'അവളും അയാളും മാത്രം...' കോളജ് പ്രണയം, വർഷങ്ങൾക്കുശേഷം കണ്ടുമുട്ടിയപ്പോൾ...

HIGHLIGHTS
  • പ്രണയം മനോഹരമാണ് പക്ഷെ അതിനു ശേഷമോ? (കഥ)
clara
Representative image. Photo Credit: Benevolente82/Shutterstock.com
SHARE

ബസ്സിന്റെ സൈഡ് സീറ്റിലേക്ക് മഴകുടഞ്ഞ വെള്ളത്തുള്ളികൾ മുഖത്തു പതിച്ചപ്പോഴാണ് അവൾ മയക്കത്തിൽ നിന്നുണർന്നത്. സീറ്റിൽ നേരെയിരുന്ന അവൾ കൈയ്യിലെ ബാഗ് തുറന്നു. അതിൽ നിന്നും ആ ഇൻവിറ്റേഷൻ കാർഡ് പുറത്തെടുത്തു.. ജീവിതത്തിന്റെ അടുത്ത അധ്യായം ഈ വരുന്ന ജൂലൈ 6 ന് രാവിലെ 10 നും 11 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ഡോ. ജിതിനോടൊപ്പം ആരംഭിക്കുകയാണ്. ഒരു പക്കാ അറേഞ്ച്ഡ് മാരേജ്. 24 കഴിഞ്ഞപ്പോഴേ പ്രായം അതിക്രമിച്ചെന്ന പരാതിയുമായി വന്ന ബന്ധുക്കൾക്കും അയൽക്കാർക്കുമുള്ള അമ്മയുടെ മറുപടി!! ആരെയൊക്കെ ക്ഷണിക്കണം എന്ന ചോദ്യത്തിന് വലിയ കൺഫ്യൂഷൻ ഉണ്ടാക്കാനായില്ല. കോളജ് സൗഹൃദങ്ങളിൽ ഇന്നും കോൺടാക്റ്റ് ഉള്ളവർ വിരലിലെണ്ണാവുന്ന നമ്പറിലേക്ക് ചുരുങ്ങിയിരിക്കുന്നു!! സ്നേഹയെ നേരിട്ടു തന്നെ ക്ഷണിക്കണം..

കോളജ് പഠനത്തിൽ വീണു കിട്ടിയ ഒരു നല്ല സൗഹൃദം.. എറണാകുളത്ത് ജോലി കിട്ടിയതിനു ശേഷം അവൾ വിളിച്ചപ്പോഴാണ് കോളജിൽ സീനിയർ ആയിരുന്ന മനോജ് അവളുടെ കൂടെയാണ് വർക്ക് ചെയ്യുന്നതെന്നറിയുന്നത്. സാധിച്ചാൽ അയാളെ കൂടെ ക്ഷണിക്കാമെന്നോർത്താണ് രണ്ട് ഇൻവിറ്റേഷൻ കാർഡ് കൈയ്യിൽ കരുതിയത്. കോളജിൽ കുറച്ചു കാലം ആരാധിച്ചു കൊണ്ടു നടന്നതല്ലേ !!! അതോർത്തപ്പോൾ ചുണ്ടിൽ ഒരു കോണിൽ വിരിഞ്ഞ പുഞ്ചിരി അവൾ തുടച്ചു കളഞ്ഞു.. കോളജ് യൂണിയൻ സമരങ്ങൾ, പ്രതിക്ഷേധ പ്രകടനങ്ങൾ ഇതിനപ്പുറമൊന്നും തന്നെ കോളജിനെക്കുറിച്ചറിയാമായിരുന്നില്ല.. ആദർശങ്ങളിലും കാഴ്ച്ചപ്പാടുകളിലും തോന്നിയ ഒരു റെസ്പെക്റ്റ്, അതായിരുന്നു ഉള്ളടക്കം.. ആരോ തികച്ചും ഒഫീഷ്യൽ ആയി പരിചയപ്പെടുത്തി. അന്ന് ഒട്ടും പ്രതീക്ഷിക്കാതെ കോളജ് മാഗസിനിൽ അച്ചടിച്ചുവന്ന, താനെഴുതിയ ഏതോ പൊട്ടക്കവിതയെ മനോജ് പ്രശംസിച്ചു.. അന്നു മുതൽ തന്റെ കവിതകളെ താനും പ്രണയിച്ചു തുടങ്ങി.. പിന്നീട് ദൂരത്തു നിന്നു കാണുമ്പോൾ ഹൃദയം ശക്തിയായി മിടിക്കാറുണ്ടായിരുന്നത് താനറിയാറുണ്ടായിരുന്നു!! 

