ADVERTISEMENT

എന്റെ ജീവിതത്തിൽ അൻപതുവർഷങ്ങൾക്കു മുൻപു നടന്ന പ്രധാന സംഭവമാണ് ഞാനിവിടെ പറയാൻ പോവുന്നത്. ഇന്നത്തെ പോലെയുള്ള സ്കൂൾ പ്രവേശന ആർഭാടങ്ങളൊന്നും അന്ന് ഇല്ലായിരുന്നുവല്ലോ. ഇന്ന് അരകിലോമീറ്റർ ചുറ്റളവിൽ വർഷം തോറും നാലോ അഞ്ചോ സ്കൂളുകൾ കൂൺ പോലെ മുളച്ചു പൊന്തുന്നുണ്ട്. ചിലത് കുറെക്കാലം നിലനിൽക്കും ചിലത് ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ പൂട്ടി പോവും. അവിടെയൊക്കെ കുട്ടികളെ ചേർക്കാൻ അധ്യയനവർഷാരംഭത്തിന്റെ എത്രയോ മുൻപുതന്നെ ഇന്ന് സ്കൂൾ അധികൃതരും അധ്യാപകരും വീടുകൾതോറും വന്ന് കുട്ടികളെ ചാക്കിട്ടു പിടുത്തവുമുണ്ട്. വാഗ്ദാനങ്ങളും നോട്ടീസുകളും സാമൂഹ്യമാധ്യമങ്ങൾ വഴിയുള്ള പരസ്യ പ്രചരണങ്ങൾ വേറെയും. ഇന്ന് ഒന്നിനും കൊള്ളാത്ത മംഗ്ലീഷ് മീഡിയം സ്കൂളിൽ വരെ പ്രവേശനം നേടുന്നതിന് രക്ഷിതാക്കളുടെ കൈയ്യിൽ നിന്ന് വൻതുക ഈ വിദ്യാഭ്യാസവ്യാപാരികൾ ഈടാക്കുകയും ചെയ്യുന്നുണ്ട്.. തുക കൊടുക്കുവാൻ നമുക്കും മടിയില്ല വാങ്ങുവാൻ അവർക്കും!

സ്കൂളിന്റെ ഗെയ്റ്റ് കണ്ടപ്പോഴെ ഞാൻ അമ്മയുടെ പിറകിലേക്ക് വലിഞ്ഞു. അമ്മ എന്നെ പിടിച്ച് മുൻപിലേക്ക് മാറ്റിനടത്തി. സത്യത്തിൽ അന്ന് എനിക്ക് അഞ്ചു വയസ്സ് തികഞ്ഞിട്ടില്ലായിരുന്നു. എന്റെ ശാഠ്യത്തിനു വഴങ്ങിയാണ് അമ്മ എന്നെ സ്കൂളിൽ ചേർക്കാൻ തീരുമാനിച്ചത്. അച്ഛൻ ആദ്യം എതിർത്തെങ്കിലും പിന്നീടു സമ്മതം മൂളി. ഉള്ളതിൽ വച്ച് നല്ലൊരു ഡ്രസ് അമ്മ എന്നെ ധരിപ്പിച്ചിട്ടുണ്ട് ചന്ദനം കൊണ്ട് ഗോപിക്കുറിയും. നെറ്റിയിൽ ഗോപിക്കുറി ഞാനിടുന്നത് അമ്മയ്ക്കും എനിക്കും ഒരേ പോലെ സന്തോഷമാണ്. വളരെ പഴക്കമുള്ള സ്കൂളിലെ ഇരുമ്പുഗെയ്റ്റ് തുറന്നുതന്നെ കിടക്കുന്നുണ്ട്. അതുവഴി അമ്മയുടെ കൂടെ പോവുമ്പോഴോക്കെ ഞാൻ സ്കൂൾ ഗെയ്റ്റിലേക്ക് നോക്കാറുണ്ട്. അത് എപ്പോഴും തുറന്നുതന്നെയാണ് കിടക്കാറ്. ഒരു പക്ഷെ അത് അടയ്ക്കാറില്ലായിരിക്കും. സ്കൂൾ ഗെയ്റ്റ് കടന്ന് ഉള്ളിൽ ചെന്നതും നേരെ ഇടതുവശത്താണ് ഓഫിസ്. ഞാൻ ഓഫിസ് റൂമിലേക്ക് ഒന്നു നോക്കിയതെയുള്ളു എന്റെ നെഞ്ച് പടപടാ അടിക്കുവാൻ തുടങ്ങി. കാരണം "നാരായണൻ മാഷ്" ഓഫിസ് റൂമിന്റെ മുൻപിൽ തന്നെ വലിയൊരു മരകസേരയിൽ വിശദമായി ഇരിക്കുന്നുണ്ട്. 

