ADVERTISEMENT

ഫാക്ടറിക്ക് പിന്നിലെ ജലാശയത്തിനക്കരെയുള്ള കോളനിയിലേക്ക് അധികമാരുമങ്ങനെ പോകാറില്ല. പ്രത്യേകിച്ച് രാത്രി കാലങ്ങളിൽ. സാമൂഹ്യവിരുദ്ധരുടെ സങ്കേതമാണ് റൊസാരിയോ കോളനി എന്ന ആ പ്രദേശം. ജലാശയത്തിന് കുറുകേയുള്ള തടിപ്പാലം കടന്നു വേണം അവിടേക്കെത്താൻ. പൊലീസുകാർ പോലും പോകാൻ ഭയപ്പെടുന്ന ഈ റൊസാരിയോ കോളനിയിലേക്ക് ഒരു മഴയുള്ള രാത്രി, ഒരു യുവതി ഒറ്റയ്ക്ക് കടന്നു ചെന്നു...! കുട ചൂടാതെ, മഴയിൽ കുതിർന്ന് തടിപ്പാലമിറങ്ങി വരുന്ന നൂരിയ എന്ന ഇരുപത്തിയെട്ടുകാരിയായ അവളെ അവിടെയുള്ള ഒരു തകര ഷെഡ്‌ഡിൽ ചെറിയ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിലിരുന്ന് ചീട്ടുകളിച്ചിരുന്ന ഏതാനും ചെറുപ്പക്കാർ തുറിച്ചു നോക്കി. "വസൂരി സുബൈറിന്റെ വീടേതാ?" അവൾ അവരോട് ചോദിച്ചു. ചെറുപ്പക്കാർ ചൂണ്ടിക്കാട്ടിയ വീടിന്റെ വാതിലിൽ അവൾ തട്ടി. വാതിൽ തുറന്നത് വസൂരി സുബൈർ എന്നയാൾ തന്നെയായിരുന്നു. "സുബൈറേ.. താനിവിടെ തനിച്ചാണോ? അതോ ഫാമിലിയുമുണ്ടോ?" അവൾ ചോദിച്ചു. 'ഇവളാരെടാ ഇതൊക്കെ ചോദിക്കാൻ' എന്ന ഒരു ഭാവം അയാളുടെ മുഖത്ത് വിടർന്നെങ്കിലും 'തനിച്ചാണ്' എന്നയാൾ മറുപടി പറഞ്ഞു. അത് കേട്ടതും അവൾ അകത്തേക്ക് കയറി. പിന്നെ അവിടെക്കിടന്നിരുന്ന ഒരു കസേരയിലേക്കിരുന്നു. കാലിന്മേൽ കാൽ കയറ്റി വെച്ചു. അമ്പരന്നു പോയി അയാൾ....!

"ആരാ നീ? പൊലീസാണോ?" അയാൾ മുരൾച്ചയോടെ ചോദിച്ചു. അരയിലൊളിപ്പിച്ചിരുന്ന റിവോൾവറിലേക്ക് അയാളുടെ കൈ നീങ്ങുന്നത് അവൾ കണ്ടു. അവൾ ചെറുതായൊന്ന് ചിരിച്ചു. പിന്നെ പറഞ്ഞു:"പൊലീസും പട്ടാളവുമൊന്നുമല്ല സുബൈറേ...." "പിന്നെ നീ ആരാ? ഈ രാത്രി എന്തിനിവിടെ വന്നു? ഏതെങ്കിലും ഗുണ്ടാ ടീം അയച്ചതാണോ നിന്നെ? നിനക്കൊപ്പം എത്ര പേരുണ്ട്? അവർ എവിടെയാണ് മറഞ്ഞിരിക്കുന്നത്? നോക്കൂ.. കളിക്കരുത്. കളിച്ചാൽ ഞങ്ങൾ കളി പഠിപ്പിക്കും. ഒരാളും ഇവിടെ നിന്ന് ജീവനോടെ പോകില്ല." റിവോൾവർ അവൾക്ക് നേരെ ചൂണ്ടിക്കൊണ്ടാണ് അയാൾ ഇത് പറഞ്ഞത്. 

അയാളുടെ ക്രൗര്യം അവളെ ഭയപ്പെടുത്തി. അതുവരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നു പോയി. അവൾ പറഞ്ഞു: "സുബൈറേ.. ഉദ്യോഗമണ്ഡലിനടുത്ത് താമസിക്കുന്ന ഒരു സാധാരണക്കാരിയാണ് ഞാൻ. ചാലക്കലിലെ പെൺകുട്ടികൾ പഠിക്കുന്ന അഗതി മന്ദിരത്തിൽ മേട്രനാണ്. എനിക്കൊരു പ്രശ്നമുണ്ട്." അവൾ പറയുന്നത് സത്യസന്ധമാണെന്ന് തോന്നിയതിനാലാവാം അയാൾ റിവോൾവർ പതിയെ പോക്കറ്റിലേക്ക് വെച്ചു. നിരന്തരം ആളുകളുമായി ഇടപഴകുന്നവർക്ക് ഒരാൾ പറയുന്നത് നേരാണോ നുണയാണോ എന്ന് എളുപ്പം തിരിച്ചറിയാൻ സാധിക്കും. അവൾ തുടർന്നു "നമ്മൾ ചില പ്രശ്നങ്ങളിൽപ്പെടുമ്പോൾ, രക്ഷപ്പെടാൻ ഒരു മാർഗവുമില്ലാതെ വരുമ്പോൾ അറ്റകൈക്ക് നമുക്കൊരു തന്റേടം തോന്നും. ആ തന്റേടമാണ് ഈ രാത്രി, മഴയത്ത്, ഒറ്റയ്ക്ക് ഇവിടെ വരാൻ എനിക്ക് പ്രേരണയായത്." അവൾ മുടിയഴിച്ച് പിഴിഞ്ഞ് വെള്ളം കളഞ്ഞ് പിന്നിലേക്ക് വിടർത്തിയിട്ടു. ശേഷം പറഞ്ഞു "എനിക്ക് സുബൈറിനെക്കൊണ്ടൊരു കാര്യമുണ്ട്. എന്നാൽ നിങ്ങൾക്ക് തരാൻ എന്റെ പക്കൽ പണ്ടവുമില്ല, പണവുമില്ല. പറഞ്ഞല്ലോ, ഞാനൊരു സാധാരണക്കാരിയാണ്. പാവപ്പെട്ടവളാണ്. പറഞ്ഞത് ചെയ്‌താൽ ഞാൻ പിന്നെ നിങ്ങളുടെ പെണ്ണായിരിക്കും. വെപ്പാട്ടിയാവണോ മണവാട്ടിയാവണോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാം. "വസൂരിക്കലയുടേതിന് സമാനമായ അടയാളങ്ങൾ ഉള്ള സുബൈറിന്റെ മുഖത്ത് നിന്നും ക്രൗര്യവും ശൗര്യവുമെല്ലാം പതിയെ അലിഞ്ഞു പോയി. പകരം ഒരുതരം ശൃംഗാരം വിടർന്നു. ആ കണ്ണുകൾ തിളങ്ങി. അയാൾ ഒരു സിഗരറ്റിന് തിരി കൊളുത്തി. പിന്നെ പതിയെ വീടിന്റെ വാതിൽ ചേർത്തടച്ച് കുറ്റിയിട്ടു. 

