ADVERTISEMENT

മഞ്ഞിന്റെ വെളുത്ത ജാലകവിരികൾ വകഞ്ഞു മാറ്റി കീഴന്തൂർ എന്ന മലയോര കർഷക ഗ്രാമത്തിലേക്ക് പുലരി വെളിച്ചം എത്തി നോക്കി. മണ്ണിന്റെ മനസ്സറിഞ്ഞ അവിടത്തെ മനുഷ്യർ രാത്രി പെയ്ത ചാറ്റൽ മഴയുടെ അനുരാഗ സ്പർശനങ്ങളിൽ തളിരണിഞ്ഞ കൃഷിയിടങ്ങളിലേക്കിറങ്ങി പണി തുടങ്ങി. റബറിന്റെയും കാപ്പിയുടെയും ഏലത്തിന്റെയും കുരുമുളകിന്റെയുമെല്ലാം വാണിജ്യസാധ്യതകളിലേക്ക് ഒരു പ്രഭാതം കൂടി കണ്ണ് തിരുമ്മി ഉണരുകയായിരുന്നു. ചൂടേറിയ രാഷ്ട്രീയ ചർച്ചകൾ അരങ്ങു തകർക്കുന്ന കവലയിലെ ഐസക്കിന്റെ ചായപ്പീടികയിൽ നിന്നും കട്ടനും കുടിച്ച്, ഒരു സിഗരറ്റും വലിച്ച്, കോൺട്രാക്ടർ വർക്കി തന്റെ പണിക്കാരേയും കാത്ത് നിന്നു. പണിയിടങ്ങളിലേക്ക് തിരക്കിട്ട് പോകുന്ന തമിഴ് സ്ത്രീകളെ അയാൾ പച്ച മലയാളത്തിൽ കമന്റടിച്ചു. ഏതാണ്ട് അരമണിക്കൂറോളം കാത്ത് നിന്നതിനു ശേഷമാണ് അയാളുടെ നാല് പണിക്കാർ അവിടെയെത്തിച്ചേർന്നത്. "ആറേ മുക്കാലിന് ഇവിടെ വരാൻ പറഞ്ഞതല്ലേ ഞാൻ? മണിയിപ്പോ ഏഴേകാലായി. ഒരു ദിവസമെങ്കിലും പറഞ്ഞ സമയത്ത് നിനക്കൊക്കെ പണിക്ക് വന്നു കൂടെ?" വർക്കി കോപിച്ചു. മുഖം കറുപ്പിച്ചു.എന്നാൽ പണിക്കാർ അത് ശ്രദ്ധിച്ചതേയില്ല.അവർ പരസ്പരം എന്തൊക്കെയോ പറഞ്ഞ് ചിരിച്ചു. "തൊഴിലാളി യൂണിയനുകളിൽ അംഗത്വമുള്ളതിന്റെ തന്റേടമാ ഇവറ്റകൾക്ക്. വല്ലാത്തൊരു ഗതികേട് തന്നെ..!" വർക്കി പൊറുപൊറുത്തു. "ഇന്ന് എവിടെയാ വർക്കിച്ചായാ പണി?" ജോലിക്കാരിലൊരാൾ ചോദിച്ചു. "ഡൊമിനിക്ക് സാറിന്റെ വീട്ടിലാ. ആ വലിയ തൊടി മുഴുവൻ വെട്ടി വെളുപ്പിച്ചെടുക്കാൻ പറഞ്ഞേൽപ്പിച്ചിരിക്കുകയാ. ടൂൾസെല്ലാം എടുത്തിട്ടുണ്ടല്ലോ. ഇനി അവിടെ ചെന്നിട്ട് അതില്ല, ഇതില്ല എന്നൊന്നും പറഞ്ഞേക്കരുത്." "അങ്ങനെയൊന്നുമുണ്ടാകില്ല. വർക്കിച്ചായൻ വണ്ടിയെടുക്ക്. കലങ്ങിന്റെ വശത്തൂടെ താഴേക്കുള്ള വഴി പിടിക്കാം. അതാകുമ്പോൾ എളുപ്പം അങ്ങെത്താം." "ശരി. എന്നാൽ വേഗം കേറ്..." വർക്കി വഴിയരികിൽ നിർത്തിയിട്ടിരുന്ന തന്റെ ജീപ്പിലേക്ക് കയറി. പിന്നാലെ പണിക്കാരും. ഒരു മുരൾച്ചയോടെ ജീപ്പ് മുന്നോട്ട് നീങ്ങി.

രണ്ട്

കലങ്ങിൽ നിന്നും തിരിഞ്ഞ് വായനശാലയ്ക്ക് പിന്നിലൂടെ നീളുന്ന ടാറിടാത്ത നാട്ടുവഴിയിലൂടെ ഏകദേശമൊരു നാനൂറ് മീറ്റർ പോയാൽ 'ഡൊമിനിക്ക് ലൂക്ക-സ്റ്റേറ്റ് ടാക്സ് ഓഫീസർ' എന്ന് ആലേഖനം ചെയ്ത ഗേറ്റ് കാണാം. ഗേറ്റിൽ നിന്നും പിന്നെയും ഒരു ഇരുനൂറ് മീറ്റർ മാറിയായിരുന്നു വീട്. തൊണ്ണൂറുകളിലെ തച്ചു മാതൃകയിലുള്ള മനോഹരമായ ഒരു വീടായിരുന്നു അത്. ഗേറ്റിൽ നിന്നും വീട്ടിലേക്കെത്താൻ വെള്ള മണൽ വിരിച്ച ഒരു നടപ്പാത നിർമിച്ചിട്ടുണ്ട്. നടപ്പാതക്കിരുവശവും ചെടികളും മരങ്ങളും നിറഞ്ഞ കാടാണ്. വാഹനങ്ങൾക്കായി തൊട്ടപ്പുറത്ത് മറ്റൊരു ഗേറ്റുണ്ട്. കുറേക്കൂടി വീതി കൂടിയത്. അതിലെ കയറിയാൽ നല്ല ടൈൽ പാകിയ വഴിയിലൂടെ പോർച്ചിലേക്കെത്താം. ഒന്ന് കറങ്ങി വരണമെന്ന് മാത്രം. ഈ വഴിയുടെ വക്കുകളിൽ കൗതുകം ജനിപ്പിക്കുന്ന ക്ലോക്ക് ടവറും, ജലസംഭരണിയും, ശിൽപങ്ങളുമൊക്കെയുണ്ട്. വർക്കിയുടെ ജീപ്പ് പോർച്ചിലേക്ക് ഓടിയെത്തുമ്പോൾ ഡൊമിനിക്ക് ഉമ്മറത്ത് തന്നെയുണ്ടായിരുന്നു. ചായയും പത്രവുമായി ചാരുകസേരയിൽ ഇരിക്കുകയായിരുന്നു അയാൾ. "ഡൊമിനിക്ക് സാറേ, ഞങ്ങളിങ്ങെത്തി. തൊടങ്ങിക്കളയാം. അല്ലേ ?" ജീപ്പിൽ നിന്നിറങ്ങിക്കൊണ്ട് വർക്കി ചോദിച്ചു.

"ആ തുടങ്ങിക്കോ... പിന്നെ വർക്കീ...." ഡൊമിനിക്ക് എഴുന്നേറ്റ് കണ്ണടയൂരി കൈയ്യിൽ പിടിച്ച് ചായയും പത്രവും ടീപ്പോയിൽ വെച്ച് പോർച്ചിലേക്കിറങ്ങി ചെന്നു. അയാൾ പറഞ്ഞു: "കിഴക്ക് ഭാഗത്ത് അൽപ്പം ഉള്ളിലോട്ട് മാറി ഒരു കെട്ടിടമുണ്ട്. ഒരു കോമ്പൗണ്ടിനകത്താണ് ആ കെട്ടിടം. അവിടെയും നിറയെ ചെടികളും മരങ്ങളുമാണ്. എന്നാൽ അവിടെ മാത്രം ഒന്നും ചെയ്യേണ്ട." "അതെന്താ ഡൊമിനിക്ക് സാറേ അങ്ങനെ? നമുക്ക് മൊത്തത്തില് അങ്ങ് വെളുപ്പിക്കാമെന്നേ..." വർക്കി പറഞ്ഞു. "എടോ, എന്റെ അപ്പൻ ലൂക്ക പണിയെടുത്തിരുന്ന കെട്ടിടമാണത്. അപ്പൻ മില്ല് നടത്തിയിരുന്നത് ആ കെട്ടിടത്തിലാണ്. ആ ഒരു ഏരിയ 64-ലെ ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം അപ്പന് സർക്കാരിൽ നിന്നും പതിച്ചു കിട്ടിയതാണ്. അപ്പൻ മരിച്ചപ്പോൾ അദ്ദേഹത്തെ ഞാൻ അവിടത്തന്നെ അടക്കി. അതുകൊണ്ട് തന്നെ ആ ഏരിയയുമായി എനിക്ക് വൈകാരികമായ ഒരു കണക്ഷനുണ്ട്. പണ്ട് എങ്ങനെയാണോ ഉണ്ടായിരുന്നത് അതേ പടി അവിടം നിലനിൽക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. അപ്പൻ നട്ട മരങ്ങളാണ് അവിടെയുള്ളതിൽ ഏറെയും. ആ മരങ്ങളുടെ ചോട്ടിൽ, തണുപ്പുള്ള തണലിൽ, അപ്പൻ സമാധാനമായി ഉറങ്ങിക്കോട്ടെ. വെട്ടിത്തെളിച്ചും, കൊത്തിപ്പറിച്ചും അപ്പനെ ശല്യപ്പെടുത്തേണ്ട."