മാഷിന്റെ മുടി നല്ല പോലെ നരച്ചിട്ടുണ്ട്. ഇളം കറുപ്പു നിറമാണ് മാഷിന്. "വെളുവെളുത്ത" എന്നു പറഞ്ഞാൽ പോര അതിലും വെളുത്ത മുണ്ടും ഷർട്ടുമാണ് മാഷിന്റെ വേഷം. എപ്പോഴും ഗൗരവഭാവം. കൈയ്യിൽ നല്ല നീളമുള്ള ചൂരൽവടി. മാഷ് സ്കൂൾ വരാന്തയിലൂടെ ഒന്നു നടന്നാൽ മതി. എത്ര ബഹളമുണ്ടാക്കുന്ന കുട്ടികളും നിശബ്ദരാവും. കുട്ടികൾ മാത്രമല്ല മറ്റുള്ള അധ്യാപകർക്കും മാഷെ ഭയമാണ്, ബഹുമാനമാണ്. ബഹളം വയ്ക്കുന്ന ഏതേലും കുട്ടികൾ മാഷ് വരുന്നതു കാണാതിരുന്നാൽ മാഷിന്റെ ചൂരൽ അവരുടെ ചന്തിയിൽ തെരുതെരാ പതിക്കും ഉറപ്പ്. പഠിപ്പിക്കാനും മാഷ് കേമമായിരുന്നു. ഈ കാര്യങ്ങളൊക്കെ എന്റെ വീടിനടുത്തുള്ള മുതിർന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും പറഞ്ഞു കേട്ട അറിവാണ് എനിക്ക്.

ഞാൻ നടത്തം നിർത്തി അമ്മയുടെ പിറകിൽ ഒളിച്ചു.. "വാ മോനേ മാഷ് നിന്നെ ഒന്നും ചെയ്യില്ല." അമ്മ പറഞ്ഞിട്ടും ഞാൻ അനങ്ങിയില്ല. "എന്താ അവിടെ" മാഷിന്റെ ഘനഗംഭീരശബ്ദം ഞാൻ കേട്ടു. എന്റെ നെഞ്ചിടിപ്പു വർധിച്ചു. മാഷിനെപ്പേടിച്ച് നാലാം ക്ലാസിൽ പഠിപ്പു നിർത്തിയ എന്റെ അയൽവാസിയായ സുന്ദരേട്ടനെ അന്നേരം ഞാനോർത്തു. എനിക്ക് സ്കൂളിൽ ചേരാനുള്ള എല്ലാ ആഗ്രഹവും അതോടെ ഒലിച്ചുപോയി. "അമ്മേ എനിക്ക് സ്കൂളിൽ ചേരേണ്ട. നമുക്ക് വീട്ടിൽ പോവാ.. ഞാൻ വിക്കി വിക്കി അമ്മയോട് പറഞ്ഞു.." "ഇവിടെ വരു" നാരായണൻ മാഷ് ഇരുന്നവിടുന്ന് എഴുന്നേറ്റു. ഞാൻ വല്ലാതെ ഭയപ്പെട്ടു.. ഞാൻ അമ്മയെ വട്ടം പിടിച്ചു.. "ദേ മോനേ ഇനി സ്കൂളിൽ ചേർന്നില്ലേൽ മാഷ് നിന്നെ അടിക്കും പേടിക്കേണ്ട മോൻ വാ..." ഞാൻ കണ്ണുകൾ ഇറുകെ അടച്ചു.. അമ്മ എന്നെ എടുത്ത് ഓഫിസ് റൂമിലേക്ക് കയറി.