"നിന്റെ പേരെന്താ?" അയാൾ ശബ്ദം പരമാവധി മയപ്പെടുത്തിക്കൊണ്ട് ചോദിച്ചു. അവൾ പേര് പറഞ്ഞു. പേര് ഇഷ്ടപ്പെട്ടത് പോലെ അയാൾ തലയാട്ടി. ശേഷം പറഞ്ഞു "നൂരിയ... നീ ആദ്യം അകത്ത് പോയി തലയൊക്കെ തോർത്തി, നനഞ്ഞൊട്ടിയ ഈ വേഷമൊക്കെ മാറ്റി, അടുക്കളയിൽ കയറി ഓരോ കപ്പ് കാപ്പിയിട്ടേച്ച് വാ.. എന്നിട്ടാകാം സംസാരം." അവൾ അൽപ്പമൊന്ന് ശങ്കിച്ചു. എന്തായാലും അത്രയും മര്യാദയോ അനുകമ്പയോ അവൾ അയാളിൽ നിന്നും പ്രതീക്ഷിച്ചിരുന്നില്ല. "മടിക്കേണ്ട.. അകത്തേക്ക് ചെന്നോളൂ.. പെണ്ണുങ്ങൾക്കിടാനുള്ളതും അവിടെയുണ്ട്." അയാൾ ചിരിയോടെ പറഞ്ഞു. അവളെ ഒന്നടിമുടി നോക്കിക്കൊണ്ടയാൾ പുകയൂതി വിട്ടു. അവൾ അകത്തെ മുറിയിലേക്ക് ചെന്നു. സ്വന്തം വീട്ടിൽ പോലും കിട്ടാത്ത ഒരു സുരക്ഷിതത്വ ബോധം അവൾക്കവിടെ വെച്ചുണ്ടായോ?! അവൾ വാതിലടക്കാതെയാണ് വസ്ത്രം മാറിയത്. പിന്നെ അടുക്കളയിൽ കയറി കാപ്പിയുണ്ടാക്കി അയാൾക്കരികിലെത്തി. "നല്ല കാപ്പി." അയാളുടെ പ്രശംസക്കുള്ള മറുപടിയായി അവൾ ചിരിച്ചു. "എന്നെ പിച്ചിച്ചീന്തിക്കളയുമെന്ന് ഞാൻ കരുതി. കാപ്പിക്ക് പകരം ഒരു ഡ്രിങ്ക് ഫിക്സ് ചെയ്യാൻ പറയുമെന്ന് കരുതി." അവൾ കാപ്പി ഒരിറക്ക് കുടിച്ചു കൊണ്ട് അയാളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. "അനുവാദമില്ലാതെ ഒരു പെണ്ണിനേയും ഇന്നോളം സുബൈർ തൊട്ടിട്ടില്ല നൂരിയാ.. കള്ള് കുടിക്കാറുമില്ല." അയാൾ സൗമ്യതയോടെ പറഞ്ഞു. "ഗുണ്ടയാണത്രെ..!" അവൾ കുസൃതി ചിരിയോടെ പറഞ്ഞു. "അതെ, പെണ്ണിനോട് അതിക്രമം കാട്ടാത്ത, കള്ള് കുടിക്കാത്ത ഗുണ്ട...!" ഇതും പറഞ്ഞ് അയാളും ചിരിച്ചു. "പറയ് നൂരിയാ.. എന്താണ് നിന്റെ പ്രശ്നം? ഞാനെന്താണ് നിനക്കായി ചെയ്യേണ്ടത്?" അയാൾ ചോദിച്ചു. "ഒരാളെ കൊല്ലണം...!" അവൾ പല്ലുഞെരിച്ചു കൊണ്ട് പറഞ്ഞു. ഒരു മിന്നൽ രണ്ടു പേരെയും തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയി. പൊടുന്നനെ കറന്റ് പോയി. പുറത്തെ മഴ കനത്തു.

രണ്ട്

അടുത്ത പ്രഭാതത്തിൽ ബിനാനിപുരത്തെ വ്യവസായ മേഖലക്കടുത്തുള്ള മാലിന്യക്കൂമ്പാരത്തിൽ നിന്നും പൊലീസും നാട്ടുകാരും ചേർന്ന് ഒരു ജഡം പുറത്തെടുത്തു...! രാവിലെ മാലിന്യം നീക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് ജഡം ആദ്യം കണ്ടത്. അവർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഡി.വൈ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഫോറൻസിക് പോലുള്ള വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡുമെല്ലാം വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനുള്ള പ്രയത്നത്തിൽ മുഴുകി. ജഡം ആരുടേതാണെന്ന് നാട്ടുകാർ എളുപ്പം തിരിച്ചറിഞ്ഞു. പാതാളം കവലയിലെ തൈക്കാവിന് പിറകിലെ പാടത്തിനരികിൽ താമസിക്കുന്ന ലോറി ഡ്രൈവർ ഹസ്സൻകുട്ടിയുടെ ഭാര്യ സാജിദയായിരുന്നു മാലിന്യക്കൂമ്പാരത്തിൽ മരിച്ചു കിടന്നത്! സാജിദയെക്കുറിച്ച് നാട്ടിലെ ആർക്കും നല്ല അഭിപ്രായം ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഞെട്ടലിനും ദുഃഖത്തിനുമൊക്കെ പകരം 'ഇത് ഇങ്ങനെയൊക്കെത്തന്നെ ആയിത്തീരുമെന്ന് നേരത്തേ തോന്നിയിരുന്നു' എന്നൊരു ഭാവമായിരുന്നു നാട്ടുകാരിലധികപേരുടെ മുഖത്തും ഉണ്ടായിരുന്നത്. "രണ്ട് പെൺകുട്ടികളാണെന്ന കാര്യമെങ്കിലും ഓർക്കണ്ടേ..അഴിഞ്ഞാടി നടന്നു. എന്നിട്ടൊടുവിൽ എന്തായി? ദാ കിടക്കുന്നു ചത്ത് മലച്ച്...." ആളുകൾ അടക്കം പറഞ്ഞു. നാമമാത്ര വസ്ത്രങ്ങളേ ജഡത്തിൽ ഉണ്ടായിരുന്നുള്ളൂ. ജഡത്തിന്റെ നാഭിയിൽ നിന്നും ഒട്ടിച്ചു വെക്കപ്പെട്ട നിലയിൽ ഒരു കടലാസ് കഷ്ണം പൊലീസ് കണ്ടെടുത്തു. അതിൽ ഇപ്രകാരം എഴുതിയിരുന്നു "ആളെപ്പറ്റിക്കുന്ന സകലർക്കുമുള്ള ഒരു പാഠമാണിത്. പറ്റിക്കലും വഞ്ചനയുമൊക്കെ വലിയ പാപങ്ങളാണ്. അതിന്റെ ശമ്പളം മരണമാണ്." ഡി.ടി.പി ചെയ്ത കുറിപ്പായിരുന്നതിനാൽ അതിന്റെ ഉറവിടം കണ്ടെത്തുക എന്നത് ഏറെക്കുറെ അടഞ്ഞ അധ്യായമാണെന്ന് പൊലീസ് സംഘം വിലയിരുത്തി. കുറിപ്പിൽ നിന്നും വിരലടയാളങ്ങളൊന്നും കണ്ടെത്താനായുമില്ല. 

