ADVERTISEMENT

1995 ൽ ആണ് ഭുയ്യാനെ ആദ്യമായി കാണുന്നത്. സൗദിയിൽ ഞാൻ വന്നിട്ട് രണ്ട് വർഷമാകുന്നു. ഒരുപാട് പേർ ജോലിക്കായി ആവശ്യമുള്ള പദ്ധതിയാണ്. വിവിധ രാഷ്ട്രങ്ങളിൽ നിന്ന് ദിവസവും ധാരാളം പേർ വന്നുകൊണ്ടിരിക്കുന്നു. ഭുയ്യാൻ ചെറുപ്പം, നല്ല ഉഷാർ, ബംഗ്ലാദേശിലെ കോമില്ല ജില്ലയിൽ നിന്നാണ്. കൊടുക്കുന്ന ജോലിയെല്ലാം വളരെ വേഗത്തിൽ തീർക്കും. അതിനാൽ ഭുയ്യാനെ എനിക്കിഷ്ടമായിരുന്നു. നാട്ടിൽ മരപ്പലകകൾ കൊണ്ട് നിർമ്മിച്ച വീട്ടിലാണ് താമസം. അമ്മ മാത്രമേയുള്ളൂ, നല്ലൊരു വീടുണ്ടാക്കണം അതിനാണ് വന്നത്. അമ്മയുടെ കത്തിൽ വരുന്ന വിശേഷങ്ങൾ പറയുമായിരുന്നു. ഒരിക്കൽ പറഞ്ഞു, നാട്ടിൽ ആകെ പ്രശ്നങ്ങൾ ആണ്. രാഷ്ട്രീയക്കാർ പരസ്പരം ഏറ്റുമുട്ടി വീടുകൾ  കത്തിക്കുന്നു. അമ്മ ആകെ വിഷമത്തിലാണ്. കൂട്ടുകാർ ആണ് തമ്മിൽത്തല്ലി മരിക്കുന്നത്. ലോകം മുഴുവൻ അശാന്തിയാണ്, ഞാൻ സമാധാനിപ്പിച്ചു.

ഒരാഴ്ചയായി അമ്മയുടെ കത്തൊന്നും വന്നില്ല. ഭുയ്യാൻ ആകെ സങ്കടത്തിൽ ആയിരുന്നു. ഓഫിസിലെ ഗോവക്കാരനായ ഡഗ്ലസ് ആണ് സ്ഥിരമായി പോസ്‌റ്റോഫീസിൽ പോയി കമ്പനിയുടെ പോസ്റ്റ് ബോക്സിൽ നിന്ന് കത്തുകളുമായി വരിക. വന്നയുടനെ കാറെടുത്തു ചുറ്റി എല്ലാവർക്കും കത്തുകൾ എത്തിക്കുന്ന ഒരു നല്ല സ്വഭാവം ഡഗ്ലസ്സിന് ഉണ്ടായിരുന്നു. അതിന് മാത്രമായിരുന്നു അയാൾ നല്ലയാൾ, പിന്നെ കുതികാൽ വെട്ട്, ഏഷണി, പാര വെയ്പ്പ് തുടങ്ങിയ കലാപരിപാടികളുടെ തലതൊട്ടപ്പനും. അന്ന് ഡഗ്ലസ് കൊടുത്ത കത്ത് പൊട്ടിച്ചു വായിച്ചു ഭുയ്യാൻ നിലത്തു വീണു വലിയ വായിൽ ഉറക്കെ കരയാൻ തുടങ്ങി. ഡഗ്ലസ് ആകെ ഭയന്നു പോയി. അടുത്തുണ്ടായിരുന്ന ബംഗ്ലാദേശി ഭുയ്യാന്റെ കൈകളിൽ നിന്ന് വഴുതിപ്പോയ കത്തെടുത്തു വായിച്ചു പറഞ്ഞു. "അവന്റെ അമ്മ മരിച്ചുപോയി സർ, കഴിഞ്ഞ ആഴ്ചയായിരുന്നു, ആരോ വീട് കത്തിച്ചതാണ്".