"ങ്ഹാ ആരാ ഇത് വരൂ.. വരൂ.." സൗമ്യമായ സ്വരം കേട്ടപ്പോൾ ഞാൻ കണ്ണുകൾ പതിയെ തുറന്നു.. പ്രധാന അധ്യാപകനായ ഷാരോടിമാഷ് ആയിരുന്നു അത്.. മാഷിന് അമ്മയെ നന്നായി അറിയാം.. കുറെക്കാലം ഞങ്ങളുടെ അയൽവാസിയായിരുന്നു മാഷ്. "ഓ.. ജാനകിയോ വരൂ വരൂ" ഓഫിസിലേക്ക് മുഴുവനായി കയറാതെ മടിപിടിച്ചു നിന്ന അമ്മയോട് മാഷ് വീണ്ടും പറഞ്ഞു.. എന്റെ മനസ്സിലെ ഭയം മാറി.  ഞാൻ ഓഫിസ്റൂം കൗതുകത്തോടെ നിരീക്ഷിച്ചു.. ഷാരോടി മാഷിനെ കൂടാതെ മറ്റൊരു മാഷും ഒരു ടീച്ചറും ഓഫിസിൽ ഉണ്ടായിരുന്നു. ആ മാഷ് ഞങ്ങളുടെ വരവൊന്നും ശ്രദ്ധിക്കാതെ പുസ്തകം വായിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന ടീച്ചറാവട്ടെ പ്ലാസ്റ്റിക് വയർ കൊണ്ട് "കൊട്ട"( ബാഗ് പോലെയുള്ള) നെയ്യുന്ന തിരക്കിലായിരുന്നു. എന്നാലും ടീച്ചർ എന്നെ നോക്കി പുഞ്ചിരിച്ചു.. അതോടെ എന്റെ എല്ലാ ഭയവും മാറി.. ഫയലുകളും അലമാരകളും അടുക്കി വച്ച പുസ്തകങ്ങളും ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ഫോട്ടോകളും കേരളം, ഇന്ത്യ, ലോക ഭൂപടങ്ങളും മനുഷ്യശരീരാവയവങ്ങൾ അടയാളപ്പെടുത്തിയ വലിയ കലണ്ടറും.. വലിയ പന്തിന്റെ രൂപത്തിലുള്ള ഗ്ലോബും എല്ലാം ഞാൻ കൗതുകത്തോടെ നോക്കികണ്ടു. 

"മാഷെ എന്റെ മോനെ സ്കൂളിൽ ചേർക്കണം" അമ്മ കാര്യം പറഞ്ഞു "ഓ...ആയ്ക്കോട്ടെ  ജാനകി... സന്തോഷമുള്ള കാര്യമല്ലെ അത്? ആട്ടെ മോന്റെ പേര് എന്താ.." "അപ്പു... അപ്പുക്കുട്ടൻ എന്നാ മാഷെ ഞങ്ങൾ വിളിക്കാറ്. പക്ഷെ അതല്ല മോന്റെ പേര്. ഞങ്ങൾ മോനെ ചോറു കൊടുക്കുവാൻ പഴനിയിലാണ് പോയത് അവിടുന്ന് "കുമരൻ" എന്നാണ് പേരിട്ടത്. അതൊരു തമിഴ് പേരാണെന്നാണ് മോൻ പറയുന്നത്." മാഷിന്റെ ചോദ്യത്തിന് അമ്മ മറുപടി പറഞ്ഞു. "ആണോ.. സാരമില്ല നമുക്ക് ശരിയാക്കാം.. ആട്ടെ മോന് എത്ര വയസ്സായി?" മാഷ് വീണ്ടും ചോദിച്ചു.. "ഈ മിഥുനത്തിൽ അവന് നാലു വയസ്സും ആറു മാസവും ആവും.." അമ്മ പറഞ്ഞു.. "അപ്പോൾ അഞ്ചുവയസ്സായിട്ടില്ലല്ലോ മോന്? അടുത്ത വർഷം ചേർത്താൽ പോരേ?" അതു കേട്ടപ്പോൾ അമ്മയ്ക്ക് വിഷമമായി. "പറ്റില്ല മാഷേ ഈ വർഷം തന്നെ ഇവനെ ചേർക്കണം.. അവന് വലിയ ഇഷ്ടമാ സ്കൂളിൽ വരുവാനും പഠിക്കാനും.. എങ്ങനെയെങ്കിലും ഇവനെ ഈ വർഷം തന്നെ ചേർത്തെ പറ്റു.." അമ്മ സങ്കടത്തോടെ പറഞ്ഞു. "ശരി ശരി.. മോന്റെ ജനന സർട്ടിഫിക്കറ്റ് ഇങ്ങു തരു..." "ജനന സർട്ടിഫിക്കറ്റൊന്നും ഇല്ല മാഷെ.. മോന്.. ജാതകം ഉണ്ട്. അത് കൊണ്ടുവന്നിട്ടുമുണ്ട്. നമ്മുടെ ബാലകൃഷ്ണ ഗുരുനാഥൻ എഴുതിയതാണ്. ഇതിലുണ്ട് അവൻ ജനിച്ച കൃത്യദിവസവും സമയവും..." അമ്മ നിഷ്കളങ്കമായി അങ്ങനെ പറഞ്ഞിട്ട്  മടിയിൽ ഭദ്രമായി കടലാസിൽ പൊതിഞ്ഞുവച്ചിരുന്ന പനയോലയിലെഴുതിയ ജാതകം മാഷിനു നേരെ നീട്ടി. 

