു കിടക്കണം. അതാണ് എനിക്കാകെ ഇഷ്ടമുള്ള കാര്യം. അങ്ങനെ കിടക്കുമ്പോൾ കല്ലറയ്ക്കുള്ളിൽ കിടക്കുന്നത് പോലെ തോന്നും. അടുത്തടുത്തുള്ള കല്ലറഫലകങ്ങളും ഫലകങ്ങൾക്കു മുകളിലേക്കു തല ചായ്ച്ച മഞ്ഞ മന്ദാരത്തിന്റെ കൊമ്പിനെയും ഓർമ്മ വരും. അതെവിടെയാണെന്ന് ആലോചിച്ചെടുക്കാൻ ഞാൻ ശ്രമിക്കും. പക്ഷേ എനിക്കൊരിക്കലും അതിനു കഴിഞ്ഞില്ല.

"അതു പോരാ " മനസ്സു വായിച്ചിട്ടെന്നവണ്ണം ഡോക്ടർ എന്നോടു പറഞ്ഞു "നിങ്ങൾ എന്തെങ്കിലുമൊക്കെ ചെയ്യണം. ചെയ്തേ മതിയാകൂ.. ഒന്നും ചെയ്യാതിരിക്കുന്നത് കൊണ്ടാണ് നിങ്ങളെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന ചിന്ത നിങ്ങളുടെയുള്ളിൽ നിറയുന്നത്. ഒരുനിമിഷം നിർത്തിയിട്ടു ഡോക്ടർ തുടർന്നു: കേട്ടിട്ടില്ലേ.. ബൈബിളിൽ പറയുന്നത്. അലസന്റെ മനസ് ചെകുത്താന്റെ പണിപ്പുരയാണെന്ന്.. അത് ബൈബിളും കോപ്പുമൊന്നുമല്ല പെണ്ണുമ്പിള്ളേ.. ഷേക്സ്പിയറുടെ ക്വട്ടേഷനാണ്‌ - എനിക്കു പെട്ടെന്ന് പഴയ ബാക്ക്ബെഞ്ചറെപ്പോലെ തർക്കുത്തരം പറയണമെന്നു തോന്നി. എങ്കിലും ഞാനതടക്കി. "വീടിനു പുറത്തിറങ്ങാൻ മടിയുള്ള താങ്കളോട് ഒരു ദിവസം കൊണ്ടു പോയി ഫ്രണ്ട്സ് സർക്കിൾ ഉണ്ടാക്കുവാനല്ല ഞാൻ പറയുന്നത്. ഐ നോ.. പന്ത്രണ്ടുകൊല്ലം സ്‌കൂളിലും മൂന്നുകൊല്ലം കോളജിലും പഠിച്ചിട്ടും ഒരു ഫ്രണ്ട് പോലുമില്ലാത്ത താങ്കളെപ്പോലൊരാൾക്ക് അതൊരു ഈസി പ്രോസസായിരിക്കില്ല. പക്ഷേ താങ്കൾ എപ്പോഴും എന്തെങ്കിലും ആക്ടിവിറ്റീസ് ചെയ്തുകൊണ്ടിരിക്കണം.. അല്ലെങ്കിൽ... അല്ലെങ്കിൽ... ഇനിയൊരു കൂടിക്കാഴ്ച നമ്മൾ തമ്മിലുണ്ടാകുമോ എന്നുവരെ എനിക്കു സംശയമുണ്ട്.. താങ്കളുടെ മനസ്സിന്റെ കണ്ടീഷൻ അത്രയും മോശമാണ്. താങ്കൾ റെഗുലറായി എന്നെ കാണാൻ വരുന്നതിന്റെ കാരണം പോലും എനിക്കത്ഭുതമാണ്." ഡോക്ടർ അതു പറഞ്ഞപ്പോൾ നീല റിബൺ തലമുടിയിൽ കെട്ടിയ പെൺകുട്ടി മനസ്സിലേക്കോടി വന്നു. അപ്പോൾ ഡോക്ടർ പറഞ്ഞത് സത്യമാണെന്നു എനിക്കു തോന്നി. എനിക്കു ഡോക്ടറെ അനുസരിക്കണമെന്നു തോന്നി. അങ്ങനെയാണ് ഞാൻ എഴുതിത്തുടങ്ങിയത്. അടച്ചിട്ട ജനാലകളുടെ ചില്ലുകൾ ഞാൻ വലിച്ചു തുറന്നു. മഞ്ഞ ജനലഴികൾക്കപ്പുറം സായന്തനത്തിന്റെ ചുവന്ന കൊമ്പുകളുള്ള റബർമരങ്ങൾ, റബർ മരങ്ങൾക്കിടയിലൂടെ അകലെ ഒരു പൊട്ടു പോലെ കാണുന്ന അമ്പലമുറ്റത്തെ അരയാലിലകളിൽ തിളങ്ങുന്ന അന്തിവെളിച്ചം. എനിക്കു ചെറുതായി സന്തോഷം തോന്നി. 

