ADVERTISEMENT

ഞാൻ ഒരുപാട് നാളുകളായി മനസ്സിൽ കൊണ്ട് നടക്കുന്ന ഒരു കാര്യം ഇന്ന് അവനോട് പറയാൻ തീരുമാനിച്ചു. ഏറെ നേരം ആഴത്തിലേക്കിറങ്ങി ആലോചിച്ച ശേഷം ഇനിയും ഇത് പറയാൻ താമസിച്ചാൽ ഒരു പക്ഷേ അതൊരു അബദ്ധമാകുമെന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടുന്നു. അതെന്നെ പിടികൂടി മൗനത്തിന്റെ കയങ്ങളിലേക്ക് വലിച്ചെറിയാൻ ഭാവിക്കുന്നതായി ഇന്നലെ രാത്രി കൂടി ഞാൻ സ്വപ്നം കണ്ടിരിക്കുന്നു. എത്രയോ നാളുകളായി ഒരു കാര്യം മറ്റൊരാളോടും പറയാതെ അതീവ രഹസ്യമായി കൊണ്ട് നടക്കുക എന്നത് ഏറെ ശ്രമകരമാണെന്ന് ഇപ്പോൾ മനസ്സിലായി, അതും മനസ്സിൽ ഇടം അപഹരിച്ച ഒന്ന് കൂടിയാകുമ്പോൾ. അപഹരിച്ച എന്ന് പറയാൻ പാടില്ല എന്ന് അങ്ങനെ ചിന്തിച്ചതിന്റെ അടുത്ത നിമിഷം തോന്നുന്നു. എന്റെ മനസ്സിനെ ശാന്തമാക്കാൻ, എന്നെ സഹായിക്കാൻ, കൂടെ നിൽക്കാൻ ഒരാളില്ലാതെ പോയല്ലോ. അല്ലെങ്കിലും അതോർത്ത് ദുഃഖിച്ചിട്ട് എന്ത് കാര്യം. ഈയിടെയായി എന്റെ മനസ്സിനെ മറ്റൊരു വിചാരത്തിൽ നിന്നും മുളപൊട്ടിയ ചില ആകുലതകൾ ഭരിക്കുന്നുണ്ടോ എന്ന് ഒരു സംശയം ഇല്ലാതില്ല. ഞാനത് പറഞ്ഞാൽ അവനത് എങ്ങനെ ഉൾക്കൊള്ളും, എന്ത് വിചാരിക്കും, എങ്ങനെ പ്രതികരിക്കും? എനിക്കറിയില്ല. അവനത് പക്വതയോടെ കൈകാര്യം ചെയ്യുമെന്ന് വിശ്വസിക്കാനാണിപ്പോൾ ആഗ്രഹിക്കുന്നത്. അവന്റെ ചിന്തകളുടെ ലോകത്തിലൂടെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ ഞാൻ സഞ്ചരിക്കാൻ നോക്കിയാൽ ചിലപ്പോൾ വഴികളുടെ ആധിക്യം അല്ലെങ്കിൽ ദിശകളെക്കുറിച്ച് അറിയാതെ ഞാൻ കുഴങ്ങിയേക്കാം. 

