ADVERTISEMENT

(ഇതെഴുതുന്നവന്റെ വിളിപ്പേരാണ് 'നാണു'. മുത്തച്ഛന്റെ പേരായ നാരായണൻ നായർ എന്നത് ചുരുക്കി നാണു എന്നാക്കിയതാണ്. ഇടയ്ക്ക് ബഹുമാനം കലശലാവുമ്പോൾ നാണ്വാര് എന്നും സ്വയം വിളിക്കാറുണ്ട്. നിന്റെ നാണം കുണുങ്ങി സ്വഭാവത്തിന് അത് തന്നെ പറ്റിയ പേര് എന്ന് അമ്മയും സർട്ടിഫിക്കറ്റ് തന്നിട്ടുണ്ട്.)

ഏകദേശം ഇരുപതു വയസ്സുവരെ നാണു ആസ്മയുടെ കൂടായിരുന്നു. ആദ്യകാലങ്ങളിൽ നാട്ടുവൈദ്യമാർ വഴിയും കേട്ടറിവുകൾ വഴിയും അലോപ്പതി മരുന്നുകൾക്ക് പുറമെ പലതരം നാട്ടുവൈദ്യവും വീട്ടുകാർ പയറ്റുമായിരുന്നു. ആടലോടകം ഇല ചതച്ചു നീര് കുടിക്കുക, വേപ്പിലയും നെല്ലിക്കയും പച്ചമഞ്ഞളും അരച്ചുരുട്ടി രാവിലെ വെറും വയറ്റിൽ കഴിക്കുക തുടങ്ങി ഇലകളും മറ്റും തിന്നൊരു ആടുജീവിതമായിരുന്നു നാണുവിന്റേത്. കോളജ് കാലം തുടങ്ങിയതോടെ ചികിത്സ അലോപ്പതിയിലേക്കു ചുരുങ്ങി. എന്നാലും ഇടയ്ക്കിടയ്ക്ക് നല്ലവരായ ബന്ധുക്കളുടെ നിർബന്ധത്തിനു വഴങ്ങി പല നാട്ടുവൈദ്യത്തിനും നാണു തല വയ്ക്കുമായിരുന്നു.

കായിക്കുട്ടി  

ഇദ്ദേഹം ഒരു നാട്ടു വൈദ്യൻ ആയിരുന്നു. "ചാത്തൻ" പുള്ളിയുടെ വിളിപ്പുറത്തായിരുന്നു എന്ന് നാട്ടുകാർ. ചെറിയച്ഛൻ ആയിരുന്നു നാണുവിനെ അങ്ങോട്ട് എഴുന്നെള്ളിച്ചത്. ഒരു കുടിലിന്റെ തിണ്ണയിൽ ധാരാളം വായുമുട്ടുകാർ ഇരിക്കുന്നു. അവരുടെ തൊണ്ടയിൽ നിന്നും പല രീതിയിലുള്ള ശ്വാസനിശ്വാസ ശബ്ദങ്ങൾ പുറപ്പെട്ടിരുന്നതിനാൽ ബീഥോവന്റെ പതിനഞ്ചാം സിംഫണി എന്നൊക്കെ പറയാവുന്ന രീതിയിൽ ശബ്ദമുഖരിതമായിരുന്നു അന്തരീക്ഷം. നാണു ചെന്ന് കയറുമ്പോൾ നാട്ടിൽ കണ്ടു പരിചയമുള്ള ഒരു പയ്യനെ നോക്കിക്കൊണ്ടിരിക്കയാണ് വൈദ്യർ. പെട്ടെന്ന് ചെക്കനേയും വിളിച്ചു അങ്ങേരു അടുത്തുള്ള മുറിയിൽ കയറി. അവിടെയാണ് ചാത്തൻ മൂർത്തീരൂപത്തിൽ കുടിയിരിക്കുന്നത്. അൽപ സമയം കഴിഞ്ഞു തിരിച്ചിറങ്ങിയ ചെക്കന്റെ മുഖത്തൊരു ചമ്മിയ ചിരി. വൈദ്യർ മരുന്നെഴുതുമ്പോൾ പയ്യനോട് നാണു ചോദിച്ചു "അയിനകത്തെന്താ പരിപാടി?" പയ്യൻസ് (സ്വകാര്യം )"അയാള്  ട്രൗസറിനകത്തു കൈയ്യിട്ടു പിടിച്ചു നോക്കി. എന്തോ പ്രശ്നമുണ്ട് എന്ന്" എഴുതുന്നതിനിടയ്ക്ക് ഓട്ടക്കണ്ണിട്ട് പയ്യൻ ആംഗ്യം കാണിച്ചത് കണ്ടു. വൈദ്യർ ഉവാച "വൃഷണങ്ങൾ തമ്മിലുള്ള വലിപ്പ വ്യത്യാസം ചിലരിൽ കടുത്ത ആസ്മയുടെ ലക്ഷണം ആണ്." ആ പ്രപഞ്ച സത്യം കേട്ട നാണു ഞെട്ടി,  ചെറിയച്ഛനെ നോക്കി. പുള്ളി കുടിലിന്റെ മേൽക്കൂരയിൽ എന്തോ നോക്കിയിരിക്കുന്നു. 

