ഇലക്ട്രോണിക്സ് ഡിപ്ലോമ പഠന കാലം, പഠനവും, കുരുത്തക്കേടും, വോളിബോൾ, ക്രിക്കറ്റ് കളിയുമായി നടക്കുന്ന സമയം. ഒരു മധ്യവേനലവധിക്കാലം, ഞങ്ങൾക്കും കിട്ടി ഒരുമാസം അവധി. കൂട്ടുകാരെല്ലാം കൂടി ഭയങ്കര പ്ലാനിംഗ്, വെളുപ്പിനെ എണീറ്റ് ഓട്ടം, പിന്നെ വന്നു എക്സർസൈസ് അത് കഴിഞ്ഞു വോളിബോൾ കളി, ഒരു ഏഴു ഏഴരയോടുകൂടി വീട്ടിലേക്ക് മടക്കം. വീട്ടില് പറഞ്ഞപ്പോൾ അവർക്കും സന്തോഷം. അങ്ങനെ നല്ലകാര്യങ്ങൾ ഒക്കെ ചെയ്യ് എക്സ് സർവീസ് ആയ പപ്പയുടെ വക കമന്റ്. പരമാവധി കിട്ടുന്നിടത്തൊക്കെ നമുക്കിട്ടു ഡയലോഗ് അടിക്കാൻ പപ്പാ കാട്ടുന്ന ഉത്സാഹം പ്രത്യേകം എടുത്തു പറയേണ്ടുന്നതാണ്.
അങ്ങനെ രാവിലെ 4.30 ആകുമ്പോൾ ഒരു കൂട്ടുകാരൻ വന്നു എന്നെ വിളിക്കും. ആദ്യ ദിവസങ്ങളിൽ വളരെ ഉത്സാഹത്തോടെ എണീറ്റിരുന്ന ഞാൻ കുറെ കഴിഞ്ഞപ്പോഴെക്കും വിളിക്കാൻ വരുന്നവനെ തെറി പറഞ്ഞുകൊണ്ടായി എഴുന്നേൽപ്പ്. അല്ലെങ്കിൽ കിടക്കുന്നതിനു മുൻപ് രാവിലെ മഴ പെയ്യണേ എന്ന് പ്രാർഥിക്കും, എന്തായാലും വീട്ടുകാരുടെ ചീത്തവിളി ഭയന്ന് മുടക്കം വരുത്താതെ പൊയ്ക്കൊണ്ടിരുന്നു. രാവിലെ ഓട്ടം ആരംഭിക്കുന്നതു തൊട്ടടുത്ത സ്കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആണ്. ഏകദേശം 4 കിലോമീറ്റര്‍ ദൂരം ഓടിയശേഷം തിരികെ ഓടി സ്കൂള്‍ ഗ്രൗണ്ടിലെത്തി എക്സര്‍സൈസ് തുടങ്ങും. ഒരു അരമുക്കാ മണിക്കൂറോളം കഴിയുമ്പോഴേക്കും, ഇവന്മാരിതെന്തോ കാണിക്കുവാണെന്നും പറഞ്ഞെണീറ്റു വരുന്ന സൂര്യേട്ടന്റെ വെളിച്ചത്തില്‍ വോളിബോള്‍ കളി. അതും കഴിഞ്ഞു ക്ഷീണിച്ച് ഒരു ഏഴര എട്ടുമണിയോടെ വീട്ടിലെത്തുന്ന എന്നെക്കാത്ത് ഒരു പാത്രം പഴങ്കഞ്ഞി റെഡി. അതും കഴിഞ്ഞു വീട്ടിലെ അത്യാവശ്യപ്പണികള്‍ ചെയ്തു കൊടുത്ത ശേഷം ക്രിക്കറ്റ് കളിക്കാനായി മുങ്ങും.
പഠിക്കുന്നത് ഇലക്ട്രോണിക്സ് ആയതുകൊണ്ട് നാട്ടുകാർക്ക് നമ്മളെക്കൊണ്ട് ഭയങ്കര ഉപകാരം ആയിരുന്നു, ആന്റിന ഫിറ്റ് ചെയ്യൽ, ചാനൽ ട്യൂണിങ്, പിന്നെ ചെറിയ ചെറിയ റേഡിയോ റിപ്പയറിങ് ഒക്കെ നടത്തും. സേവനമായിരുന്നു കൂടുതൽ പൈസ ഒന്നുമങ്ങനെ വാങ്ങാറില്ല. അല്ലാ ചോദിച്ചാൽ തരണമെങ്കിൽ ചെയ്യുന്ന വർക്ക് വിജയിക്കേണ്ടേ. നന്നായി കാണുന്ന ചാനൽ ക്ലിയർ ആക്കാനായി ആന്റിന ഒന്ന് കൂടി തിരിച്ചു അതും കൂടി ഇല്ലാതാക്കിയാൽ അവരെന്തു തരാനാണ്, പിന്നേ നമുക്ക് കിട്ടാറുള്ളത് മാവിലും പ്ലാവിലും വലിഞ്ഞു കേറി കിട്ടുന്ന ഉറുമ്പിന്റെ കടി മാത്രം. പക്ഷെ അതൊന്നും സേവന മനോഭാവത്തിൽ നിന്നും പിന്തിരിപ്പിച്ചിട്ടില്ല. അങ്ങനെ തോറ്റു പിന്മാറാൻ ഞാൻ ഒരു ഉറുമ്പിനെയും സമ്മതിച്ചിട്ടുമില്ല.
