ADVERTISEMENT

ടൗണിൽ നിന്ന് പത്തു പതിനഞ്ച് മിനിറ്റ് യാത്ര.. റോഡിൽ അത്ര കുഴികൾ ഇല്ല, എന്നാലും ഉള്ളത് നല്ല എണ്ണം പറഞ്ഞവ...!! ഹോണ്ട ആക്ടിവ ആയത് ഭാഗ്യം. എന്നെപ്പോലുള്ള ആവറേജ് പ്രവാസികൾക്ക് നാട്ടിൽ വരുമ്പോഴുള്ള ആശ്രയം ആക്ടിവ പോലെയുള്ള വണ്ടികളാണ്. ഗിയർ പ്രശ്നം ഉണ്ടാക്കില്ല എന്നുള്ളത് തന്നെ മെയിൻ. ഏത് ട്രാഫിക്കിലും എളുപ്പം പോവാം. പഴയ തീപ്പെട്ടി കമ്പനി കഴിഞ്ഞ് തിരിഞ്ഞു കേറിയപ്പോ ദൂരെ കാവ് കണ്ടു. ആശ്വാസം, വഴി തെറ്റിയിട്ടില്ല. കാവ് പറമ്പിൽ, ലെഫ്റ്റ് തിരിഞ്ഞു റൈറ്റിൽ നാലാമത്തെ വീട്. 

രഘു പുറത്ത് തന്നെ ഉണ്ട്. "വീട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ..?" 'ഇല്ല... കാവ് കഴിഞ്ഞ് ലെഫ്റ്റ് ഒന്ന്, റൈറ്റ് നാല്.. സിമ്പിളല്ലേ...? പിന്നെ ഓടിട്ട വീട് ഇതല്ലേ ഉള്ളൂ....' "അതേ... അടയാളം മാറാതിരിക്കാൻ ഓട്ടുപുര നിലനിർത്തിയതാ.. അല്ലാണ്ട് പൈസ ഇല്ലാഞ്ഞിട്ടല്ല..." രഘു ചിരിച്ചു. വീട്ടിൽ കയറി. കൈയ്യിലെ പൊതി അവനെ ഏൽപ്പിച്ചു.. "എന്താ.. കൂട്ടുകാരനെ കാണാൻ വരുമ്പോ ഒരു പൊതി..?" രഘുവിന്റെ മിസ്സിസ്. "അത് പിന്നെ.. കുറച്ച് അവിൽ.." "ഓ... കുചേലവൃത്തം..." "ആ.. അതന്നെ..." "പൊതി പൊട്ടണ്ട.. ഡ്യൂട്ടി ഫ്രീ അവിലാണ്.." ഞാൻ അവനെ ഓർമ്മിപ്പിച്ചു. "കുട്ടികൾ എവിടെ...?" "മൂത്തവൻ സ്കൂളിൽ പോയി.. ട്യൂഷൻ കൂടെ കഴിഞ്ഞേ വരൂ.. ചെറിയ ആള് യുദ്ധം കഴിഞ്ഞ് ഉറക്കത്തിലാ..."

Read also: ഇഷ്ട്ടപ്പെട്ടവ കണ്ടാൽ മോഷ്ട്ടിക്കും; ഒടുവിൽ അയാൾ ആ തീരുമാനമെടുത്തു...

കുറച്ച് നേരം കഥകൾ, തമാശകൾ.. കോളജിൽ ഡിഗ്രിക്ക് ഒപ്പം പഠിച്ചതാണ്‌. പിന്നീട് അങ്ങനെ കാണാറില്ല. കഴിഞ്ഞ വരവിന് ഒരു റീയൂണിയൻ ഉണ്ടായിരുന്നു. അന്നാണ് കുറേ കാലത്തിനു ശേഷം എല്ലാവരെയും കാണുന്നത്. ശേഷം പ്രവാസം, പിന്നീട് ഇപ്പഴാ നാട്ടിലേക്ക് വരുന്നത്. "ആ പിന്നെ.. നമ്മടെ റീയൂണിയൻ സുവനീർ..? അതിന്റെ കോപ്പി കിട്ടിയില്ലല്ലോ രഘൂ..?" "നിനക്കുള്ള കോപ്പി ഞാൻ എടുത്ത് വച്ചിട്ടുണ്ട്." അവൻ അകത്തേക്ക് പോയി.. സുവനീർ കൊണ്ട് വന്നു..

കോളേജ് ഗേറ്റ് മുഖചിത്രം.. നീലാകാശം ബോർഡറിൽ.. ലൈറ്റ് നീലയിൽ ചുവപ്പ് പ്രിന്റിംഗ് "ഓർമ്മകൾ മരിക്കുമോ..!!" "നല്ല പേര്... ല്ലേ.." "അതേ... കോപ്പികൾ എല്ലാം തീർന്നു.. എല്ലാരും വാങ്ങി.. തടിയിൽ തട്ടാതെ അത് ഭംഗിയായി.." ഞാൻ തുറന്നു നോക്കി.. പുതിയ പുസ്തകത്തിന്റെ മണം.. ആ മണം ഇന്നും ഒരു ഹരമാണ്. പേജുകൾ മറിച്ചു. ഓർമ്മകുറിപ്പുകൾ, കഥകൾ, കവിതകൾ, ലേഖനങ്ങൾ.. "രഘു.. സംഭവം കളറായിരിക്കണ്‌ ട്ടോ.. അല്ലാ... ഇതിന്റെ സെന്റർ സ്പ്രെഡ് എവിടെ...? നമ്മടെ എല്ലാരുടേം കൂടെയുള്ള കളർഫോട്ടോ, ഓർമ്മച്ചിത്രം – അതല്ലേ സെന്റർ പേജ്...??" "അതേലോ.. അതില്ലേ ഇതിൽ..??" "ഇല്ല... ഇനീപ്പോ, പണ്ട് നാനയിലെ സെന്റർ പേജ് പോവുന്നത് പോലെ ഇതും..??" "അറിയില്ല ട്ടോ.. അവളോട് ചോദിക്കട്ടെ.." 

Read also: കാമുകിയുടെ മരണം, കൂട്ടുകാർ ചെയ്ത തെറ്റിന് ബലിയാടായി കാമുകൻ...

"സുലൂ..." രഘു ഉറക്കെ വിളിച്ചു.. സുലോചന.. സ്നേഹപൂർവം സുലു.. "എന്താ..." സുലു ചായയുമായി എത്തി.. "അതേയ്.. ഇതിന്റെ സെന്റർ പേജ് മിസ്സിംഗ്‌ ആണല്ലോ.." "ആ കട്ടിയുള്ള പേജ്.. അല്ലേ...??" "പേജല്ല... അത് ഞങ്ങടെ ഗ്രൂപ്പ്‌ ഫോട്ടോ ആയിരുന്നു.." "ആ.. അത് ഞാൻ കഴിഞ്ഞയാഴ്ച്ച വായിച്ചോണ്ടിരിക്കുമ്പോ...." "ഇരിക്കുമ്പോ..??" "പെട്ടെന്ന് മോൻ അപ്പിയിട്ടു. പേപ്പർ നോക്കിയിട്ട് അവിടെയെങ്ങും കണ്ടില്ല. ഞാൻ സെന്റർ പേജ് കീറി വേഗം അപ്പി കോരി കളഞ്ഞു... നല്ല കട്ടിയുള്ള പേപ്പർ ആയത്കൊണ്ട് അത് ഉപകാരപ്പെട്ടു ട്ടോ..."

Content Summary: Malayalam Short Story ' Ormachithram ' Written by Jayarajan K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com