"ശരി ഡൊമിനിക്ക് സാറേ, ഞാനാ ഏരിയയിലേക്ക് പോകുന്നില്ല. അതിരിക്കട്ടെ, ലിയ മോൾക്ക് എങ്ങനെയുണ്ട്?" വർക്കി ഇത് ചോദിച്ചപ്പോൾ ഡൊമിനിക്കിന്റെ മുഖം സങ്കടം കൊണ്ടൊന്ന് ചുങ്ങി. "ഐ.സി.യുവിൽ തന്നെയാ. ഒബ്സർവേഷനിലാ. അപകടനില തരണം ചെയ്തു എന്ന് പറയാം." അയാൾ ഒരു ദീർഘനിശ്വാസമുതിർത്തു. അയാളുടെ കണ്ണുകൾ പതിയെ നിറഞ്ഞു വന്നു. അയാൾ പറഞ്ഞു: "അമാൻഡ എപ്പോഴും പറയുമായിരുന്നു, തൊടിയിലെ കാടൊക്കെ വെട്ടിത്തെളിച്ചിടണം എന്ന്. ഇഴജന്തുക്കളുണ്ടാകും, സൂക്ഷിക്കണമെന്ന്. ഞാനാ വാക്കൊന്നും മുഖവിലക്കെടുത്തില്ല. ഒടുവിലിപ്പോൾ അവൾ ഭയന്നത് സംഭവിച്ചു. മോൾക്ക് തന്നെ കിട്ടി പാമ്പിന്റെ കൊത്ത്. ആ ഒരാപത്ത് എനിക്ക് പിണഞ്ഞാൽ മതിയായിരുന്നു. പാവം എന്റെ മോള്...." ഡൊമിനിക്കിന്റെ തൊണ്ടയിടറി. അയാളുടെ സങ്കടത്തിനു മുന്നിൽ എന്ത് പറയണമെന്നറിയാതെ വർക്കി നിന്നു. "ഹോസ്പിറ്റലിൽ വെച്ച് അമാൻഡ എന്നെയിനി പറയാനൊന്നും ബാക്കിയില്ല. കൈവെക്കാതിരുന്നത് നിയമപരമായി ഇപ്പോഴും ഞാനവളുടെ ഭർത്താവായതു കൊണ്ടാകും. കാടിന് നടുക്ക് താമസിച്ച് കുട്ടിക്ക് അപകടമുണ്ടാക്കി എന്ന് പറഞ്ഞ് അവൾ ആ ഹോസ്പിറ്റൽ കുലുക്കി. അവൾ പറഞ്ഞത് ശരിയുമാണ്. എനിക്കതിന്റെ കുറ്റബോധവുമുണ്ട്. അതുകൊണ്ടാ എല്ലാം വെട്ടിത്തെളിക്കാം എന്ന് കരുതിയത്." "വെട്ടി വെടിപ്പാക്കുന്ന കാര്യം വർക്കി ഏറ്റു ഡൊമിനിക്ക് സാറേ. സാറ് അതുമിതും ചിന്തിച്ച് മനസ്സ് വിഷമിപ്പിക്കാതെ ഉമ്മറത്ത് പോയിരുന്ന് പത്രം വായിക്കുകയോ എന്തെങ്കിലും കുത്തിക്കുറിക്കുകയോ ചെയ്യ്. ഞാൻ പണിക്കാരുടെ അടുത്തേക്ക് ചെല്ലട്ടെ. കണ്ണ് തെറ്റിയാൽ അവന്മാര് വേലയിറക്കും." ഇതും പറഞ്ഞ് ഒരു മൂളിപ്പാട്ടും പാടി വർക്കി അവിടെ നിന്നും പോയി. നിഗൂഢതകൾ ഉറഞ്ഞു കൂടിയ ഡൊമിനിക്കിന്റെ കണ്ണുകൾ പതിയെ കിഴക്ക് ഭാഗത്തേക്കിഴഞ്ഞു ചെന്നു. അവിടെ അയാൾ ഒരു മരംകൊത്തിയെ കണ്ടു. കൂട് നിർമാണത്തിൽ മുഴുകിയ മരംകൊത്തിയെ.

മൂന്ന്

ഡൊമിനിക്ക് തിരികെ ഉമ്മറത്ത് വന്നിരുന്നു. ഗ്ലാസിൽ അവശേഷിച്ചിരുന്ന ചായ ഒറ്റവലിക്കയാൾ കുടിച്ചു തീർത്തു. പിന്നെ പത്ര വായന തുടർന്നു. ആരോ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് അയാൾ പത്രത്തിൽ നിന്നും മുഖമുയർത്തി നോക്കി. അത് ജാനറ്റായിരുന്നു. ആ വീട്ടിലെ ജോലിക്കാരി. നാൽപ്പതിന് മേലെ പ്രായമുള്ള ജാനറ്റിന് അത്യാവശ്യം ഉയരവും അതിനൊത്ത ശരീരവുമുണ്ടായിരുന്നു. നിറം കുറവായിരുന്നു. കണ്ടാൽ സുന്ദരി എന്നൊന്നും ആരും പറയില്ല. എന്നാൽ അവൾക്ക് അവളുടേതായ ഒരഴകും മാദകത്വവുമൊക്കെ ഉണ്ടായിരുന്നു. മാസങ്ങളായി ഭാര്യയെ പിരിഞ്ഞു ജീവിക്കുന്ന ഡൊമിനിക്കിന് അവൾ അതീവ സുന്ദരിയാണെന്ന് തോന്നാൻ തുടങ്ങിയിരുന്നു! ചുവന്ന സാരിയൊക്കെ ഉടുത്ത്, ബാഗ് ഒരു പ്രത്യേക താളത്തിലാട്ടി, വെളുത്ത മണൽ വിരിച്ച നടപ്പാതയിലൂടെ അവൾ നടന്ന് വരുന്നത് അയാൾ നോക്കിയിരുന്ന് പോയി. "എന്താ സാറേ ഒരു തീപിടിച്ച നോട്ടം?" കുസൃതിയോടെ ചിരിച്ചു കൊണ്ട് ജാനറ്റ് ചോദിച്ചു. "ഏയ്.. ഒന്നുമില്ല ജാനറ്റ്...." അയാൾ അവളിൽ നിന്നും കണ്ണ് മാറ്റിക്കൊണ്ട് പറഞ്ഞു. "അമാൻഡ മാഡത്തെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി ഇങ്ങോട്ട് വിളിച്ചു കൊണ്ട് വന്നു കൂടെ? അപ്പോൾ എന്നെപ്പോലുള്ള ഒരുത്തിയേയൊന്നും ഇങ്ങനെ നോക്കിക്കൊണ്ടിരിക്കേണ്ട ദുരവസ്ഥ ഉണ്ടാവില്ല." ഒരു കള്ളച്ചിരിയോടെ ജാനറ്റ് പറഞ്ഞു. അയാളാകെ ചമ്മി "ലിയക്കുട്ടിക്ക് എങ്ങനെയുണ്ട്?" അവൾ ചോദിച്ചു. "അൽപ്പം ഭേദമുണ്ട്." "ഉം..." അവൾ അകത്തേക്ക് കയറി.

"ജാനറ്റ്..." അയാൾ എഴുന്നേറ്റ് അവൾക്ക് പിന്നാലെ ചെന്നു. ഡൈനിങ് ടേബിളിൽ തന്റെ ബാഗ് വെച്ച് അവൾ അയാളെ നോക്കി. അയാൾ പറഞ്ഞു: "ഞാൻ ചെന്ന് വിളിക്കാഞ്ഞിട്ടോ സംസാരിക്കാഞ്ഞിട്ടോ ഒന്നുമല്ല അമാൻഡ വരാത്തത്. ഡിപ്പാർട്മെന്റ് എനിക്കെതിരെ നടത്തുന്ന എൻക്വയറിയുടെ റിപ്പോർട്ട് വരാൻ കാത്തിരിക്കുകയാണവൾ. സർക്കാരിന് ലഭിക്കേണ്ട നികുതിപ്പണത്തിൽ ഞാൻ ക്രമക്കേട് നടത്തി എന്ന എന്റെ മേലുദ്യോഗസ്ഥരുടെ വാദം ശരിവെച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് വരുന്നതെങ്കിൽ പിന്നെ ഒന്നും നോക്കില്ല. അവൾ വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കും." "സാറിന്, മേലധികാരികള് അവരുടെ തെമ്മാടിത്തത്തിന് കൂട്ട് നിൽക്കാത്തതിന് പണി തന്നതാണെന്ന് മാഡമെന്താ മനസ്സിലാക്കാത്തത്? എനിക്കതാണത്ഭുതം." "ഗാന്ധിയനായ ഒരു സ്‌കൂൾ മാഷുടെ മകളാണ് ജാനറ്റെ അവൾ. അവളെ അവളുടെ അപ്പൻ പഠിപ്പിച്ച കുറേ പാഠങ്ങളും മൂല്യങ്ങളുമൊക്കെയുണ്ട്. അതൊന്നും ഒന്നിനു വേണ്ടിയും ആർക്ക് വേണ്ടിയും ബലി കഴിക്കാൻ അവൾ തയാറല്ല. ജീവിതത്തിൽ ഇത്രയും കണിശത പുലർത്തുന്ന ഒരു സ്ത്രീയെ ഞാൻ വേറെ കണ്ടിട്ടില്ല." "സാറ് സമാധാനമായിട്ടിരിക്ക്. എല്ലാം ശരിയാകാൻ പ്രാർഥിക്ക്." ഇതും പറഞ്ഞ് അവൾ സ്റ്റോർ മുറിയിലേക്ക് പോയി. സാരി മാറ്റി, നൈറ്റിയണിഞ്ഞ് ഏപ്രനൊക്കെ കെട്ടി ചൂലും മറ്റ് സാധനസാമഗ്രികളുമായി അവൾ വരുമ്പോൾ ഡൊമിനിക്ക് അവിടെത്തന്നെ നിൽക്കുന്നുണ്ടായിരുന്നു. "ജാനറ്റേ... തൊടിയിൽ പണിക്കാരുണ്ട്. അവർക്ക് ചോറ് കൊടുക്കണം." അയാൾ പറഞ്ഞു. "ശരി." അവൾ തലയാട്ടി.

അയാൾ പതിയെ അവൾക്കടുത്തേക്ക് ചെന്നു. അവളെ സാകൂതം നോക്കിക്കൊണ്ട് മന്ദ്രസ്ഥായിയിലുള്ള സ്വരത്തിൽ പറഞ്ഞു: "എത്രയോ വർഷങ്ങളായി നീ ഇവിടെ വന്ന് പോകുന്നു. ഞാൻ നിന്നെ കാര്യമായി ശ്രദ്ധിച്ചിട്ടേ ഇല്ല. ഇപ്പോൾ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ വല്ലാത്തൊരു പുതുമ. ഒരു ജോലിക്കാരിക്കും മുകളിൽ എനിക്ക് നിന്നെ ഉൾക്കൊള്ളാൻ പറ്റുന്നുണ്ട്." അത് കേട്ടപ്പോൾ അവളുടെ മുഖമൊന്ന് തുടുത്തു. വിടർന്ന മിഴികളോടെ അയാളെ നോക്കിക്കൊണ്ടവൾ ശബ്ദം താഴ്ത്തി പറഞ്ഞു: "സാറ് പറഞ്ഞു വരുന്നതെന്താണെന്ന് എനിക്ക് മനസ്സിലായി. എനിക്ക്.. എതിർപ്പില്ല. അല്ലെങ്കിലും സാറിനെ പോലെയുള്ള ഒരു യോഗ്യന് കാണിക്കയാകുന്നതിൽ എന്നെപ്പോലൊരു പെണ്ണ് സന്തോഷിക്കുകയല്ലേ വേണ്ടത്. പക്ഷേ... ഈ വീട്ടിൽ വെച്ച് വേണ്ട. ഇത് സാറ് കുടുംബത്തോടൊപ്പം കഴിഞ്ഞിരുന്ന വീടാണ്. നമുക്ക് വാഗമണിലോ മൂന്നാറോ പോകാം. റിസോർട്ടിൽ മുറിയൊക്കെ എടുത്ത് ഫോണൊക്കെ സ്വിച്ച് ഓഫ് ചെയ്ത്, ഈ ലോകവുമായുള്ള എല്ലാ ബന്ധവും വേർപെടുത്തി, എല്ലാം മറന്ന് നമുക്ക് നമ്മുടേതായ ഒരു ലോകത്തേക്ക് ചുരുങ്ങാം. എത്ര ദിവസം വേണമെങ്കിലും അങ്ങനെ കഴിയാം. പ്ലാൻ ചെയ്യ്. എന്നിട്ട് എന്നെ അറിയിക്ക്." ഇതും പറഞ്ഞ് മനോഹരമായ ഒരു പുഞ്ചിരിയും തൂവി അവൾ അടുക്കളയിലേക്ക് പോയി. അയാളുടെ കണ്ണുകൾ തിളങ്ങി. വല്ലാത്തൊരു കുളിര് അയാളെ വന്ന് പൊതിഞ്ഞു. "ഡൊമിനിക്ക് സാറേ...." പൊടുന്നനെ ഉമ്മറത്ത് നിന്നും വർക്കിയുടെ ശബ്ദമുയർന്നു.

