ADVERTISEMENT

ത്രിസന്ധ്യയ്ക്ക് ഉമ്മറത്തു നിലവിളക്കിൽ ദീപം തെളിച്ച് രേവതി കൈകൂപ്പി. മുറ്റത്തു വന്നു നിന്ന ബൈക്കിൽ നിന്ന് ഗിരീഷ് ഇറങ്ങി. പൂമുഖം കടന്ന് ബെഡ്റൂമിൽ ചെന്ന് ഗിരീഷ് വേഷം മാറ്റുമ്പോൾ രേവതി അവിടേക്ക് വന്നു "കേസ് സ്ട്രോങ്ങാ. നിന്റെ അനിയൻ രക്ഷപ്പെടുമെന്ന് എനിക്കുറപ്പില്ല" ഗിരീഷ് ഒന്നു നിർത്തി ''സംഘം ചേർന്ന് മാനഭംഗപ്പെടുത്തൽ മാത്രമല്ല കൊലക്കേസുമാ. വേണ്ടാത്ത കൂട്ടുകെട്ടിലകപ്പെട്ടപ്പോൾ അവനെ നിന്റെ വീട്ടുകാർക്ക് നിയന്ത്രിക്കാമായിരുന്നില്ലേ? ഗിരീഷിന്റെ ഭാര്യാ സഹോദരനാണ് രാഹുൽ. അവനെ ഹിമ കൊലക്കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. ''രാഹുൽ സ്നേഹിച്ചിരുന്ന പെണ്ണാ ഹിമ. കൂട്ടുകാര് ചെയ്ത മഹാപാപത്തിന് അവൻ ബലിയാടാകുന്നതു കാണാൻ എനിക്കു വയ്യ" രേവതിയുടെ സ്വരം ഇടറി. "ഹിമ കൊല്ലപ്പെട്ട രാത്രി രാഹുൽ വീട്ടിലുണ്ടായിരുന്നോ? ഇല്ലല്ലോ? കൂട്ടുകാരന്റെ വീട്ടിൽ എന്തിന് തങ്ങി..? ഡെഡ്ബോഡി കിട്ടിയ സ്ഥലത്തിനടുത്ത് രാഹുലിന്റെ ഡ്രൈവിങ് ലൈസൻസ് എങ്ങനെ വന്നു?" ഗിരീഷ് ഒന്നു നിർത്തി. പിന്നെ രേവതിയെ നോക്കി "രാഹുൽ വിളിക്കാതെ ആ സമയം ഹിമ അവിടെ വരുമോ..?"

''ഡെയ്സന്റെ ബെർത്ത് ഡേ ആഘോഷിക്കാനാ അവൻ രാത്രി  പോയത്.. ഹിമയെ ഇല്ലാതാക്കിയതും ഡ്രൈവിങ് ലൈസൻസ് സംഭവസ്ഥലത്ത് കൊണ്ടിട്ടതും ഡെയ്സനും ഷെരീഫും കൂടി ആകും" രേവതി തറപ്പിച്ച് പറഞ്ഞു. "ഡെയ്സന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ പരുക്കു പറ്റിയ രാഹുൽ ഈ സമയം ഡെയ്സന്റെ വീട്ടിൽ വിശ്രമത്തിലായിരുന്നു എന്നാകും" ''അതെ" "അവൻ പിന്നെന്തിന് ആ രാത്രി ഹിമയോട് ബീച്ചിനടുത്ത് വരാൻ പറഞ്ഞു. ഹിമയുടെ ഫോണിലേക്കുള്ള അവസാന കോൾ രാഹുലിന്റേതാ. ഹിമയുടെ ബോഡിയിലുണ്ടായിരുന്ന ബ്ലഡ് ഗ്രൂപ്പും ഡ്രൈവിങ് ലൈസൻസിലെ ഗ്രൂപ്പും ഒന്നു തന്നെയാ.." പറഞ്ഞു കൊണ്ട് ഗിരീഷ് ബെഡ്ഡിൽ ഇരുന്നു. "രാഹുലന്ന് സംസാരിച്ചത് എന്താണെന്നതിന് തെളിവില്ലല്ലോ? ഇനിയിപ്പൊ അവന്റെ കൂട്ടുകാരോ വേറാരെങ്കിലുമോ വിളിച്ചതനുസരിച്ചാ അവിടന്ന് ഹിമ വന്നതെങ്കിലോ? ആ ദിവസം ഹിമയുടെ സെൽഫോണിൽ വേറെയും കോൾ വന്നിരുന്നില്ലേ? പിന്നെ ബ്ലഡ് മാച്ചിംഗ്... അതുമവർക്ക്... അവന്റെ കൂട്ടുകാരെ കൊണ്ട് ചെയ്യാവുന്ന കാര്യമാ" രേവതി യുക്തിപൂർവം വാദിച്ചു. "പൊലീസ് കേസന്വേഷണത്തിനൊടുവിൽ സമർപ്പിക്കുന്ന കുറ്റപത്രത്തീന്ന് രാഹുലിന്റെ പേര് മാറ്റുന്ന കാര്യമാ നമ്മളിനി ആലോചിക്കേണ്ടത്. കോടതി ജാമ്യം അനുവദിക്കാനുള്ള മാർഗ്ഗം കണ്ടുപിടിക്കണം" ഗിരീഷ് പറഞ്ഞു.