സ്വന്തം ഊഴം വന്നാൽ അളവ് തൂക്കങ്ങൾ കറക്റ്റ് ആണ് എന്ന് പറയാം. എന്തായാലും ചാത്തൻ മുറിയിൽ കയറുന്ന പ്രശ്നമില്ല എന്ന് നാണു ഉറപ്പിച്ചു. ഊഴം വന്നപ്പോൾ ഇപ്പോൾ കഴിക്കുന്ന അലോപ്പതി മരുന്നിന്റെ ലിസ്റ്റ് ആദ്യം കാണിച്ചു കൊടുത്തു. തല തിരിച്ചു പിടിച്ചു കൊടുത്താലും പുള്ളിക്ക് മനസ്സിലാവില്ലായിരുന്നു. മൂന്നു വരിയായി മരുന്നുകളുടെ പേര് കണ്ടപ്പോൾ പുള്ളിക്ക് ഭയമായി എന്ന് തോന്നുന്നു. അത് തൽക്കാലം നിർത്തരുത് എന്നും പറഞ്ഞു കുറച്ചു കഷായവും മറ്റും എഴുതി തന്നു. ഒരു മാസം കഴിഞ്ഞു ചെല്ലാനും പറഞ്ഞു. പുള്ളി കാശ് വാങ്ങില്ലത്രേ. പകരം മുന്നിൽ ഒരു കുടുക്കയുണ്ട് അതിൽ ചാത്തന് വഴിപാടായി നിക്ഷേപിക്കാം. ആളുകൾ പോയാൽ ചാത്തൻ പുള്ളിയിൽ ആവേശിക്കയും അങ്ങേരു കുടുക്ക ഉടയ്ക്കുകയും ചെയ്യും എന്നർഥം. ഒരു മാസം കഴിഞ്ഞു മരുന്നും തീർന്നപ്പോൾ വീണ്ടും ചെറിയച്ഛന്റെ കൂടെ ചാത്ത നികടത്തിലേക്കു പോയി. അന്നേരം വൈദ്യർ അവിടെ ഇല്ല എന്ന് അയൽവാസികൾ പറഞ്ഞറിഞ്ഞു. പുള്ളി അക്യൂട്ട് ആസ്മയായി കുന്നംകുളത്തെ ഒരു ആശുപത്രിയിൽ അഡ്മിറ്റ് ആയത്രേ. ചിരിക്കാതിരിക്കാൻ ചെറിയച്ഛൻ നാണുവിന്‌ ചായ വാങ്ങിക്കൊടുത്തു എന്നതാണ് പരിണാമ ഗുസ്തി.

Read also: കാമുകിയുടെ മരണം, കൂട്ടുകാർ ചെയ്ത തെറ്റിന് ബലിയാടായി കാമുകൻ...

