കുഞ്ഞച്ചൻ പ്രവാസജീവിതം അവസാനിപ്പിച്ച് കുടുംബസമേതം നാട്ടിലെത്തി പള്ളിക്ക് അടുത്തുതന്നെ സ്ഥലം വാങ്ങി വീടു വെച്ച് താമസം തുടങ്ങി. രാവിലെ പള്ളിയിൽ പോയി കുർബാനയിൽ പങ്കെടുത്തു താൻ ആദ്യമായി പഠിച്ച പള്ളിക്കൂടവും ഓടിനടന്ന് വളർന്ന സ്ഥലങ്ങളും ഒക്കെ ഗൃഹാതുരതയോടെ നോക്കിക്കണ്ടു. ശവക്കോട്ടയിൽ അപ്പന്റെ കല്ലറയിൽ പ്രാർഥിക്കാൻ പോയി. അപ്പോൾ അവിടെ തികച്ചും കൗതുകമുണർത്തുന്ന ഒരു കാഴ്ച. ഒരാൾ ഒരു ലിസ്റ്റും കുറെ ബൊക്കെകളും മെഴുകുതിരികളുമായി സൈക്കിളിൽ എത്തി. ലിസ്റ്റ് എടുത്ത് പേര് വായിച്ച് തെയ്യാമ്മ, 72 വയസ്സ്. “എവിടെ, നീ ഇവിടെ ഒളിച്ചിരിക്കുകയായിരുന്നോ?” തെയ്യാമ്മയുടെ തന്നെ കല്ലറയുടെ മുകളിൽ കയറി ഇരുന്ന് ഒരു ബീഡി വലിച്ച് രണ്ടുമൂന്ന് മെഴുകുതിരികൾ കത്തിച്ച് ഒരു ബൊക്കെ വച്ചു. “കള്ളി, നീ ആൾക്കാരെ പറ്റിക്കാൻ 18 വയസ്സിൽ എടുത്ത ഫോട്ടോ വച്ചിരിക്കുകയാണ് അല്ലേ?” എന്നും പറഞ്ഞ് അടുത്ത ലിസ്റ്റിലെ പേരുകാരനെ അന്വേഷിച്ച് കല്ലറ കണ്ടുപിടിച്ചിട്ടു പറയുകയാണ്. “അയ്യോ, നീ ഇത്രയും കാശൊക്കെ ഉണ്ടാക്കി മക്കൾക്ക് കൊടുത്തിട്ട് നിന്നെ ഈ കുഴിയിൽ ആണോ അവർ കിടത്തിയിരിക്കുന്നത്?”
അടുത്ത പേരുകാരനെ വിളിച്ച് “എടാ, തല്ലിപ്പൊളി നീ എവിടെയാ കിടക്കുന്നത് എന്ന് സ്വയം പറഞ്ഞില്ലെങ്കിൽ ഞാൻ ദേ ഈ ബൊക്കേ ഡ്രമ്മിൽ കൊണ്ട് തള്ളും.” ജോലിയിലെ വിരസത അകറ്റാൻ ആയിരിക്കും സൈക്കിൾകാരൻ ആത്മഗതം പറഞ്ഞു കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. ഇതെന്തു കഥ അയാൾക്ക് ഇത്രയും ബന്ധുക്കളോ? കുഞ്ഞച്ചൻ അത്ഭുതപ്പെട്ട് പള്ളിമേടയിലേക്ക് കയറി. അപ്പോഴാണ് കേരളത്തിൽ വന്ന പരിഷ്കാരങ്ങൾ ഒക്കെ ആ പ്രവാസി അറിയുന്നത്. 10-12 കല്ലറക്കാർ ഒരു പൂക്കാരന്റെ കടയിൽ കോണ്‍ട്രാക്റ്റ് കൊടുത്തിരിക്കുകയാണ്. ആഴ്ചയിൽ രണ്ടു പ്രാവശ്യം രാവിലെ 8 മണിക്ക് മുമ്പേ പൂക്കടയിലെ സ്റ്റാഫ് ലിസ്റ്റും ബൊക്കെയും ആയി വരും. സ്റ്റാഫ് മൂന്നാല് പേരുണ്ട്. അവർ മാറി മാറി വരും. ഇന്ന് വന്നത് പുതിയ സ്റ്റാഫ് ആണ് അതാണ് അവൻ ലിസ്റ്റ് ഒക്കെയായി വന്നത് എന്ന് അച്ചൻ. മക്കൾ ആരും തിരിഞ്ഞു നോക്കാറില്ല. വർഷം എത്തുമ്പോൾ ഒപ്പീസ്, കുർബാന ചൊല്ലണം എന്നും പറഞ്ഞ് ഇമെയിലും ബാങ്കിൽ കാശും വരും. ഞാനും പൂക്കാരനും കപ്യാരും കൂടി ഒപ്പീസ് ചൊല്ലും.
എന്തിനാണ് രാവിലെ 8:00 മണി ആകുമ്പോഴേ ശവക്കോട്ടയുടെ ഗേറ്റ് പൂട്ടി താക്കോൽ എടുക്കുന്നത് എന്നായിരുന്നു കുഞ്ഞച്ചന്റെ അടുത്ത സംശയം. അത് മുമ്പ് തുറന്നാണ് ഇട്ടിരുന്നത് അപ്പോൾ അവിടെ പ്രേമ സല്ലാപത്തിനു വരുന്ന കോളജ് കുട്ടികൾ. വൈകുന്നേരമായാൽ കുരിശു പറിച്ചെടുത്തു സ്റ്റമ്പാക്കി ക്രിക്കറ്റ് കളിക്കുന്ന കായിക താരങ്ങൾ. പിന്നെ രാവിലെ 10:00 ആകുമ്പോൾ ചില കൗൺസിലർമാർ ശവ കോട്ടയിൽ പ്രത്യക്ഷപ്പെടും. വിശ്വാസികൾ ഇദ്ദേഹത്തോട് പ്രശ്നങ്ങൾ പറയുക, തത്തയെ കൊണ്ട് ചീട്ടു എടുപ്പിച്ച് ഫലം പറയുന്ന കാക്കാത്തികളെ പോലെ ഫലം പറയുന്നവർ. അങ്ങനെ വിശ്വാസികളുടെ കൈയ്യിൽ നിന്നും പൈസ വാങ്ങുക. തലയ്ക്കുപിടിച്ച് പ്രാർഥിച്ച് പിശാചിനെ ഒഴിപ്പിക്കുക. അങ്ങനെയുള്ള കലാപരിപാടികൾ. രാത്രിയായാൽ കാശു കിട്ടുന്ന ദിവസം കൗൺസിലർമാർ അതും കൊണ്ട് നേരെ കള്ള് ഷാപ്പിൽ പോയി കുടിച്ചു മുണ്ടും തുണിയും ഇല്ലാതെ ശവക്കോട്ടയിൽ വന്നു കിടന്നു ഉറങ്ങുക. അതുകൊണ്ടാണ് ഗേറ്റ് പൂട്ടി താക്കോൽ രാവിലെതന്നെ എടുക്കുന്നത് എന്ന് അച്ചൻ. മാത്രമല്ല ശവക്കോട്ടയുടെ അപ്പുറത്ത് ഡീസെന്റ് ആയി കാർഡ്‌സും ടെന്നീസും കളിക്കുന്ന ഒരു ക്ലബ്ബ് ഉണ്ട്. അവിടത്തെ സ്റ്റാഫ് പയ്യൻ വന്നു എല്ലാ മെഴുകുതിരിയും മോഷ്ടിച്ചു കൊണ്ടു പോകും. കറന്റ് കട്ട് സമയത്ത് അവർക്ക് കാർഡ്‌സ് കളിക്കാനും കള്ളു കുടിക്കാനും കാൻഡിൽ ലൈറ്റ് ഡിന്നർ നടത്താനും ഇതുപകരിക്കുമത്രേ! ഈ പുത്തൻ വിശേഷങ്ങൾ ഒക്കെ കേട്ട് കുഞ്ഞച്ചൻ തരിച്ചിരുന്നുപോയി. "നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും" (മത്തായി 7. 2) ഈ ദൈവവചനവും പറഞ്ഞു കുഞ്ഞച്ചൻ വീട്ടിലേക്ക് തിരിച്ചുപോയി.
Content Summary: Malayalam Short Story ' Oru New Generation Contract ' Written by Mary Josy Malayil