ADVERTISEMENT

റിയാദിലെ യാർമുക്ക് അൽതാഫ് മാളിൽ ഞാൻ അങ്ങനെയൊരു നിമിഷം പ്രതീക്ഷിച്ചതേയില്ല! താമസിക്കുന്നിടം-ഓഫിസ്-താമസിക്കുന്നിടം - ഇതാണ് എന്റെ പതിവ് യാത്ര. കൊല്ലം കുറേയായെങ്കിലും റിയാദിലെ മറ്റൊരിടത്തെക്കുറിച്ചും എന്നോട് ചോദിക്കരുത്. അറിയില്ല എന്നത് സത്യം, ഇന്നുവരെ അറബിയും പഠിച്ചില്ല! ആരോ ഒരിക്കൽ ചോദിച്ചു, നീ നിന്റെ ജോലിയെ കല്യാണം കഴിച്ചിരിക്കുകയാണോ? ബിലായത്ത് ഭാഷയിൽ ചോദിച്ചതിനാൽ അതെനിക്ക് മനസ്സിലായി. ഞാനൊന്നു ചിരിച്ചു, പിന്നെ കൂടുതൽ ചോദ്യങ്ങൾ ഉണ്ടായില്ല! ആഴ്ചയിൽ ഒരിക്കൽ ലുലുവിൽ പോകാറുണ്ട്. പുതുതായി വരുന്ന ജോലിക്കാർ അധികവും നാട്ടിക പരിസരത്ത് ഉള്ളവരാണ്. പേരും നാടും ചോദിച്ചു കഴിയുമ്പോൾ, നമുക്കാണെങ്കിൽ അവിടെയൊക്കെ ബന്ധുക്കളും. ഇന്നലെയാണ് ഒരാളെ പരിചയപ്പെട്ടത്, ഇടമുട്ടത്തുകാരൻ, പറഞ്ഞു വന്നപ്പോൾ അമ്മായിയുടെ വീടിന് തൊട്ടടുത്ത്. അത് കേൾക്കുന്നത് തന്നെ വലിയ ഹരമാണ്. അയാൾക്ക്‌ തൊട്ടു പിറകിൽ നമ്മുടെ ബന്ധുക്കളൊക്കെ നിരന്നുനിൽക്കുന്ന പോലെ തോന്നും. അവരുടെ നിഴലുകൾ നമ്മോട് സംസാരിക്കുന്നതു പോലെയും. ഇവൻ അങ്ങോട്ടാണ് വരുന്നത് എന്നറിഞ്ഞിരുന്നെങ്കിൽ ഞാൻ നിനക്ക് ഇരുമ്പൻപുളി അച്ചാർ കൊടുത്തയച്ചേനെ - അന്തരീരക്ഷത്തിൽ അമ്മായിയുടെ ശബ്ദം. ഇതൊക്കെ അവിടെ തനിയെ നടക്കുമ്പോൾ ഞാൻ ആസ്വദിക്കുന്നതാണ്.