ഡഗ്ലസ് ഭുയ്യാനെ കാറിൽ കയറ്റി ഓഫിസിൽ കൊണ്ട് വന്നു. എന്നെ കണ്ടതും അവന്റെ കരച്ചിൽ കൂടി. ഒന്നാശ്വാസമായപ്പോൾ ചോദിച്ചു, "ഒരാഴ്ചയായില്ലേ, ചടങ്ങുകൾ ഒക്കെ കഴിഞ്ഞു കാണില്ലേ, നീ നാട്ടിൽ പോകുന്നുണ്ടോ?" ഇനി ഇവിടെ നിൽക്കുന്നില്ല. നാട്ടിൽ പോകണം. അമ്മയ്ക്ക്‌ വീട് വെക്കാനാണ് ഞാൻ ഇങ്ങോട്ട്  വന്നത്. കലാപം കൂടിയപ്പോൾ അമ്മയോട് അവിടെ നിന്ന് മാറി നിൽക്കാൻ പറഞ്ഞതാണ്, എന്റെ മകന്റെ വീട് എന്ന്‌ പറഞ്ഞു അമ്മ അവിടെ തന്നെ നിന്നു, അമ്മ വീടിനൊപ്പം കത്തിച്ചാമ്പലായി. ഇളയമ്മയാണ് കത്തെഴുതിയിരിക്കുന്നത്, അവർക്ക് ഇവിടത്തെ ഫോൺ നമ്പർ ഒന്നുമറിയില്ല. എപ്പോഴോ അമ്മ അവരുടെ വീട്ടിൽ മറന്ന എന്റെ ഒരു കത്തിൽ നിന്നാണ് ഇവിടത്തെ വിലാസം കിട്ടിയത് തന്നെ. ആരെ കുറ്റം പറയാൻ, വിധി ഇതാണ് എനിക്കായി കാത്തുവെച്ചത്. പോകണം, എന്തിനായാണോ ഇവിടെ വന്നത്, അത് ഇനി ആവശ്യമില്ല. പലപ്പോഴായി അമ്മയ്ക്കായി വാങ്ങിയ തുണികളും മറ്റു സാധനങ്ങളും കൂട്ടുകാരുടെ അമ്മമാർക്ക് നൽകാൻ പറഞ്ഞു കൊടുത്തു, വെറും കൈയ്യോടെ ഭുയ്യാൻ നാട്ടിലേക്ക് തിരിച്ചുപോയി.

ഇന്നലെയാണ് മെസ്സഞ്ചറിൽ - ഓർക്കുന്നുണ്ടോ സാബ് - എന്ന സന്ദേശം കണ്ടത്. ഭുയ്യാൻ! "സാബ്, ഞാനിപ്പോൾ ഇന്ത്യക്കാരനാണ്, കാശ് കുറെ ചിലവായി, എങ്കിലും, ഞാനിപ്പോൾ ഷില്ലോങ്ങിൽ ഉണ്ട്. ഞങ്ങൾ ഇവിടെ എത്തിയിട്ട് കുറച്ചു വർഷങ്ങൾ ആയി. നാട്ടിൽ കലാപത്തിന് കുറവൊന്നും വന്നില്ല, ഞാനപ്പോൾ ഇളയമ്മയെ കൂട്ടി ധാക്കയിലേക്ക് മാറി. ഒരു ഇന്ത്യൻ കമ്പനിയുമായി തുണിക്കച്ചവടം തുടങ്ങി. അത് വളർന്നു വലുതായി. അവരൊക്കെ സഹായിച്ചു, അങ്ങനെ റേഷൻ കാർഡും, വോട്ടർ കാർഡും ഒക്കെയായി രക്ഷപ്പെട്ടു. കമ്പനി ഞാൻ ഇന്ത്യയിലും ബംഗ്ലാദേശിലും നടത്തുന്നുണ്ട്. നന്നായിപ്പോകുന്നു. അതൊന്നുമല്ല സന്തോഷം, അമ്മയുടെ പേരിൽ ആരുമില്ലാത്ത അമ്മമാർക്കായി ഞാൻ ഒരു സ്ഥാപനം നടത്തുന്നുണ്ട്. അമ്പതോളം അമ്മമാർ ഉണ്ടവിടെ. അവർക്കു വേണ്ടതെല്ലാം കൊടുക്കുന്നു. ഒരമ്മക്ക് പകരം അമ്പത് അമ്മമാർ, എന്റെ അമ്മ സ്വർഗത്തിൽ ഇരുന്നു ഇതെല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാകും സാബ്. സാബ്, കോളജിൽ പഠിക്കുമ്പോൾ ഇവിടെ വന്നിട്ടുണ്ടല്ലേ, എൻ സി സി ക്യാമ്പിന്, സാബ് എഴുതിയത് ഞാൻ വായിച്ചു. ബറാപാനിയും ഉംറായികാണ്ടും എനിക്കറിയാം. നാട്ടിൽ വരുമ്പോൾ വരണം. പണ്ട് വന്ന വഴികളിലൂടെ ഒക്കെ ഒന്നുകൂടി നടക്കാം, ചിറാപുഞ്ചിയിലെ കനത്ത മഴ കൊള്ളാം, പിന്നെ എന്റെ അമ്മമാരെയും കാണാം." ഞാൻ തീർച്ചയായും വരും. സുകൃതം ചെയ്ത ജന്മമാണ് നിന്റേത്.

Content Summary: Malayalam Short Story ' Bhuyyan ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com