"ഏയ് സുധാകരൻ മാഷെ ഇതൊന്നു നോക്കി ഇവന്റെ ജനന തിയതി ഒന്നു പറയു.." സുധാകരൻ മാഷ് വായനയിൽ നിന്ന് തലയുയർത്തി പറഞ്ഞു. "അതിൽ നോക്കിയിട്ടെന്താ മാഷെ കാര്യം? ഇവന് അഞ്ചു വയസ്സ് തികഞ്ഞില്ല എന്ന് ഇവന്റെ അമ്മ തന്നെയല്ലെ പറഞ്ഞത്. നമുക്ക് അഞ്ചു വയസ്സു തികയുന്ന ഒരു തിയതി ഇടാം അതല്ലെ നല്ലത്?" മാഷ് നിർദ്ദേശിച്ചു.. "അതു ശരിയാ.." ഷാരോടിമാഷ് ശരിവച്ചു.. അമ്മ എന്റെ ജാതകം പഴയ പോലെ ഭദ്രമായി പൊതിഞ്ഞ് മടിയിൽ വച്ചു. മാഷ് എന്നെ നോക്കി പറഞ്ഞു.. "മോനേ... അപ്പുവെ.. നിനക്ക് "കുമരൻ" എന്ന പേര് ഇഷ്ടാണോ...?" ഞാൻ അമ്മയെ നോക്കി. "അവന് ആ പേര് ഇഷ്ടമല്ല മാഷെ.. മാഷ് തന്നെ ഒരു പേരിട്ടോളു.." അമ്മ പറഞ്ഞു. "എനിക്ക് ഒന്നും അറിയില്ല മാഷെ മോന്റെ അച്ഛനാണെ മിനിഞ്ഞാന്ന് പണിക്കായി കോയമ്പത്തൂരിലേക്കു പോയി. ഇനി കുറച്ചു ദിവസം കഴിഞ്ഞെ വരുകയുള്ളു.." അമ്മ പരിഭ്രമിച്ചു.. "ജാനകി.. നീ പരിഭ്രമിക്കേണ്ട എല്ലാത്തിനും നമുക്ക് പോംവഴിയുണ്ടാക്കാം." മാഷ് അമ്മയെ സമാധാനിപ്പിച്ചു. എന്നിട്ട് "പ്ലാസ്റ്റിക് കൊട്ട" നെയ്തു കൊണ്ടിരിക്കുന്ന ടീച്ചറോടായി പറഞ്ഞു. "സരോജിനി ടീച്ചറെ ഈ മോന് പറ്റിയ ഒരു പേര് നിർദേശിക്കാമോ?" നെയ്ത്തുപണിയിൽ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്ന ടീച്ചർ മാഷിന്റെ ചോദ്യം കേട്ടില്ല.. "സരോജിനി ടീച്ചറെ... ഈ മോന് ചേരുന്ന ഒരു പേരു നിർദേശിക്കു.." ഷാരോടിമാഷ് കുറച്ച് ഉറക്കെ വീണ്ടും പറഞ്ഞു.