ഡെയ്സൻ സംശയത്തോടെ രാഹുലിനെ നോക്കി "ആരാ നമ്മളെ ചതിച്ചത്?" സബ് ജയിലിലെ ലോക്കപ്പിനുള്ളിലായിരുന്നു രണ്ടുപേരും. "ഷെരീഫ്..." രാഹുലിന്റെ സ്വരം താണു. "നിന്റെ ബെർത്ത് ഡേ രാത്രി എന്റെ ഹിമയെ കൊന്നിട്ടാ അവൻ..." ''അവര് മൂന്നുപേരുണ്ടെന്നല്ലേ പറഞ്ഞത്. ബാക്കി രണ്ടു പേർ.." "അറിയില്ല. നാടുവിട്ടിട്ടുണ്ടാകും" രാഹുൽ കൂട്ടിച്ചേർത്തു. ''പുറത്തിറങ്ങുന്ന ഒരു ദിവസമുണ്ടേൽ വച്ചേക്കില്ല മൂന്നിനേം ഞാൻ." രാഹുലിന്റെ കണ്ണുകളിൽ പകയെരിയുന്നതു ഡെയ്സൻ ഒരു ഭയത്തോടെ കണ്ടു.

ഡി.വൈ.എസ്.പി. വിൻസെന്റ് ജീപ്പിൽ നിന്നിറങ്ങി പൂമുഖത്തു ചെന്ന് കോളിംഗ് ബെല്ലിൽ വിരലമർത്തി. രേവതി ചെന്ന് വാതിൽ തുറന്നു "ഗിരീഷില്ലേ..." "ഇല്ല പുറത്തു പോയി'' രേവതി അറിയിച്ചു. "നിങ്ങളോട് എനിക്ക് കുറച്ച് സംസാരിക്കാനുണ്ട്" രേവതി അകത്തേക്ക് ഒതുങ്ങി നിന്നു. വിൻസെന്റ് മുന്നോട്ട് വന്ന് സെറ്റിയിലിരുന്നു. "കേസിൽ ഷെരീഫ് കുറ്റക്കാരനെന്ന് പൊലീസിന് ഉറപ്പുണ്ട്. അവന്റൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഡെയ്സനും രാഹുലും തന്നെയാണോ എന്നതാണ് സംശയം." വിൻസെന്റ് രേവതിയെ നോക്കി "ഹിമയുടെ മൊബൈലിൽ ആ ദിവസം വൈകുന്നേരം വന്നൊരു കോൾ ഞങ്ങൾ ട്രേസ് ചെയ്തു. അതിന്റെ ഉടമ ഗിരീഷിന്റെ ഒരകന്ന ഫ്രണ്ടാ. ആളെ ചോദ്യം ചെയ്തപ്പോൾ ആദ്യം എൽ.ഐ.സി. ഏജന്റെന്ന് പറഞ്ഞെങ്കിലും സംസാരിച്ചത് ഗിരീഷാണെന്ന് അവസാനം സമ്മതിച്ചു." രേവതി ഭയചകിതയായി. "ഹിമയും ഗിരീഷും തമ്മിലെന്താ ബന്ധമെന്ന് നിങ്ങൾക്കറിയോ?" "ഇല്ല.. ആ കുട്ടിയെ പരിചയമുള്ള കാര്യമൊന്നും എന്റടുത്തു പറഞ്ഞിട്ടില്ല" രേവതിയുടെ സ്വരം നേർത്തു. വിൻസെന്റ് എഴുന്നേറ്റു "എങ്കിൽ ഗിരീഷ് തന്നെ പറയട്ടെ." വിൻസെന്റ് നടന്നകലുന്നതു നോക്കി രേവതി നിന്നു.