നാല്  

"എന്താടോ കിടന്ന് കൂവുന്നത്?" ഡൊമിനിക്ക് വേഗത്തിൽ ഉമ്മറത്തേക്ക് ചെന്നു. "അപ്പന്റെ മില്ല്. അപ്പന്റെ ശവകുടീരം. അപ്പൻ നട്ട മരങ്ങൾ. ഈ സെന്റിമെൻസിലൊന്നും പെടാത്ത ഒരു രഹസ്യം കിഴക്ക് ഭാഗത്തെ ആ ഏരിയയിലുണ്ടെന്ന് എനിക്ക് മനസ്സിലായി ഡൊമിനിക്ക് സാറേ..." വർക്കി ആവേശത്തോടെ പറഞ്ഞു. ഡൊമിനിക്കിന്റെ കണ്ണുകൾ മിഴിഞ്ഞു. അയാൾ വല്ലാതൊന്ന് ഉലഞ്ഞു. പതറി. രണ്ടടി പിന്നോട്ട് വെച്ചു. കിഴക്ക് ഭാഗത്തെ ആ കോമ്പൗണ്ടിലേക്കും വർക്കിയുടെ മുഖത്തേക്കും അയാൾ മാറി മാറി നോക്കി. "കോടികൾ വിലമതിക്കുന്ന ചന്ദനമരങ്ങളുടെ ഒരു ചെറുവനം തന്നെയുണ്ട് അവിടെ. ആ രഹസ്യം രഹസ്യമായിരിക്കാനുള്ള ഒരു മറയായിരുന്നു തൊടി മുഴുവൻ പന്തലിച്ചു നിൽക്കുന്ന ഈ കാട്. ശരിയല്ലേ ഡൊമിനിക്ക് സാറേ?" കൂർത്ത നോട്ടത്തോടെ വർക്കി ചോദിച്ചു. "നിന്നോട് ഞാനെന്താ വർക്കീ പറഞ്ഞെ? കിഴക്ക് ഭാഗത്തെ പഴയ കെട്ടിടമുള്ള കോമ്പൗണ്ടിലേക്ക് പോകേണ്ട എന്നല്ലേ? പിന്നെ എന്തിന് നീ അവിടെ പോയി? ഓവർസ്മാർട്ടാവല്ലേ..." ഡൊമിനിക്ക് ക്ഷോഭിച്ചു. "സാറ് ചൂടാവല്ലേ, ഞാൻ വെറുതെ അതിലെയൊന്ന് ചുറ്റിയടിച്ചതാ. ശ്രദ്ധയിൽപ്പെട്ടു പോയി. സാറ് പേടിക്കേണ്ട. ഞാനിക്കാര്യം ആരോടും പറയാനൊന്നും പോകുന്നില്ല." "വർക്കീ.. ആദ്യം എന്റെ അപ്പനും പിന്നെ ഞാനും മനസ്സിൽ സൂക്ഷിച്ച രഹസ്യമാണിത്. ഇപ്പോൾ ഇത് തനിക്കുമറിയാം. എടോ വർക്കീ, തന്നെയെനിക്ക് വിശ്വസിക്കാമോ?" "സാറ് ഇരിക്ക്... ആ ചാരുകസേരയിലേക്ക് ഇരിക്ക്. ഞാൻ ദാ നിലത്തിരുന്നോളാം. സാറിന്റെ ഒപ്പം കയറിയിരിക്കാനുള്ള യോഗ്യതയൊന്നും വർക്കിക്കില്ല." അയാൾ ഉമ്മറപ്പടിയിലേക്കിരുന്ന് കൊണ്ട് പറഞ്ഞു. ഡൊമിനിക്ക് അയാളെ സൂക്ഷിച്ച് നോക്കിക്കൊണ്ട് തന്റെ ചാരുകസേരയിലേക്കിരുന്നു. പിന്നെ പറഞ്ഞു: "ചന്ദനമരങ്ങൾ ഈ തൊടിയിലുണ്ടെന്ന് ജനമറിഞ്ഞാൽ പിന്നെ എനിക്കും എന്റെ കുടുംബത്തിനും സമാധാനത്തോടെ ഇവിടെ ജീവിക്കാൻ പറ്റില്ല. അതാ ഇക്കാര്യം രഹസ്യമാക്കി വെച്ചത്. മനസ്സിലായോ?" "മുറിച്ചു വിൽക്കരുതോ?" വർക്കി ആർത്തി മൂത്ത മുഖത്തോടെ ചോദിച്ചു. "എടോ, അതിന് ആ ഭൂമിയുടേത് ലാന്റ് അസസ്മെന്റ് പട്ടയമാണ്. ഈ വിഭാഗത്തിലുള്ള പട്ടയമുള്ള ഭൂമിയിൽ ചന്ദനമരങ്ങൾ പോലെ വിലപിടിച്ച എന്തെങ്കിലുമുണ്ടെങ്കിൽ അത് സർക്കാറിന് മാത്രം അവകാശപ്പെട്ടതാണ്." ഡൊമിനിക്ക് ഗൗരവത്തോടെ പറഞ്ഞു. "ഇതൊക്കെ അതിന് ആരറിയാനാണ് ഡൊമിനിക്ക് സാറേ? പരമ രഹസ്യമായിട്ടല്ലേ നമ്മളിതൊക്കെ ചെയ്യൂ." "വർക്കീ... സത്യത്തിന് നിരക്കാത്ത ഒന്നും ഞാൻ ചെയ്യില്ല." വർക്കിയുടെ കണ്ണുകളിലേക്ക് നോക്കി ഉറച്ച ശബ്ദത്തിൽ ഡൊമിനിക്ക് പറഞ്ഞു. 

"അഴിമതി നടത്തിയതിന് സർക്കാരിൽ നിന്നും സസ്‌പെൻഷൻ കിട്ടിയ സാറിങ്ങനെ സത്യത്തെക്കുറിച്ചൊക്കെ പറഞ്ഞാൽ അത് അഭിസാരികയുടെ സദാചാര പ്രസംഗം പോലെയാകും." പരിഹാസത്തോടെ വർക്കി ഇത് പറഞ്ഞതും 'എടാ...' എന്നലറിക്കൊണ്ട് കോപത്തോടെ ഡൊമിനിക്ക് എഴുന്നേറ്റു. അയാൾ വർക്കിയെ ശക്തിയോടെ തൊഴിച്ചു. "എന്റമ്മേ...!" വർക്കി ഉരുണ്ട് നിലത്ത് വീണു. അയാൾ ഒരു വിധം പിടഞ്ഞെഴുന്നേറ്റപ്പോഴേക്കും ഡൊമിനിക്ക് അയാളുടെ കരണത്തടിച്ചു. അടിവയറ്റിന് തൊഴിച്ചു. നിലവിളിച്ചു പോയി വർക്കി. ഡൊമിനിക്ക് അയാളുടെ കോളറിന് കുത്തിപ്പിടിച്ചു പറഞ്ഞു: "ഇരുപത്തിയഞ്ചു കൊല്ലത്തെ സംശുദ്ധമായ ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനാടാ ഞാൻ. ആയിരം കോടി അടുക്കി വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ടോടാ നീ? എന്നാൽ ഞാൻ കണ്ടിട്ടുണ്ട്. ഒരു ഗോഡൗൺ നിറയെ നോട്ടിന്റെ കെട്ടുകൾ. ആ ഗോഡൗണും അതിലുള്ളതും എടുത്തോ എന്ന് പറഞ്ഞിട്ടുണ്ട് എന്നോട്. പച്ച മഷിയിൽ ഒറ്റ ഒരു ഒപ്പിടണം. സീല് വെക്കണം. ഇത്ര മാത്രം ചെയ്താൽ മതിയായിരുന്നു. പക്ഷെ സത്യത്തിന് നിരക്കാത്തത് കൊണ്ട് പോടാ പുല്ലേ എന്ന് പറഞ്ഞു ഡൊമിനിക്ക്. കുറെ ദുര മൂത്ത ചെന്നായ്ക്കൾ പാര പണിത് പുറത്താക്കിയില്ലായിരുന്നെങ്കിൽ എറണാകുളത്ത് തേവരയിലെ ടാക്സ് ഓഫിസ് സമുച്ചയത്തിൽ ഡെപ്യൂട്ടി കമ്മീഷണറുടെ കസേരയിൽ അമർന്നിരുന്നേനേ ഡൊമിനിക്ക്. മനസ്സിലായോടാ കള്ളവർക്കി..." ആളിക്കത്തുകയായിരുന്നു ഡൊമിനിക്ക്. മാസങ്ങളായി അയാളുടെ ഉള്ളിൽ നീറി നിന്ന നിരാശയുടെ തീപ്പൊരികൾ പുറത്തേക്ക് ചിതറുകയായിരുന്നു. ബഹളം കേട്ട് വർക്കിയുടെ പണിക്കാരും ജാനറ്റുമൊക്കെ ഓടി വന്നു. അതോടെ ഡൊമിനിക്ക് ഒന്നടങ്ങി. അയാൾ വർക്കിയുടെ പിടി വിട്ട് ഉമ്മറത്തേക്ക് കയറി. അയാൾ പറഞ്ഞു: "വർക്കീ... നീ നിന്റെ പണിക്കാരെയും കൂട്ടി ഇപ്പോൾ ഈ നിമിഷം ഇവിടെ നിന്നിറങ്ങണം. മനസ്സിലിരിക്കേണ്ടത് മനസ്സിൽ തന്നെ ഇരിക്കുകയും വേണം." അപമാന ഭാരത്തോടെ വർക്കി ഉടൻ തന്നെ തന്റെ പണിക്കാരേയും കൂട്ടി ജീപ്പിൽ കയറി. "നിൽക്ക്...." ഡൊമിനിക്ക് ജീപ്പിനടുത്തേക്ക് ചെന്നു. പിന്നെ അരയിൽ നിന്നും പേഴ്‌സ് എടുത്ത് പണമെണ്ണി വർക്കിയുടെ പോക്കറ്റിൽ വെച്ച് കൊടുത്തു. "തൊടിയിലെ പണിക്ക് നീ ചോദിച്ച തുക മുഴുവനുണ്ട്. അര ദിവസം പോലും പണിതിട്ടില്ല. അതുകൊണ്ട് എനിക്ക് വേണമെങ്കിൽ ഒന്നും തരാതിരിക്കാം. എന്നാൽ ഇത് ഡൊമിനിക്കിന്റെ മര്യാദ. ഇങ്ങനെയാണ് ഡൊമിനിക്ക് ശീലിച്ചതും ജീവിച്ചതും." ഇതും പറഞ്ഞ് ഡൊമിനിക്ക് ഉമ്മറത്തേക്ക് തിരിച്ചു നടന്നു.  

