അയാൾ ചിന്താമഗ്നനായി ഇരിക്കുമ്പോഴാണ് ആ കോൾ വന്നത്. കൃഷ്ണപ്പിള്ളയല്ലെ? അതെ. താൻ എന്ത് കോപ്പിലെ എഴുത്തുകാരനാടോ? എന്ത് പറ്റി? തേങ്ങാക്കൊല! എടോ ഞങ്ങൾ കാശ് എണ്ണിക്കൊടുത്താണ് മാസിക വാങ്ങുന്നത് തന്റെ പഴമ്പുരാണം കേൾക്കാനല്ല. കഥ വായിക്കുമ്പോൾ അതൊരു ലഹരി ആയിരിക്കണം. താൻ മാതൃദിനത്തിൽ എഴുതിയ കഥയില്ലെ? എടോ അതെന്നാ അമ്മയാടോ? എടോ തന്ത കള്ള് കുടിയനാണെങ്കിൽ എന്താ ചെയ്യേണ്ടെ? എടോ ബുദ്ധി വേണം. താൻ വല്ല കഞ്ചാവോ കള്ളോ അടിച്ചിട്ട് എഴുതുന്നതായിരിക്കും അല്ലെ? തനിക്ക് കഥയും ബോധവുമൊന്നുമുണ്ടാവില്ല. ഒരു നിമിഷം കൃഷ്ണപ്പിള്ളയുടെ മനസ്സിൽ "അയാൾ കഥ എഴുതുകയാണി"ലെ മോഹൻലാലിന്റെ സാഗർ കോട്ടപ്പുറത്തെ ഓർമ്മ വന്നു. പക്ഷേ, താൻ കള്ളു കുടിക്കാറില്ലെന്ന് ഈ പിശാചിനെ ആരു പറഞ്ഞു മനസ്സിലാക്കും? ആ അജ്ഞാതൻ നിർത്തുന്നില്ല. "തനിക്ക് ഞാൻ പറഞ്ഞു തരാം. തന്ത ബഹളക്കാരനാണെങ്കിൽ തള്ള പിള്ളേർക്ക് ഭക്ഷണം കൊടുത്ത് ഉറക്കണം. അങ്ങനെയുള്ള തള്ളമാരെയാണ് ഞങ്ങൾക്ക് ഇഷ്ടം. തന്തയാണെങ്കിൽ അയാളുടെ വയറു നിറച്ചു തീറ്റയും കുടിയും കഴിഞ്ഞപ്പോൾ എല്ലിൽ കുത്തുന്നതാണ്. ഇതു ചുമ്മാ പിള്ളേരെ പട്ടിണിക്കിടുന്നതാണോ അമ്മ?. ഇനി ഇതു മാതിരി കഥയെങ്ങാനും താൻ എഴുതിയാൽ തന്റെ കൈ വെട്ടും പറഞ്ഞേക്കാം!
മറ്റേ അറ്റത്ത് ഫോൺ കട്ട് ചെയ്തെന്നുറപ്പായപ്പോൾ അയാൾ കൈകൾ നോക്കി. അവിടെത്തന്നെയുണ്ട്. സമാധാനമായി പക്ഷേ, കളി കാര്യമായിരിക്കുകയാണ് ആ അജ്ഞാതനായ വായനക്കാരൻ തന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന് നേരെയാണ് കൈ വെച്ചിരിക്കുന്നത്. ഇനിയുള്ള കാലം വികലാംഗ പെൻഷൻ വാങ്ങി ജീവിക്കേണ്ടി വരുമോ? കൃഷ്ണപിള്ളയുടെ മനസ്സിലേക്ക് ഭയം ഇഴഞ്ഞു കയറാൻ തുടങ്ങി. താൻ എന്ത് തെറ്റാണു ചെയ്തത്? താൻ കണ്ട കാര്യങ്ങൾ എഴുതി? അതിപ്പോൾ വായനക്കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ താൻ എന്തു ചെയ്യും. ഒരു കല്യാണത്തിനു വരുന്ന ഓരോരുത്തരുടേയും രസമുകുളങ്ങളെ ഒരു പാചകക്കാരന് തൃപ്തിപ്പെടുത്താൻ പറ്റുമോ? താൻ എഴുതിയതു കഴിഞ്ഞ തലമുറയിലെ ഒരു സാധു സ്ത്രീയുടെ ജീവിതം. തന്റെ ജീവിത കാലം മുഴുവൻ തനിക്കു തണലാകേണ്ട തന്റെ ഭർത്താവിനെ മാനിക്കുക എന്നതാണ് അവർ പഠിച്ചത്. അല്ലാതെ ടെക്നോളജിയുടെ ഇന്നത്തെ കാലത്തെ പലരുടേയും ജീവിതമല്ല. മൗനത്തിലും സങ്കടത്തിലും അമർന്നു പോയ ഓരോ നാടിന്റെയും വേദനകൾ ഈ ലോകത്തോട് വിളിച്ചു പറഞ്ഞത് എഴുത്തുകാരാണ്. അത് ടോൾസ്റ്റോയി ആയാലും ഈ മഹാരാജ്യത്ത് ടാഗോറോ വയലാറോ ഇടശ്ശേരി പോലും. അന്യരുടെ വേദന സ്വന്തം വേദനയായി സ്വീകരിച്ചതിന് പ്രതിഫലമായി മഹാന്മാർക്ക് ഈ ലോകം നൽകിയത് ജയിലും വിഷപാത്രങ്ങളുമാണല്ലോ!. താൻ എഴുതാതിരുന്നാൽ തന്റെ ബൗദ്ധികത നശിച്ചു പോകും.