ഇനി ഓട്ടത്തിലേക്ക് വരാം. ആദ്യത്തെ രണ്ടുമൂന്നു ദിവസം മുടക്കം കൂടാതെ ഓടി. സാധാരണ ഓടാന്‍ പോകുന്നവര്‍ വളരെപ്പെട്ടെന്നു തന്നെ തിരിച്ചെത്താറുണ്ട്. കാരണം ഓടുന്നവഴിക്കുള്ള ഏതെങ്കിലും വീട്ടിലെ പട്ടി ഒന്നു കുരയ്ക്കും, അതു കേട്ട് അടുത്ത വീട്ടിലെ പട്ടികളും കുര തുടങ്ങും. ഇതു കേള്‍ക്കുന്ന ഏതെങ്കിലും ഒരു വിരുതന്‍ ഒരു കല്ലെടുത്തെറിയും, ഏറുകൊണ്ടാലും ഇല്ലെങ്കിലും ഇവറ്റകള്‍ നമ്മുടെ പിറകെ ഓടും, ഇവറ്റകളുടെ കടികിട്ടാതിരിക്കാന്‍ നമ്മള്‍ നൂറേ വച്ചു പിടിക്കും. ഉസൈന്‍ ബോള്‍ട്ടുപോലും ഈ സ്പീഡില്‍ ഓടിക്കാണില്ല എന്നാണെന്റെ ഒരു ഇതു. ആദ്യമൊക്കെ ഓടാന്‍ പോയെങ്കിലും പിന്നീട് സ്കൂള്‍ ഗ്രൗണ്ടിലെത്തുന്ന ഞാന്‍ കൂടെക്കരുതിയിരിക്കുന്ന തോര്‍ത്ത് തലയിണയാക്കി സ്കൂളിന്റെ പടിയില്‍ കിടന്നുറങ്ങുകയായിരുന്നു പതിവ്. ഓട്ടം കഴിഞ്ഞെത്തി അവര്‍ എക്സര്‍സൈസ് പകുതി കഴിയുമ്പോള്‍ കണ്ണും തിരുമ്മി ഞാന്‍ എണീറ്റു ചെല്ലും. പിന്നീടുള്ള വോളിബോള്‍ കളി ഞാന്‍ മുടക്കാറില്ല. എങ്ങനെ ബോള്‍ ഫിംഗറില്‍ എടുത്ത് ഉന്താന്‍ ഞാന്‍ ശ്രമിച്ചാലും ശരിയാകാറില്ല. തന്മൂലം വിരലുകളുടെ ജോയിന്റില്‍ ചെറിയ വേദനയും നീരും ഉണ്ടാകാന്‍ തുടങ്ങി. എന്തു പറ്റി എന്നു ചോദിക്കുന്നവരോടു രാവിലെ പഴങ്കഞ്ഞികുടിക്കുന്നതു കൊണ്ട് വണ്ണം വെയ്ക്കുന്നതാണു എന്നു കളി പറയാന്‍ തുടങ്ങി.
ഞങ്ങളുടെ ഉത്സാഹം കണ്ട്, വോളിബോള്‍ നന്നായി കളിക്കുന്ന ഒരു വ്യക്തി ഞങ്ങള്‍ക്ക് പരിശീലനം നൽകാം എന്നേറ്റു. എല്ലാവരും ഓടി എത്തുമ്പോഴേക്കും മാഷെത്തും പിന്നെ എക്സർസൈസും വോളിബോള്‍ കോച്ചിങ്ങും അതുകഴിഞ്ഞു വോളിബോള്‍ കളിയും. എല്ലാവരും ഉഷാറായി കളിപഠിച്ചു തുടങ്ങി. കൂട്ടത്തില്‍ അൽപം ഉഴപ്പു ഞാന്‍ ആയതുകൊണ്ട് വോളിബോള്‍ കളിക്കാന്‍ ഏറ്റവും പുറകില്‍ നിന്നതു ഞാന്‍ ആയിരുന്നു. അപ്പുറത്തെ ഗ്രൗണ്ടിലെ കളിക്കാരന്‍ എടുക്കുന്ന തീപാറുന്ന ഷോട്ടുകള്‍, കൈകള്‍ കൊണ്ടും, നെഞ്ചു കൊണ്ടും തടുത്ത് ഞാന്‍ വോളിബോള്‍ പാടവം തെളിയിച്ചു. ഒരു ബോളും കറക്റ്റായി എന്റെ കൈയ്യില്‍ നിന്നും കിട്ടാത്തതുകൊണ്ട് മാഷിന്റെ അപ്രീതിക്കു ഞാന്‍ പാത്രമായി. എല്ലാവരും എന്നെ കളിയാക്കാന്‍ തുടങ്ങിയപ്പോള്‍ എനിക്കും വാശിയായി. എങ്ങനേയും വോളിബോള്‍ നന്നായി പഠിച്ചിട്ട് ഒരു ഷോട്ടെങ്കിലും എതിര്‍വശത്തെ ഗ്രൗണ്ടിന്റെ ഒത്ത നടുക്ക് താക്കണം. ഒരു കണക്കിനു എല്ലാം പഠിച്ചു പാസ് പിടിക്കുക, ലിഫ്റ്റ് ഇട്ടുകൊടുക്കും ഇതൊക്കെ തരക്കേടില്ലാതെ ചെയ്യും എന്ന രീതിയായി. എന്നാല്‍ ലിഫ്റ്റ് ഇട്ടു തരുന്നത് ചാടി സ്മാഷ് ചെയ്യുന്നതുമാത്രം ശരിയാകുന്നില്ല. മാഷ് എന്നെ കഠിന പരിശീലനത്തിനു വിധേയനാക്കി. പരിശീലന കാലഘട്ടത്തില്‍ വലിയ തരക്കേടില്ലാതെ ചാടി സ്മാഷ് ചെയ്യാന്‍ പഠിച്ചു.