അഞ്ച്

അടുത്ത പ്രഭാതത്തിൽ ഡൊമിനിക്ക് പതിവിലും നേരത്തേ ഉണർന്നു. ഉന്മേഷത്തോടെ കുറേക്കാലം കൂടി ഷേവ് ചെയ്തു. ചൂട് വെള്ളത്തിൽ വിസ്തരിച്ചു കുളിച്ചു. ഒരു മൂളിപ്പാട്ടും പാടി അടുക്കളയിൽ കയറി കാപ്പിയുണ്ടാക്കിക്കുടിച്ചു. പിന്നെ രാത്രി തേച്ചു വെച്ച ഒന്ന് രണ്ടാഴ്ച്ചത്തേക്കുള്ള വസ്ത്രങ്ങളും നിത്യോപയോഗ വസ്തുക്കളും ട്രാവലിങ് ബാഗിലേക്കെടുത്ത് വെച്ചു. അയാൾ ജാനറ്റിനെയും കൂട്ടി വാഗമണിൽ പോകാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. ഒറ്റയ്ക്ക് നീറി നീറിയുള്ള ജീവിതം അയാൾക്ക് മടുത്തിരുന്നു. തീർച്ചയായും അയാൾക്ക് ഒരു മാറ്റം വേണമായിരുന്നു. ഇല്ലെങ്കിൽ അയാൾക്ക് ഭ്രാന്ത് പിടിക്കും. എല്ലാം മറന്ന്, ഫോണൊക്കെ സ്വിച്ച് ഓഫാക്കി, ഇഷ്ടപ്പെട്ട ബ്രാൻഡിലുള്ള മദ്യത്തിന്റെ ലഹരിയിൽ ജാനറ്റിനൊപ്പം ജീവിതം ആഘോഷിക്കാനായിരുന്നു അയാളുടെ പരിപാടി. അതിൽ സത്യമുണ്ടോ, സദാചാരമുണ്ടോ, വഞ്ചനയുണ്ടോ എന്നൊന്നും തൽക്കാലം അയാൾ ചിന്തിക്കുന്നില്ല. അയാൾ യാത്ര കഴിഞ്ഞ് വരും വരെ ഭാര്യയുടേയും മകളുടേയും കാര്യം മറക്കും. മകളുടെ ഹോസ്പിറ്റൽ കേസ് മറക്കും. മടുപ്പിക്കുന്ന ഏകാന്തതയിൽ നിന്നും, മാനസിക സമ്മർദ്ദങ്ങളിൽ നിന്നും ഒരു മോചനം. കാടുകയറുന്ന അസ്വസ്ഥതകളിൽ നിന്നും ഒരു വിടുതൽ. പിന്നെ ഭാര്യ പോയതോടെ അണകെട്ടി നിർത്തേണ്ടി വന്ന മൃദുല മോഹങ്ങളേയും, ജൈവിക ദാഹങ്ങളേയും സ്വതന്ത്രമാക്കാനുള്ള ഒരു സാധ്യത. ഇത്രയുമായിരുന്നു അയാളെ സംബന്ധിച്ച് ആ യാത്ര. പാക്കിങ് പൂർത്തിയാകും മുൻപ് തന്നെ കോളിങ് ബെൽ ശബ്ദിച്ചു. 'ആരാ ഈ നേരത്ത്' എന്ന് പിറുപിറുത്തു കൊണ്ട് അയാൾ വാതിൽക്കലേക്ക് ചെന്നു. ജാനറ്റായിരിക്കില്ല അതെന്നയാൾക്ക് ഉറപ്പുണ്ടായിരുന്നു. അവളോട് അടിവാരത്തെ പൂട്ടിക്കിടക്കുന്ന റേഷൻ കടക്ക് സമീപം കാത്തു നിൽക്കാനായിരുന്നു അയാൾ ശട്ടം കെട്ടിയിരുന്നത്. കാരണം അവർ ഒന്നിച്ച് യാത്ര പോകുന്നത് ആരും കാണാനോ അറിയാനോ പാടില്ല. രണ്ടുപേർക്കും കുടുംബമുള്ളതാണ്. നാട്ടിൽ ജീവിക്കേണ്ടതാണ്. ഡൊമിനിക്ക് വാതിൽ തുറന്നു. പുറത്ത് നിറചിരിയുമായി വർക്കി. കൂടെ കഷണ്ടിയൊക്കെയുള്ള ഒരു മധ്യവയസ്‌ക്കനുമുണ്ട്. ആ മനുഷ്യൻ ജോഗിങ് വേഷത്തിലായിരുന്നു. "ഇത് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ആപ്പീസർ മായിൻ കുട്ടി സാറാണ്." വർക്കി മധ്യവയസ്‌ക്കനെ ഡൊമിനിക്കിന് പരിചയപ്പെടുത്തി. ഡൊമിനിക്ക് ഒന്ന് പകച്ചു. വർക്കി എന്തൊക്കെയോ തീരുമാനിച്ച മട്ടാണ്. കാര്യങ്ങൾ കൈവിട്ടു പോവുകയാണോ? 

"മായിൻകുട്ടി സാറ് കയറിയിരുന്നാട്ടെ. ഡൊമിനിക്ക് സാറ് ഉപചാരങ്ങളിലൊന്നും വിശ്വസിക്കുന്ന ആളല്ല. അതാ സ്വീകരിച്ചിരുത്താത്തത്. ഡൊമിനിക്ക് സാറ് ആ ചാരുകസേരയിലേക്ക് ഇരുന്നാട്ടെ. വർക്കി തറയിലിരുന്നോളാം കേട്ടോ. യോഗ്യന്മാർക്കൊപ്പം കയറിയിരിക്കുന്ന ശീലം വർക്കിക്ക് പണ്ടേയില്ല." വർക്കി ഇത് പറഞ്ഞപ്പോൾ ചെറുതായൊന്ന് ചിരിച്ചു കൊണ്ട് മായിൻകുട്ടി ഉമ്മറത്തേക്ക് കയറി. അവിടെ കിടന്ന ഒരു കസേരയിൽ ഇരുന്നു. ചൊറിഞ്ഞു വരുന്നുണ്ടായിരുന്നു ഡൊമിനിക്കിന്. പക്ഷെ അയാൾ തൽക്കാലം സംയമനം പാലിച്ചു. "എന്താ വന്നത്?" അയാൾ ഗൗരവം വിടാതെ ചോദിച്ചു കൊണ്ട് തന്റെ ചാരുകസേരയിലേക്ക് ഇരുന്നു. "ഡൊമിനിക്ക്, ദേവിക്കുളം റേഞ്ചിലെ കീഴന്തൂരടക്കമുള്ള ആറ് സെക്ഷൻ എന്റെ അധികാര പരിധിയിലാണ്. സർക്കാരറിയാതെ ചന്ദനമരങ്ങൾ മുറിച്ചു വിൽക്കുന്ന കാര്യം എനിക്ക് വിട്ടേക്കൂ. കരിഞ്ചന്തയിൽ മാർക്കറ്റ് വിലയുടെ അൻപതിരട്ടിക്ക് നമുക്കിത് വിൽക്കാം. എനിക്കും വർക്കിക്കും ഇതുമായി ബന്ധപ്പെടുന്ന ചുരുക്കം ചിലർക്കും ന്യായമായ കമ്മീഷൻ തന്നാൽ മതി. ബാക്കി മുഴുവൻ ഡൊമിനിക്കിന് മാത്രമുള്ളതായിരിക്കും. ഡൊമിനിക്ക് ഒന്നും അറിയേണ്ട. വെറുതെ ഇരുന്ന് തന്നാൽ മാത്രം മതി. പണിയും റിസ്‌ക്കുമെല്ലാം ഞങ്ങൾക്ക്. എന്ത് പറയുന്നു?" "എഴുന്നെൽക്കെടാ..." ഡൊമിനിക്ക് അലറി. ആ വീട് അയാളുടെ ശബ്ദത്തിൽ പ്രകമ്പനം കൊണ്ടു! അപ്രതീക്ഷിതമായ അയാളുടെ പ്രതികരണത്തിൽ വർക്കിയും, മായിൻ കുട്ടിയും വല്ലാതായി. അവർ ഇരുന്നിടത്ത് നിന്നും ചാടിയെഴുന്നേറ്റു. "രണ്ടാളും ഇറങ്ങു.. വേഗം..." പടിക്കലേക്ക് വിരൽ ചൂണ്ടിക്കൊണ്ടുള്ള ഡൊമിനിക്കിന്റെ ഉഗ്രശാസനം. വർക്കി, മായിൻകുട്ടിയോട് പോകാം എന്ന് ആംഗ്യം കാട്ടി. രണ്ടാളും ഉടൻ ഉമ്മറത്ത് നിന്നും ഇറങ്ങി. "ലാൻഡ് അസെസ്മെന്റ് ഭൂമിയിൽ ചന്ദനമരം ഉണ്ടായിട്ട് നീയും നിന്റെ അപ്പനും കൂടി സർക്കാരിൽ നിന്നും അത് മറച്ചു പിടിച്ചത് അൻപത്തിയേഴ് വർഷമാണ്. നിനക്കുള്ള പണി നല്ല വൃത്തിക്ക് ഞാൻ തരും." പുറത്തേക്ക് നടക്കുന്നതിനിടെ തീപാറുന്ന നോട്ടത്തോടെ മായിൻകുട്ടി വിളിച്ചു പറഞ്ഞു. "ചന്ദനമരങ്ങൾ സർക്കാരറിയാതെ മുറിച്ച് കരിഞ്ചന്തയിൽ വിൽക്കാമെന്ന ആശയവുമായി നീ എന്റെ ഉമ്മറത്ത് വന്നില്ലെടാ... നിനക്കിട്ട് പണിയാൻ എനിക്കത് ധാരാളം മതി. നിന്നെപ്പോലുള്ള അത്യാർത്തിക്കാരായ ഓഫിസർമാരെ പേടിച്ചിട്ട് തന്നെയാടാ ആദ്യം എന്റെ അപ്പനും പിന്നെ ഞാനും ഇക്കാര്യം റിപ്പോർട്ട് ചെയ്യാതിരുന്നത്. റിപ്പോർട്ടും മുക്കി, ഞങ്ങളേയും കൊന്ന്, മരവും മുറിച്ച് നീയൊക്കെ സ്ഥലം വിടുമെന്ന പേടി കൊണ്ട്." ഡൊമിനിക്ക് ഉരുളക്കുപ്പേരി പോലെ പറഞ്ഞു.