ജഡത്തിലും പരിസരത്തും കടുത്ത ഗന്ധമുള്ള ഏതോ ദ്രാവകം തളിക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ പൊലീസ് നായകൾക്ക് ക്രൈം സീനുമായി ബന്ധപ്പെട്ടതും തുമ്പിലേക്ക് വഴി നടത്തുന്നതുമായ ഒരു നീക്കവും നടത്താൻ സാധിച്ചില്ല. അവ കുരച്ചും തലയാട്ടിയും അലക്ഷ്യമായി നടക്കുകയും ഓടുകയും ചെയ്തു. സാജിദയുടെ ജഡം കണ്ടെത്തിയ വിവരമറിഞ്ഞ് അവളുടെ ഭർത്താവ് ഹസൻ കുട്ടിയും രണ്ട് പെൺകുട്ടികളും വിലപിച്ചു കൊണ്ട് അവിടേക്കോടിയെത്തി. ബിനാനിപുരത്തെ വ്യവസായ മേഖലയിൽ നിന്നും അവരുടെ വീട്ടിലേക്ക് അധികം ദൂരമില്ലായിരുന്നു. ഹസൻ കുട്ടി അലമുറയിട്ട് കരയുകയും പെൺകുട്ടികൾ സമനില തെറ്റിയത് പോലെ പെരുമാറുകയും കുഴഞ്ഞു വീഴുകയും ചെയ്തു. "ഭാര്യയെ കയറൂരി വിട്ടു. എന്നിട്ട് ഇപ്പോൾ കിടന്ന് മോങ്ങുന്നത് കണ്ടില്ലേ?" ഭാര്യയുടെ വിയോഗത്തിൽ നിന്ദ്യ മരണത്തിൽ ഹൃദയം പൊട്ടിക്കരയുന്ന ഹസൻ കുട്ടിയെ നോക്കി സ്ത്രീകളടക്കമുള്ള നാട്ടുകാർ ചുണ്ടു കോട്ടി. ഇതിനിടെ മഴ പെയ്തു. പൊറുതി മുട്ടിക്കുന്ന ജാനബാഹുല്യമുണ്ടായി. എന്നിട്ടും ഡി.വൈ.എസ്.പി ജയകുമാറും സംഘവും വേഗത്തിൽത്തന്നെ നടപടികൾ പൂർത്തിയാക്കി. ബോഡി പോസ്റ്റ്‌മോർട്ടത്തിന് കൊണ്ട് പോകാനായി ആംബുലൻസിൽ കയറ്റി. "ഇനിയവളെ കീറി മുറിക്കല്ലേ സാറേ... മരിച്ചയാളെയെങ്കിലും വെറുതെ വിടൂ സാറേ..." എന്നൊക്കെപ്പറഞ്ഞു ആംബുലൻസിന് വട്ടം നിന്ന് ഹസൻ കുട്ടി അലറിക്കരഞ്ഞു. "പോസ്റ്റ്‌മോർട്ടം ചെയ്യാതിരിക്കാനാവില്ല ഹസൻ കുട്ടീ.. നിയമാനുസൃതമായ നടപടികൾക്ക് തടസ്സം നിൽക്കാതിരിക്കൂ." ഇപ്രകാരം പറഞ്ഞ് ഡി.വൈ.എസ്.പി ജയകുമാർ അയാളെ അവിടെ നിന്നും മാറ്റി. വൈകാതെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സാജിദയുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും അയൽവാസികളെയുമൊക്കെ വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യാൻ പറ്റിയ മാനസികാവസ്ഥയിലല്ല എന്ന് തോന്നിയതിനാൽ ഹസൻ കുട്ടിയേയും പെൺമക്കളേയും തൽക്കാലം ഒഴിവാക്കി. എന്നാൽ ഇവരുടെ വീട് പൊലീസ് അരിച്ചു പെറുക്കി പരിശോധിച്ചു.

മാലിന്യക്കൂമ്പാരത്തിൽ നിന്നും നഗ്നത വെളിവാക്കപ്പെട്ട നിലയിൽ ഒരു വീട്ടമ്മയുടെ ജഡം കണ്ടെത്തിയ വാർത്ത നാടാകെ പരന്നിരുന്നതിനാൽ ഡി.വൈ.എസ്.പി ജയകുമാറിന് പത്രക്കാരെയും ടി.വിക്കാരേയും അഭിമുഖീകരിക്കാതിരിക്കാൻ പറ്റില്ലായിരുന്നു. "മരണത്തിൽ ദുരൂഹതയുണ്ട്. അസ്വാഭാവികതയുണ്ട്. പല കാരണങ്ങൾക്കൊണ്ടും ഇതൊരു ആത്മഹത്യയാണെന്ന നിഗമനത്തിലേക്ക് എത്തിച്ചേരാൻ കഴിയുന്നില്ല. എന്നാൽ അങ്ങനെയൊരു സാധ്യത തള്ളിക്കളയാനുമാവില്ല. എന്തായാലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലേ ഇത് സംബന്ധിച്ച് കൂടുതലെന്തെങ്കിലും പറയാനൊക്കൂ." അയാൾ പത്രക്കാരോട് പറഞ്ഞു. പിറ്റേന്ന് വൈകിട്ടോടെയാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചത്. അമോണിയം ഫോസ്ഫറസിന്റെ കൂടിയ അളവിലുള്ള സാന്നിധ്യമാണ് മരണ കാരണമെന്നായിരുന്നു റിപ്പോർട്ട്. ഇതിന്റെ ചുവട് പിടിച്ച് അന്വേഷണത്തെ പുരോഗതിയിലേക്ക് നയിക്കാനായിരുന്നു പൊലീസിന്റെ പദ്ധതി. അതിനായി റൂറൽ ജില്ലാ പൊലീസ് മേധാവി അനിതാ കൃഷ്ണമൂർത്തി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡി.വൈ.എസ്.പി ജയകുമാർ, ഇൻസ്‌പെക്ടർ ഈസ, സബ് ഇൻസ്‌പെക്ടർ തഫ്‌സീയ ഹമീദ്, സി.പി.ഓമാരായ ബെസി ആന്റണി, ലത, ഗിരീഷ്, ആയിഷ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. സാജിദയുടെ ഖബറടക്കം കഴിഞ്ഞ് മൂന്നാം നാൾ ഈ സംഘം ഹസൻ കുട്ടിയേയും പെൺമക്കളേയും ചോദ്യം ചെയ്യാനായി പാടത്തിനരികിലുള്ള അവരുടെ വീട്ടിലെത്തി.

മൂന്ന്

ഹസ്സൻകുട്ടിയേയും പെൺമക്കളേയും ചോദ്യം ചെയ്യുന്നതിനായി ഒരു ചോദ്യാവലി അന്വേഷണസംഘം തയാറാക്കിയിരുന്നു. എന്നാൽ അതൊരു ചോദ്യം ചെയ്യലായി അവർക്ക് അനുഭവപ്പെടരുതെന്ന് അന്വേഷണ സംഘത്തിന്റെ ചുമതലക്കാരനായ ഡി.വൈ.എസ്.പി ജയകുമാറിന് നിർബന്ധമുണ്ടായിരുന്നു. "ഒരു കുശലപ്രശ്നത്തിലാണെന്നേ അവർക്ക് തോന്നാവൂ. നമ്മൾ വെറുതെ സംസാരിച്ചിരിക്കണം. സംസാരം കഴിയുമ്പോൾ നമ്മുടെ ചോദ്യാവലിയിലെ ഒരു ചോദ്യത്തിന് പോലും മറുപടി ലഭിക്കാതിരിക്കുകയുമരുത്." ഹസൻ കുട്ടിയുടെ വീടിന്റെ പടിക്കൽ വാഹനം നിർത്തിയിറങ്ങുമ്പോൾ ജയകുമാർ തന്റെ സഹപ്രവർത്തകരോട് ശബ്ദം താഴ്ത്തി പറഞ്ഞു. എല്ലാവരും ശരി എന്ന അർഥത്തിൽ തലയാട്ടി. വീടിന്റെ അകത്തും പുറത്തുമായി നാട്ടുകാരിലും ബന്ധുക്കളിലും പെട്ട ചിലർ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ടായിരുന്നു. അന്വേഷണ സംഘം എല്ലാവരേയും കണ്ട് വളരെ സൗഹാർദ്ദപരമായി സംസാരിച്ചു. കേസുമായി ബന്ധപ്പെട്ട് നേരത്തേ പൊലീസ് ചോദ്യം ചെയ്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. "ഞങ്ങൾ മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇതിലേ വന്നതാ. അപ്പോൾ ഒന്നിവിടെ കയറിയിട്ട് പോകാമെന്ന് കരുതി." ജയകുമാർ പറഞ്ഞു. സമർഥനായ ആ ഉദ്യോഗസ്ഥൻ അത് പറയേണ്ടത് പോലെയാണ് പറഞ്ഞത്. അപ്പോൾ അതെല്ലാവരും ശരിയാണെന്ന് ധരിച്ചു. അന്തരീക്ഷത്തിലെ കനവും മുറുക്കവും ഒന്ന് അയഞ്ഞു. "കയറിയിരിക്കൂ സാറേ..." ഹസൻ കുട്ടി പറഞ്ഞു. ജയകുമാറും സംഘവും അത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു. അവർ വേഗത്തിൽ വീടിന്റെ അകത്തേക്ക് കയറി.