Read also: 'മക്കളെ, ഞാന്‍ മരിച്ചാല്‍ എന്നെ..' സ്വന്തം മരണം 'പ്രവചിച്ച്' ശങ്കുണിപ്പണിക്കർ.

എന്നാൽ ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. വീണ്ടും മനസ്സിലൊരു മഞ്ഞ മന്ദാരത്തിന്റെ കൊമ്പ് തലനീട്ടുന്ന പോലെ. കറുത്ത ഗ്രാനൈറ്റുള്ള സെമിത്തേരി. എന്റെ മനസ്സിടിഞ്ഞു. ഞാൻ വീണ്ടും വെറും തറയിൽ കമഴ്ന്നു കിടന്നു. എനിക്കു വയ്യ.. മണിക്കൂറുകൾ നീണ്ട ആ കിടപ്പിൽ ഞാൻ തനിയെ പിറുപിറുത്തു. പിന്നെ മരുന്നുബോക്സിൽ നിന്നും രാത്രി അര വച്ച് കഴിക്കേണ്ട ഗുളികകളിൽ ഒന്നുരണ്ടെണ്ണമെടുത്ത് വിഴുങ്ങി. വൃത്താകൃതിയിൽ ചുവന്ന നിറമുള്ള ആൻസൈറ്റിയുടെ ഗുളികകൾ. ദീർഘനേരം ഉറക്കത്തിന് ഇവ നല്ലതാണ്. ഉറക്കത്തിൽ ഞാൻ എന്തൊക്കെയോ സ്വപ്നം കണ്ടു. സ്വപ്നത്തിൽ പഴയ സ്കൂൾ യൂണിഫോമണിഞ്ഞു ഞാൻ ഡയന ടീച്ചറുടെ '8 C' യിൽ കയറിയിരുന്നു. പുറത്ത് പെയ്യുന്ന മഴ. മുന്നിൽ തടിമേശയിൽ ചാരി നിന്ന് ഒച്ചയെടുത്ത് ടീച്ചർ ക്ലാസിനെ വരുതിയിലാക്കാൻ നോക്കുകയാണ്. ടീച്ചറെ ആർക്കാണ് പേടി? ക്ലാസിൽ മുഴുവൻ മഴയുടെ മറ്റൊരു ആരവമാണ്. കലപില കൂടി വന്നപ്പോൾ മേശമേൽ ചൂരൽ വന്നു പതിക്കുന്ന ശബ്ദം. അല്ല അതൊരു മഞ്ഞമന്ദാരത്തിന്റെ കൊമ്പാണ്. ടീച്ചറുടെ മേശയ്ക്ക് ഇപ്പോഴൊരു കല്ലറയുടെ രൂപമാണ്. "സൈലൻസ്." ആരോ ഉച്ചത്തിൽ ആക്രോശിക്കുന്നു. "അയ്യോ മാനുവൽ സാർ. മിണ്ടാതിരിയെടാ" അടുത്തിരുന്ന ജാബിർ എന്നെ തോണ്ടി. ഒരു ഞെട്ടലോടെ ഞാൻ സ്വപ്നത്തിൽ നിന്നുമുണർന്നു. ജനലഴികൾക്കുമപ്പുറം മഴ തോർന്നിരുന്നു. റബർമരങ്ങളുടെ ഇലകളിൽ വീണ്ടുമൊരു പെയ്ത്തിനൊരുങ്ങുന്ന ഉരുണ്ട തുള്ളികൾ. തണുത്ത കാറ്റിൽ അമ്പലമുറ്റത്തെ അരയാലിലകൾ ഇളകുന്നു. ചന്ദനത്തിന്റെ മണമുള്ള കാറ്റ് എന്നെ വന്നു തൊട്ടു. നല്ല അന്തരീക്ഷം. പുറത്തു പോകാൻ പറ്റിയ അന്തരീക്ഷം. വീട്ടിൽ നിന്നും മാത്രമല്ല ശരീരത്തിൽ നിന്നും, മഞ്ഞമന്ദാരം തലനീട്ടുന്ന സെമിത്തേരികളുള്ള വൃത്തികെട്ട സ്വപ്നങ്ങളിൽ നിന്നും. എന്നന്നേക്കുമായി..