ആറ്

മായിൻകുട്ടിയും വർക്കിയും പോയതിനു പിന്നാലെ ഡൊമിനിക്ക് ജാനറ്റിനെ വിളിച്ചു. "നീ എവിടെയാ?" അയാൾ ചോദിച്ചു. "ഞാൻ ദാ റേഷൻ കടയെത്താറായി. സാറ് പുറപ്പെട്ടോ?" അവളുടെ ശബ്ദത്തിൽ ആവേശം പ്രതിഫലിക്കുന്നുണ്ടായിരുന്നു. "ഇല്ല. നീ ഒരു കാര്യം ചെയ്യ്. ഒരു ഓട്ടോ പിടിച്ച് ഇങ്ങോട്ട് വാ." അയാൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. "എന്താ... എന്ത് പറ്റി? സാറിന് നല്ല സുഖമില്ലേ? അതോ ലിയ മോൾക്ക് വല്ലതും....?" "ഓഹ്... നിന്റെ മനസ്സിൽ ഈ അശുഭ ചിന്തകൾ മാത്രമേ വരൂ. അതൊന്നുമല്ല ജാനറ്റേ... നീ വേഗം വാ. കാര്യം വന്നിട്ട് പറയാം." അയാൾ ഫോൺ വെച്ചു. വല്ലാത്തൊരു തളർച്ചയോടെ അയാൾ ഉമ്മറത്തെ തന്റെ ചാരുകസേരയിൽ ഇരുന്നു. അയാളുടെ എല്ലാ ഉന്മേഷവും നഷ്ടമായിരുന്നു. സമാധാനക്കേടിൽ അയാൾക്ക് ശ്വാസം മുട്ടി. തല പെരുത്തു. പത്തോ പതിനഞ്ചോ മിനിറ്റിനകം ജാനറ്റ് അയാളുടെ വീട്ട് പടിക്കൽ ഓട്ടോയിറങ്ങി. വയലറ്റ് നിറത്തിലുള്ള സാരിയുടുത്ത അവൾ നടപ്പാതയിലൂടെ വേഗത്തിൽ നടന്നെത്തി. "എന്താ പ്ലാൻ മാറ്റിയോ?" വന്നപാടെ അവൾ ചോദിച്ചു. "ഊം... നീ ആ കസേര ഇങ്ങോട്ട് നീക്കിയിട്ട് എന്റെ അടുത്തിരിക്ക്. എനിക്ക് നിന്നോട് ചില കാര്യങ്ങൾ പറയാനുണ്ട്." ജാനറ്റ് അമ്പരന്നു. അയാൾക്കൊപ്പമിരിക്കാൻ അവൾ മടിച്ചു. എന്നാൽ അയാൾ പറഞ്ഞു: "പറയുന്നത് കേൾക്ക് ജാനറ്റേ... എനിക്കൊപ്പം ഇരിക്കാനുള്ള അർഹതയുണ്ട് നിനക്ക്. കാരണം നീയിപ്പോൾ എന്റെ സുഹൃത്ത് കൂടിയാണ്. എനിക്കെന്തും വിശ്വസിച്ച് പറയാൻ പറ്റുന്ന ഒരു സുഹൃത്ത്." അയാൾ ഇത് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞു. അവൾ കസേര അയാൾക്കടുത്തേക്ക് നീക്കിയിട്ട് ഇരുന്നു. നടന്നതെല്ലാം വിശദമായിത്തന്നെ അയാൾ അവളോട് പറഞ്ഞു. അവൾ എല്ലാം ശ്രദ്ധയോടെ കേട്ടിരുന്നു.

"എനിക്കിപ്പോൾ ഇതൊക്കെ ഒന്ന് തുറന്ന് പറയാൻ നീയേ ഉള്ളൂ ജാനറ്റേ.. ഇതൊക്കെയും അറിയുകയും കേൾക്കുകയും താങ്ങാവുകയുമൊക്കെ ചെയ്യേണ്ട ആൾ പിണങ്ങിപ്പോയിട്ട് മാസം നാലഞ്ചു കഴിഞ്ഞു." ഒടുക്കം ഒരു വെച്ചിരുത്തലോടെ അയാൾ പറഞ്ഞു. "സാറ് ഇനി എന്ത് ചെയ്യാൻ പോകുന്നു?" ജാനറ്റ് തെല്ലൊരിടർച്ചയോടെ ചോദിച്ചു. "അവന്മാര് കടലാസും കരുക്കളും നീക്കുന്നതിന് മുൻപ് ചന്ദനമരങ്ങളുടെ കാര്യം തഹസിൽദാർക്ക് റിപ്പോർട്ട് ചെയ്യണം." "ഇത്രയും കാലം എന്ത് കൊണ്ടിത് ചെയ്തില്ല എന്ന് ചോദിച്ചാൽ...?" "അങ്ങനെ പറ്റിപ്പോയി. നടപടിയെടുത്തോളാൻ പറയും. അത്രതന്നെ. പ്രശ്നം അതല്ല. തഹസിൽദാറ് അവളാണ്. എന്റെ പുന്നാര ഭാര്യ അമാൻഡ." "ആണോ...!" ജാനറ്റിന് അതൊരു പുതിയ അറിവായിരുന്നു. "സർക്കാരുദ്യോഗസ്ഥയാണ് മാഡം എന്നെനിക്കറിയാമായിരുന്നു. പക്ഷെ തഹസിൽദാറാണെന്ന് ഞാനിപ്പഴാ അറിയുന്നെ." അവൾ പറഞ്ഞു. "ഞാൻ കൊടുക്കുന്ന കടലാസിൽ നിന്നായിരിക്കും ഇവിടെ ചന്ദനമരങ്ങൾ ഉണ്ടെന്ന കാര്യം അവൾ അറിയുക. ഇത്രയും കാലം അവളിൽ നിന്ന് പോലും എന്തിനീ കാര്യം മറച്ചു പിടിച്ചു എന്നവൾ ചോദിച്ചാൽ, അത് അവളെ വിശ്വാസമില്ലാത്തത് കൊണ്ടാണെന്ന് അവൾ ധരിച്ചാൽ ഞാൻ എന്ത് പറഞ്ഞവളെ കൺവിൻസ്‌ ചെയ്യും? അവളെങ്ങനെ ഇക്കാര്യത്തോട് പ്രതികരിക്കും? ആലോചിക്കുന്തോറും ടെൻഷൻ കൂടി വരുന്നു ജാനറ്റേ... എന്തൊരു ഗതികേടിലാണ് ഞാൻ..!" അയാൾ ജാനറ്റിന്റെ കൈയ്യിൽ മുറുകെപ്പിടിച്ചു. "ഒക്കെ നേരിട്ടല്ലേ പറ്റൂ സാറേ... മനസ്സ് കൈവിടല്ലേ..." അവൾ അയാളെ പതിയെ തന്നിലേക്ക് ചേർത്തു. പിന്നെ അയാളുടെ മൂർദ്ധാവിൽ സാന്ത്വനത്തിന്റെ ഒരു മുത്തം നൽകി.

ഏഴ്

"ഇനിയിത് പോലെ എന്നിൽ നിന്നും മറച്ചു പിടിച്ച എത്ര കാര്യങ്ങളുണ്ട്? ശരിക്കുള്ള നിങ്ങളെ ഞാൻ ഇന്നോളം കാണുകയോ അറിയുകയോ ചെയ്തിട്ടില്ലായിരിക്കും. അല്ലേ? ഇനി കാണാനും അറിയാനുമൊക്കെ പോകുന്നേ ഉള്ളൂ എന്നാണോ? ഉം ...? അങ്ങനെയാണോ...?" തീക്ഷ്ണമായ നോട്ടത്തോടെ ഉറച്ച ശബ്ദത്തിൽ അമാൻഡ ഡൊമിനിക്കിനോട് ചോദിച്ചു. അവളുടെ കണ്ണുകളെ നേരിടാൻ അയാൾക്കാകുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവളുടെ മുഖത്ത് നോക്കാതെ പതിഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു: "അമാൻഡ മോളേ... ഇക്കാര്യം രഹസ്യമാക്കി വെക്കുക എന്നത് എന്റെ അപ്പന്റെ ശരിയായിരുന്നു. ആ ശരി ഞാനും പിന്തുടർന്നു എന്നേയുള്ളൂ. അല്ലാതെ ഇതിന് മറ്റർഥങ്ങളില്ല. നിന്നോളം എന്നെ അറിഞ്ഞവരായി ഈ ലോകത്ത് ഒരാളുമില്ല മോളേ... അതാണ് സത്യം. നീ എന്നെ തെറ്റിദ്ധരിക്കരുത്. എന്നെയത് കൂടുതൽ പ്രയാസത്തിലാക്കും. ഇപ്പോൾ തന്നെ എനിക്കൊന്നും താങ്ങാൻ പറ്റാതായിത്തുടങ്ങി." തൊണ്ടയിടർച്ചയോടെയാണ് അയാൾ നിർത്തിയത്. അതവളെ സ്പർശിക്കാതിരുന്നില്ല. അവൾ ഒന്നടങ്ങി. അൽപ്പ നേരമവൾ ഒന്നും പറഞ്ഞില്ല. പേപ്പർ വെയിറ്റെടുത്ത് വെറുതെ തിരിച്ചും മറിച്ചും നോക്കിക്കൊണ്ടിരുന്നു. അവളുടെ ഉള്ളിലെ സംഘർഷങ്ങളുടെ ബഹിർസ്ഫുരണമായിരുന്നു ആ ചലനങ്ങൾ. "ചായക്ക് പറയട്ടെ...?" അവൾ ചോദിച്ചു. "വേണ്ട. ഇച്ചായൻ കഴിച്ചിട്ടാ വന്നത്." "ഞാൻ കാലത്ത് ലിയ മോൾടെ അടുത്ത് പോയിരുന്നു. അവൾ കൂടുതൽ ബെറ്ററായിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസത്തിനകം ഡിസ്ചാർജ് ചെയ്യാമെന്നാണ് ഡോക്ടർ പറഞ്ഞത്." "അത് ഭാഗ്യായി...! ഒരുപാട് കഷ്ടപ്പെട്ടു എന്റെ കുഞ്ഞ്." ആശ്വാസത്തോടെ നിശ്വസിച്ചു കൊണ്ട് അയാൾ പറഞ്ഞു. പിന്നെയും കുറച്ചു നേരത്തെ മൗനം അവർക്കിടയിലേക്ക് ചെരിഞ്ഞിറങ്ങി. 

