ADVERTISEMENT

"കാളിംഗ് ബെൽ അടിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായല്ലോ?അമ്മ ഇതെവിടെ പോയി കിടക്കാ?"അനിയൻ കുട്ടന് ദേഷ്യം വന്നു. ഒന്ന് കിടന്ന് ഉറങ്ങാനും സമ്മതിക്കില്ല. "സർ, കൊറിയർ" "ഇത് ആർക്കാ. ഞാൻ ഓർഡർ ചെയ്ത സാധനങ്ങൾ നാളെ വരുള്ളൂ. ഇത് പിന്നെ ഏതാ. ആർക്കാ?" "സേതു ലക്ഷ്മി കെ.." "ങ്ങേ!.." അവന്റെ മുഖത്തെ സംശയം കണ്ടപ്പോൾ കൊരിയർ കൊണ്ട് വന്ന പയ്യന് വീട് മാറി പോയോ എന്ന് തോന്നിപ്പോയി. "സർ, വീട് ഇത് തന്നെയാണോ?" "അതേ." "സർ, സേതു ലക്ഷ്മിയുടെ ആരാ?" "മകൻ.." "ആ ഓക്കേ. ഇവിടെ ഒപ്പിട്ടോ." അമ്മയ്ക്ക് ഇതാരാ കൊറിയർ അയയ്ക്കാൻ. അതും വലിയ ഒരു കവർ. അവൻ അത് തുറന്നു നോക്കി. അതിനുള്ളിൽ എന്താണെന്ന് കണ്ടപ്പോൾ അവൻ വീണ്ടും ഞെട്ടി. റോസ ചെടികൾ. മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള റോസാ ചെടികൾ. ഇതാരാ അമ്മയ്ക്ക് ഇത് അയച്ച് കൊടുക്കാൻ. വിനോദ് കൊടൈക്കനാൽ. അതാരാ. അമ്മയ്ക്ക് അയാളെ എങ്ങനെ അറിയാം. "അമ്മേ.. അമ്മേ.. ഇതെവിടെ പോയി? ഇന്ന് അറിഞ്ഞിട്ട് തന്നെ കാര്യം."

പറമ്പിൽ മുഴുവൻ അന്വേഷിച്ചിട്ടും അമ്മയെ കാണാൻ ഇല്ല. ലളിത ചേച്ചിയുടെ വീട്ടിൽ കാണുമോ. അമ്മയ്ക്കിപ്പോ ഫോൺ ഉണ്ടല്ലോ. വിളിച്ച് നോക്കാം. എന്റെ പഴയ ഫോൺ പുതിയ കവർ ഒക്കെയിട്ട് പുതിയ ഫോൺ ആണെന്ന് പറഞ്ഞു അമ്മയ്ക്ക് കൊടുത്തത് നന്നായി. കാശും കിട്ടി എവിടെ പോയാലും ഇപ്പൊ അതും കൊണ്ട് നടക്കുന്ന കാരണം വിളിച്ചാൽ കിട്ടും. അനിയൻകുട്ടൻ അഞ്ചാറ് കൊല്ലമായി എൻജിനീയറിങ് പഠനം ഒക്കെ കഴിഞ്ഞു വീട്ടിൽ ഇരുന്നു സപ്ലി എഴുതിയെടുത്ത് വരികയാണ്. വരുമാനം ഒന്നും ആയിട്ടില്ല. ഏക സഹോദരി ഭർത്താവും ഒന്നിച്ച് ദുബായിലാണ്. ഇവൻ പാസ്സ് ആയാൽ അവിടെ വല്ല ജോലിയും തരമാക്കി കൊടുക്കാം എന്നാണ് അളിയന്റെ വാഗ്ദാനം. അത് വരെ ചിലവിനുള്ള കാശ് ആണ് പ്രശ്നം. ഇത്രയും കാലം കഴിഞ്ഞു പേപ്പർ എഴുതിയെടുക്കാനുണ്ട് കാശ് വേണം എന്ന് പറഞ്ഞാല് അമ്മ തരില്ല. അപ്പോ തൊടിയിലെ അടക്ക തേങ്ങ ഒക്കെ വിറ്റ് കള്ള കണക്ക് ഉണ്ടാക്കി അമ്മയെ പറ്റിക്കലെ വഴിയുള്ളൂ.

