ADVERTISEMENT

ഞാനൊരു സൗഹൃദം ഉപേക്ഷിച്ച സംഭവമാണ് പറയാന്‍ പോവുന്നത്, ഞാന്‍ വിച്ഛേദിച്ച ഏക സൗഹൃദ ബന്ധം. വളരെ കുറച്ച് സുഹൃത്തുക്കളുള്ള എന്നെ സംബന്ധിച്ചിടത്തോളം ഒരു സൗഹൃദം പോലും ഉപേക്ഷിക്കുന്നത് വ്യക്തിപരമായി വലിയ നഷ്ടമാണെന്ന് എനിക്ക് ബോധ്യമുണ്ടായിരുന്നു. എന്നിട്ടും ഞാന്‍ ആ സൗഹൃദം എന്നെന്നേക്കുമായി ഉപേക്ഷിച്ചു. ഒരു വ്യാഴവട്ടക്കാലത്തിനും മുമ്പാണ് ഈ സംഭവം. ഒന്നിലധികം വര്‍ഷങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു, ഒരുമിച്ചുള്ള കാലം അവസാനിച്ചതിന് ശേഷം ഞങ്ങള്‍ രണ്ടു പേരും ജീവിതത്തിന്റെ പുതിയ ഒരു ഘട്ടത്തിലേക്ക് കടന്ന ഉടനെ തന്നെ ഇനി ആ വ്യക്തിയുമായി ഒരു ബന്ധവും വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. ആ വ്യക്തിയുമായി ബന്ധം ഉപേക്ഷിക്കാന്‍ കാരണം അയാളുടെ രണ്ട് സ്വഭാവങ്ങള്‍ ആയിരുന്നു - പരിഹാസവും ഉപദേശവും!. മറ്റുള്ളവരെ കുറിച്ച് അവരുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും പരിഹസിക്കുക, സ്ഥാനത്തും അസ്ഥാനത്തും മറ്റുള്ളവര്‍ക്കു ഉപദേശം നല്‍കുക. ഇവ രണ്ടും അസഹ്യവും അരോചകവുമായി മാറിയതോടെ ഞാന്‍ അയാളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ തീരുമാനിച്ചു. അകന്ന് നില്‍ക്കുക എന്ന് വെച്ചാല്‍ എല്ലാ അര്‍ഥത്തിലും അയാളുമായി എല്ലാ തരത്തിലുള്ള ബന്ധവും ഉപേക്ഷിച്ചു.

കാലം കടന്നു പോയി, എനിക്ക് ഒരു നല്ല ജോലി ലഭിച്ചു, മികച്ച വരുമാനമായി. ജോലി കഴിഞ്ഞ് വൈകുന്നേരം ഒത്തുകൂടുന്നിടത്ത് പുതിയ കുറച്ച് കൂട്ടുകാരെ കിട്ടി. എല്ലാവരും ജോലിക്ക് പോവുന്നവര്‍, അക്കൂട്ടത്തില്‍ കാര്യമായ വരുമാനം ഒന്നും ഇല്ലാത്ത ഒരു ചെറുകിട കച്ചവടക്കാരനും ഉണ്ടായിരുന്നു. വിദ്യാഭ്യാസ നിലവാരത്തിലും ജോലിയുടെ കാര്യത്തിലും ഒക്കെ ഒരു കൊള്ളരുതാത്തവന്‍ എന്ന തോന്നല്‍ അയാൾ എല്ലാവരിലും ജനിപ്പിച്ചു. അയാള്‍, ഞാനടക്കം മറ്റുള്ളവരുടെ നിര്‍ദോഷകരമായ പരിഹാസത്തിന് സ്ഥിരമായി ഇരയായിരുന്നു. അയാളെ പരിഹസിക്കുന്നത് എല്ലാവരും ആസ്വദിച്ചിരുന്നു എന്നതാണ്‌ വാസ്തവം. കൂട്ടത്തില്‍ ഒരാൾ ഒരു ദിവസം എല്ലാവരോടും പറഞ്ഞു, നമ്മുടെ പരിഹാസം അയാള്‍ക്കു ഇഷ്ടമാവുന്നില്ല എന്ന്. അതോടു കൂടി പരിഹാസത്തിന്റെ അളവ് കുറഞ്ഞു. അന്നേരം, പണ്ട് എല്ലാവരുടെയും കുറ്റം നിരത്തി കളിയാക്കിയിരുന്ന ആ പഴയ കൂട്ടുകാരനെ ഞാന്‍ ഓര്‍ത്തു. 