അയാൾ കൊടുത്ത കടലാസ് തിരിച്ചും മറിച്ചും നോക്കി അവൾ തന്നെയാണ് മൗനം മുറിച്ചത്. അവൾ പറഞ്ഞു: "ഇച്ചായാ.. നിങ്ങളീ തന്ന പേപ്പറിന്റെ കാര്യത്തിൽ ഒരു തഹസിൽദാറായി മാത്രമേ ഞാൻ പ്രവർത്തിക്കൂ. അതിനപ്പുറത്തേക്കുള്ള ഒന്നും എന്നിൽ നിന്നും പ്രതീക്ഷിക്കരുത്. കളക്ടർക്കും, ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർക്കുമൊക്കെ നൽകുന്ന റിപ്പോർട്ടിൽ ഞാൻ കാര്യങ്ങൾ വ്യക്തമായി പറയും." "അങ്ങനെയാവട്ടെ... ഞാനായത് കൊണ്ടും, ഇത് നമ്മുടെ വീട്ടിലെ കാര്യമായത് കൊണ്ടും ഒരു തരത്തിലുമുള്ള പ്രത്യേക പരിഗണനയും വേണ്ട. അതിനെത്തുടർന്നുണ്ടാകുന്ന എന്തും ഞാൻ നേരിട്ടുകൊള്ളാം. നീ നിന്റെ മനഃസ്സാക്ഷിക്ക് നിരക്കാത്ത ഒന്നും ചെയ്യേണ്ട. പക്ഷെ, നീ വിചാരിച്ചാൽ ഈ കടലാസ് പരമാവധി രഹസ്യ സ്വഭാവത്തിലും, വേഗത്തിലും മുന്നോട്ട് നീക്കാൻ കഴിയും. അത് ചെയ്യുമെന്ന് കരുതുന്നു." ഇതും പറഞ്ഞ് അയാൾ എഴുന്നേറ്റു. "എന്നാൽ ഞാനിറങ്ങട്ടെ മോളേ... ലിയക്കുഞ്ഞിന്റെ അടുത്തൊന്ന് പോകണം." അയാൾ അവളുടെ കാബിനിൽ നിന്നും പുറത്തിറങ്ങി. പിന്നെ താലൂക്ക് ഓഫിസിന്റെ പുറത്തേക്ക് നടന്നു. തുടർന്ന് തന്റെ ആക്ടീവയിൽ അയാൾ കാന്തല്ലൂരുള്ള ആശുപത്രിയിൽ ചെന്ന് മകൾ ലിയയെ കണ്ടു. അവളുടെ നില സംബന്ധിച്ച് ഡോക്ടർമാരുമായി സംസാരിച്ചു. ശേഷം വീട്ടിലേക്ക് മടങ്ങി. അയാൾ വീട്ടിലെത്തിയതും ജാനറ്റ് അയാൾക്കടുത്തേക്കെത്തി. "എന്തായി സാറേ? മാഡത്തെ കണ്ടോ? അവർ എന്ത് പറഞ്ഞു?" സ്ത്രീ സഹജമായ ആകാംക്ഷയോടെ അവൾ ചോദിച്ചു. "അവളെ കണ്ടു ജാനറ്റേ... പ്രതീക്ഷിച്ചത് പോലെ തന്നെ. തല പോകുമെന്നറിഞ്ഞാലും അവൾ അവളുടെ വഴിയിൽ നിന്നും മാറില്ല. ജനുസ്സിന്റെ ഗുണം. പിന്നെ... കടലാസ് നോക്കാൻ അവൾക്കിപ്പോൾ സോഡാകുപ്പിക്കണ്ണട വേണം. മുൻപത് വേണ്ടായിരുന്നു." അയാൾ ചാരുകസേരയിലേക്കിരുന്നു. പിന്നെ പതിയെ കണ്ണുകളടച്ചു.

എട്ട്

വൈകുന്നേരം മുതൽ ഉരുണ്ടു കൂടിയ കാർമേഘം രാത്രി അതീവ ശക്തിയോടെ മഴയായി പെയ്തിറങ്ങി. ഡൊമിനിക്ക് ഉമ്മറത്ത് തന്നെയിരിക്കുന്നുണ്ടായിരുന്നു. കാറ്റടി ഭയന്നും മറ്റും അയാൾ അകത്തേക്ക് പോയില്ല. അമാൻഡയെ കണ്ടു വന്നതിനു ശേഷമുള്ള ഇരിപ്പാണത്. ഇടയ്ക്ക് ടോയ്‌ലറ്റിൽ പോകാനും, ഭക്ഷണം കഴിക്കാനും മാത്രമേ അവിടെ നിന്നും എഴുന്നേറ്റുള്ളൂ. ആഴമേറിയ ഒരു മ്ലാനതയുടെ ചതുപ്പിലേക്കാണ്ട് പോയിരുന്നു അയാളുടെ മനസ്സ്. മഴയുടെ, തണുപ്പിന്റെ സുഖത്തിലും, ശരീരത്തിന്റെയും മനസ്സിന്റെയും ക്ഷീണത്തിലും അയാൾ പതിയെ മയക്കത്തിലേക്ക് വഴുതി. പടി കടന്നു വന്ന വാഹനങ്ങളുടെ വെളിച്ചം കണ്ണിൽ തട്ടിയപ്പോഴാണ്, ആ ഇരമ്പം കേട്ടപ്പോഴാണ് പിന്നെ അയാൾ ഉണർന്നത്. ഒരു കാറും രണ്ട് ജീപ്പുകളും പോർച്ചിൽ വന്ന് നിൽക്കുന്നത് അയാൾ കണ്ടു. അയാൾ ചാടി എഴുന്നേറ്റു. വാഹനങ്ങളിൽ നിന്നും വർക്കിയും, മായിൻ കുട്ടിയും, കീഴന്തൂർ സി.ഐ ശരത്ചന്ദ്രനും ബലിഷ്‌ഠരായ കുറച്ച് ചെറുപ്പക്കാരും, മാദകത്വം തുളുമ്പുന്ന ഏതാനും സ്ത്രീകളും ഇറങ്ങി ഉമ്മറത്തേക്ക് ചെന്നു. "എന്റെ മണ്ണിൽ കാലുകുത്തരുതെന്ന് പറഞ്ഞതല്ലേടാ ഞാൻ നിന്നോടൊക്കെ? പിന്നെയും നാണം കെട്ട് വന്നിരിക്കുന്നു. ഒരുത്തനേയും കണ്ട് പോകരുതിവിടെ.. ഇറങ്ങിപ്പോടാ...." ഡൊമിനിക്ക് ഒരു ഭ്രാന്തനെപ്പോലെ അലറി. "നീ എന്ത് കരുതിയെടാ.. ഞങ്ങൾ വന്നത് നിന്നെ കണ്ട് നിന്റെ കാല്പിടിക്കാനാണെന്നോ? നിന്നോട് മര്യാദക്ക് പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലായി. അതുകൊണ്ട് പ്രവർത്തിച്ച് കാണിക്കാനാ തീരുമാനം. ഈ രാത്രി ഞങ്ങളുടെ ആഘോഷം നിന്റെ വീട്ടിലാണ്. ഞങ്ങളെ നീ അപമാനിച്ചിറക്കിവിട്ട നിന്റെ ഇതേ വീട്ടിൽ. പുലരും വരെ ഇവിടെക്കിടന്ന് ഞങ്ങൾ പൊളക്കും. ഞൊളക്കും. നിന്നെക്കൊണ്ട് തടയാൻ പറ്റുമെങ്കിൽ നീ തടയ്..." ഭീഷണമായ ഭാവത്തിലും സ്വരത്തിലും മായിൻകുട്ടിയാണിത് പറഞ്ഞത്.

"എന്തു പറഞ്ഞെടാ...." ഡൊമിനിക്ക് അയാളെ അടിക്കാനായി മുന്നോട്ടാഞ്ഞു. എന്നാൽ അവരുടെ കൂട്ടത്തിലെ ബലിഷ്‌ഠരായ ചെറുപ്പക്കാർ അയാളെ തടഞ്ഞു. ചെറുപ്പക്കാരുടെ കരുത്തിനെ ഭേദിക്കാൻ ഡൊമിനിക്കിന് ആവുമായിരുന്നില്ല. വർക്കി ഡൊമിനിക്കിന് മുന്നിലേക്ക് വന്നു. ആ മനുഷ്യൻ നല്ല പോലെ മദ്യപിച്ചിട്ടുണ്ടായിരുന്നു. അയാൾ പറഞ്ഞു "ഡൊമിനിക്ക് സാറേ, വർക്കി എല്ലാത്തരം കോൺട്രാക്റ്റും എടുക്കും. ഇപ്പോളിത് വർക്കി എടുത്തിരിക്കുന്ന പുതിയ കോൺട്രാക്ട് ആണ്. പാമ്പിനെ മാത്രമല്ല ഡൊമിനിക്ക് സാറേ, വർക്കിയേയും നോവിച്ചു വിടാൻ പാടില്ല. അതറിയില്ലായിരുന്നു. അല്ലേ? സാരമില്ല. പക്ഷെ എനിക്കിട്ടൊരു തൊഴി തന്നില്ലേ ഡൊമിനിക്ക് സാറ് കഴിഞ്ഞ ദിവസം... അത് ഞാൻ അതേ പോലെ തിരിച്ചു തരാം. കേട്ടോ..." ഇതും പറഞ്ഞ് വർക്കി ഡൊമിനിക്കിനെ ഊക്കോടെ ചവിട്ടി. ചെറുപ്പക്കാരുടെ ബന്ധനത്തിൽ കിടന്ന് ഡൊമിനിക്ക് വേദനയോടെ നിലവിളിച്ചു. "ഇടിച്ചവന്റെ പരിപ്പെടുക്കണം. ചോരതുപ്പും വരെ തല്ലിച്ചതക്കണം." വർക്കി ചെറുപ്പക്കാരോട് പറഞ്ഞു. പിന്നെ മറ്റുള്ളവരേയും വിളിച്ച് വീടിന്റെ അകത്തേക്ക് കയറി. ചെറുപ്പക്കാർ ഡൊമിനിക്കിനെ പൊതിരെ തല്ലി. ശബ്ദം പുറത്ത് വരാതിരിക്കാൻ അവരയാളുടെ വായിൽ തുണി തിരുകി. വർക്കിയുടെ കൽപന പോലെ അവരയാളെ ചോര തുപ്പും വരെ തല്ലി. പിന്നെ പോർച്ചിന്റെ ഒരു മൂലയിൽ തള്ളി. ശേഷം അകത്തേക്ക് പോയി അവിടെ തുടങ്ങിക്കഴിഞ്ഞിരുന്ന ഉന്മാദനൃത്തത്തിലേക്കും ആഘോഷത്തിമിർപ്പിലേക്കും അലിഞ്ഞു. മ്ലേച്ഛത കലർന്ന ഒരു മാദക അന്തരീക്ഷം അവിടെ ഉണർന്നു കഴിഞ്ഞിരുന്നു. വിദേശമദ്യക്കുപ്പികളുടെ സീലുകൾ പൊട്ടി.

ഒൻപത് 

രാവിലെ ഒന്നും സംഭവിക്കാത്തത് പോലെ എല്ലാവരും പോകാനിറങ്ങി. ഡൊമിനിക്ക് കരഞ്ഞു തളർന്ന് ഉമ്മറത്തെ ചാരുകസേരയിൽ ഇരിക്കുന്നുണ്ടായിരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ നിരങ്ങിയും ഇഴഞ്ഞും അയാൾ അവിടേക്കെത്തുകയായിരുന്നു. എത്ര ശ്രമിച്ചിട്ടും അയാൾക്ക് എഴുന്നേറ്റ് നടക്കാനായില്ല. ചെറുപ്പക്കാരുടെ അടിയും ഇടിയും അത്രയേറെ അയാളുടെ ശരീരത്തിൽ ക്ഷതം വരുത്തി. അയാൾക്ക് പനിക്കുന്നുണ്ടായിരുന്നു. ആ മുഖം നീര് വെച്ച് വീർത്തിരുന്നു. കണ്ണുകൾ കലങ്ങിയും കൺതടങ്ങൾ കരുവാളിച്ചുമിരുന്നു. വർക്കി അയാൾക്കടുത്തേക്ക് വന്നു കൊണ്ട് പറഞ്ഞു: "ഡൊമിനിക്ക് സാറേ, വലിയവരോട് കളിക്കുമ്പോൾ സൂക്ഷിക്കണ്ടേ. അവരൊന്ന് വിരലനക്കിയാൽ മതി. ജീവിതം താറുമാറാകും. അത് തടുക്കാനും തടയാനുമൊന്നും എല്ലാവർക്കും ത്രാണിയുണ്ടാവണമെന്നില്ല." ഡൊമിനിക്ക് വെറുപ്പോടെ വർക്കിയുടെ മുഖത്ത് തുപ്പി. "എന്ന് തൊട്ടാണെടാ നീയൊക്കെ വലിയവനായത്? എങ്ങനെയാണ് നീയൊക്കെ വലിയവനായതെന്ന് എനിക്കറിയാം. അതുകൊണ്ട് നീ അത് കള. ഇടത്തും വലത്തും ആളുണ്ടെന്ന ബലത്തിലാണ് നീ എനിക്ക് മുന്നിൽ നിന്ന് ഇങ്ങനെ സംസാരിക്കുന്നതെന്നറിയാം. ഒറ്റക്കൊറ്റക്ക് വാടാ. ഒരു കൈ നോക്കാം. പാതി ജീവൻ ബാക്കിയുള്ള ഈ ശരീരം മതി എനിക്ക് നിന്നെ പാഠം പഠിപ്പിക്കാൻ." അയാൾ പറഞ്ഞു. "എന്റെ മുന്നിൽ നിന്ന് പോടാ. എന്റെ ശാപം നിന്റെ പത്തുതലമുറകൾക്കുണ്ടാകുമെടാ ഒറ്റുകാരാ.. യൂദാസേ.." കോപം കൊണ്ട് തിളച്ചു മറിയുകയായിരുന്നു ഡൊമിനിക്ക്. "നാവടക്കടാ.." സി.ഐ ശരത്ചന്ദ്രൻ ബൂട്ടിട്ട് ഡൊമിനിക്കിന്റെ കാൽ ചവിട്ടിയരച്ചു. അയാൾ വേദന കൊണ്ട് പുളഞ്ഞു. "എടോ മൂപ്പീന്നെ ഇനിയും നിന്നെ തല്ലിയാൽ നീ ചത്ത് പോകും. ഇപ്പോൾ നീ വർക്കിയോട് ചെയ്തതിന്റെ പകരം ദാ ഈ ചവിട്ടി അരക്കലിൽ ഒതുക്കുന്നത് അതുകൊണ്ടാണ്." ശരത്ചന്ദ്രൻ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു. 