ഈ ചുരം കാണാൻ നല്ല ഭംഗിയാണ്. ചുരത്തിന്റെ പേരും രസകരമാണ്. പാൽച്ചുരം. വെയിലിൽ മഞ്ഞപ്പൂക്കളുള്ള പുതപ്പണിഞ്ഞ് ചുരത്തിന്റെ അടിവാരം അതിസുന്ദരിയാകും. മഴയിൽ ഇലകൾ കൂമ്പി അടിവാരത്തെ മരങ്ങൾ നാണിച്ചു നിൽക്കും. ഇപ്പോൾ മഞ്ഞാണ്. ആരോ മരങ്ങൾക്കും പൂക്കൾക്കും മുകളിലേക്ക് വലിച്ചെറിഞ്ഞ വല പോലെ മഞ്ഞിന്റെ വിരി താഴ്‌വാരത്തെയാകെ പുതപ്പിച്ചിരിക്കുന്നു. ഇത് ഹെയർ പിൻ നമ്പർ ഏഴാണ്‌. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലം. ഇവിടെ നിന്നും നോക്കിയാൽ അടിവാരത്തെ കാഴ്ചകൾ ഏറ്റവും മനോഹരമായി കാണാം. അതിനേക്കാളും എന്റെ സന്തോഷം ഇവിടെ സുരക്ഷാഭിത്തിയുടെ തടസ്സങ്ങളൊന്നും ഇല്ല എന്നതാണ്. താഴെ കാണുന്ന സ്ഥലം അമ്പായത്തോടാണ്. അമ്പായത്തോടിലെ പൂക്കൾക്കും മരങ്ങൾക്കും വീടുകൾക്കും മുകളിൽ പാലൊഴിച്ചതുപോലെ മഞ്ഞ് വീണിരിക്കുന്ന സുന്ദര കാഴ്ച. ഇവിടെനിന്നും ചാടിയാൽ ആ സുന്ദരകാഴ്ചയിലേക്ക് ഒരു സ്വപ്നത്തിലേക്കെന്നവണ്ണം ഭാരമില്ലാതെ തെന്നി പറക്കാം. ഞാൻ പതിയെ മുന്നോട്ടു നടന്നു. ഇനിയും വയ്യ.. എനിക്കു വയ്യ. ആരുമെനിക്ക് കൂട്ടുകാരായില്ല. എനിക്കു ജോലിയില്ല. എനിക്കു സന്തോഷങ്ങളില്ല. ഭൂതകാലത്തിന്റെ ഓർമ്മകളിലാണ് ഞാൻ ജീവിക്കുന്നത്. കൂട്ടിനായി ഒരു മഞ്ഞ മന്ദാരത്തിന്റെ കൊമ്പും സെമിത്തേരിയും! നാശം. ഞാൻ കൊക്കയുടെ വിളുമ്പിലെത്തിയിരുന്നു. ഇനി ഒരു കാൽ കൂടി മുന്നോട്ടു വച്ചാൽ... അതിനുമുൻപ് എനിക്കാ സുന്ദര കാഴ്ച ഒരിക്കൽ കൂടി കാണണമെന്നു തോന്നി. 