പെട്ടെന്നാണ് പുറത്തിരുന്ന നാരായണൻ മാഷ് ഉള്ളിലേക്ക് കയറി വന്നത്. സന്തതസഹചാരിയായ ചൂരൽ കൈയ്യിൽ തന്നെയുണ്ട്. വായനയിൽ ശ്രദ്ധ പതിപ്പിച്ചിരുന്ന സുധാകരൻ മാഷും നെയ്ത്തുജോലിയിൽ ഏർപ്പെട്ടിരുന്ന സരോജിനിടീച്ചറും ഇരിപ്പിടത്തിൽ നിന്ന് ചാടിയെണിറ്റു. ഷാരോടിമാഷ് കണ്ണടയ്ക്കിടയിലൂടെ നാരായണൻമാഷിനെ നോക്കി. ഞാൻ അമ്മയുടെ മറപറ്റി നിന്നു. "അതെ മാഷെ ഞാൻ ഇട്ടോളാം ഇവനുള്ള പേര്.." നാരായണൻ മാഷിന്റെ ഘനഗംഭീര സ്വരമുയർന്നു. അതിനെന്താ നാരായാണൻ മാഷെ മാഷ് തന്നെ ഇട്ടോളു പേര്... "ഇങ്ങടുത്തു വരു..." ഭയന്നു നിൽക്കുന്ന എന്നെ നോക്കി നാരായണൻ മാഷ് പറഞ്ഞു. അമ്മ എന്നെ നാരായണൻ മാഷിന്റെ അരികിലേക്ക് തള്ളിവിട്ടു. നാരായണൻമാഷ് ചൂരൽ മേശ പുറത്തുവച്ച് എന്നെ അണച്ചു പിടിച്ചു. എന്നിട്ട് എന്റെ പേരിടൽ ചടങ്ങിലേക്ക് പ്രവേശിച്ചു. അദ്ദേഹം എന്റെ തലയിൽ കൈവച്ച് എനിക്ക് പേരിട്ടു.. "ഹരികുമാർ" നാരായണൻ മാഷിന്റെ കൈകളിലൂടെ എന്നിലേക്ക് എന്റെ പേര് പടർന്നുകയറി. ഞാൻ മനസ്സിൽ എന്റെ പേര് ആവർത്തിച്ചു വിളിച്ചു. ഒന്നല്ല മൂന്നുവട്ടം.. "ഹരികുമാർ.. ഹരികുമാർ.. ഹരികുമാർ" "അത് മാഷിന്റെ മോന്റെ പേ......." അന്നേരം സുധാകരൻ മാഷ് നാരായണൻ മാഷിനോട് പറയാൻ തുനിഞ്ഞ ഈ വാക്കുകൾ തൊണ്ടയിൽ കുരുങ്ങിയതായി തോന്നി. "എന്നാൽ ബാക്കി കാര്യങ്ങളാവട്ടെ" നാരായണൻ മാഷ് ഷാരോടി മാഷിനോടു പറഞ്ഞ് ഓഫിസ്മുറിയിൽ നിന്ന് തലതാഴ്ത്തി പുറത്തേക്കിറങ്ങി..!

ഷാരോടിമാഷ് ഒരു തടിച്ച പുസ്തകത്തിൽ എന്തൊക്കെയോ രേഖപെടുത്തി അമ്മയെകൊണ്ട് വിരലടയാളം പതിപ്പിച്ചു.. എന്നിട്ട് ഒരു പേപ്പറിൽ എന്തോ എഴുതി അമ്മയുടെ നേർക്ക് നീട്ടി "ദേ ജാനകി... ഇത് ഭദ്രമായി വച്ചോളു.. "മോന്റെ ജനന തിയതിയും പേരും കൃത്യമായ മേൽവിലാസവുമാണിതിൽ ഉള്ളത്. ആവശ്യപ്പെടുമ്പോൾ കൊണ്ടുവരണം കേട്ടോ" അമ്മ ഭവ്യതയോടെ ആ പേപ്പർ വാങ്ങിച്ചു എന്നിട്ട് ജാതകത്തോടൊപ്പം വച്ച് പൊതിഞ്ഞു. "ഹരികുമാർ... ഇവിടെ വരു.." സുധാകരൻ മാഷ് എന്നെ വിളിച്ചു. എന്റെ പേരുമാറിയതിന്റെ സന്തോഷത്തോടെ ഞാൻ മാഷിന്റെ അരികിൽ ചെന്നു. അദ്ദേഹം മേശപ്പുറത്ത് വച്ചിരുന്ന ഒരു സഞ്ചിയിൽ നിന്നും ഒരു പുത്തൻ "സ്ലേറ്റ്" എനിക്കു നൽകി.. എന്നിട്ട് സരോജിനി ടീച്ചറോട് പറഞ്ഞു. "ടീച്ചറെ ഹരികുമാറിന് പെൻസിൽ നൽകൂ..." സരോജിനി ടീച്ചർ രണ്ടു സ്ലേറ്റ് പെൻസിൽ എനിക്കു നൽകി.. എന്റെ മനസ്സിൽ സന്തോഷം പൊട്ടിച്ചിരിച്ചു.. പുതിയ പേര്.. പുത്തൻ സ്ലേറ്റ്. പുത്തൻ പെൻസിൽ..! "എന്നാൽ ശരി...ജാനകി. മോനേയും കൊണ്ട് പൊയ്ക്കോളു.. നാളെ സ്കൂൾ തുറക്കും.. കാലത്ത് എട്ടര മണിയാവുമ്പോൾ മോനേയും കൊണ്ടുവരു.. ഒന്നുരണ്ടു ദിവസം ജാനകിയും മോന്റെ കൂടെ വരേണ്ടി വരും. അതു കഴിഞ്ഞ് അവൻ തനിയെ വന്നോളും. അല്ലെ ഹരികുമാർ...?" ഷാരോടിമാഷ് എന്നെ നോക്കി.. ഞാൻ സന്തോഷത്തോടെ തലകുലുക്കി. ഞാനും അമ്മയും സാവധാനം ഓഫിസിൽ നിന്ന് പുറത്തിറങ്ങി.. നാരായണൻമാഷ് അപ്പോഴും അങ്ങനെതന്നെ അവിടെ ഇരിക്കുന്നുണ്ട്.