എസ്.ഐ. ഷാനവാസ് ഗിരീഷിന്റെ മുഖത്തേക്കു നോക്കി. "ഹിമ ഗിരീഷിന്റെ ആരാ?" പൊലീസ് സ്റ്റേഷനകത്ത് കസേരയിൽ ഇരിക്കുകയായിരുന്നു ഗിരീഷ് "ഒരകന്ന ബന്ധുവാ." ''മറ്റൊരു സ്ത്രീയിൽ പിറന്നെങ്കിലും സ്വന്തം അച്ഛന്റെ മകൾ എങ്ങനെയാ ഗിരീഷേ അകന്ന ബന്ധുവാകുന്നത്..." ഡി.വൈ.എസ്.പി. വിൻസെന്റ് ചോദിച്ചു. ഗിരീഷ് മിണ്ടിയില്ല. "അച്ഛന്റെ ജാരസന്തതികഥ നാടറിയാതിരിക്കാൻ വേണ്ടിയല്ലേ താനവളെ ബീച്ചിനടുത്ത് വിളിച്ചു വരുത്തി ഇല്ലാതാക്കിയത്? അതിന് ഷെരീഫിനെയും അവന്റെ രണ്ട് കൂട്ടുകാരെയും ഏർപ്പാടു ചെയ്തു." വിൻസെൻറ് തുടർന്നു. ''രാഹുലിന്റെ ഡ്രൈവിങ് ലൈസൻസും അവന് ആക്സിഡന്റിൽ സംഭവിച്ച മുറിവിൽ നിന്നുള്ള ബ്ലഡും വച്ച് ഷെരീഫ് തെളിവ് അവനെതിരെയാക്കി. സ്വന്തം സഹോദരനെന്നു വിശ്വസിച്ചല്ലേടൊ ഒന്ന് കാണണമെന്ന് താൻ പറഞ്ഞപ്പം ആ കൊച്ച് രാത്രി ഇറങ്ങി വന്നത്.." ഗിരീഷ് മുഖം ഉയർത്തിയില്ല.

"ഹിമയെ മോഹിച്ച ഷെരീഫിന് അവൾ പിന്നെ രാഹുലിന്റെ കാമുകിയായപ്പം അവൻ ശത്രുവായി മാറി ശരിയല്ലേ.." എസ്.ഐ. ഷാനവാസ് ചോദിച്ചു. ഗിരീഷ് മിണ്ടിയില്ല. "ഒന്ന് വാ തുറക്കെടോ.." ഡി.വൈ.എസ്.പി. വിൻസെന്റ് ക്ഷോഭിച്ചു. "അതെ." "രാഹുൽ പ്രതിസ്ഥാനത്ത് എത്തുമെന്ന് പക്ഷെ ഈ അളിയൻ അറിഞ്ഞില്ല. അറിഞ്ഞപ്പം കുറച്ച് വൈകി എന്നു മാത്രമല്ല ഷെരീഫ് പൊലീസ് പിടിയിലാവുകയും ചെയ്തിരുന്നു" എസ്.ഐ. ഷാനവാസ് പറഞ്ഞു. "മാനഹാനി ഭയന്ന് നരാധമൻമാർക്ക് മുമ്പിൽ താൻ എറിഞ്ഞു കൊടുത്തത് സ്വന്തം ചോരയാ..." ഡി.വൈ.എസ്.പി. വിൻസെന്റ് കൂട്ടിച്ചേർത്തു. ഗിരീഷ്  മിണ്ടിയില്ല. കുറ്റബോധം പരന്ന മുഖം താഴ്ത്തിയിരുന്നു.

Content Summary: Malayalam Short Story ' Kolacase ' Written by Venugopal S.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com