ഞാൻ പതിയെ താഴേക്കു നോക്കി. ആരോ തുടച്ചുനീക്കിയതു പോലെ മഞ്ഞ് വിട്ടുമാറിയിരിക്കുന്നു. താഴെ ഒരു കല്ലറയുടെ ആകൃതിയിൽ തെളിഞ്ഞു കാണുന്ന അമ്പായത്തോട്. സൂചി കുത്താൻ ഇടമില്ലാത്തവണ്ണം പൂത്തുനിക്കുന്ന മഞ്ഞമന്ദാരങ്ങൾ. എന്റെ സ്വപ്നം! മന്ദാരങ്ങൾക്കിടയിൽ നിന്നും കുട്ടിക്കൂറാ പൗഡറിന്റെ മണമുള്ള ഒരു സാരിയുടെ മണം എന്നെ വന്നു തൊട്ടു. അമ്മ! "എന്തിനാണ് നീ ചുമ്മാ കരയുന്നത്.. അമ്മ മോനെ ദാ ഇങ്ങനെ വട്ടം കെട്ടിപ്പിടിച്ചിട്ടുണ്ട് കേട്ടോ. മോൻ കരയേണ്ട.." അമ്മ വീണ്ടും പറയുന്നു. ഞാൻ പതിയെ തിരിഞ്ഞു നടന്നു. പാൽച്ചുരമിറങ്ങുമ്പോൾ ആ കല്ലറ ഏതാണെന്ന് ഒരു സ്വപ്നത്തിലെന്ന വണ്ണം എനിക്കോർമ്മ വന്നു. അതെന്റെ അമ്മയുടെ കല്ലറയാണ്. ചെടിക്കുളം പള്ളിയിലെ പതിമൂന്നാം നമ്പർ സെമിത്തേരി. അന്ന് അമ്മ വീടു വിട്ടു പോയത് ഒളിച്ചോടാനായിരുന്നില്ല. ടിപ്പർ ഡ്രൈവറായ മുഴു കുടിയൻ അപ്പന്റെ ഉപദ്രവങ്ങളിൽ നിന്നും രക്ഷനേടാനാണ്. ആ പോക്കിൽ റോഡിൽ വച്ച് അമ്മയെ ഒരു ടിപ്പർ വന്ന് ഇടിച്ചു തെറിപ്പിച്ചു. അതിൽ പിന്നെയാണ് എനിക്ക്... എനിക്ക് എന്തൊക്കെയോ ഓർമ്മ വന്നു. ആ ഓർമ്മകളിലേക്ക് ഒരു സ്വപ്നത്തിലെന്ന വണ്ണം ഞാൻ ചുരിമിറങ്ങി കൊണ്ടിരുന്നു. രണ്ടാമത്തെ ഹെയർപിൻ വളവെത്തിയപ്പോൾ എതിരെ ഒരു ടിപ്പർ വരുന്നതു കണ്ടു. ഹെഡ്‌ലൈറ്റിന്റെ മഞ്ഞവെട്ടത്തിൽ അതിലെ ഡ്രൈവറെ കാണാൻ എന്റെ അപ്പനെ പോലെ തോന്നിച്ചു.

Content Summary: Malayalam Short Story ' Cemeteryile Manjamantharam ' Written by Grince George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com