അമ്മയെ വിളിച്ചു കിട്ടി."അമ്മ വേഗം ഇങ്ങോട്ട് വന്നെ." "ഇതിനാണോ നീ ഇവിടെ കിടന്ന് വിളിച്ച് കൂവിയത്? എടാ ഇത് ഞാൻ യൂട്യൂബ് നോക്കി ഓർഡർ ചെയ്തതാ." "അപ്പോ ആരാ ഈ വിനോദ്?" "അയാളുടെ ചാനൽ കാണണം നീ. എന്തോരം തരം റോസാ ചെടികളാ അയാളുടെ തോട്ടത്തിൽ. വിലയും കുറവാ. ഞാൻ വേറെയും ആളുകളുടെ അടുത്ത് ഓർഡർ കൊടുത്തിട്ടുണ്ട്. എന്ന് വരുമോ ആവോ." "അമ്മയ്ക്ക് എന്താ പറ്റിയത് ഈ വയസ്സാൻ കാലത്ത് ചെടി ഭ്രാന്ത്?" "എടാ ഈ പ്രായം വരെ ഞാൻ നിന്നെയോക്കെ നോക്കിയില്ലേ? ഇനി കുറച്ച് കാലം ഞാൻ എന്റെ ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ. ഞാൻ വേറെ കല്യാണം കഴിക്കണം എന്നൊന്നും പറഞ്ഞില്ലല്ലോ. എത്ര പേരാ ഈ പ്രായത്തിൽ രണ്ടാം കെട്ട് കെട്ടുന്നത്?" "അമ്മയെ നശിപ്പിക്കുന്നത് ആ ലളിത ചേച്ചിയാ. ഇനി അങ്ങോട്ട് പോയി എന്ന് ഞാനറിഞ്ഞാൽ... ങും.. ഒരു ഫെമിനിച്ചി.. അവർ അവരുടെ വീട്ടിൽ എന്തെങ്കിലും ആയിക്കോട്ടെ. എന്റെ വീട്ടിൽ കേറി കളിച്ചു തുടങ്ങിയാൽ ഉണ്ടല്ലോ." അനിയൻ കുട്ടന് ദേഷ്യം വന്നു. അവൻ നേരെ ലളിത ചേച്ചിയുടെ വീട്ടിലേക്ക് പോയി.

"ചേച്ചി ഇനി അമ്മയോട് സംസാരിച്ച് പോകരുത്." "എന്താ പ്രശ്നം ജിത്തു? നീ കാര്യം പറ. ഇങ്ങനെ വീട്ടിൽ കേറി വന്നു പറയാൻ മാത്രം നിന്റെ അമ്മയ്ക്ക് എന്ത് കുഴപ്പമാണ് ഞാൻ കാരണം സംഭവിച്ചത്?" "അമ്മയുടെ പോക്ക് ശരിയല്ല. വർത്തമാനം ശരിയല്ല. അത് ചേച്ചി കാരണമാ." "അമ്മ എന്ത് ശരിയല്ലാത്ത വർത്തമാനമാണ് നിന്നോട് പറഞ്ഞത്? കേൾക്കട്ടെ." "ഇന്ന് നോക്കുമ്പോ അമ്മയ്ക്ക് കൊടൈക്കനാൽ ഉള്ള ഏതോ ഒരാള് റോസാ പൂക്കൾ അയച്ച് കൊടുത്തിരിക്കുന്നു." "റോസാ പൂക്കൾ അല്ല റോസാ ചെടി. നിന്റെ അമ്മയ്ക്ക് ചെടികളോട് ഇഷ്ടമാണ്. അത് കൊണ്ട് തൈ വാങ്ങി നടാനാണ്. അതിൽ എന്താണ് തെറ്റ്?" "അമ്മയ്ക്ക് ഇതൊന്നും ഒറ്റയ്ക്ക് ചെയ്യാൻ അറിയില്ല. ചേച്ചി എന്തിനാ അതൊക്കെ ചെയ്ത് കൊടുക്കുന്നത്?" "എന്താണ് ചെയ്ത് കൊടുത്താൽ പ്രശ്നം?" "അമ്മ ഇങ്ങനെ പരിചയം ഇല്ലാത്ത ആൾക്കാരുടെ കൈയ്യിൽ നിന്ന് സാധനം വാങ്ങിയാൽ അവർ അമ്മയെ കാശ് പറ്റിച്ചാലോ?" "അതെന്താ നിന്റെ അമ്മയെ നീ മാത്രം കാശ് പറ്റിക്കാൻ പാടുള്ളൂ എന്നാണോ?" അവന് ദേഷ്യം വന്നു. "ഞാൻ എന്റെ അമ്മയെ എന്ത് പറ്റിച്ചു എന്നാ നിങ്ങൾ പറയുന്നത്." "എടാ ഈ ഫോൺ നിന്റെ പഴയ ഫോൺ അല്ലെടാ? എനിക്ക് അതൊക്കെ മനസ്സിലായി. ഞാൻ എല്ലാ കാലത്തും പുറം ലോകവുമായി ഒരു ബന്ധമില്ലാതെ നിനക്ക് വെച്ച് വിളമ്പി ഇരുന്നാൽ നിനക്ക് സന്തോഷമായി അല്ലേടാ? വേറെ കണക്ക് ഒന്നും അവനോട് ചോദിക്കാനും പാടില്ല." അപ്പോഴേക്കും അമ്മ അവിടെ കേറി വന്നു.