ചിന്തകളുടെ അമിതമായ ഭാരത്താൽ ഞാനിപ്പോൾ വീഴുമെന്ന് പോലും തോന്നുന്നു. എങ്കിലും എന്തോ ഒരു ശുഭാപ്തി വിശ്വാസം എന്റെയുള്ളിൽ എവിടെയൊക്കെയോ നിഴലിക്കുന്നതായും ഉണരുന്നതായും അനുഭവപ്പെടുന്നു. ലൈബ്രറിയിൽ പോകാനും ഇടയ്ക്ക് ചില പുസ്തകങ്ങൾ വായിക്കാനും തുടങ്ങിയത് കൊണ്ട് ഇങ്ങനെ ചില ഉപകാരങ്ങൾ ഉണ്ടെന്ന് ഉറപ്പിച്ചു പറയാം. എനിക്കെന്താണ് ശരിക്കും പ്രശ്നം? കഴിഞ്ഞ ആഴ്ച ക്ലിനിക്കിൽ പോയപ്പോൾ ആ അല്ലെങ്കിൽ ഞാനെന്തിനാ വെറുതെ അതൊക്കെ ഇപ്പോൾ ചിന്തിക്കുന്നത്. ചില സിനിമകളെ പോലെയാണ് ഓർമ്മകൾ എന്ന് അവൻ പറഞ്ഞത് ഓർക്കുന്നു. അതിന്റെ അവതരണം അങ്ങനെയാണ്. പല കാലങ്ങൾ ക്രമരഹിതമായി കാണിക്കും... ശ്ശോ ഞാൻ വീണ്ടും മറ്റെന്തോ ചിന്തകളിലേക്ക് ഖനനം ചെയ്ത് കൊണ്ടിരിക്കുന്നു. അല്ല ഖനനം എന്ന് പറയുന്നതിൽ യുക്തിയില്ല അല്ലേ. ഖനനമല്ല കാടുകയറുന്നു എന്നതാവും കുറച്ച് കൂടി ഉചിതം. ഞാനിതാ വീണ്ടും വീണ്ടും മറ്റേതോ ഇടങ്ങളിലേക്ക് പോയിക്കൊണ്ടിരിക്കുന്നു. അവനോട് അത് പറഞ്ഞേ തീരൂ, പറയണം. അതെന്റെ ദൃഢനിശ്ചയമാണ്. ലക്ഷ്യമെന്നത് പോലെ മാർഗ്ഗവും നല്ലതെങ്കിൽ എന്തിന് വ്യാകുലപ്പെടണം. എന്ത് തന്നെ ആയാലും അവനോട് സംസാരിക്കാൻ തീരുമാനിച്ചു. അവന്റെ ജാതിയേതാണെന്ന ചിന്തയാണ് അവനെക്കുറിച്ച് എന്നെ കുഴക്കുന്ന വിഷയം. എന്തായാലും അതുകൂടി അന്വേഷിക്കണം എന്ന് വിചാരിച്ചു.

ഒടുവിൽ ഞാനവനോട് സംസാരിച്ചു. കാര്യങ്ങൾ തുറന്നു പറഞ്ഞു. ഈ ചിന്തകളെല്ലാം കുഴഞ്ഞുമറിയുന്ന അവസ്ഥയിലേക്കെത്തുന്നതായി തോന്നുന്നു. എങ്കിലും ഞാൻ മുങ്ങിത്താഴാതിരിക്കാൻ ശ്രമിക്കും. അവൻ പറഞ്ഞ മറുപടി ഇതായിരുന്നു "സോറി, രാഹുൽ ഈ ബന്ധത്തിൽ എനിക്ക് താൽപര്യമില്ല." ക്വീർ മനുഷ്യരെക്കുറിച്ച് അവൻ മനസ്സിലാക്കിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അത്തരം വിഷയങ്ങൾ എന്നോട് സംസാരിച്ചിട്ടുണ്ട്. അവൻ എനിക്കവനോടുള്ള സ്നേഹത്തെ മോശമായ രീതിയിൽ വിചാരിച്ചു കാണില്ല. നാളുകൾ ഏറെ കഴിഞ്ഞപ്പോഴാണ് ഞാൻ മറ്റൊരു കാര്യം ചിന്തിച്ചു തുടങ്ങിയത്. മതം, ജാതി ഏതാണെന്നൊക്കെ നോക്കുന്നതിലെ അർഥമില്ലായ്മ തിരിച്ചറിവിന്റെ പാതയിലേക്കുള്ള സഞ്ചാരമായി വിലയിരുത്താൻ ആഗ്രഹിക്കുന്നു. നവീകരിക്കപ്പെട്ടില്ലെങ്കിൽ പിന്നെന്ത് കാര്യം. ചിന്തകളുടെ ഒഴുക്ക് ക്രമരഹിതമാണ് എന്ന് തോന്നുന്നു. ഇപ്പോൾ മനസ്സ് അൽപം ശാന്തമാണ്. ഉറക്കത്തിലേക്ക് വഴുതി വീഴും മുമ്പ് കുറച്ച് വരികൾ താളുകളിൽ കുറിച്ചിടട്ടെ, ചിന്താപദ്ധതികളെ വർഷാന്ത്യത്തിൽ വിശകലനം ചെയ്ത് റിപ്പോർട്ട് എനിക്ക് തന്നെ സമർപ്പിക്കേണ്ടതുണ്ട്. ഞാനിപ്പോൾ എഴുതുമ്പോൾ വിശദീകരണം ആവശ്യമാണോ? മനസ്സിൽ ചോദ്യങ്ങൾ ഉയർന്നിടുന്നു. പുതിയ ചിന്തകളുടെ ഉദയത്തിന് മുമ്പ്... അല്ല ചിന്തകൾ വരുകയും പോവുകയും ചെയ്തു കൊണ്ടിരിക്കും. ഞാനിപ്പോൾ ശരിക്കും എന്താണ് ചിന്തിക്കുന്നത്!

Content Summary: Malayalam Short Story ' Oru Chinthapadhathi ' Written by Abhijith Wayanad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com