വള്ളിയമ്മു  

ആസ്മ കൊടുമ്പിരി കൊണ്ട ഒരു കാലഘട്ടത്തിൽ ആണ് ഒരു ചേട്ടൻ (അച്ഛൻ പെങ്ങളുടെ മകൻ) അട്ടപ്പാടിയുള്ള വള്ളിയമ്മുവിന്റെ വീരേതിഹാസങ്ങൾ വീട്ടിലെത്തിക്കുന്നത്. അവിടെയും ചാത്തനോ കരിങ്കുട്ടിയോ എന്തോ ഉണ്ട്. പക്ഷെ പോയവർക്ക് പലർക്കും ആശ്വാസം, തുടങ്ങി പരിഹസിച്ച ചിലർക്ക് ഒടുക്കത്തെ കഫക്കെട്ട് എന്നൊക്കെ പറഞ്ഞു നാണുവിന്റെ അച്ഛനമ്മമാരെ പഹയൻ വീഴ്ത്തി. അങ്ങനെ ഒരു ദിനം പുള്ളിയുടെ കൂടെ അട്ടപ്പാടി പോവുന്നു. അവിടെ എത്തിയ ഉടനെ കേട്ട വാർത്ത ഹൃദയഭേദകമായിരുന്നു. വള്ളിയമ്മു നോക്ക് ഔട്ട് ആയി കിടക്കുകയാണ്. നാടൻ വെട്ടിരുമ്പിന്റെ പവർ. പക്ഷെ ഭയപ്പെടാനില്ല. പകരം അവരുടെ ഒപ്പമുള്ള ഒരു സ്വാമി അവിടെയുണ്ട്. അദ്ദേഹമായിരിക്കും നമ്മെ കൈകാര്യം ചെയ്യുന്നത്. വള്ളിക്കുടിലിൽ കയറി കുയിലല്ലാത്ത പുള്ളിയെ കണ്ടു. ഒരു ഘടാഘടിയൻ.  കാര്യം പറഞ്ഞു. രണ്ടു ലിറ്ററിന്റെ ഒരു പ്ലാസ്റ്റിക് കാനിൽ എന്തോ മരത്തൊലി ചതച്ചരച്ചു ചട്ണി പരുവം ആക്കിയ വെള്ളം. കൂടാതെ മേല് തേച്ചു കുളിക്കാൻ ഇഞ്ച ചതച്ചത് ഒരു കെട്ട്. സോപ്പ് തൊട്ടുപോകരുത്. മരുന്നുകളും അവയുടെ സൈഡ് എഫക്റ്റുകളും മൂലം വശം കെട്ട നാണു ആധുനിക ശാസ്ത്രം തോറ്റു നാണംകെട്ട സ്ഥലത്ത് മരത്തൊലി വിജയപതാക പാറിക്കുന്നതും മറ്റും സ്വപ്നം കണ്ടു ഒരു ബാലഭാസ്കരനായി മടങ്ങുന്ന നേരമാണ് ആ ദാരുണമായ കാഴ്ച കാണുന്നത്. തിരിച്ചു പോരുന്ന മിക്കവാറും പേരുടെ കൈയ്യിലും രണ്ടു ലിറ്റർ കാനും ഒരു കെട്ട്  ഇഞ്ചയും. ഉദ്വേഗത്തിന്റെ തള്ളലിൽ ആദ്യം കണ്ട വ്യക്തിയോട് തന്നെ ചോദിച്ചു. "നിങ്ങൾക്ക് എന്താണ് അസുഖം?" "നെഞ്ച് വേദന, ഒരു അറ്റാക്ക് കഴിഞ്ഞ ആളാണ്." അറ്റാക്കിനും ആസ്മക്കും കൺകണ്ട ഒറ്റമൂലി, മരത്തൊലി ചട്ണി. ആദ്യത്തെ ചിരി ചേട്ടന്റെ വകയായിരുന്നു. അറ്റാക്ക്കാരനോടും വിവരം പറഞ്ഞു. ക്യാൻ തുറന്നു നോക്കി രണ്ടും ഒരുതരം മരത്തിന്റെ ചട്ണി എന്നുറപ്പിച്ചു മനസ്സ് നിറഞ്ഞു ചിരിച്ചു. അഞ്ഞൂറ് രൂപ കൊടുത്ത വിഷമത്തിൽ മരചട്ണി ദിവസങ്ങളോളം കുടിച്ചു തീർത്തു. ഇഞ്ചകൊണ്ടു ഉരച്ചുരച്ചു കുളിച്ച നാണു വെളുക്കുകയും ചെയ്തു. 