ഒരാൾ തനിക്കു താഴെയാണ് എന്ന് തോന്നുന്നത് അല്ലെങ്കിൽ താന്‍ മറ്റൊരാള്‍ക്ക് മുകളിലാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഒക്കെ, അരക്ഷിതമായ വ്യക്തിത്വത്തിന്റെ ലക്ഷണങ്ങളാണ്. പരിഹസിക്കുന്നതും ശേഷം ഉപദേശിക്കുന്നതും അത്തരം അരക്ഷിത മനസ്സിന്റെ ലക്ഷണങ്ങളാണ്. ഒരാളുടെ ഔന്നത്യം അംഗീകരിക്കാന്‍ ആവാതെ മനസ്സ് വേവലാതിപ്പെടുകയും അസ്വസ്ഥമാവുകയും ചെയ്യുന്നുണ്ടെങ്കിൽ സ്വന്തം വ്യക്തിത്വത്തിന് സ്വയം ചികിത്സ ആവശ്യമാണ്. ഞങ്ങള്‍ക്ക് വരുമാനം കുറഞ്ഞ കച്ചവടക്കാരന്‍ ഞങ്ങളെക്കാള്‍ താഴെയാണെന്ന് തോന്നി, പഴയ കൂട്ടുകാരന്‍ എല്ലാവർക്കും ഒപ്പം നില്‍ക്കാനും അതിനും മുകളിലാണ് എന്ന് സ്ഥാപിക്കാനും ഒരുമുഴം മുമ്പേ എറിഞ്ഞു.  

പ്രിയമുള്ള ഒരിടത്ത് വെച്ചാണ് ഞാനും ആ പഴയ കൂട്ടുകാരനും കണ്ടുമുട്ടിയത്, അവിടെ വെച്ചാണ് എനിക്ക് ഒട്ടേറെ പ്രിയപ്പെട്ടവരെ കിട്ടിയത്. അവിടെ നല്ല ഓര്‍മകള്‍ ഒരുപാടുണ്ട്. അങ്ങനെയുള്ള ഒരിടത്ത് ഒരാളെ മാത്രം എത്ര കാലം മനപ്പൂർവം വിസ്മരിക്കും? പക്ഷേ, ആശയ വിനിമയത്തിന്റെ എല്ലാ വാതിലുകളും ഞാന്‍  കൊട്ടിയടച്ചിരുന്നു. പ്രതികരണം ഏതു രീതിയില്‍ ആവുമെന്ന ആശങ്ക, കുറെ കാലത്തിനു ശേഷം വിളിക്കുമ്പോഴുള്ള ജാള്യത, മറുപടി എന്താവും എന്ന ചിന്ത, ഇതൊക്കെ ഒന്നു വിളിക്കാൻ പോലും തടസ്സമായി നില്‍ക്കുന്നു. ബന്ധം അവസാനിപ്പിക്കാന്‍ ഒരുമിച്ചുള്ള കാലം കഴിയുന്നത് കാത്തിരുന്ന ഞാന്‍, സൗഹൃദം വീണ്ടും സ്ഥാപിക്കാന്‍ ഒരു നല്ല അവസരത്തിനായി കാത്തിരിക്കുന്നു. 

Content Summary: Malayalam Short Story ' Ayalum Njanum Thammil ' Written by C. Aslam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com