നിറവയറുമായ് കാട്ടിലൊറ്റയ്ക്കൊരു പെണ്ണ്.
നെറിവില്ലാക്കൂട്ടങ്ങളുടെ വാമൊഴി
കേട്ട രാജധർമ്മം.
കാടും കാട്ടുമക്കളും
പടിയിറക്കപ്പെട്ടോൾക്ക് തുണയായ്,
അവൾ പെറ്റ കിടാങ്ങൾക്കും.
മാപ്പു പറഞ്ഞാൽ തീരുമോ?
രാമന്റെ കണ്ണുനീരിലണയാതെ
സീത ജ്വലിച്ചു.
ഭൂമി വിറച്ചു.
കാറ്റു വീശി.
വരൂ... അമ്മ ക്ഷണിച്ചു.
നനവു വറ്റിയ കണ്ണുകൾ -
ഭൂഗർഭത്തിലേക്കാണ്ടു പോയ്.
കൈയ്യിലൊതുങ്ങിയ മുടിനാരു -
നെഞ്ചോടു ചേർത്തലറിക്കരഞ്ഞു -
'പുരുഷോത്തമൻ'!
ഇവിടെ വിചാരണയില്ല.
ഇതിൽപരം ശിക്ഷയുമില്ല.
Content Summary: Malayalam Poem ' Seetha ' Written by Swarna Jithin