അതുവരെ മാറി നിൽക്കുകയായിരുന്ന മായിൻകുട്ടി ഇത്രയുമായപ്പോൾ ഡൊമിനിക്കിനടുത്തേക്ക് ചെന്നു. അയാൾ പറഞ്ഞു : "ഡൊമിനിക്കേ, നീ ഒന്നറിഞ്ഞിരിക്കാനായി പറയുകയാ. ഇന്ന് രാത്രി ഞങ്ങൾ വരും. മരം മുറിക്കും. കടത്തിക്കൊണ്ട് പോയി കരിഞ്ചന്തയിൽ വിൽക്കും. ഒരു നയാ പൈസ നിനക്ക് തരില്ല. അത്തരമൊരു ഡീലിന്റെ സമയം കഴിഞ്ഞു പോയി. ഞങ്ങളെ തടയാൻ ഒരു വിധത്തിലും ശ്രമിക്കരുത്. കതകടച്ച്, ലൈറ്റണച്ച് കിടന്നുറങ്ങിക്കൊള്ളണം. അല്ലെങ്കിൽ വേറെ എവിടേക്കെങ്കിലും മാറി പോയിക്കൊള്ളണം. പരാതി കൊടുക്കാൻ ഏതെങ്കിലും ഓഫിസിന്റെ പടി ചവിട്ടിയാൽ നിന്റെ കാല് ഞാൻ വെട്ടും. നിന്റെ തഹസിൽദാർ ഭാര്യയേയും മകളേയും പിന്നെ നീ ജീവനോടെ കാണുകയുമില്ല." പിന്നെ വൈകിയില്ല, എല്ലാവരും വാഹനത്തിൽ കയറി. അവ ഗേറ്റു ലക്ഷ്യമാക്കി നീങ്ങവേ ജാനറ്റ് പടി കടന്ന് വന്നു. രണ്ട് മൂന്ന് വണ്ടി നിറയെ ആളുകൾ മടങ്ങിപ്പോകുന്നത് കണ്ടപ്പോൾ തന്നെ അവൾക്ക് എന്തോ പന്തികേട് തോന്നി. അവൾ ഓടി ഉമ്മറത്തേക്കെത്തി. "അയ്യോ ഇതെന്ത് പറ്റി? വല്ലാതെ ഉപദ്രവിച്ചിട്ടുണ്ടല്ലോ?" അവൾ പകപ്പോടെ കിതച്ചു. അയാൾ അവളെ കെട്ടിപ്പിടിച്ച് കരഞ്ഞു. പൊട്ടിപ്പൊട്ടിക്കരഞ്ഞു. നടന്നതെല്ലാം എണ്ണിപ്പെറുക്കി അയാൾ അവളോട് പറഞ്ഞു. അയാളുടെ സങ്കടവും വേദനയും കണ്ട് സഹിക്കാനാവാതെ അവളും കരഞ്ഞു. അവൾ അയാളെ താങ്ങി എഴുന്നേൽപ്പിച്ചു. സി.ഐയുടെ ബൂട്ട് അയാളുടെ പാദം തകർത്തിരുന്നു. നടക്കാൻ കഴിയാതെ അയാൾ ഞെരങ്ങി. ജാനറ്റ് ഉടൻ ഒരു ഓട്ടോ വിളിച്ചു. അയാളെയും കൂട്ടി കാന്തല്ലൂരുള്ള ആശുപത്രിയിലെത്തി. "മോളുള്ളത് ഇവിടെയാ..." അയാൾ പറഞ്ഞു. "ഉം.. അറിയാം. സാറ് ഈ കോലത്തിലിനി മോളെ കാണാനൊന്നും നിൽക്കേണ്ട." ജാനറ്റ് പറഞ്ഞു. "ഇല്ല ജാനറ്റേ.. ഞാൻ വെറുതെ പറഞ്ഞു എന്ന് മാത്രം." അറ്റൻഡർമാർ കൊണ്ട് വന്ന വീൽചെയറിലേക്ക് ഇരിക്കവെ അയാൾ പറഞ്ഞു. ഒന്നര മണിക്കൂറിന് ശേഷം സ്‌റ്റിച്ചും പ്ലാസ്‌റ്ററും വെച്ച്കെട്ടുമൊക്കെയായി ഡൊമിനിക്ക് മറ്റൊരു ഓട്ടോയിൽ ജാനറ്റിനൊപ്പം വീട്ടിൽ മടങ്ങിയെത്തി. അയാളെ അകത്തെ മുറിയിൽ കൊണ്ട് പോയിക്കിടത്തി, ജാനറ്റ് വീട് മുഴുവൻ വൃത്തിയാക്കി. രാത്രിയിലെ ആഘോഷത്തിന്റെ ബാക്കിപ്പത്രമെന്നോണം മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും സിഗരറ്റ് കുറ്റികളുമൊക്കെ അവിടമാകെ ചിതറിക്കിടക്കുന്നുണ്ടായിരുന്നു. ജാനറ്റ് അത് മുഴുവൻ നീക്കം ചെയ്തു. വീട് മുഴുവൻ അടിച്ചു കഴുകി. ശേഷം മേലും കഴുകി വന്ന് കഞ്ഞിയുണ്ടാക്കി. ചമ്മന്തിയരച്ചു. 

കഞ്ഞിയും ചമ്മന്തിയുമായി ഡൊമിനിക്കിന്റെ അടുത്തെത്തി. ജാലകത്തിലൂടെ പുറത്തേക്ക് നോക്കിക്കിടക്കുകയായിരുന്നു അയാൾ. അവളെ കണ്ടപ്പോൾ അയാൾ ഒരു വിങ്ങലോടെ പറഞ്ഞു: "ഞാൻ ചത്ത് കളയാൻ പോവുകയാണ്." അവൾ ഒരുൾക്കിടിലത്തോടെ അയാളെ നോക്കി. "ഇന്ന് രാത്രി അവന്മാർ വരും. മരം കൊണ്ടുപോകും. എന്റെ തൊടിയിൽ കടന്ന്, എന്റെ സമ്മതം കൂടാതെ, വിലപിടിപ്പുള്ള മൊതല് അപഹരിച്ചു കൊണ്ടുപോകും. എനിക്കത് തടയാനാകുന്നില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിൽ എന്താണർഥം? ജനങ്ങളുടെ ജീവനും സ്വത്തിനും കാവലാകേണ്ടവർ തന്നെയാണ് ഇത് ചെയ്യുന്നത്. അപ്പോൾ പിന്നെ നമ്മളിതാരോട് പറയും? നമ്മുടെ കൂടെ നിൽക്കാനും നമ്മുടെ ഭാഗം പറയാനും ആര് വരും? അയാൾ സഹികെട്ടു എന്ന പോലെ തലയാട്ടി. പിന്നെ പറഞ്ഞു: "എനിക്ക് മതിയായി ജാനറ്റേ.. ഇനിയും എനിക്ക് വയ്യ." അൽപ്പ സമയം നിശബ്ദയായി ഇരുന്നതിന് ശേഷം ജാനറ്റ് പറഞ്ഞു: "ഇത് കഴിക്ക്, രാവിലെയും ഒന്നും കഴിച്ചില്ലല്ലോ." അവൾ അയാൾക്ക് കഞ്ഞി കോരിക്കൊടുത്തു. അതിനിടയിൽ അവൾ പറഞ്ഞു: "സാറിനെ ഉപദേശിക്കാൻ മാത്രമുള്ള പഠിപ്പും വിവരവുമൊന്നും എനിക്കില്ല. എങ്കിലും പറയുകയാണ്. മരണത്തിനപ്പുറം എന്താണെന്ന് നമുക്കറിയില്ല. നമുക്കാകെ അറിയുന്നത് ജീവിതത്തെക്കുറിച്ച് മാത്രമാണ്. അപ്പോൾ ജീവിതത്തെയല്ലേ മുറുകെ പിടിക്കേണ്ടത്? ആയുസ്സൊടുങ്ങും വരെ ജീവിക്കുകയല്ലേ വേണ്ടത്? സാറ് ജീവനൊടുക്കിയാൽ നമ്മുടെ രണ്ടുപേരുടേയും ഉള്ളിലുള്ള മോഹം ഒന്നുമല്ലാതായിത്തീരും. നമ്മൾ ഒന്നിച്ചു കണ്ട സ്വപ്നം വെറുതെയാകും. ആശിച്ചതെല്ലാം ആസ്വദിക്കാനാകാതെ പോയാൽ ആർക്കാണതിന്റെ നഷ്ടം? അതുകൊണ്ട് സാറൊന്ന് ആലോചിക്ക്. ജീവിക്കണോ മരിക്കണോ എന്ന്. നൂറ് കൂട്ടം പ്രശ്നങ്ങൾ വന്ന് പൊതിയുമെങ്കിലും ജീവിതം ഒരേ പൊളിയാണെന്നാണ് എന്റെയൊരു കണ്ടെത്തൽ." അവൾ അയാൾക്കടുത്തേക്ക് അൽപ്പം കൂടി നീങ്ങിയിരുന്നു. അയാളുടെ കണ്ണിലെ നനവ് തുടച്ചു. പിന്നെ ഒരു പൊള്ളുന്ന ചുംബനം അയാൾക്ക് സമ്മാനിച്ചു.