പൂജാരി വൈദ്യൻ 

നാണുവിന് ഒരസുഖം പിടിപെട്ടു. ഒരു ഡോക്ടറെ കണ്ടു. നല്ലവനായ ഡോക്ടർ പറഞ്ഞു. ഇതിനൊന്നും ചെയ്യാനില്ല. വിറ്റാമിനൊക്കെ ഉള്ള ഭക്ഷണം കഴിച്ചു ജീവിക്കുക. ഫാറ്റ് ഉള്ളവ ഒഴിവാക്കുക. കുറച്ചു നാൾ കഴിഞ്ഞു. ഒരു ദിവസം അമ്മ പറഞ്ഞു "മോനെ നാണൂ, ഇവിടെ അടുത്ത്... പാടത്തിന്റെ നടുക്കുള്ള... അമ്പലത്തിൽ ഭഗവതിക്ക് ഒരു താലി വഴിപാടായി കൊടുക്കണം. അത് കൊണ്ട് നിന്റെ അസുഖം മാറും. എനിക്ക് വേണ്ടി നീ വരണം. അവിടെ പോയി നീ ഒന്നും ചെയ്യണ്ട, പറയേണ്ട. മിണ്ടാതെ നിന്നാൽ മതി." അമ്മയെ വിഷമിപ്പിക്കണ്ട എന്ന് കരുതി നാണു കൂടെ പോയി. വയലിന്റെ നടുക്കുള്ള ഒരു ചെറിയ അമ്പലം. അവിടെ ഒരു നായരാണ് പൂജാരി. ഒന്നും മിണ്ടാതെ നിൽക്കാം എന്ന വിചാരത്തോട് കൂടി അമ്മയുടെ കൂടെ പോയി. അവിടെ ചെല്ലുമ്പോൾ കുറച്ചു പൂജകളൊക്കെ കഴിഞ്ഞു, ഭക്തര്‍ ഇല്ലാത്തതിനാല്‍  അമ്പലത്തിന്റെ തിണ്ണയിൽ വന്നു നിന്ന് ഒരു കൈ കൊണ്ട് മേൽക്കൂരയുടെ ഒരു വളയിൽ തൂങ്ങി സപ്പോർട്ട് കൊടുത്തു നിന്ന് കൊണ്ട് പൂജാരി ഒരു സാധു ബീഡി ആസ്വദിച്ചു വലിക്കുന്നു. തുടങ്ങിയേ ഉള്ളൂ എന്നു തോന്നുന്നു. വന്നവരെ കണ്ടിട്ടും പുള്ളി ബീഡി വിടാനുള്ള മടി മൂലം അർദ്ധനിമീലിത നയനനായി നീല പുകച്ചുരുളിലേക്ക് നോക്കി ആലോചനാ നിമഗ്നൻ ആയി നിൽക്കുന്നു. കുറച്ചു നേരം കാത്തു നിന്ന ശേഷം നാണു അമ്മയോട് പറഞ്ഞു. "ഗംഭീര ധൂമപൂജയാണ്"

Read also: ആദ്യ ഭർത്താവുമായി പിരിഞ്ഞു, നാട്ടുകാർ ചേർന്നു വീണ്ടും കല്യാണം കഴിപ്പിച്ചു...

പൂജാരി കൈ പൊള്ളിയതു പോലെ ബീഡി ദൂരെ എറിഞ്ഞു കളഞ്ഞു. എന്തൊക്കെയോ പിറുപിറുത്തു. ഞങ്ങളോടായി ഊട്ടുപുരയുടെ തിണ്ണയിലേക്ക് കയറി ഇരുന്നോളാൻ പറഞ്ഞു. അമ്മയുടെ കൊല്ലുന്ന നോട്ടത്തിൽ നിന്ന് രക്ഷപ്പെടാനായി നാണു സ്വൽപം മാറി നിന്നു. തുടർന്ന് വന്ന കാര്യം പറയുകയും വഴിപാടു കൊടുക്കയും ചെയ്തു. അമ്മ നാണുവിന്റെ വിഷമങ്ങൾ എല്ലാം തിരുമുൻപിൽ എഴുന്നെള്ളിച്ചു. ഡോക്ടർ പറഞ്ഞ വിഷയത്തിൽ അങ്ങേര്‍ക്ക് പിടി ഇല്ലായിരുന്നു. പക്ഷെ അമ്മയുടെ സംസാരത്തിൽ നിന്നു നാണുവിന് ശ്വാസം മുട്ട് എന്ന അസുഖം ഇടയ്ക്ക് ഉണ്ട് എന്ന വിവരം മനസ്സിലാക്കി അതിനൊരു പച്ചമരുന്നു തരാം എന്ന് പറഞ്ഞു. പുള്ളിക്ക് നാട്ടുവൈദ്യം വശമാണത്രെ. ഒരാഴ്ച കഴിഞ്ഞു ചെല്ലാനും പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പോയി മരുന്നും വാങ്ങി വന്നു. ഒരു അരിഷ്ടത്തിന്റെ കുപ്പിയിൽ നിറച്ചുണ്ടായിരുന്നു സംഭവം. രാത്രി കിടക്കാൻ നേരത്ത് ഒരു ഔണ്‍സ് തീരുന്നത് വരെ (ഒന്നുകിൽ മരുന്ന് അല്ലെങ്കിൽ നാണു - ഇത് പിന്നീട് മനസ്സിലായതാണ്). ഒന്നാം ദിവസം മരുന്ന് കഴിച്ചു 5 മിനിറ്റ് കഴിഞ്ഞപ്പോൾ നാണുവിന് കിടക്കപ്പൊറുതി ഇല്ലാതായി. വല്ലാത്ത  വിമ്മിഷ്ടം. വയറു മുഴുവൻ ഗ്യാസ് വന്നു നിറഞ്ഞു. ഒന്നര മണിക്കൂർ ഇരുന്നു കഴിച്ചു കൂട്ടിയപ്പോൾ ഒരുവിധം സമാധാനമായി. ഇത്രയും സമയം അച്ഛനും അമ്മയും അന്തംവിട്ടു കാവലിരുന്നു. നാണു ഉറങ്ങിയപ്പോൾ അവരും പോയി കിടന്നു. പിറ്റേ ദിവസം ആദ്യം കിടക്കപ്പൊറുതിയും കുറച്ചു സമയത്തിനുള്ളില്‍ ഇരിക്കപ്പൊറുതിയും ഇല്ലാതായി. നാണുവിന്റെ മരണ വെപ്രാളം കണ്ടു അവർ വാ പൊളിച്ചു നിന്നു. മൂന്നാം ദിവസം കുപ്പിയെടുത്തു അച്ഛൻ പുറത്തേക്കെറിഞ്ഞു. അതിനാൽ നാണു രക്ഷപ്പെട്ടു.

ഏകദേശം നാല് മാസങ്ങൾക്ക് ശേഷം തറവാട്ടിൽ ഭുവനേശ്വരീ പൂജ നടന്നു. നാണു കോളജിൽ നിന്നു വരുമ്പോഴേക്കും പൂജ തുടങ്ങിയിരുന്നു. വീട്ടിനകത്ത് ഹാളാകെ പുകമയം. ഭക്തിയിൽ ആറാടി കുടുംബത്തിൽ എല്ലാവരും. അച്ഛൻ നോട്ടത്താൽ പോയി കുളിച്ചു വരാൻ കൽപ്പിച്ചു. അനുസരണാമൂർത്തി പോയി കുളിച്ചു വന്നു.  ആൾക്കൂട്ടത്തിൽ തനിയെ നിന്നു. ഇടയ്ക്കൊന്നു പൂജാരിയെ നോക്കി. ങേ.. അന്ന് പച്ചമരുന്നു തന്ന വിദ്വാന്‍. കുറച്ചു നേരം പൂജ കഴിഞ്ഞപ്പോൾ പുള്ളി ഇരുന്ന ഇരുപ്പിൽ രണ്ടു കൈയ്യും പിന്നിലേക്ക്‌ നീട്ടിക്കുത്തി നൂറ്റി മുപ്പത്തഞ്ചു ഡിഗ്രിയിൽ പുറകോട്ട് ചാഞ്ഞു മേലോട്ട് നോക്കി ഇരുന്നു വലിക്കുന്നു. പാവം.. ഒടുക്കത്തെ ശ്വാസംമുട്ടായിരുന്നു. നാണുവിന്റെ മുഖത്ത് നിലാവുദിച്ചു. തല തിരിച്ചു അമ്മയെ നോക്കി. നോട്ടം കണ്ട അമ്മ കണ്ണടച്ച് ഭക്തിയില്‍ മുഴുകി. എന്തായാലും അതോടു കൂടി നാണുവിന്റെ കാര്യത്തിൽ ആസ്മയും നാട്ടുവൈദ്യവും തമ്മിൽ തെറ്റിപ്പിരിഞ്ഞു.

Content Summary: Malayalam Short Story ' Moonnu Vaidyanmarum Asthmayum Pinne Njanum ' Written by Suresh V.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com