അങ്ങനെ പരിശീലന ശേഷമുള്ള ഒരു മത്സരത്തില്‍ എന്നെ അറ്റാക്കറായി ഇറക്കി. ഇറങ്ങിയപ്പോള്‍ മാഷിന്റെ വക ഉപദേശം. ലിഫ്റ്റര്‍ ഉയര്‍ത്തിവിടുന്ന ബോള്‍ എവിടെ വീഴും എന്നു മനസ്സുകൊണ്ട് അളക്കുക എന്നിട്ട് അതിന്റെ ഒരു ചവുട്ടടി പുറകില്‍ നിന്നും നല്ല ഉയരത്തില്‍ മുന്നേക്കു ചാടി നെറ്റിനു തൊട്ടുമുകളില്‍ ബോള്‍ വരുമ്പോള്‍ കൈ നല്ല ശക്തിയായി വീശി ബോളിലടിക്കുക, എല്ലാം ശരിയായി വരും. കളി തുടങ്ങി, സെറ്റർ ഒരു ബോള്‍ എനിക്കായി ഉയര്‍ത്തിയിട്ടു തന്നു. എനിക്കായുള്ള ആദ്യ ലിഫ്റ്റ്, കളയാന്‍ പാടില്ല, അപ്പുറത്തെ കോര്‍ട്ടിന്റെ നടുക്കു തന്നെ അടിച്ചു താഴ്ത്തണം. എന്നെ കളിയാക്കിയവരോട് അങ്ങനെ പ്രതികാരം ചെയ്യണം. മാഷിനെ മനസ്സില്‍ വിചാരിച്ചു. അദ്ദേഹത്തിന്റെ ഉപദേശം പോലെ എല്ലാം കണക്കുകൂട്ടി ഒറ്റച്ചാട്ടം കണക്കുകൂട്ടല്‍ എല്ലാം ശരിയായിരുന്നു പക്ഷെ ടൈമിംഗ് ഒരൽപം അല്ല നന്നായി തെറ്റി. മുകളിലേക്കു നന്നായി ചാടി കൈവീശി ബോളിലടിക്കാന്‍ ശ്രമിച്ച എന്റെ തലയിലേക്കു ബോള്‍ വീണു തെറിച്ച് ഗ്രൗണ്ടിനു പുറത്തേക്ക്. മുന്നോട്ടു ഉയരത്തില്‍ ചാടിയ ഞാന്‍ അഴയില്‍ ഷര്‍ട്ടു വിരിച്ച മാതിരി നെറ്റില്‍ കുരുങ്ങിക്കിടന്നു. നാണക്കേടുകൊണ്ട് തല ഉയര്‍ത്താതെ ഞാനവിടെ കുരുങ്ങിക്കിടക്കുമ്പോള്‍ മാഷിന്റെ കണ്ണില്‍ ചോരയില്ലാത്ത ഡയലോഗ് "ആരേലും പോയി രണ്ട് ക്ലിപ്പെടുത്തുകൊണ്ട് വാടേ.. അതും കുത്തിയങ്ങിട്, അവനവിടെക്കിടന്നുണങ്ങട്ടെ, വൈകിട്ടെടുക്കാം"
ഒരു കണക്കിനു നെറ്റില്‍ നിന്നും ഇറങ്ങി കൂട്ടച്ചിരിക്കിടയിലൂടെ എന്നെയും കാത്തിരിക്കുന്ന പഴങ്കഞ്ഞിച്ചരുവത്തിനടുത്തേക്ക് ഞാന്‍ നടന്നു. ചന്തു തോറ്റിട്ടുണ്ട് മക്കളെ പലവട്ടം പലയിടത്തും പക്ഷെ പഴങ്കഞ്ഞിക്കു മുന്നില്‍ ഒരിക്കലും തോറ്റിട്ടില്ല.
Content Summary: Malayalam Short Story ' Volleyball Padanam (Pazhamkanji Katha) ' Written by Sunil Joy