“അകത്ത് പെണ്ണുങ്ങളാരെങ്കിലുമുണ്ടെങ്കിൽ ഓരോ കപ്പ് കാപ്പിയെടുക്കാൻ പറഞ്ഞാൽ അത് ഔചിത്യമില്ലായ്മ ആകുമോ?" ജയകുമാർ ഹസൻ കുട്ടിയോട് ചോദിച്ചു. "ഏയ് ഇല്ല സാറേ..." ഹസൻ കുട്ടി പറഞ്ഞു. "എന്നാൽ കാപ്പിയെടുക്കാൻ പറയ് ഹസൻ കുട്ടീ.. ഉറക്കം കണ്ണിന്റെ പോളയിൽ വന്നിരിക്കുകയാ. അതങ്ങോട്ട് മാറട്ടെ." ജയകുമാർ സോഫയിൽ അമർന്നിരുന്ന് കൊണ്ട് പറഞ്ഞു. "കാപ്പിയെടുക്കാൻ പറയാം." ഹസൻ കുട്ടി അകത്തേക്ക് പോയി. "ഇവിടെ വസ്തുവിനൊക്കെ എന്ത് വില വരും?" അയാൾ മടങ്ങി വന്നപ്പോൾ ജയകുമാർ ചോദിച്ചു. "വസ്തുവിനൊന്നും ഇവിടെ വലിയ വില കിട്ടില്ല സാറേ. ഏറിയാൽ സെന്റിന് ഒന്നര ലക്ഷം വരെ കിട്ടും. അത്രതന്നെ." ഹസൻ കുട്ടി പറഞ്ഞു. "അതെന്താ? ഇൻഡസ്ട്രിയൽ ഏരിയയുടെ അടുത്തുള്ള പ്രദേശമായതു കൊണ്ടാണോ?" "അതെ സാറേ. എപ്പോഴും കമ്പനികളിൽ നിന്നുള്ള പുകയും നാറ്റവുമൊക്കെയാ. കിണർ വെള്ളം ഉപയോഗിക്കാൻ പറ്റില്ല. രാസ പദാർഥം കലർന്ന ഉറവയാണ് കിണറുകളിൽ." ഒരു സ്ത്രീ ഒരു ട്രേയിൽ കാപ്പിയുമായി വന്നു. ജയകുമാർ ആ സ്ത്രീയുടെ കൈയ്യിൽ നിന്നും ട്രേ വാങ്ങി കാപ്പി തന്റെ സഹപ്രവർത്തകർക്ക് വിതരണം ചെയ്തു. "മക്കളെവിടെ ഹസൻ കുട്ടീ?" കാപ്പി രസത്തോടെ കുടിക്കുന്നതിനിടെ ജയകുമാർ ചോദിച്ചു. "അവർ അകത്തെ മുറിയിലുണ്ട്. രണ്ടാളും വലിയ പ്രയാസത്തിലാ." "എനിക്കൊന്ന് കാണണമെന്നുണ്ടായിരുന്നു." "അതിനെന്താ സാറേ. ഞാൻ വിളിക്കാം." "വേണ്ട, അങ്ങോട്ട് ചെന്ന് കാണാം." ജയകുമാർ എഴുന്നേറ്റു. ഒപ്പം മറ്റുള്ളവരും. ഹസൻ കുട്ടി ജയകുമാറിനെയും സംഘത്തേയും കുട്ടികളുള്ള മുറിയിലേക്ക് നയിച്ചു. കിടക്കുകയായിരുന്നു രണ്ടാളും. മുറിക്കകത്ത് കാൽ പെരുമാറ്റം കേട്ടപ്പോൾ രണ്ടാളും എഴുന്നേറ്റു. പൊലീസുകാരെ കണ്ട് അവർ ഒന്ന് അന്ധാളിച്ചു. എന്നാൽ ജയകുമാർ പറഞ്ഞു "ഞങ്ങൾ വെറുതെ വന്നതാണ് മക്കളേ. നിങ്ങളെയൊക്കെ ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി. വന്നിട്ട് കുറച്ചു നേരമായി കേട്ടോ. ബാപ്പയുമായി സംസാരിച്ചിരിക്കുകയായിരുന്നു. അതിനിടെ കാപ്പിയും കുടിച്ചു." ഇതും പറഞ്ഞ് ജയകുമാർ മുറിയാകെ ഒന്ന് വീക്ഷിച്ചു.

"ഇതാരുടെ മുറിയാ?"-അയാൾ ചോദിച്ചു. "ഇത് ഞാൻ ഉപയോഗിക്കുന്ന മുറിയാണ്." മൂത്ത പെൺകുട്ടി പറഞ്ഞു. "ഉം.. മോളുടെ പേര് റിസ്‌വാന.അല്ലേ?" "അതെ." "മോള് സുനൈന. അല്ലേ?" ജയകുമാർ രണ്ടാമത്തെ പെൺകുട്ടിയെ നോക്കി ചോദിച്ചു. "അതെ." അവൾ തലയാട്ടി. "മക്കളെന്തിനാ ഇങ്ങനെ അടച്ചു മൂടിയിരിക്കുന്നത്? പുറത്തേക്കൊക്കെ ഒന്നിറങ്ങി എല്ലാവരുമായിട്ടും ഒന്ന് കൂട്. എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്ക്. അപ്പോൾ മനസ്സിന്റെ ഭാരം കുറഞ്ഞു വരും." "സാറിങ്ങനെയൊക്കെ പറയുമ്പോൾ ചിലരെങ്കിലും ചിന്തിക്കും ഇതൊക്കെ പറയാൻ എളുപ്പമാണ്, അനുഭവത്തിൽ വരുമ്പോഴറിയാമെന്ന്. എന്നാൽ ഇതിലും വലിയ ദുരന്തങ്ങൾ അനുഭവിച്ചിട്ടുള്ള വ്യക്തിയാണിദ്ദേഹം. സാറിന്റെ കൺമുന്നിൽ വെച്ചാണ് ഭാര്യയും മക്കളും മാതാപിതാക്കളും ഒരപകടത്തിൽ മരിക്കുന്നത്. ഒന്നാലോചിച്ചു നോക്കൂ. എന്നിട്ടും സാറ് ഈയൊരു പൊസിഷനിലേക്കൊക്കെ എത്തി. അതാണ് മനസ്സിന്റെ ബലം. പ്രശ്നങ്ങൾ ജീവിതത്തിന്റെ ഭാഗമാണ്. അതിന്റെയൊക്കെ മേലെയായിരിക്കണം നമ്മുടെ മനസ്സും തീരുമാനങ്ങളും." ഇൻസ്‌പെക്ടർ ഈസയാണിത് പറഞ്ഞത്. ഇതൊക്കെ കേട്ടതോടെ പെൺകുട്ടികൾ ഒന്നുണർന്നു. തമാശകൾ പറഞ്ഞും, കുശല പ്രശ്നങ്ങൾ നടത്തിയും, മോട്ടിവേറ്റ് ചെയ്തും അന്വേഷണ സംഘം ഹസൻ കുട്ടിയേയും മക്കളേയും പതിയെ തങ്ങളുടെ വരുതിയിലേക്ക് കൊണ്ടു വന്നു. "മേലെ ടെറസിൽ നല്ല കാറ്റായിരിക്കും. അല്ലേ? പാടം ഏരിയ ആയതു കൊണ്ട്." ജയകുമാർ ഹസൻ കുട്ടിയോട് ചോദിച്ചു. "അതെ സാറേ." അയാൾ പറഞ്ഞു. "എങ്കിൽ നമുക്ക് കുറച്ചു സമയം അവിടെ പോയിരിക്കാം. എന്ത് പറയുന്നു?" "അതിനെന്താ സാറേ? അങ്ങനെയാകാം." ഹസൻ കുട്ടിയും മക്കളും ടെറസിൽ കസേരകൾ നിരത്തി. ജയകുമാറും സംഘവും ടെറസിലെത്തി. കൊയ്ത്തൊഴിഞ്ഞ പാടശേഖരത്തിന്റെ കാഴ്ചകൾ കണ്ടു കൊണ്ട് എല്ലാവരും കസേരയിലിരുന്നു. "കമ്പനിവൽക്കരണത്തിൽ മരിച്ച വയൽ." ഈസ ആത്മഗതമെന്നോണം പറഞ്ഞു. പാട്ടുമൂളിക്കൊണ്ട് അതിലേ വന്ന ഒരു കാറ്റ് നാണത്തോടെ ദൂരേക്ക് അകന്നകന്നു പോയി.                                                                     