വാരാന്ത്യഅവധി ദിനങ്ങൾ ആയതിനാൽ നിറയെ നാട്ടുകാരേയും കാണാം. ആൺപെൺ വ്യത്യാസമില്ലാതെ. ആരെയും ഞാൻ ശ്രദ്ധിക്കാറില്ല. എന്റെ ലോകം വേറെയാണ്. സ്റ്റെല്ല, മൈഥിലി, എല്ല, നീന, അങ്ങനെ എന്റെ കഥാപാത്രങ്ങൾ പലരും എന്നോടൊപ്പം എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. എഴുതുന്നതു പോലെയല്ല, പുതിയ ഒരാളെ കൊണ്ടുവന്നാൽ അപ്പോൾ ചോദിക്കും. നിങ്ങൾക്ക് ഞങ്ങളെ മടുത്താ! അതോണ്ട് ഞാൻ തലയേ പൊക്കാറില്ല, ആരെയും നോക്കാറുമില്ല. നമ്മുടെ നാട്ടുകാരൻ ഒരാൾ ബ്യൂട്ടി കെയർ ഭാഗത്ത് എത്തിയിട്ടുണ്ട് ആരോ പറഞ്ഞു. ഓനെ കണ്ടെത്തിയിട്ട് തന്നെ കാര്യം. ഓനെ കാണാനില്ല, അപ്പോഴാണ് തലമുടി കറുപ്പിക്കേണ്ട കാര്യം ഓർത്തത്. അത് നോക്കി നോക്കി നടന്ന് ഒന്ന് കണ്ടെത്തി. എടുക്കാൻ കൈനീട്ടിയപ്പോൾ, മറ്റൊരു കൈകൂടി അതിൽ പിടിത്തമിട്ടു. ആളെ നോക്കാതെ ഞാൻ പറഞ്ഞു, താങ്കൾ എടുത്തോളൂ. വേണ്ട നിങ്ങൾ എടുത്തോളൂ എന്ന് മറുപടി. കുറച്ചു കഴിഞ്ഞു എന്റെ മുഖത്ത് രണ്ട് കൈപ്പത്തികൾ ഒന്നിച്ചു വന്നു. എന്റെ ദൈവമേ ആരായിത്? മുരാ, ഇത് നീ തന്നെയല്ലേ! മുരൻ എന്ന് എന്നെ വിളിക്കുന്നവർ വളരെ അടുത്തവർ, എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവർ മാത്രം. ഞാൻ മുഖമുയർത്തി നോക്കി. അമേരിക്കൻ സിനിമയിലെ നായികപോലെ ചുരുളൻ മുടി മുഖത്തേക്ക് വീണുകിടക്കുന്ന ഒരു സുന്ദരി, മധ്യവയസ്‌ക. ഗൂഢമായ കണ്ണുകൾ, അത് രണ്ടും എന്നിലേക്ക്‌ ആഴ്ന്നിറങ്ങുന്ന പോലെ.

Read also: "അവളെ കൊന്നവരെ ഞാനും കൊന്നു.. ഇവിടെ വെച്ച്..."

പെട്ടെന്ന് എന്റെ ഓർമ്മകൾ എന്റെ കോളജ് കാലത്തേക്ക് പാഞ്ഞുപോയി. വളവനങ്ങാടിയിൽ നിന്ന് 8.10 നാണ് ബ്രയന്റ് ബസ്. എന്റെ സ്ഥിരം ബസ്. പെണ്ണുങ്ങളുടെ സീറ്റുകൾ കഴിഞ്ഞു തൊട്ടു പിറകിലെ സീറ്റിൽ ആണ് ഞാൻ ഇടം പിടിക്കുക. ഞാൻ ഇരിക്കുന്നതിന് മുന്നിൽ, തൊട്ടു മുന്നിലെ ബസ് സ്റ്റോപ്പിൽ നിന്ന് കയറിയ ഒരു സുന്ദരിയുണ്ടാകും, അവളുടെ ചുരുണ്ട മുടിയിഴകൾ അങ്ങനെ പടർന്നു കിടക്കും, ബസ് പാഞ്ഞു പോകുമ്പോൾ, ആ മുടിയിഴകൾ എന്റെ മുഖത്ത് ഇഴഞ്ഞു നടക്കും. ഞാൻ കണ്ണുകൾ അടച്ചു അവർ എന്നിൽ ഇഴഞ്ഞു നടക്കുന്നതായി അനുഭവിച്ചങ്ങിനെ ഇരിക്കും. ഇടക്കവർ മുടി വാരിയെടുത്തു മുന്നിലേക്കിടും. കുറച്ചു കഴിഞ്ഞു, അതെല്ലാം പാറിപ്പറന്നു എന്റെ മുഖം തേടി വരും. ഞാനവരോട് പേര് ചോദിച്ചില്ല. അവർ ഒരു ആംഗ്ലോ ഇന്ത്യൻ യുവതി ആയിരുന്നെന്നു അവരുടെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കുന്ന മുഖം പറഞ്ഞിരുന്നു. തലമുടി മുന്നിലേക്ക് ഒതുക്കിയിടുന്നതിന് മുമ്പ്, അവർ മുഖം പുറകിലേക്ക് ചരിച്ചു ചിരിക്കുമായിരുന്നു. ഞാൻ അവരുടെ പേരോ ഒന്നും ചോദിച്ചിരുന്നില്ല. ആ ബസ്സിൽ, ഞങ്ങൾ, മുന്നിലെയും പിറകിലെയും സീറ്റിലായി ഒരുപാട് നാൾ യാത്ര ചെയ്തിരുന്നു.

