രാമേശ്വരം 4 – ധനുഷ്‌കോടി, ഒപ്പം അച്ഛന്റെ ഓർമ്മകളും – കാവല്ലൂർ മുരളീധരൻ എഴുതിയ കഥ

HIGHLIGHTS
  • രാമേശ്വരം 4 – ധനുഷ്‌കോടി, ഒപ്പം അച്ഛന്റെ ഓർമ്മകളും (കഥ)
pamban-bridge-train
SHARE

മൈഥിലി, ധനുഷ്കോടിയിൽ തനിയെ നിൽക്കുമ്പോൾ ഓർമ്മ വരുന്നത് അച്ഛനെയാണ്, അച്ഛന്റെ എല്ലാമെല്ലാമായിരുന്ന കൃഷ്ണൻ അച്ചാച്ചനെയും. അച്ഛന്റെ പതിനാലാമത്തെ വയസ്സിൽ ആണ് നാട് വിട്ടു പോകുന്നത്. മതിലകം സെന്റ് ജോസഫ് ഹൈസ്കൂളിലെ പകുതി ചിതലരിച്ച ഒരു സർട്ടിഫിക്കറ്റിൽ ജനനം 1924 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അപ്പോൾ ഏകദേശം 1938-39 കാലഘട്ടത്തിലാകാം. അച്ഛന്റെ ഉപദേശകനും വഴികാട്ടിയും ആയ കൃഷ്ണപാപ്പന് ഒപ്പമാണ് കൊളമ്പിലേക്ക് പോയത്. അച്ഛന് ഇംഗ്ലണ്ടിൽ നിന്ന് കൊളമ്പിലേക്ക് മരുന്നുകൾ ഇറക്കുമതി ചെയ്യുന്ന ക്ലാരൻസ് എന്ന കമ്പനിയിൽ ആയിരുന്നു ജോലിയെന്നാണ് അറിഞ്ഞത്. അച്ഛൻ സ്വയം പഠിച്ചു വളർന്നു. അവിടെ വന്നിരുന്ന മരുന്നുകൾക്കൊപ്പമുള്ള എല്ലാ കുറിപ്പുകളും വായിക്കും. അടുത്തകാലത്താണ് ഇന്ത്യയിൽ നിന്ന് കൊളമ്പ് വരെ യാത്ര ചെയ്യാൻ ഒറ്റ ടിക്കറ്റ് ആയിരുന്നു എന്നറിഞ്ഞത്. അതിന്റെ വിശദാംശങ്ങൾ അന്വേഷിച്ചു ഞാൻ പോയിട്ടില്ലായിരുന്നു. തൃശ്ശൂരിൽ നിന്ന് മദ്രാസിലേക്ക് തീവണ്ടി, പിന്നെ മദ്രാസിൽ നിന്ന് ധനുഷ്കോടിയിലേക്ക് തീവണ്ടി, ധനുഷ്കോടിയിൽ നിന്ന് ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് നീരാവിയിൽ ഓടുന്ന ബോട്ട്, പിന്നെ തലൈമന്നാറിൽ നിന്ന് കൊളമ്പിലേക്ക് വീണ്ടും തീവണ്ടി. 

കൂടുതൽ അറിയാനായി ഞാൻ ഇന്റർനെറ്റ് പരതി, അപ്പോഴാണ് ഈ വിവരങ്ങൾ അറിഞ്ഞത്. ഇനിയെഴുതുന്നതെല്ലാം അജയ് കമലാകരൻ എന്ന എഴുത്തുകാരൻ സമാഹരിച്ച വിവരങ്ങൾ ആണ്. വായിച്ചപ്പോൾ വായനക്കാരുമായി പങ്കുവെക്കണമെന്ന് തോന്നി. അന്ന് മരതക ദ്വീപിൽ ഭാഗ്യം അന്വേഷിച്ചു പോകുന്നവരുടെ കാലമായിരുന്നു. ആദ്യമൊക്കെ ആളുകൾ മദ്രാസിൽ നിന്നും തൂത്തുക്കുടിയിലേക്കാണ് തീവണ്ടിയിൽ പോയിരുന്നത്, പിന്നെ അവിടെ നിന്നും കൊളമ്പിലേക്ക് നീരാവിയിൽ ഓടുന്ന ബോട്ടിലും. എന്നാൽ ആ കടൽവഴി രാക്ഷസ തിരമാലകൾ നിറഞ്ഞതായിരുന്നു, മാത്രമല്ല യാത്രയ്ക്ക് രണ്ടു ദിവസം എടുത്തിരുന്നു. ബ്രിട്ടീഷുകാർ ആദ്യം ശ്രമിച്ചത് മണ്ഡപത്ത് നിന്ന് രാമേശ്വരത്തേക്കും ധനുഷ്കോടിയിൽ നിന്ന് തലൈമന്നാറിലേക്കും പാലം ഉണ്ടാക്കുവാനാണ്. എന്നാൽ ലണ്ടനിൽ നിന്ന് മണ്ഡപം മുതൽ രാമേശ്വരം വരെയുള്ള പാലത്തിന് മാത്രമാണ് അനുമതി ലഭിച്ചത്.