നേരിൽ കണ്ടിട്ടുള്ള വിരളമായ അവസരങ്ങളിൽ പരിചയം ഓർത്തെടുത്തു കൊണ്ട് മുഴുവനാക്കാത്ത ഒരു ചിരി, അതിനപ്പുറം ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. കലാലയ ജീവിതത്തിലെ ആരാധനാപാത്രങ്ങളെക്കുറിച്ച് വായിച്ചും കേട്ടും പരിചയമുണ്ടായിരുന്നതുകൊണ്ട് അതിന് അധികം നിറം നൽകാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു... എങ്കിലും പലയിടങ്ങളിലും വീണ്ടും പ്രതീക്ഷിച്ചു ഒരു കണ്ടുമുട്ടൽ, തിരക്കിനിടയിൽ നിന്നും പരിചയമുള്ള മുഖം... പക്ഷേ കണ്ടില്ല!!! ഒരു പക്ഷേ ഇങ്ങനെയൊരു കണ്ടുമുട്ടലായിരിക്കാം എഴുതപ്പെട്ടത്. ഇനി അതൊരറിയപ്പെടാതെ പോയ പ്രണയമായിരുന്നുവോ?? ആരാധനയും, മിടിപ്പുകളിലെ വേഗതയും പ്രതീക്ഷയും എല്ലാമുണ്ടായിരുന്നു. പക്ഷേ അതിലൊക്കെ ഒരു പെയിൻ അതു മിസ്സിങ് ആയിരുന്നില്ലേ?? ചിന്തകളിൽ നിന്നുയർന്ന ചോദ്യത്തിന് ശരിയാണെന്ന അർഥത്തിൽ തലകുലുക്കി അവൾ ചിരിച്ചു.

സ്നേഹയെ കണ്ടു, കത്തു നൽകി അവളുമായി സംസാരിക്കുന്നതിനിടയിൽ ചോദിച്ചു "മനോജേട്ടൻ ഇവിടെയാണെന്നല്ലേ പറഞ്ഞത്?" "Yes... He will be at the Cabin... ഞാൻ വിളിച്ചിട്ടു വരാം..." അവൾ തിരിഞ്ഞു നടന്നപ്പോൾ തോന്നി, വേണ്ടായിരുന്നു... ഓർമ്മിക്കാൻ വഴിയില്ല... ഇനി സ്വയം പരിചയപ്പെടുത്തി.. ആദ്യം മുതൽ ശ്ശെ വേണ്ടായിരുന്നു... ദൂരെ വരവ് കണ്ടപ്പോഴെ ഉള്ളിലൊരു തീയാളി എന്തിനാ ദൈവമേ ഈ മിടിപ്പിങ്ങനെ കൂട്ടുന്നത്?? വിദ്യാർഥിയിൽ നിന്നും പ്രൊഫഷണലിലേക്കുള്ള വേഷപ്പകർച്ചയല്ലാതെ മറ്റു മാറ്റങ്ങളൊന്നും തോന്നിയില്ല... ദൂരെ നിന്നേ ചിരിച്ചു കൊണ്ടായിരുന്നു വരവ്. "അർച്ചന what a pleasant surprise !!." "ദൈവമേ, എന്റെ പേരറിയാം Surprise!!" "പിന്നെ എന്തൊക്കെയുണ്ട്? സുഖമാണോ? ഇപ്പോഴും എഴുതാറുണ്ടോ?" അവളുടെ കണ്ണുകൾ വിടർന്നു... ദൈവമേ ഇതൊക്കെ എങ്ങനെ?? "സുഖം... ഏട്ടനോ..??" "സുഖം.. നമുക്കൊരു കോഫി ആയാലോ?" കഫെറ്റീരിയയിലോട്ട് നടക്കവേ ഏട്ടൻ പിന്നേയും സംസാരിച്ചു. അവളെല്ലാം ചെറിയൊരു ആശ്ചര്യത്തോടെ മൂളികേട്ടു.. കോഫി ഓർഡർ ചെയ്ത് ഒരു കോർണറിൽ അവർ ഇരുന്നു... "അർച്ചനയുടെ കല്യാണമാണ് മനോജേട്ടാ.." സ്നേഹയാണ് പറഞ്ഞത് "കല്ല്യാണം!! എന്നിട്ട് പറഞ്ഞില്ലല്ലോ!!"