ആ ചുരുളൻ മുടിക്കാരിയാണ്, ഇതാ നാൽപ്പത് വർഷത്തിന് ശേഷം മുന്നിൽ നിൽക്കുന്നത്. എന്റെ പേര് എന്തുകൊണ്ട് അവർ ഓർക്കുന്നു! അതും നാൽപ്പത് വർഷം കഴിഞ്ഞും! ഞാൻ അവരോട് ചിരിച്ചു! എടാ ഭ്രാന്താ, ഒരക്ഷരം മിണ്ടാതെ ഞാൻ എത്രയോ കൊല്ലം നിന്നെ പ്രണയിച്ചു! നീ ബധിരനും കണ്ണുപൊട്ടനുമായിരുന്നു. ഇന്നും അങ്ങനെത്തന്നെയെന്ന് എനിക്ക് തോന്നുന്നു. നീയെന്നെ ഓർക്കുന്നുണ്ടോ? എന്റെ തൊണ്ട വരണ്ടിരുന്നു. ശബ്ദം പുറത്ത് വന്നതേയില്ല. ചെറുപ്പകാരിയായ ഒരു പെൺകുട്ടി അവരെ ഓർമ്മകളിൽ നിന്നുണർത്തി, മമ്മ, ആരാണിത്? എന്റെ പഴയ കാമുകൻ. അത് കേട്ടതും മകൾ പൊട്ടിച്ചിരിച്ചു, ഒന്നും മിണ്ടാത്ത മൂകനും ബധിരനുമാണ് എന്ന് മമ്മ പറഞ്ഞ ആളോ? അതെ, ഞാൻ അകമഴിഞ്ഞ് സ്നേഹിച്ച ഒരേ ഒരു വിഡ്ഢി. ഞാൻ ചൂളി പോയി. വാക്കുകൾ കിട്ടാതെ ഞാൻ സ്തംഭിച്ചു നിന്നു. എപ്പോഴോ അവർ തിരക്കിൽ കാണാതെയായി. ഞാൻ എനിക്ക് വേണ്ട സാധനങ്ങൾ വാങ്ങി രക്ഷപ്പെടാൻ എന്ന വണ്ണം കാറിലേക്ക് വേഗം നടന്നു. സാധനങ്ങൾ കാറിൽ വെച്ച് ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു. പെട്ടെന്ന് തൊട്ടടുത്ത വണ്ടിയിലെ ഗ്ലാസ് താഴ്ന്നു വന്നു. അത് അവർ തന്നെയായിരുന്നു! എന്നോട് ചിരിച്ചുകൊണ്ട് അവർ ചോദിച്ചു, എന്റെ പേര് അറിയാമോ? ഇല്ല എന്ന് ഞാൻ തലയാട്ടി. ജെസ്സി, ജെസ്സി ഇട്ടിക്കോര! ഞാൻ ഞെട്ടി! അവരുടെ വണ്ടിയുടെ ഗ്ലാസുകൾ ഉയർന്നു.

Content Summary: Malayalam Short Story ' Maravichupoya Nimishangal ' Written by Kavalloor Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com