നാല്

അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിലാണ് തങ്ങളുള്ളതെന്ന് ഹസൻ കുട്ടിക്കും മക്കൾക്കും ഒരു വിധത്തിലും തോന്നാത്ത രീതിയിൽ അതിസമർഥമായി ഡി.വൈ.എസ്.പി ജയകുമാറും കൂട്ടരും അവരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. ബിനാനിപുരത്ത് ഒരു ജഡമായി കാണപ്പെട്ട സാജിദ എന്ന നാൽപ്പത്തിയെട്ടുകാരിയുടെ ഏറ്റവും സ്വകാര്യമായ ജീവിതത്തിന്റെ അടരുകളും ഏടുകളും ചുരുൾനിവർത്തിയെടുക്കുകയായിരുന്നു ഒരു ഹിപ്നോട്ടിസ്റ്റിനെ പോലെ ജയകുമാർ. സഹപ്രവർത്തകർ അയാൾക്ക് മികച്ച രീതിയിലുള്ള പിന്തുണ നൽകുക കൂടി ചെയ്തതോടെ കാര്യങ്ങൾക്ക് പുരോഗതിയുണ്ടായി. അങ്ങനെ അന്വേഷണ സംഘം തയാറാക്കിയ ചോദ്യാവലിയിലെ മൂന്ന് പേരേയും ഒന്നിച്ചിരുത്തി ചോദിക്കേണ്ട ചോദ്യങ്ങൾ തീർന്നു. ഒട്ടും വൈകാതെ അന്വേഷണ സംഘം മൂന്നായി പിരിഞ്ഞു. ബോധപൂർവമായ ആ നീക്കത്തെ അവർ രസകരമായ സംഭാഷണങ്ങൾ കൊണ്ടും, നിരുപദ്രവകരമായ നുണകൾ കൊണ്ടും, തമാശകൾകൊണ്ടും മറച്ചു. മൂന്ന് പേരേയും ഒറ്റക്കൊറ്റയ്ക്ക് ചോദ്യം ചെയ്യുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഓരോ സംഘവും തന്ത്രപൂർവം ഓരോരുത്തരേയും തങ്ങളുടെ കൂടെക്കൂട്ടി. ഹസൻ കുട്ടിയെ കൂടെക്കൂട്ടിയത് ഇൻസ്‌പെക്ടർ ഈസയും സി.പി.ഓമാരായ ബെസി ആന്റണിയും, ലതയുമുൾപ്പെട്ട സംഘമായിരുന്നു. മൂത്ത പെൺകുട്ടി റിസ്‌വാനയെ ഒപ്പം കൂട്ടിയത് ഡി.വൈ.എസ്.പി ജയകുമാറും, സി.പി.ഓ ആയിഷയുമായിരുന്നു. രണ്ടാമത്തെ പെൺകുട്ടി സുനൈന സബ് ഇൻസ്‌പെക്ടർ തഫ്‌സീയ ഹമീദ്, സി.പി.ഓ ഗിരീഷ് എന്നിവരോടൊപ്പമായിരുന്നു. "കഴിഞ്ഞ ദിവസം ഞാൻ റിസ്‌വാനയുടെ ഗ്രാൻഡ് മദറുമായി സംസാരിച്ചപ്പോൾ സാജിദയെ നാശത്തിലേക്ക് തള്ളിവിട്ടത് ഒരു ഷെഹബാനയാണെന്ന് എന്നോട് പറഞ്ഞിരുന്നു. ഞാനതങ്ങനെ വലിയ കാര്യത്തിലൊന്നും എടുത്തില്ല. ആർക്ക് ആരെക്കുറിച്ച് എന്താ പറഞ്ഞു കൂടാത്തത്? എന്നാലും അറിയാൻ ഒരാഗ്രഹം. മോളോടാകുമ്പോൾ അങ്കിളിന് ചോദിക്കാമല്ലോ. ആരാണിവര്? ഈ ഷെഹബാന?" ജയകുമാർ റിസ്‌വാനയോട് ചോദിച്ചു. "ഉമ്മച്ചിയുടെ ഉപ്പയുടെ അനുജന്റെ മകളാണ് ഷെഹബാന ആന്റി. അവര് കൊള്ളില്ല സാറേ. ബാപ്പുമ്മ പറഞ്ഞത് നേരാണ്. അവരാണ് എന്റെ ഉമ്മച്ചിയെ ചീത്തയാക്കിയത്." റിസ്‌വാന വെറുപ്പോടെ പറഞ്ഞു. 

"എന്തൊക്കെയാ ഈ ഷെഹബാന ആന്റിയുടെ പരിപാടി?" "ആന്റിക്ക് മുട്ടത്ത് വീടിനടുത്ത് തന്നെ ഒരു ഹാർഡ് വെയർ ഷോപ്പുണ്ട്. ഭർത്താവുമായി ചേർന്നാണ് ആന്റി അത് നടത്തുന്നത്. പിന്നെ കുറച്ചു മാറി മെയിൻ റോഡിനടുത്ത് ഒരു ബ്യുട്ടീപാർലറും നടത്തുന്നുണ്ട്. ആ സ്ഥാപനത്തെ ചുറ്റിപ്പറ്റിയാണ് ആന്റിയുടെ എല്ലാ വഷളത്തരവും." "വഷളത്തരം എന്ന് പറയുമ്പോൾ....?" "അവിടെ പലരും വന്നു പോകുന്നുണ്ട് സാറേ. ജോലിക്കെന്ന് പറഞ്ഞ് നാഗാലാൻഡിൽ നിന്നും നേപ്പാളിൽ നിന്നുമൊക്കെ ചെറിയ പെൺകുട്ടികളെ അവിടെക്കൊണ്ടു വന്ന് നിർത്തിയിട്ടുണ്ട്. അത് മറ്റ് ചില കാര്യങ്ങൾക്കാണ്." "ഭയങ്കരിയാണല്ലോ ഈ ഷെഹബാന ആന്റി. അവരുടെ ഭർത്താവ് ഇതൊന്നും അറിയുന്നില്ലേ? അതോ മൂപ്പരും കൂടി അറിഞ്ഞു കൊണ്ടുള്ള ബിസിനസാണോ?" "അറിഞ്ഞാലും അങ്ങേര് എന്ത് ചെയ്യാൻ? ഷെഹബാന ആന്റി വരച്ച വരയിൽ നിർത്തും പുള്ളിയെ. ഒരു യൂസ്‌ലെസ് ഫെലോ ആണയാൾ. ഷെഹബാന ആന്റിയുടെ ബാപ്പയുടെ സ്വത്ത് കണ്ടാണ് അങ്ങേര് അവരെ കല്യാണം കഴിച്ചത് തന്നെ. ഒരു പണിയുമില്ലാതെ നടന്ന ആളാണ്. ഷെഹബാന ആന്റിയുടെ ബാപ്പയാണ് മുതലിറക്കി കടയിട്ടു കൊടുത്തതും കാറ് വാങ്ങിക്കൊടുത്തതുമൊക്കെ. കല്യാണത്തിന്റെ സമയത്ത് കഴുത്തോളം കടത്തിലായിരുന്നു അയാൾ. എന്ന് പറഞ്ഞാൽ പത്തുനാൽപ്പത്തഞ്ചു ലക്ഷം രൂപ. അറിയാത്ത കച്ചവടം ചെയ്ത് വരുത്തി വെച്ചത്. അത് മുഴുവൻ ഷെഹബാന ആന്റിയുടെ ബാപ്പയാണ് വീട്ടിയത്. അതിന്റെയൊക്കെ ഒരു വിധേയത്വം എന്തായാലും ഉണ്ടാകുമല്ലോ." "ഷെഹബാന ആന്റിയുടെ ബാപ്പക്ക് എന്താണ് ബിസിനസ്?" "അമ്പലപ്പുഴക്കാരാണ് അവര്. അദ്ദേഹത്തിന് പുന്നപ്രയിൽ പലചരക്ക് പീടികയും ലോഡ്ജുമുണ്ട്. പിന്നെ വണ്ടാനത്ത് ഒരു ടെക്സ്റ്റയിലും മൊബൈൽ ആക്സസറീസിന്റെ ഷോപ്പുമുണ്ട്." ശരി എന്ന അർഥത്തിൽ അയാൾ തലയാട്ടി. ചില തുമ്പുകളിലേക്ക് എത്താൻ സാധിച്ചു എന്ന ആശ്വാസം അയാളുടെ മുഖത്ത് മിന്നി. "ഷെഹബാന ആന്റിയുടെ ഇടപാടുകൾ സാറ് അന്വേഷിക്കുമോ?" അൽപ്പ സമയത്തെ നിശബ്ദതക്ക് ശേഷം റിസ്‌വാന ചോദിച്ചു. "അന്വേഷിക്കണോ..? മോള് പറയ്..." അയാൾ പുഞ്ചിരിച്ചു. "വേണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം." അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. "അക്കാര്യം അങ്കിൾ ഏറ്റു മോളേ..." അവളെ വാത്സല്യത്തോടെ ചേർത്ത് പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു.  

Read also: കാമുകിയുടെ മരണം, കൂട്ടുകാർ ചെയ്ത തെറ്റിന് ബലിയാടായി കാമുകൻ...

അഞ്ച്

"സാജിദ തന്റെ വൃദ്ധരായ മാതാപിതാക്കളെ കാണാൻ ആലപ്പുഴക്ക് പോകാനിറങ്ങിയതാണെന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം. അത് ശരിയാണോ?" ഇൻസ്‌പെക്ടർ ഈസ ഹസൻ കുട്ടിയോട് ചോദിച്ചു. "ശരിയാണ് സർ." ഹസൻ കുട്ടി സങ്കടത്തോടെ പറഞ്ഞു. "എപ്പോഴാണ് അവർ വീട്ടിൽ നിന്നും ഇറങ്ങിയത്?" "രാവിലെ ആറ് മണിക്ക്. ആറേകാലിന്റെ 'ഗംഗോത്രി' ബസിൽ കയറിയാണ് അവൾ പോയത്. ഇവിടെയീ ഗേറ്റിന്റെ കുറച്ചു മാറി ബസ്റ്റോപ്പാണ്. ഞാനിവിടെ നോക്കി നിൽക്കുമ്പോഴാണ് അവൾ ബസിൽ കയറിപ്പോയത്." "ആലുവയിൽ ചെന്ന് അവിടെ നിന്നും ട്രെയിനിൽ ആലപ്പുഴക്ക് പോകാനായിരുന്നോ പ്ലാൻ?" "അല്ല സർ. 'ഗംഗോത്രി' എറണാകുളത്തേക്കുള്ള വണ്ടിയാണ്. ഇടപ്പള്ളിയിൽ ഇറങ്ങി അവിടെ നിന്നും ആലപ്പുഴക്കുള്ള കെ.എസ്.ആർ.ടി.സി പിടിക്കുമെന്നാണ് അവൾ പറഞ്ഞത്. ആലപ്പുഴ പോകുമ്പോഴൊക്കെ അങ്ങനെയാണ് ചെയ്യാറുള്ളത്." "സാജിദയുടെ വൃദ്ധരായ മാതാപിതാക്കൾ ആലപ്പുഴയിലാണെങ്കിൽ അവരെ ഇവിടെ കൊണ്ട് വന്ന് നിർത്തിക്കൂടെ? സ്ഥിരമായിട്ടുള്ള ഈ ദീർഘ ദൂരയാത്ര ഒഴിവാക്കാമല്ലോ?" "അവർ വിവാഹ ബന്ധം വേർപെടുത്തി വെവ്വേറെ താമസിക്കുന്നവരാണ് സർ. സാജിദയുടെ ഉപ്പ അമ്പലപ്പുഴയിലും ഉമ്മ ചേർത്തലയിലുമാണുള്ളത്. അവൾ വളരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ അവർ പിരിഞ്ഞു." "ഓഹോ.. അപ്പോൾ അവർ പഠിച്ചതും വളർന്നതുമൊക്കെ?" "പത്താം ക്ലാസ് വരെ ചേർത്തല ഉമ്മയോടൊപ്പമായിരുന്നു. പിന്നെ ഉപ്പ അവളെ അമ്പലപ്പുഴക്ക് കൊണ്ട് പോയി. അവിടെ അടുത്തുള്ള ഒരു ബോർഡിങ്ങിൽ ചേർത്തു. ഡിഗ്രി പൂർത്തിയാക്കും മുൻപ് തന്നെ ഞാനുമായുള്ള വിവാഹവും കഴിഞ്ഞു."

 "നിങ്ങളെങ്ങനെയാണ് ഈ ബന്ധത്തിലേക്കെത്തുന്നത്?" "തിരുവാണിയൂരുള്ള ഒരു ക്വാറിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെയാണ് ഞാൻ സാജിദയുടെ ഉപ്പയുമായി പരിചയത്തിലാകുന്നത്. അദ്ദേഹത്തിനാ ക്വാറിയിൽ ഷെയറുണ്ടയിരുന്നു. പരിചയം സൗഹൃദമായും പിന്നീടത് എന്നോടുള്ള വാത്സല്യമായും വളർന്നു. അങ്ങനെ അദ്ദേഹം അവളെ എനിക്ക് കെട്ടിച്ചു തന്നു." "ശരി. അതിരിക്കട്ടെ. അതിരാവിലെ ഇവിടെ നിന്നും പോയ സാജിദ ആലപ്പുഴ എത്തിയില്ല. ഇക്കാര്യം നിങ്ങൾ അറിഞ്ഞില്ലേ?" "ഞാൻ ഉച്ചയോടെയാണ് അറിയുന്നത് സർ. അമ്പലപ്പുഴക്ക് വരുന്നുണ്ടെന്ന് അവൾ തലേന്ന് രാത്രി തന്നെ ഉപ്പയെ വിളിച്ചു പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഉച്ചയായിട്ടും അവളെ കാണാതിരുന്നപ്പോൾ ഉപ്പ അവളെ വിളിച്ചു. എന്നാൽ ഫോൺ സ്വിച്ച് ഓഫായിരുന്നു. അപ്പോൾ അദ്ദേഹം എന്നെ വിളിച്ചു. അവൾ പുറപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹം കരുതിയത്. രാവിലെത്തന്നെ തിരിച്ചിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞപ്പോൾ അവിടെ എല്ലാവർക്കും ടെൻഷനായി. എനിക്കും ആധിയായി. ആകെ വിഷമമായി. പിന്നെ ബന്ധുക്കളേയും സുഹൃത്തുക്കളേയുമൊക്കെ വിളിക്കലായി. അവളെയും തേടി പരക്കം പാച്ചിലായി. എവിടെയും ചെന്നിട്ടില്ല. ആരെയും വിളിച്ചിട്ടുമില്ല. അങ്ങനെ രാത്രിയായി. അടുത്ത ദിവസം രാവിലെ പൊലീസിൽ പരാതിപ്പെടാൻ തീരുമാനിച്ചു. എന്നാൽ രാവിലെ അവളുടെ മയ്യത്ത് ബിനാനിപുരത്തു നിന്നും കണ്ടെടുത്തു എന്ന വാർത്തയാണ് എന്നെ തേടിയെത്തിയത്." ഹസൻ കുട്ടിയുടെ തൊണ്ടയിടറി. പൊട്ടി വന്ന കരച്ചിൽ അയാൾ കടിച്ചിറക്കി. 