ഞങ്ങൾ സ്റ്റെപ്പ് ഇറങ്ങിയതും നാരായണൻ മാഷിന്റെ ശബ്ദം മുഴങ്ങി.. "നിൽക്കവിടെ..." അമ്മയും ഞാനും തിരിഞ്ഞുനിന്നു. മാഷ് തന്റെ അരികിൽ വച്ചിരുന്ന മിഠായിഭരണിയിൽ നിന്ന് കൈനിറയെ പല നിറത്തിലുള്ള നാരങ്ങമിഠായി വാരി എന്റെ നേർക്കു നീട്ടി.. "വാങ്ങിച്ചോളു.." മടിച്ചുനിൽക്കുന്ന എന്നോട് അമ്മ പറഞ്ഞു. അമ്മ എന്റെ കൈയ്യിൽ നിന്ന് സ്ലേറ്റും പെൻസിലും വാങ്ങിച്ചു.. ഞാൻ രണ്ടു കൈയ്യും നീട്ടി.. മാഷ് എന്റെ ഉള്ളംകൈകളിൽ നിറയെ മിഠായി വച്ചു തന്നു. ആ നാരങ്ങാമിഠായിയുടെ നിറവും മണവും എന്നെ പൊതിഞ്ഞു.. അദ്ദേഹം വലതുകൈ കൊണ്ട് എന്റെ തോളിൽ തട്ടി.. "മോന്റെ പേര് പറയു.." ഞാൻ പതിയെ ഒച്ച കുറച്ച് "ഹരികുമാർ" എന്നുപറഞ്ഞു.. "അങ്ങനെയല്ല.. ഉച്ചത്തിൽ പറയു..." മാഷ് ആവർത്തിച്ചു. ഞാൻ ഉച്ചത്തിൽ എന്റെ പേരു പറഞ്ഞു.. "ഹരികുമാർ" "ഒന്നുകൂടിയുറക്കെ പറയു.." ഞാൻ കുറച്ചുകൂടി ഉച്ചത്തിൽ പറഞ്ഞു.. "ഹരികുമാർ" "മിടുക്കൻ... മിടുക്കൻ നന്നായി പഠിക്കണം കേട്ടോ..." അദ്ദേഹം എന്നെ ഒന്നുകൂടി ചേർത്തു പിടിച്ചു. മാഷിന്റെ കണ്ണുനിറഞ്ഞിരുന്നു. പിന്നെ അദ്ദേഹം എന്നെ വേഗത്തിൽ പിടിവിട്ട് പഴയ പോലെ കസേരയിൽ പോയി ഇരുന്നു.. ഗെയ്റ്റു കടക്കുമ്പോൾ ഞാൻ തിരിഞ്ഞ് മാഷിനെ നോക്കി. അദ്ദേഹം പുഞ്ചിരിച്ചു. എന്നിൽ ആഹ്ലാദം അലതല്ലി. ഇതിൽപരം ഒരു കൊച്ചുകുട്ടിക്ക് എന്തു വേണം സന്തോഷിക്കാൻ... ആ ചിരി എന്നിൽ ഇപ്പോഴും ഇടയ്ക്കിടെ അലതല്ലും....!!

Content Summary: Malayalam Short Story ' Pravesanolsavavum Peridalum ' Written by Divakaran P. C.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com