പത്ത്

അർധരാത്രി. ഡൊമിനിക്കിന്റെ തൊടിയിലേക്ക് ലോറികൾ ഒന്നിന് പിറകെ ഒന്നായി എത്താൻ തുടങ്ങി. പിന്നാലെ ജീപ്പുകളിൽ മരം വെട്ടുന്ന പണിക്കാരും, കാറിൽ വർക്കി, മായിൻ കുട്ടി, ശരത്ചന്ദ്രൻ എന്നിവരും എത്തി. "ഇതൊരു വലിയ തൊടിയായത് കൊണ്ട് അയൽപക്കത്തെ വീടുകൾ കുറെ മാറിയാണ്. അത് നമ്മുടെ കാര്യങ്ങൾ എളുപ്പമാക്കും. ഒന്ന് ശ്രദ്ധിച്ചാൽ ഇവിടെ നടക്കുന്നതൊന്നും ആരും അറിയാതെ കഴിക്കാം." വർക്കി പറഞ്ഞു. "അവൻ അകത്തുണ്ടാകുമോ? ഒരനക്കവുമില്ലല്ലോ. വെളിച്ചവുമില്ല." ശരത്ചന്ദ്രൻ വീടിന് ചുറ്റും നടന്നു കൊണ്ട് പറഞ്ഞു. "അവൻ ജീവനും കൊണ്ടോടിക്കാണും. ആ മാതിരി കിട്ടലല്ലേ കിട്ടിയത്" മായിൻകുട്ടി ചിരിയോടെ പറഞ്ഞു. ജീപ്പുകളിൽ നിന്നും പണിയായുധങ്ങളുമായി പണിക്കാരിറങ്ങി. ലോറികൾ കിഴക്ക് ഭാഗത്തെ മതിലിനടുത്തേക്ക് ഒതുക്കിയിട്ട് ഡ്രൈവർമാർ സിഗരറ്റിന് തിരി കൊളുത്തിക്കൊണ്ട് വെടിവട്ടം തുടങ്ങി. "വളരെ രഹസ്യമായിട്ടുള്ള ഒരു കച്ചവടമാണിത്. അതുകൊണ്ടു തന്നെ കഴിവതും വേഗത്തിൽ പൂർത്തിയാക്കണം. പരമാവധി ശബ്ദകോലാഹലങ്ങൾ നിയന്ത്രിക്കണം." വർക്കി പണിക്കാരോട് പറഞ്ഞു. പണിക്കാർ ശരി എന്ന അർഥത്തിൽ തലയാട്ടി. വർക്കിയും, ശരത്ചന്ദ്രനും, മായിൻ കുട്ടിയും പണിക്കാരെ പഴയ കെട്ടിടമുള്ള കോമ്പൗണ്ടിലേക്ക് നയിച്ചു. കൂരിരുട്ടായിരുന്നു. നാട്ടുവെളിച്ചം പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വളരെ സാവധാനമാണ് എല്ലാവരും നടന്നത്. മരം വെട്ടുന്നത് രണ്ടോ മൂന്നോ എമർജൻസി ലാമ്പുകളുടെ വെട്ടത്തിൽ മതിയെന്ന് അവർ തീരുമാനിച്ചിരുന്നു. വലിയ തോതിലുള്ള ലൈറ്റും വെട്ടവുമൊക്കെ ആളുകൾ ശ്രദ്ധിക്കാനിടയാകും എന്നത് കൊണ്ടായിരുന്നു അത്. "പണി തുടങ്ങുമ്പോൾ തെളിയിച്ചാൽ മതി." ലൈറ്റുകൾ കൈകാര്യം ചെയ്യാനേൽപ്പിച്ചിരുന്നവരോട് വർക്കി പറഞ്ഞു. എല്ലാവരും കിഴക്ക് ഭാഗത്തെ കോമ്പൗണ്ടിനരികിലെത്തി.

"ഈ പഴയ കെട്ടിടത്തിന് പിന്നിലാണ് ചന്ദനമരങ്ങൾ ഉള്ളത്. ലൈറ്റ് കത്തിച്ച് പണി തുടങ്ങിക്കോ." വർക്കി പറഞ്ഞു. പൊടുന്നനെ ഇരുട്ടിൽ നൂറ് കണക്കിന് മൊബൈൽ ലൈറ്റുകൾ മിന്നി...!! സകലരും ഞെട്ടി. അടുത്ത സെക്കൻഡിൽ അവിടമാകെ വെള്ളിവെളിച്ചം തൂവിക്കൊണ്ട് നാലഞ്ചു ഫ്ലഡ് ലൈറ്റുകളും കത്തി. ഉയരമേറിയ വൃക്ഷക്കൊമ്പുകളിൽ കെട്ടിവെച്ചിരിക്കുകയായിരുന്നു ആ ലൈറ്റുകൾ. എന്താണ് സംഭവിക്കുന്നതെന്ന് വർക്കിക്കും കൂട്ടർക്കും മനസ്സിലാകുന്നുണ്ടായിരുന്നില്ല. അവരാകെ പരിഭ്രാന്തരായി. നൂറ് കണക്കിന് സ്ത്രീകളും കുട്ടികളുമാണ് പഴയ കെട്ടിടത്തിന് പിന്നിലായി നിലയുറപ്പിച്ചിരിക്കുന്നത്. ചന്ദനമരങ്ങൾക്കു ചുറ്റും വലയം തീർത്തിരിക്കുകയാണവർ. കവചം തീർത്തിരിക്കുകയാണ്. സ്ത്രീകൾക്കിടയിൽ നിന്നും ജാനറ്റ് മുന്നോട്ട് വന്നു. "ഓഹോ... അപ്പോൾ നീയാണല്ലേ ഈ പൊറാട്ട് നാടകത്തിന് പിന്നിൽ?" വർക്കി കോപത്തോടെ അവളെ നോക്കി. "ആരാണിവൾ?" ശരത്ചന്ദ്രൻ വർക്കിയോട് ചോദിച്ചു. "ഡൊമിനിക്കിന്റെ വീട്ടുജോലിക്കാരിയാണ്. വീട്ടുജോലി മാത്രമാണോ ഇവൾ ചെയ്യുന്നതെന്ന് സത്യത്തിൽ എനിക്കറിയില്ല.കേട്ടോ." ഒരു വഷളൻ ചിരിയോടെ വർക്കി പറഞ്ഞു. "എടാ വർക്കീ, നിന്റെ കൂട്ടിക്കൊടുപ്പിന്റെ കഥകൾ നാട്ടിൽ പാട്ടാണ്. ഞാനത് പാടേണ്ടെങ്കിൽ ഇനി നീ വാ തുറക്കരുത്." ജാനറ്റ് ശബ്ദമുയർത്തി. മുഖമടച്ചൊന്ന് കിട്ടിയത് പോലെ വർക്കി ഒന്നുലഞ്ഞു. ജാനറ്റ് മായിൻ കുട്ടിയേയും ശരത്ചന്ദ്രനേയും അഭിമുഖീരിച്ചു. അവൾ പറഞ്ഞു: 'നോക്കെടോ.. ഈ നാട്ടിലെ പണിയെടുക്കുന്ന സ്ത്രീകളും അവരുടെ കുട്ടികളുമാണീ നിൽക്കുന്നത്.എന്റെയും ഇവരുടെയും ശവത്തിൽ ചവിട്ടാതെ നിങ്ങൾക്ക് ഇവിടെ നിന്നും ഈ മുതൽ കൊണ്ട് പോകാൻ പറ്റില്ല. ഇനി ഒരടി മുന്നോട്ട് വെച്ചാൽ ഞങ്ങൾ ഒച്ചവെച്ച് നാട്ടുകാരെയുണർത്തും. പത്രക്കാരേയും ടി.വിക്കാരേയും വിളിക്കും. മതിൽകെട്ടിനപ്പുറത്ത് ഇവരുടെയൊക്കെ ആണുങ്ങൾ നിൽക്കുന്നുണ്ട്. വേണ്ടി വന്നാൽ ഞാൻ അവരെയും വിളിക്കും. ഒരു വലിയ യുദ്ധം കാണാതെയും നൂറ് കണക്കിന് മനുഷ്യരുടെ ചോര വീഴ്ത്താതെയും നിങ്ങളുടെ ഉദ്ദേശ്യം നടക്കില്ല."

ജാനറ്റ് ഇത് പറഞ്ഞപ്പോൾ മായിൻ കുട്ടിയും, ശരത്ചന്ദ്രനും രണ്ടടി പിന്നോട്ട് വെച്ചു. അത് കണ്ടപ്പോൾ വർക്കിയും അയാളുടെ പണിക്കാരും പിന്നോട്ട് നീങ്ങി. ജാനറ്റ് തുടർന്നു: "നിങ്ങളീ തൊടിയിലിപ്പോൾ പ്രവേശിച്ചത് മുതൽ നിങ്ങളുടെ ഓരോ വാക്കും ചലനവും റെക്കോർഡ് ചെയ്യപ്പെടുന്നുണ്ട് എന്ന് കൂടി അറിഞ്ഞോളൂ. ഇരുട്ടിലും കണ്ണ് കാണുന്ന ക്യാമറകളാണ് ചുറ്റും." ഇത് കൂടി കേട്ടതോടെ വർക്കിയും ശരത്ചന്ദ്രനും മായിൻ കുട്ടിയുമൊക്കെ നിന്ന് പരുങ്ങി. അവർ തോൽവി സമ്മതിച്ചത് പോലെയായി. എങ്ങനെയും അവിടെ നിന്നൊന്ന് തടിതപ്പിയാൽ മതി എന്ന ഒരു ശരീരഭാഷയിലേക്ക് പണിക്കാരും എത്തി. ജാനറ്റ് പറഞ്ഞു: "നിങ്ങൾ ഇപ്പോൾ ഈ നിമിഷം ഇവിടം വിടണം. ഇവിടത്തെ ചന്ദനമരങ്ങൾ മറന്നു കളയുകയും വേണം. അങ്ങനെയെങ്കിൽ നിങ്ങൾക്കെല്ലാവർക്കും ഏറ്റവും സാധാരണമായ ജീവിതം നയിച്ച് മുന്നോട്ട് പോകാം. ഇല്ലെങ്കിൽ ഇതിനെത്തുടർന്നുണ്ടാകാൻ പോകുന്ന രംഗങ്ങളെപ്പറ്റി ഞാൻ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ. അതുകൊണ്ട് എന്ത് വേണമെന്ന് നിങ്ങൾ തീരുമാനിക്കൂ. ചന്ദനമരങ്ങൾ സർക്കാരിന് അവകാശപ്പെട്ടതാണ്. അത് സർക്കാരിലേക്കേ പോകൂ." ജാനറ്റ് ഇത് പറഞ്ഞു തീർന്നതും വർക്കിയും ശരത്ചന്ദ്രനും മായിൻ കുട്ടിയും തിരിഞ്ഞോടി കാറിൽ കയറി. അതോടെ പണിക്കാരും ലോറിക്കാരും ഉടൻ തന്നെ തൊടി വിട്ടു. ജാനറ്റ് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വിജയചിഹ്നം ഉയർത്തിക്കാണിച്ചു. അവർ ആനന്ദനൃത്തം ചവിട്ടി. വിജയത്തിന്റെ ആ ഒരന്തരീക്ഷത്തിലേക്ക് ഡൊമിനിക്ക് ആ പഴയ കെട്ടിടത്തിൽ നിന്നും ചിരിയോടെ ഇറങ്ങി വന്നു.

Content Summary: Malayalam Short Story ' Thodi ' Written by Abdul Basith Kuttimakkal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com