ഞാനൊന്നു സ്വപ്നലോകത്തുലാത്തവേ
മുറ്റത്ത് കരിയിലകൾ കലപില കൂട്ടുന്നുവോ
തെന്നലവൻ ജാലകവിരി മാറ്റി–
യൊന്നെത്തി നോക്കിയോ
നരിച്ചീറുകൾതൻ ചിറകടിയൊച്ച
കർണ്ണപുടങ്ങളിൽ വന്നടിച്ചുവോ
ശുനകനൊന്നോരിയിട്ടങ്ങിങ്ങോടി
നടക്കുന്നപോൽ
കാലൻകോഴിയൊന്നു കൂവിയപോൽ
പ്രത്യേകഗന്ധമെന്നിലാരോ തൂവിയപോൽ
തണുത്ത കരങ്ങളാലെന്നെയാരോ
തഴുകിത്തലോടിയപോൽ
സിരകളിലൂടെ തണുപ്പരിച്ചിറങ്ങുന്നു
പ്രജ്ഞയകന്നു പോകുന്നപോൽ
നിത്യസാന്ത്വനമേ നിൻ വിരിമാറിലെന്നെ മയക്ക നീ
അജ്ഞാതലോകത്തേക്കെന്നെ കൊണ്ടുപോക നീ
കണ്ണാരംപൊത്തിക്കളിക്കാതെയിങ്ങു പോരു നീ
കാത്തിരിക്ക വയ്യ നിന്നെ പ്രപഞ്ചസത്യമേ, മരണമേ
Content Summary: Malayalam Poem ' Prapanchasathyame Maraname ' Written by Deepa Nair