ADVERTISEMENT

ശ്വാസഗതിയാലുയർന്നൊരെല്ലിൻകൂടിനെ

തഴുകി തലോടി ചേർന്നിരുന്നപ്പോൾ 

പറയാൻ ബാക്കിയായ കടലാഴങ്ങൾ

ഉയരാനാകാതെ പതഞ്ഞടങ്ങുന്നു.

വെള്ളിമുടിയിഴകളിൽ വിരലോടിച്ച് 

ചുളിവാർന്ന നെറ്റിയിൽ 

ചുംബനത്താൽ കുറിയണിയിച്ച്.
 

നിറമിഴികളിലെ മൊഴികളറിയാൻ

വാചാലമൗനത്തിൻ ആഴമറിയാൻ.

മാത്രകളേറെയില്ല പ്രാണനൂലിൻ

ആട്ടം നിലയ്ക്കുവാൻ.

ഇനിയുമേറെ അറിയണമെന്നുണ്ട്

അറിവിൻ മധുരം ബോധാധരത്തി-

ലേറെയിറ്റിച്ചതല്ലെ?
 

വലിയൊരു ചോദ്യമെന്നെ

തുറിച്ചു നോക്കുന്നു.

തിരിച്ചറിവിൻ മഹിമയെ പുണരണമെന്ന്

എത്രയോ ചൊല്ലിയതല്ലെ.

അനുഭവങ്ങളാൽ ദർശനങ്ങളെ

ഉയർത്തണമെന്ന്.
 

വീഴ്ചകളിലെല്ലാം താങ്ങായതല്ലെ

എന്നിട്ടുമാലസ്യത്തിൽ

ഞാൻ മയങ്ങിക്കിടപ്പതെന്തെ?..

അനിവാര്യവേളയിത്.

യാത്രാമൊഴിയായിത്രമാത്രം.
 

വൈകിയിട്ടില്ലിനിയും അറിവിനെ ശ്രദ്ധയാക്കി,

തിരിച്ചറിവിൻ മൂർച്ചയാൽ 

അറിവുകേടിൻ അടിവേരറുത്ത്,

കരുണയെ വെളിച്ചമാക്കി.

സ്നേഹത്തെ നനവാക്കി.

ചുവടുകളുറപ്പിച്ച് മകനെ നീ മുന്നേറുക.

പിഴയ്ക്കില്ല നിനക്കിനിയീ ജന്മമത്രയും.
 

മിഴിയനക്കം നിലച്ചു

ഇറുകെപ്പിടിച്ച വിരലുകൾ അയഞ്ഞു.

അന്ത്യചുംബനത്തിനായ് അമർത്തിയ 

അധരം വിറകൊണ്ടു.

വിരലിനാൽ മിഴികളടച്ച്,

കണ്ണീരിനാൽ നെറുകയെ നനച്ച് 

നീറും ഹൃദയത്തെ

പാദങ്ങളിൽ അർപ്പിച്ച്

ആഴത്തിൽ പ്രാണനെയെടുത്ത്

തൊഴുതു നിവർന്നു.
 

Content Summary: Malayalam Poem ' Mozhiyidangal ' Written by Deepuraj Somanathan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com