1902–ൽ തുടങ്ങിയ പാലം പണിക്ക് 2000 ടൺ ഉരുക്കാണ് ലണ്ടനിൽ നിന്ന് കൊണ്ട് വന്നത്. 1914–ൽ പണി തീരുമ്പോൾ ആ പാലത്തിന് 2065 മീറ്റർ ദൂരവും, അതിന്നിടയിൽ 65 മീറ്റർ ദൂരത്തിൽ കപ്പലുകൾ പോകാൻ തുറക്കാവുന്ന പാലവും ഉണ്ടായിരുന്നു. അതിന് പുറകെയാണ് മദ്രാസ് ധനുഷ്‌കോടി തീവണ്ടി ആരംഭിക്കുന്നതും, ധനുഷ്‌കോടി തലൈമന്നാർ നീരാവി ബോട്ട് തുടങ്ങുന്നതും. തലൈമന്നാറിൽ നിന്ന് കൊളമ്പിലേക്ക് മുമ്പേ തന്നെ തീവണ്ടി ഉണ്ടായിരുന്നു. ബോട്ട് മെയിൽ അല്ലെങ്കിൽ ഇൻഡോ സിലോൺ എക്സ്പ്രസ്സ് എന്നാണ് ഈ സർവീസ് അറിയപ്പെട്ടിരുന്നത്. തീർച്ചയായും അച്ഛനും കൃഷ്ണപാപ്പനും, പ്രിയപ്പെട്ട എം.ടിയുടെ അമ്മാവന്മാരും, സി. വി. ശ്രീരാമന്റെ പിതാമഹന്മാരും മരതക ദ്വീപിൽ ഭാഗ്യം അന്വേഷിച്ചുപോയവർ എല്ലാം  ഈ വഴി തന്നെയായിരിക്കും സഞ്ചരിച്ചിരിക്കുക.

22 ഡിസംബർ 1964, അന്ന് രാത്രി 280 കിലോമീറ്റർ വേഗത്തിൽ ആണ് ധനുഷ്കോടിയിൽ കൊടുങ്കാറ്റ് വീശിയത്, 23 അടി ഉയരത്തിൽ തിരമാലകൾ ഉയർന്നുപൊങ്ങി ധനുഷ്‌കോടി എന്ന പട്ടണത്തെ തകർത്തു തരിപ്പണമാക്കി. ആ കൊടുങ്കാറ്റിലേക്കും ഭീകരത്തിരമാലകൾക്കിടയിലേക്കും ആണ് രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയിലേക്കുള്ള 653 -ാം നമ്പർ പാസഞ്ചർ തീവണ്ടി ചെന്ന് കയറിയത്. 110 യാത്രക്കാരും 5 റെയിൽവേ ജീവനക്കാരുമായിപോയ ആ തീവണ്ടിയെ തിരമാലകൾ വിഴുങ്ങി കടലിൽ മുക്കിത്താഴ്ത്തി. ആരും തന്നെ രക്ഷപ്പെട്ടില്ല. ധനുഷ്‌കോടി വെറും പ്രേത നഗരമായി. കാറിലിരുന്ന് ഞാൻ കടലിലേക്ക് ചെവി വട്ടംപിടിച്ചു. 653 –ാം നമ്പർ പാസഞ്ചർ തീവണ്ടിയുടെ ചൂളമടി കേൾക്കുന്നുണ്ടോ? ഇല്ല. കേൾക്കുന്നത് അനേകായിരം ആത്മാവുകളുടെ വിതുമ്പലുകൾ മാത്രം.

Content Summary: Malayalam Short Story ' Rameshwaram 4 - Dhanushkodi Oppam Achante Ormakalum ' Written by Kavalloor Muraleedharan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN YOUR CREATIVES
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS