ADVERTISEMENT

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി റോസ് മേരി – മാധവിക്കുട്ടി ഒരിക്കൽ എറിഞ്ഞു കൊടുത്ത കാവ്യ ചിലങ്ക ഹൃദയത്തിൽ ഇന്നും സൂക്ഷിക്കുന്ന ഞങ്ങളുടെ കുഞ്ഞുമോൾ ആന്റി - എന്റെ ഇളയമ്മ ഒരു ഈസ്റ്റർ സമ്മാനം എന്ന പോലെ സ്നേഹപൂർവം അയച്ചു തന്ന കൈയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങൾ അതിയായ സന്തോഷത്തോടെയാണ് ഞാൻ സ്വീകരിച്ചത്. വായനയെ ഇഷ്ടപ്പെടാനും എന്റെ കരങ്ങളിൽ വന്നെത്തുന്ന പുസ്തകങ്ങളെ ഇന്നും ഒരു കുട്ടിക്ക് കളിപ്പാട്ടം കിട്ടുന്ന കൗതുകത്തോടെ നോക്കി കാണാനും, ജിജ്ഞാസയോടെ അതു വായിക്കുവാനും ഒരു പക്ഷെ കാരണം കുഞ്ഞുമോൾ ആന്റിയാണ്. കുഞ്ഞുനാളിൽ, ക്രിസ്തുമസ് കാലത്ത് തിരുവനന്തപുരത്തെ പിടിപി നഗറിലെ 'തെന്നൽ' എന്ന വീട്ടിൽ നിന്നും ആന്റി അയച്ചു തന്ന 'ചുക്കും ഗെക്കും 'എന്ന അർക്കാദി ഗൈദരുടെ റഷ്യൻ ബാലകഥയാണ് ഓർമ്മയിൽ ഞാൻ ആദ്യമായി വായിച്ച ബാലകഥ. അതിന്റെ മലയാള വിവർത്തനം വായിച്ച് മനസ്സുകൊണ്ട് എത്രയോ തവണ മഞ്ഞുവീണു കിടക്കുന്ന മോസ്കോ നഗരത്തിലൂടെയും ഗ്രാമ പ്രദേശത്തിലൂടെയും കളിച്ചും ചിരിച്ചും ഞാൻ, സഹോദരന്മാരായ ചുക്കിനോടും ഗെക്കിനോടുമൊപ്പം കടന്നു പോയിരിക്കുന്നു.

റബ്ബർ മരത്തിന്റെ പച്ചപ്പും, മൊട്ടക്കുന്നുകളുടെയും താഴ്‌വാരങ്ങളുടെയും മനോഹാരിതയും കണ്ടു ശീലിച്ച എനിക്ക്, തൂവെള്ള മഞ്ഞിൻ കമ്പളത്തിൽ മൂടിപ്പുതച്ചുറങ്ങുന്ന മോസ്കോ പർവതനിരകളെയും, ശൈത്യകാലത്തു ചൂടുള്ള ഉരുളക്കിഴങ്ങു സൂപ്പ് കഴിച്ചു ജീവിക്കുന്ന ആൽപ്സിൻ ചെരിവിലെ ഗ്രാമജീവിതത്തെയും, ഫിർ മരക്കൊമ്പിൽ ക്രിസ്തുമസ് ട്രീ ഒരുക്കുന്ന കുഞ്ഞുങ്ങളെയുമൊക്കെ സ്വപ്നം കാണാൻ കാരണമായതും, പിൽക്കാലത്തു പല പാശ്ചാത്യ രാജ്യങ്ങളും സന്ദർശിക്കാനും അവരിൽ ഒരാളായി ജീവിക്കാൻ പ്രചോദനമായതും, കുഞ്ഞുമോൾ ആന്റി അയച്ചു തന്നിരുന്ന കഥകൾ വായിച്ചു ശീലിച്ചതും, കുടുംബത്തിലെ പലരും പറഞ്ഞു കേട്ട കഥകൾ സ്വപ്നം കണ്ടതുമാണ്.

റഷ്യൻ ബാല കഥകൾ കുട്ടികളിലെ ഭാവന വികസിപ്പിക്കാൻ കാരണമാകുമെന്ന് പറഞ്ഞു, ഞങ്ങൾ കുട്ടികളെ വായിക്കാൻ പ്രോത്സാഹിപ്പിച്ച കുഞ്ഞുമോൾ ആന്റി, നവമാധ്യമങ്ങൾ വരുന്നതിനും മുൻപ് 'പ്രിയപ്പെട്ട ഉഷാമ്മക്കും, ചേട്ടനും കുഞ്ഞിപൈതങ്ങൾക്കും', 'പ്രിയനും കുഞ്ഞുമോളും കുട്ടികളും' എന്ന പേരിൽ അയച്ചു തന്നിരുന്ന മനോജ്ഞമായ കത്തുകളും, വർണ്ണ കാർഡുകളും ഒക്കെ ഇന്നും എന്റെ കൈയ്യിൽ ഭദ്രം. ഈ വായനാ ദിനത്തിൽ എന്റെ ഓർമ്മകളെ കുട്ടിക്കാലത്തേക്കും, കാഞ്ഞിരപ്പള്ളിയിലെ ചിരപരിചിതമായ കടമപ്പുഴ വീട്ടിലേക്കും, 'നിലാവിൽ ഒരു പനിനീർ ചാമ്പ' എന്ന ആത്മകഥയിലൂടെ കൊണ്ടു പോയതിനു ഏറെ നന്ദി. വിശാലമായ ആ തൊടിയിലെ ചാമ്പമര തണലിൽ ഇരുന്നതും, ബേബി ആന്റി ഉണ്ടാക്കി തന്ന ചാമ്പക്ക ജാമും വൈനും ഒക്കെ രുചിച്ച് കഥകൾ കേട്ടിരുന്ന് ആലസ്യമയക്കത്തിൽ ആണ്ടു പോയതും ഒരു വേള ഞാൻ ഓർത്തെടുത്തു.

'ചെമ്പകം എന്ന പാപ്പാത്തി' എന്ന കഥയിലെ നിഷ്കളങ്കയായ പാപ്പാത്തിയെ സ്നേഹിക്കാതിരിക്കാൻ അനുവാചക ഹൃദയങ്ങൾക്ക് ആവുമോ? 'ജാലകക്കാഴ്ചയിലൂടെ' ഞാൻ കണ്ടതും മനസ്സിലാക്കിയതും എത്രയോ പേരുടെ ജീവിതാനുഭവങ്ങൾ ആണ്. മഞ്ഞു മൂടി കിടക്കുന്ന ഓർമ്മകാഴ്ചകളെ പുനരാവിഷ്‌ക്കരിച്ച 'വൃശ്ചിക കാറ്റ് വീശുമ്പോൾ' എന്നെ കൊണ്ടെത്തിച്ചത് കാഞ്ഞിരപ്പള്ളിയിലെ നാട്ടിൻപുറ ജീവിതത്തിലേക്കും അവിടുത്തെ സാധാരണ കാഴ്ച്ചകളിലേക്കും ആണ്. നന്ദി കുഞ്ഞുമോൾ ആന്റി, ഇനിയും ജീവിതസ്പർശിയായ ധാരാളം രചനകൾ എഴുതാൻ കഴിയട്ടെ.

Content Summary: Malayalam Memoir Written by Sujith

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com