"അമ്മേ, വാ വീട്ടിൽ പോയി സംസാരിക്കാം. എന്തിനാ മറ്റുള്ളവരുടെ വീട്ടിൽ ഇരുന്നു നമ്മുടെ പല്ലിന്റെ ഇട കുത്തി നാറ്റിക്കുന്നത്." "നിക്കടാ അവിടെ! ഇന്നെനിക്ക് പറയാനുള്ളത് മുഴുവൻ കേട്ടിട്ട് പോയാ മതി. നിന്റെയൊക്കെ അപ്പൻ മരിക്കുമ്പോ എനിക്ക് പ്രായം മുപ്പത്തിമൂന്നാ. അന്നെന്നോട് എന്റെ ഓപ്പ വരെ പറഞ്ഞതാ വേറെ കെട്ടാൻ. പക്ഷേ എനിക്കന്ന് ഒരു കല്യാണം കഴിക്കാൻ തോന്നിയില്ല. ഒരു കൂട്ട് വേണം എന്നും തോന്നിയിട്ടില്ല. നിന്റെ അപ്പൻ ഉള്ള കാലത്ത് തന്നെ എല്ലാം ഒറ്റയ്ക്ക് ചെയ്ത് ശീലിച്ച എനിക്ക് ഒരാൺതുണയും ഇല്ലാതെ എല്ലാം ചെയ്യാൻ ഉള്ള മനക്കരുത്ത് ഉണ്ടായിരുന്നു. നിന്റെ ചേച്ചിയെ കെട്ടിച്ച് വിട്ട് നീയും പഠിക്കാൻ കോട്ടയത്ത് പോയി ഹോസ്റ്റലിൽ നിന്നപ്പോ ഞാൻ ശരിക്കും ഒറ്റയ്ക്കായി. പക്ഷേ അപ്പോളും ഒരു കൂട്ട് എന്ന് ആലോചിച്ചിട്ട് പോലും ഇല്ല. പക്ഷേ ഇപ്പൊ നീയെന്നെ പറ്റിക്കുന്നത് കാണുമ്പോ, എന്നെ ശ്വാസം വിടാൻ പോലും സമ്മതിക്കാതെ വീട്ടിൽ പൂട്ടിയിടാൻ ആഗ്രഹിക്കുന്നത് കാണുമ്പോ എനിക്ക് തോന്നി പോവുകയാണ് എനിക്ക് ഒരു കൂട്ട് വേണം എന്ന്. എന്നെ മനസ്സിലാക്കുന്ന എന്റെ സന്തോഷങ്ങളിൽ കൂടെ നിൽക്കുന്ന ഒരാൾ വേണം എന്ന്." സേതു ലക്ഷ്മി കരഞ്ഞു കൊണ്ട് ഇത്രയും പറഞ്ഞു നിർത്തി. ജിത്തുവിന് ഒന്നും പറയാൻ ഉണ്ടായില്ല. അവൻ തല കുനിച്ച് ഒന്നും മിണ്ടാതെ വീട്ടിലേക്ക് നടന്നു.

Content Summary: Malayalam Short Story ' Koode ' Written by Shiju K. P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com