"ഹസൻ കുട്ടി എവിടെയാണ് ജോലി ചെയ്യുന്നത്?" സി.പി.ഓ ബെസി ആന്റണി വിഷയം മാറ്റാൻ എന്ന പോലെ ചോദിച്ചു. അത് നന്നായെന്ന് ഈസക്കും തോന്നി. അല്ലെങ്കിൽ ഒരുപക്ഷേ സംസാരിക്കാൻ കഴിയാത്ത വിധം ദുഃഖം അയാളെ കീഴ്പ്പെടുത്തിക്കളയുമായിരുന്നു. "ഞാനിപ്പോൾ ഡ്രൈവറ് പണിക്കൊന്നും പോകുന്നില്ല സാറേ. വൈറ്റിലക്കടുത്തുള്ള ഒരു കോണ്ടം ഫാക്ടറിയിൽ ലോഡിങിന് പോവുകയാണ്." "അപ്പോൾ ചെറിയൊരു വരുമാനമാണ് ഹസൻ കുട്ടിക്കുള്ളത്. വീട്ടിലെ കാര്യങ്ങൾക്കൊക്കെ ശമ്പളം തികയുമോ? സാജിദ ജോലിക്ക് പോയിരുന്നു എന്നാണ് ഞങ്ങൾ മനസ്സിലാക്കിയത്." "ഉവ്വ് സർ. അവൾ ഇവിടെ അടുത്തുള്ള ഒരു ചിട്ടിക്കമ്പനിയുടെ കളക്ഷൻ സ്റ്റാഫായി ജോലി ചെയ്തിരുന്നു. ആ വരുമാനം കൂടി ചേരുമ്പോൾ വലിയ കുഴപ്പമില്ലാതെ കാര്യങ്ങൾ നടന്ന് പോയിരുന്നു. പിന്നെ ഞങ്ങളെക്കൊണ്ട് കൂട്ടിയാൽ കൂടാത്ത കാര്യങ്ങൾ നടത്തിത്തരുന്നത് സാജിദയുടെ ഉപ്പയാണ്." "ഉപ്പ നല്ല പോലെ സഹായിച്ചിരുന്നു. അല്ലേ?" "ഉവ്വ് സർ. അത് കല്യാണം കഴിഞ്ഞ സമയം മുതൽ അങ്ങനെയാണ്. ഈ വീട് പണിതു തന്നത് ഉപ്പയാണ്. അതുപോലെ മൂത്ത മകൾ റിസ്‌വാനയുടെ കല്യാണത്തിന് ആഭരണങ്ങളും മറ്റും എടുത്ത് തന്നതും അദ്ദേഹമാണ്. എന്നും ഞാനൊരു ചെറിയ വരുമാനക്കാരനായിരുന്നു. ഉപ്പയുടെ സഹായം കൊണ്ടൊന്ന് മാത്രമാണ് അതിന്റെ കുറവില്ലാതെ ഞങ്ങൾ ജീവിച്ചത്." "റിസ്‌വാന പിന്നീട് വിവാഹ മോചനം ചെയ്യപ്പെട്ടു. അല്ലേ?" ഈസയുടെ ഈ ചോദ്യത്തിന് മുന്നിൽ വല്ലാത്തൊരു തളർച്ചയോടെ ഹസൻ കുട്ടി തല കുനിച്ചു.

ആറ്

"ഉമ്മച്ചിക്ക് കൂടുതൽ ഇഷ്ടം മോളോടായിരുന്നു എന്നാണ് എല്ലാവരും പറയുന്നത്. അതെന്തുകൊണ്ടാ?" സബ് ഇൻസ്‌പെക്ടർ തഫ്‌സീയ ഹമീദ് ഹസൻ കുട്ടിയുടെ ഇളയ മകൾ സുനൈനയോട് ചോദിച്ചു. "ഞാൻ ഇളയ കുട്ടി ആയത് കൊണ്ടായിരിക്കാം. പിന്നെ എനിക്ക് അപസ്മാരത്തിന്റെ ചില പ്രശ്നങ്ങൾ ഉണ്ട്. അതുകൊണ്ട് ഉമ്മച്ചി അൽപ്പം കൂടി എന്നെ ശ്രദ്ധിച്ചിരുന്നു എന്ന് തോന്നിയിട്ടുണ്ട്." സുനൈന പറഞ്ഞു. "അതിപ്പോ ഇത്താത്ത റിസ്‌വാനക്കും പ്രശ്നങ്ങൾ ഉണ്ടായിരുന്നല്ലോ. ഐ മീൻ മെൻസസ് ഡിസോർഡർ." തഫ്‌സീയ ഹമീദ് ഇത് പറഞ്ഞപ്പോൾ സുനൈന അമ്പരന്നു. "അത് മാഡം എങ്ങനെ അറിഞ്ഞു? അതൊരു രഹസ്യമായിരുന്നല്ലോ? ഞങ്ങളുടെ വീട്ടിൽ മാത്രം ഒതുങ്ങി നിന്നിരുന്ന രഹസ്യം!" "പൊലീസായിപ്പോയില്ലേ മോളേ.. രഹസ്യങ്ങളൊക്കെ അന്വേഷിച്ച് കണ്ടെത്തിയല്ലേ പറ്റൂ." തഫ്‌സീയ ഹമീദ് ചിരിയോടെ പറഞ്ഞു. "ഉമ്മച്ചിയുടെ ഒരിഷ്ടത്തിനും എതിര് നിൽക്കാത്ത ആളായത് കൊണ്ടല്ലേ ആ ഇഷ്ടക്കൂടുതൽ ഉണ്ടായത്? എന്തിനും കൂടെ നിൽക്കുകയും കട്ട സപ്പോർട്ട് കൊടുക്കുകയുമൊക്കെ ചെയ്താൽ അതിന്റേതായ ഒരിഷ്ടക്കൂടുതൽ ഉണ്ടാകും." തഫ്‌സീയ ഹമീദ് തന്ത്രപൂർവമാണ് സംസാരിക്കുന്നത്. "എല്ലാ കാര്യത്തിലുമൊന്നും ഞാൻ ഉമ്മച്ചിയെ സപ്പോർട്ട് ചെയ്തിരുന്നില്ല മാഡം." തന്റെ ചൂണ്ടയിൽ ആ പെൺകുട്ടി കൊത്തി എന്ന തിരിച്ചറിവിൽ തഫ്‌സീയ ഹമീദ് പുഞ്ചിരി തൂകി. "എന്തൊക്കെ കാര്യങ്ങളിലാണ് മോള് ഉമ്മച്ചിയെ സപ്പോർട്ട് ചെയ്യാതിരുന്നത്?" അവർ ചോദിച്ചു. "ഉമ്മച്ചിയുടെ ഷെഹബാന ആന്റിയുമായുള്ള കൂട്ടിനെ ഞാൻ സപ്പോർട്ട് ചെയ്തിരുന്നില്ല. ഷെഹബാന ആന്റി ആളത്ര ശരിയല്ല മാഡം. അവരുമായി കൂടുതൽ അടുത്തതിൽ പിന്നെയാണ് ഉമ്മച്ചി ഞങ്ങളോട് സംസാരിക്കാതായത്. ഏതു നേരവും മൊബൈലും നോക്കിയിരിപ്പായിരുന്നു. എപ്പോഴും ഫോണിൽ സംസാരവും, പല ആളുകളോടൊന്നിച്ചുള്ള കറക്കവുമായിരുന്നു. ബാപ്പയെ വക വെച്ചിരുന്നില്ല. ബാപ്പ പറഞ്ഞാൽ അനുസരിച്ചിരുന്നുമില്ല. ഇതിലൊക്കെ എനിക്ക് വിയോജിപ്പുണ്ടായിരുന്നു."

Read also: ഇഷ്ട്ടപ്പെട്ടവ കണ്ടാൽ മോഷ്ട്ടിക്കും; ഒടുവിൽ അയാൾ ആ തീരുമാനമെടുത്തു...

"ബാപ്പയും ഉമ്മച്ചിയും വഴക്ക് കുടിയിരുന്നോ?" "ഉവ്വ് മാഡം. എപ്പോഴും വഴക്കായിരുന്നു. ഞങ്ങൾക്ക് വീട്ടിൽ കിടക്കപ്പൊറുതിയില്ലായിരുന്നു." "എന്തും പറഞ്ഞാണ് അവർ വഴക്കിട്ടിരുന്നത്?" "ഉമ്മച്ചി വീട്ടിലിരിക്കാത്തതിനെച്ചൊല്ലിയായിരുന്നു ഏറെയും. അപരിചിതരായ പുരുഷന്മാർക്കൊപ്പം ഉമ്മച്ചി എവിടെ എന്തിന് പോകുന്നു എന്ന് ഞാൻ ലജ്ജയോടെ ചിന്തിച്ചിട്ടുണ്ട് മാഡം. ബാപ്പയുടെ പ്രശ്നവും അത് തന്നെയായിരുന്നു. ഈയടുത്ത ദിവസം പാതാളം കവലയിൽ നിന്നും മൂന്നാല് ആൺകുട്ടികൾക്കൊപ്പം ഉമ്മച്ചി കാറിൽ കയറിപ്പോകുന്നത് ജോലി കഴിഞ്ഞു വരുന്ന വഴി ബാപ്പ കണ്ടു. അന്ന് രാത്രി ഒരുപാട് വൈകിയാണ് ഉമ്മച്ചി മടങ്ങി വന്നത്. പുലരുവോളം അതേ ചൊല്ലി രണ്ടു പേരും വഴക്ക് കൂടി. 'ഇത് എന്റെ ഉപ്പ പണിത വീടാണ്. നിങ്ങൾക്കെന്നെ പറ്റുന്നില്ലെങ്കിൽ മക്കളേയും വിളിച്ച് ഇവിടെ നിന്നിറങ്ങിക്കോ.' എന്ന് വരെ വഴക്കിനിടയിൽ ഉമ്മച്ചി പറഞ്ഞു. അത് കേട്ട് ബാപ്പ നിസ്സഹായതയോടെ കരയുന്നത് ഞങ്ങൾക്ക് കാണേണ്ടി വന്നു." "ഇത്താത്ത റിസ്‌വാനയുടെ വിവാഹ മോചനത്തിന് കാരണമായതും ഇതേ പ്രശ്നങ്ങളാണോ?" "ഇത്താത്തയുടെ ഭർത്താവ് ഉമ്മച്ചിയുടെ പോക്ക് ശരിയല്ല എന്ന് എപ്പോഴും പറയുമായിരുന്നു. അതുകൊണ്ട് ഉമ്മച്ചിക്ക് അയാളോട് വിരോധമായി. അങ്ങനെ ഉമ്മച്ചി ഷെഹബാന ആന്റിയുമായി ചേർന്ന് ഇത്താത്തയെ ബ്രെയിൻ വാഷ് ചെയ്ത് അയാൾക്കെതിരെ തിരിച്ചു. വിവാഹമോചനം സംഭവിക്കുകയും ചെയ്തു. കല്യാണത്തിന് ഇത്താത്താക്കിട്ടു കൊടുത്ത എഴുപത്തഞ്ചു പവൻ തിരികെ കിട്ടണമെന്ന ഒരു ഉദ്ദേശ്യവും ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നു. ഇത്താത്തയുടെ മെൻസസ് ഡിസോർഡർ മറച്ചു പിടിച്ചാണ് ബാപ്പ ആ കല്യാണം നടത്തിയത്. ഇക്കാര്യവും അതിന്റെ ചികിത്സക്കായി ചിലവാക്കിയ പണത്തെച്ചൊല്ലിയുമൊക്കെ അയാൾ പ്രശ്നമുണ്ടാക്കുമെന്ന ഭയം ഉമ്മിച്ചിക്കുണ്ടായിരുന്നു. എന്നാൽ അയാൾ തന്റെ ആഢ്യത്വവും മാന്യതയും ഈ വിഷയത്തിൽ കാണിച്ചു. ഒരു പ്രശ്നവുമുണ്ടാക്കാതെ എഴുപത്തഞ്ചു പവനും തിരികെത്തന്നു. അത് വിറ്റു കിട്ടിയ പണം കൊണ്ടാണ് ഷെഹബാന ആന്റി മെയിൻ റോഡിനരികെ ബ്യൂട്ടിപാർലർ തുടങ്ങിയത്. ഉമ്മച്ചിയെ ആ സ്ഥാപനത്തിൽ പാർട്ണറായി ചേർത്തു. ഇക്കാര്യം ഇത്താത്താക്കോ ബാപ്പക്കോ അറിയില്ല. അവരോട് സ്വർണം മുഴുവൻ ഉപ്പയുടെ അമ്പലപ്പുഴയിലെ ബാങ്ക് ലോക്കറിൽ കൊണ്ട് പോയി വെച്ചിരിക്കുകയാണെന്ന് കള്ളം പറയുകയാണ് ഉമ്മച്ചി ചെയ്തത്. ഞാനായിട്ട് ഇതൊന്നും അവരോട് പറയാനും പോയില്ല. അല്ലാതെ തന്നെ ഈ വീട്ടിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇനി ഇത് കൂടി പറയുന്നത് എരിതീയിൽ എണ്ണ ഒഴിക്കലാകുമെന്നുള്ളത് കൊണ്ട് ഞാൻ മിണ്ടാതിരുന്നു."

"ഉമ്മച്ചിക്ക് ശത്രുക്കളാരെങ്കിലും ഉണ്ടായിരുന്നോ? ഉമ്മച്ചി ജോലിക്ക് പോകുന്നുണ്ടായിരുന്നല്ലോ. അതൊരു ധനകാര്യ സ്ഥാപനവുമാണ്. അതുപോലെ ബ്യൂട്ടിപാർലറിലെ ഷെയർ എടുത്തു. നിരവധി ആളുകളുമായി എന്തെങ്കിലുമൊക്കെ തരത്തിലുള്ള കണക്ഷനുകൾ ഉണ്ടായിരുന്നു. അങ്ങനെയുള്ള ഒരാൾക്ക് തീർച്ചയായും ശത്രുക്കൾ ഉണ്ടാകും. എന്ന് പറഞ്ഞാൽ അഭിപ്രായ വ്യത്യാസങ്ങളുടേയും വിയോജിപ്പുകളുടേയും പേരിൽ അകന്നവർ." "എന്റെ അറിവിൽ അങ്ങനെ ആരുമില്ല മാഡം. ഉമ്മച്ചി പുറത്തെ ആരുമായും വഴക്കിടുന്നതും മറ്റും ഞാനിതു വരെ കണ്ടിട്ടില്ല. ആരെയെങ്കിലും ഭയക്കുന്നതായും തോന്നിയിട്ടില്ല." ഇത്രയും സംസാരിച്ചു കഴിഞ്ഞപ്പോൾ തഫ്‌സീയ ഹമീദ് സി.പി.ഓ ഗിരീഷിനെ ഒന്ന് നോക്കി. അയാളുടെ മൊബൈലിൽ സംഭാഷണങ്ങൾ കൃത്യമായി റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ടല്ലോ എന്ന ചോദ്യമായിരുന്നു ആ നോട്ടത്തിൽ ഉണ്ടായിരുന്നത്. ഇത് മനസ്സിലാക്കി ഗിരീഷ് അതെ എന്ന അർഥത്തിൽ തലയാട്ടി. അറിയേണ്ട കാര്യങ്ങളിലൂടെയെല്ലാം ആ സംഭാഷണം കടന്നു പോയിരുന്നു. അതുകൊണ്ട് തന്നെ സംസാരം അവിടം കൊണ്ട് നിർത്താൻ തഫ്‌സീയ ഹമീദ് തീരുമാനിച്ചു. ചില നാട്ടുകാര്യങ്ങളൊക്കെ പറഞ്ഞ് വളരെ സാധാരണ രീതിയിൽ സംസാരം അവസാനിപ്പിച്ച് സുനൈനയോട് യാത്ര പറഞ്ഞ് തഫ്‌സീയ ഹമീദും ഗിരീഷും ടെറസിൽ നിന്നും താഴേക്കിറങ്ങി.."

Content Summary: Malayalam Short Story ' Binanipurathe Jadam 1 ' Written by Abdul Basith Kuttimakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com