ഒരു കഥ എങ്ങനെയാണു ഉണ്ടാകുന്നതെന്ന് ഈ വായനക്കാർക്ക് അറിയുമോ? അവർ അഞ്ചു മിനിറ്റു കൊണ്ട് വായിച്ചു തീർക്കുന്നത് എഴുത്തുകാരന്റെ ഗർഭത്തിൽ എത്രയോ നാളുകൾക്ക് മുമ്പേ മുള പൊട്ടി പിന്നെ ദീർഘ സുഷുപ്തിയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു വരുന്നതാണ്. തന്നിലെ വിചാരങ്ങളും വികാരങ്ങളും എല്ലാം സമന്വയിച്ചാണ് ഒരു ശിൽപി ഒരു ശിൽപ്പത്തെ രൂപപ്പെടുത്തുന്നത്. അതു പോലെ രൂപം കൊള്ളുന്നതാണ് തന്റെ കഥാപാത്രങ്ങൾ. എന്നിട്ടും ഈ വായനക്കാർക്ക് അതിഷ്ടമല്ലെന്ന് പറഞ്ഞാൽ! താൻ എന്ത് തെറ്റാണു ചെയ്തത്? താൻ കണ്ട കാര്യങ്ങൾ എഴുതി? അതിപ്പോൾ വായനക്കാർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ താൻ എന്തു ചെയ്യും? തന്റെ ചോരയാണ് നീരാണ് ഓരോ കഥാപാത്രങ്ങളും. ടൈപ്പ് ചെയ്തു ടൈപ്പ് ചെയ്തു വിരലുകൾ വഴങ്ങാതായി. കണ്ണുകളിൽ ഇരുട്ട് പരക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ ചിരിച്ചു. "അവന് പിരാന്താ ഒരു എഴുത്തുകാരൻ വന്നിരിക്കുന്നു. ഇവന് നല്ലൊരു ജോലി ഇല്ലേ ഒരു കുടുംബമില്ലേ പിന്നെ ഇത് എന്നതിന്റെ കേടാ?" ഇവർക്ക് അറിയുമോ തന്റെ കഥാപാത്രങ്ങളെ. അവർ തന്റെ മക്കളാണ് ഞാൻ താലോലിച്ചു വളർത്തിയ എന്റെ മക്കൾ. ഒരു കുഞ്ഞു കുഞ്ഞായി രൂപം കൊള്ളണമെങ്കിൽ അതിനെ ദിവസങ്ങളോളം എണ്ണ തേച്ചു തിരുമ്മി കുളിപ്പിക്കണം. എന്നാലെ നമ്മൾ ഓമനിക്കുന്ന നല്ല ആകൃതിയിലുള്ള കുഞ്ഞാവൂ. അതുപോലെ തന്നെയാണ് ഓരോ കഥാപാത്രങ്ങളും.
എല്ലാം താൻ സഹിക്കും അവരെ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ! തന്റെ കഥാപാത്രങ്ങൾ തന്റെ മക്കളാണ്. മക്കളെ താൻ കൊല്ലണോ? ഇല്ല താൻ ജീവനുള്ളേടത്തോളം അതുണ്ടാവില്ല. ഇടശ്ശേരിയുടെ പൂതപ്പാട്ടിലെ അമ്മയെ ഓർമ്മയുണ്ടോ അതാണ് ഓരോ അമ്മയും ഒരു കൊച്ചു കുഞ്ഞിനെ പരിപാലിക്കുന്ന പോലെയാണ് താൻ ഓരോ കഥാപാത്രങ്ങളേയും പരിപാലിക്കുന്നത്. നിങ്ങൾ ഒരു കുഞ്ഞിനെ കണ്ടിട്ട് അത് മുടന്തൻ ആണെന്ന് പറയാം. നിങ്ങൾ അതിന്റെ അമ്മയോട് ചോദിക്ക് അവർക്ക് എത്ര വേദനിക്കുമെന്നു. പത്തു മാസം അവർ എങ്ങനെയാണ് അതിനെ വയറ്റിൽ കൊണ്ട് നടന്നത്. സൗകര്യമായി ഉറങ്ങിയിട്ടുണ്ടോ? താൻ തന്റെ സൃഷ്ടി കർമ്മം നിർത്തി പെരുമാൾ മുരുകന്റെ മാർഗം സ്വീകരിക്കണോ? അപ്പോൾ തന്നിൽ പിറക്കാനിരിക്കുന്ന എത്രയോ കഥാപാത്രങ്ങൾക്ക് അകാല മരണം സംഭവിക്കില്ലെ? അവർ ഈ ലോകം കാണേണ്ടതല്ലെ? ഈ നാടിന്റെ വേദനകൾ ആരു പറയും? കാലത്തിനൊത്ത കഥാപാത്രങ്ങൾ ആയിരിക്കണം പോലും അതൊക്കെ വായിക്കുന്നവർക്ക് ഉത്തേജനമായിരിക്കണം. അതെങ്ങനെ ആവും അതൊക്കെ ഓരോ കാലഘട്ടം സൃഷ്ടിക്കുന്നതല്ലെ? ഇന്ന് ഗാന്ധി ഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കും അദ്ദേഹത്തിന്റെ സമര മുറ? തന്റെ കഥകൾ ഇഷ്ടപ്പെടുന്നവരോട് എന്ത് സമാധാനം പറയും?. അല്ലെങ്കിൽ തന്നെ തന്റെ കഥാപത്രങ്ങൾ തന്റേതാണോ ഈ സമൂഹം സൃഷ്ടിച്ചതല്ലേ?
Content Summary: Malayalam Short Story ' Kathayile Katha ' Written by Nanu T.