മുഖത്തേ പ്രസാദം കുറച്ചൊന്ന് മങ്ങിയോ? ഹേയ് അങ്ങനൊന്നും ചിന്തിക്കാൻ പാടില്ല.. "വരുന്ന ജൂലൈ 6 നു ഏട്ടൻ വരണം..." മറുപടി ചിരിയായിരുന്നു.. തനിക്കു പരിചയമുള്ള മുഴുവനാവാത്ത ആ പഴയ ചിരി... അപ്പോഴാണ് സ്നേഹയ്ക്ക് ഒരു കോൾ വന്ന് അവൾ ഫോണുമായി നടന്നു നീങ്ങി..... പിന്നെ കോഫി കപ്പുകളും അവളും അയാളും മാത്രം... എന്താണിത്ര നിശ്ശബ്ദത?? അവൾ തന്നെ തുടക്കമിടാമെന്ന് നിശ്ചയിച്ചു. "ഏട്ടനിവിടെ എത്ര നാളായി??" മറുപടിയില്ല.... ഇൻവിറ്റേഷൻ കാർഡിൽ നോക്കിക്കൊണ്ട് ഏതോ ചിന്തയിൽ മുഴുകിയിരിക്കുകയായിരുന്നു അയാൾ.. അവൾ പിന്നേയും വിളിച്ചു... "മനോജേട്ടാ..." ചിന്തകളിൽ നിന്നെന്ന പോലെ അയാൾ പതുക്കെ തലയുയർത്തി, അവളുടെ കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് ആർദ്രമായ സ്വരത്തിൽ അയാൾ പറഞ്ഞു.. "അർച്ചന നമ്മൾ ഇതിനു മുൻപെപ്പഴോ കണ്ടുമുട്ടേണ്ടവരായിരുന്നു.." അവളുടെ മുഖത്തെ ചിരി മാഞ്ഞു. "കോളജിൽ നിന്നും ഇറങ്ങിയതിനു ശേഷം പ്രതീക്ഷിച്ചിരുന്നു വീണ്ടുമൊരു കണ്ടുമുട്ടൽ. നേരിട്ടു കോൺടാക്റ്റ് ചെയ്യാൻ എന്തു കൊണ്ടോ കഴിഞ്ഞില്ല.. കണ്ടുമുട്ടിയ ദിവസം ഇങ്ങനെയും.. വിധി ഇങ്ങനെയായിരിക്കാം..." പിന്നേയും മൗനം.. നെടുവീർപ്പിട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.. "I am Sorry... ഞാനെന്തൊക്കെയോ പറഞ്ഞു.. ഒന്നും മനസ്സിൽ വെക്കരുത്.. കല്യാണത്തിനു പറ്റിയാൽ വരാം.. wish you a happy Married life.."

തുറക്കാൻ തുടങ്ങിയതെന്തോ പെട്ടെന്ന് അടച്ചു വെച്ചതു പോലെ... അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.. ഉള്ളിൽ നടക്കുന്നതെന്താണെന്ന് അവൾക്കു മനസ്സിലായില്ല. കഷ്ടപ്പെട്ട് ഒരു ചിരി വരുത്തി അവരോട് യാത്ര പറഞ്ഞ് തിരികെ വരുമ്പോൾ അവൾക്കൊരു പിടച്ചിൽ അനുഭവപ്പെട്ടു.. മിസിങ് ആണെന്നു കരുതിയ ആ പെയിൻ അവളിൽ പടർന്നു കയറുകയായിരുന്നു. ബസ്സിൽ കയറിയപ്പോൾ ജിതിൻ വിളിക്കുന്നുണ്ടായിരിന്നു.. ഫോൺ സൈലന്റിലാക്കി അവൾ ബസ്സിന്റെ പിൻസീറ്റിലേക്ക് ചാഞ്ഞിരുന്നു.. ആ ദിവസം സമ്മാനിച്ച വേദനയെ സ്വപ്നമാക്കുവാനായി അവൾ കണ്ണുകളടച്ചു. അവളുടെ കണ്ണിൽ നിന്നുതിർന്നു വീണ ആ മിഴനീർത്തുള്ളികൾക്ക് ഒരുപാടർഥങ്ങളുണ്ടായിരുന്നു..

Content Summary: Malayalam Short Story ' Pranayam Manoharamanu Pakshe Athinu Seshamo ' Written by Savio Wilson

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS