ഗോവിന്ദചാമിയുടെ വിധി വന്ന ദിവസം മുതൽ ചാനലുകളിൽ ഒക്കെ നിരന്തര ചർച്ചകൾ. സൗമ്യയുടെ അമ്മയുടെ കണ്ണുനീരിൽ കുതിർന്ന മുഖവും ചാമിക്ക് ഏറ്റവും നല്ല വിധി വാങ്ങികൊടുത്ത ആളൂരിന്റെ അക്ഷോഭ്യമായ മുഖവും ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും സാധാരണക്കാരുടെ പ്രതികരണങ്ങളും എന്റെ മനസ്സമാധാനം തകർത്തു. ആ ട്രെയിനിന്റെ ചങ്ങല ആരെങ്കിലും ഒന്നു വലിച്ചിരുന്നു എങ്കിൽ ഇത്രയും വലിയൊരു ദുരന്തം ഉണ്ടാകുമായിരുന്നില്ലല്ലോ എന്നൊക്കെ ഓർത്തു കിടന്നപ്പോൾ എന്റെ മനസ്സ് കുറച്ചു വർഷം പുറകോട്ട് പോയി. എനിക്ക് ഒരു 9 വയസ്സുകാണും. മധ്യവേനലവധി തുടങ്ങി ഞങ്ങളൊക്കെ അമ്മ വീട്ടിലെത്തി കളിച്ചു തിമിർക്കുകയാണ്. അതിരാവിലെ തന്നെ ആ വീട് ഉണരും. അടുക്കളയിൽ എല്ലാ അടുപ്പിലും തീ പൂട്ടി കഴിഞ്ഞു. കറവക്കാരൻ വന്ന് പശുവിനെ കറന്ന് മാറ്റി കെട്ടി സഹായി തൊഴുത്തു വൃത്തിയാക്കുന്നു. പാൽ വലിയ കലത്തിൽ തിളപ്പിക്കാൻ അടുപ്പത്ത് വെക്കുന്നു. പാചകക്കാരികൾക്ക് നിർദ്ദേശങ്ങൾ ഒക്കെ കൊടുത്തുകൊണ്ട് മുത്തശ്ശിയും മുതുമുത്തശ്ശിയും അടുക്കളയിൽ ഇരുന്ന് കട്ടൻ കാപ്പി കുടിക്കുകയാണ്. അപ്പോഴാണ് പോകാനിറങ്ങിയ കറവക്കാരൻ തിരിച്ചു വന്ന് പറയുന്നത്. "ചേട്ടത്തി, ഇടച്ചാലില് ഒരു കുട്ടി വന്നു നിൽക്കുന്നുണ്ടല്ലോ അത് ആരാ?"
"കുട്ടിയോ? നേരം പുലരുന്നതിനു മുമ്പ്, ഇതാരാ ഇടനാഴിയിൽ വന്നു നിൽക്കുന്നത്?" ആ കുട്ടിയോട് ഇങ്ങോട്ട് കയറി വരാൻ പറ എന്ന്പറഞ്ഞു മുത്തശ്ശി. കുറച്ചു കഴിഞ്ഞപ്പോൾ കറുത്തുമെലിഞ്ഞ എട്ടു വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി കയറി വന്നു. നീ ഏതാ, എങ്ങനെ ഇവിടെ വന്നു എന്നൊക്കെ മുത്തശ്ശി ചോദിച്ചെങ്കിലും ഒന്നിനും മറുപടിയില്ല. കരഞ്ഞ് തലയും കുമ്പിട്ടു ഒറ്റ നിൽപ്പാണ്. ഞങ്ങൾ കുട്ടിപ്പട്ടാളം എഴുന്നേറ്റ് വന്ന് ഈ പുതിയ അതിഥിയുടെ അടുത്ത് ചെന്ന് ചോദ്യങ്ങൾ തുടങ്ങി. മറുപടിയില്ല. വിശക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ മാത്രം മറുപടി വന്നു. മുത്തശ്ശി അവൾക്ക് വയറുനിറയെ ഭക്ഷണം കൊടുത്തു. പിന്നെയും മിണ്ടാട്ടമില്ല. എല്ലാവരും അവരവരുടെ ജോലി നോക്കി പോയി. ഞങ്ങൾ മുറ്റത്തിറങ്ങി കിളിമാസ് കളി തുടങ്ങി. ഞങ്ങളുടെ കളിയൊക്കെ സാകൂതം വീക്ഷിച്ചുകൊണ്ട് നിൽക്കുകയാണ് ഈ കുട്ടി. കളിക്കാൻ വരുന്നോ എന്ന് ചോദിച്ചപ്പോൾ കരച്ചിൽ ഒക്കെ ചിരിയായി മാറി കളി തുടങ്ങി. ഭാനു എന്നാണ് പേരെന്നും ഒരു ഡോക്ടറുടെ വീട്ടിൽ ജോലിക്ക് നിൽക്കുകയാണെന്നും അവിടുത്തെ പീഡനം സഹിക്കാൻ പറ്റാതെ അതിരാവിലെ ഇറങ്ങിപ്പോന്നത് ആണെന്നും പറഞ്ഞു. ഞാനിനി ഇവിടെ നിന്നോട്ടെ എന്ന് ചോദിച്ചു ഞങ്ങൾ എല്ലാവരും അതിനു സമ്മതിച്ചു. മുത്തശ്ശിയോട് നിന്റെ കാര്യം പരിഗണിക്കാൻ പറയാം ഇപ്പോൾ നന്നായി കളിക്കാം എന്ന് പറഞ്ഞു കളി മുറുകി കൊണ്ടിരുന്നു.
ഡോക്ടർ- ഭാനു – വീട്ടുജോലിക്കാരി - വീട് നിലമ്പൂര്– ഇങ്ങനെ ചില ക്ലൂകൾ ഒക്കെ ഞങ്ങൾ മുത്തശ്ശിക്കു കൊടുത്തു. ഉച്ചയൂണും കാപ്പി കുടിയും കഴിഞ്ഞു. ഭാനുവിന് ഇഷ്ടമുള്ളിടത്തോളം കാലം ഇവിടെ നിന്നോ എന്ന് മുത്തശ്ശിയുടെ അനുവാദം കൂടി കിട്ടിയപ്പോൾ ഭാനു തുള്ളിച്ചാടി. "അമ്മേ, വെറുതെ പുലിവാല് പിടിക്കേണ്ട. ഇതൊക്കെ ഭയങ്കര റിസ്ക്ക് ആണ്. വേഗം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്ക്. അവർ വന്ന് കൊണ്ടു പൊയ്ക്കോളും" എന്ന് ഞങ്ങളുടെ മൂത്ത അമ്മാവൻ പറഞ്ഞു. "പാവം കുട്ടി ഭക്ഷണം കണ്ടിട്ട് തന്നെ രണ്ട് ദിവസം ആയെന്നു തോന്നുന്നു ഏതായാലും രണ്ടു ദിവസം ഇവിടെ സന്തോഷമായി നിൽക്കട്ടെ." എന്നിട്ട് വേണ്ടത് ചെയ്യാമെന്ന നിലപാടിലായിരുന്നു മുത്തശ്ശി. പിറ്റേ ദിവസം മുതൽ അവൾ ചെറിയ ജോലികളൊക്കെ സ്വയം ചെയ്യാൻ തുടങ്ങി. ബാക്കി സമയം കളിയും. വലിയ ഒരു സുഹൃത് വലയത്തിന് ഉടമയായിരുന്നു എന്റെ മുത്തശ്ശി. മൂന്നു നാല് പേരെ ഫോണിൽ വിളിക്കുന്നത് കണ്ടു. ഏത് ഡോക്ടറുടെ വീട്ടിൽ നിന്നാണ് ഇവൾ ഓടി പോന്നത് എന്ന് മനസ്സിലാക്കി, ആ ഡോക്ടറുടെ ഫോൺ നമ്പറും മുത്തശ്ശി സംഘടിപ്പിച്ചു. ഡോക്ടറുടെ ഫോണിൽ മുത്തശ്ശി വിളിച്ചു. ഇന്ന് വൈകുന്നേരം ഭാര്യയും ഭർത്താവും കൂടി ഇവിടം വരെ വരണം. നിങ്ങളുടെ വീട്ടിൽ നിന്ന് കാണാതായ പെൺകുട്ടി ഞങ്ങളുടെ വീട്ടിൽ ഉണ്ട് എന്ന് അറിയിച്ചു.
വൈകുന്നേരം യുവ ഡോക്ടറും ഭാര്യയും അവരുടെ എട്ടുമാസം പ്രായമുള്ള മകനും കൂടി വീട്ടിലെത്തി. ഭാര്യയുടെ വീട് നിലമ്പൂർ ആണ്. അവിടുന്ന് കുഞ്ഞിനെ നോക്കാൻ വേണ്ടി കൊണ്ടുവന്നതാണ് ഈ പെണ്ണിനെ. ഇന്നലെ നേരം വെളുത്തപ്പോൾ മുതൽ പെണ്ണിനെ കാണാനില്ല. പൊലീസിൽ വിവരം അറിയിച്ചില്ല. ഭയപ്പെട്ട് എന്ത് ചെയ്യണം എന്ന് ആലോചിച്ച് ഒരു എത്തും പിടിയും കിട്ടാതെ ഡോക്ടർ ആശുപത്രിയിൽ പോലും പോകാതെ വീട്ടിൽ ഇരിക്കുകയായിരുന്നത്രെ. ബാലവേല നിയമവിരുദ്ധമായതുകൊണ്ട് ആദ്യം അകത്താകുന്നത് ഡോക്ടർ ആയിരിക്കും. ഡോക്ടറെയും ഭാര്യയും കണ്ടതോടെ ഭാനു മുത്തശ്ശിയെ കെട്ടിപ്പിടിച്ച് കരയാൻതുടങ്ങി. എന്നെ ഇവരുടെ കൂടെ വിടല്ലേ ഞാൻ ഇവിടെ നിന്നോളാം എന്നും പറഞ്ഞു. മുത്തശ്ശി ഡോക്ടറുടെ ഭാര്യയെ രഹസ്യമായി അകത്തേക്ക് വിളിച്ച് ഉപദേശിച്ചു. ഈ ഭാനുവിനെയും ഒരമ്മ പെറ്റതാണ്. ദാരിദ്ര്യം കൊണ്ടല്ലേ ആ കുട്ടി വേണ്ടപ്പെട്ടവരെയൊക്കെ വിട്ട് ഇവിടെ വന്നു നിൽക്കുന്നത്? അൽപംകൂടി മനുഷ്യത്വം ആ കുട്ടിയോട് കാണിക്കണം. കുറഞ്ഞപക്ഷം വയറുനിറയെ ഭക്ഷണം എങ്കിലും കൊടുക്കണം. ഡോക്ടറുടെ ഭാര്യ ഇളിഭ്യയായി എല്ലാം കേട്ടിരുന്നു. ഇപ്പോൾ ഇവിടുന്ന് കൊണ്ടു പോയാലും വേനലവധി കഴിയുന്നത് വരെ എല്ലാ ദിവസവും വൈകുന്നേരം ഇവിടെ കളിക്കാൻ കൊണ്ടു വിടണം. അമിതമായി ജോലി ചെയ്യിക്കരുത്. ഞാൻ ഇവിടെ വരുമ്പോൾ അവളോട് ഇതൊക്കെ അന്വേഷിക്കും. ഈ വ്യവസ്ഥകളെല്ലാം പാലിക്കാം എന്ന് ഉറപ്പുണ്ടെങ്കിൽ കൊണ്ടു പൊയ്ക്കോളൂ എന്ന് പറഞ്ഞു മുത്തശ്ശി. എന്തെങ്കിലും അനിഷ്ടം തോന്നിയാൽ അന്ന് അതിരാവിലെ വന്നതുപോലെ ഇങ്ങോട്ട് വന്നാൽ മതിയെന്നും പറഞ്ഞ് ഭാനുവിനും ധൈര്യം കൊടുത്തു.
വേനലവധി കഴിയുന്നതുവരെ ഞങ്ങൾക്ക് കളിക്കാൻ ഒരു കൂട്ടുകാരിയെ കൂടി കിട്ടി. മൂന്നോ നാലോ വർഷം ഭാനുവിന്റെ സേവനം ആ ഡോക്ടറുടെ വീട്ടിൽ ഉണ്ടായിരുന്നു. ആ ഡോക്ടർ കുടുംബവുമായി ഇന്നും നമ്മൾ നല്ല സുഹൃത്ത് ബന്ധം തുടരുന്നു. എത്ര ലാഘവത്തോടെയാണ് ഇലയ്ക്കും മുള്ളിനും കേടു വരാതെ മുത്തശ്ശി ആ പ്രശ്നം കൈകാര്യം ചെയ്തത്. നൂറിലേക്ക് ഒരു വിളി വിളിച്ച് ഭാനുവിനെ പൊലീസിൽ ഏൽപിച്ചു കൊടുത്തു തലയൂരേണ്ട കാര്യമേയുള്ളു മുത്തശ്ശിക്ക്. ഡോക്ടർക്കും നിയമകുരുക്ക് നേരിടേണ്ടി വന്നില്ല, ആ കുഞ്ഞു മനസ്സിനെയും മുത്തശ്ശി നോവിച്ചില്ല. ഞാൻ, എന്റെ സ്വാർഥതാൽപര്യങ്ങൾ ഇതിനുമപ്പുറം ഉള്ള ഒരു സാമൂഹ്യജീവി കൂടിയായിരുന്നു പണ്ടുള്ള മനുഷ്യർ.
അടുത്ത കമ്പാർട്ട്മെന്റിൽ കിടന്ന് അലറി കരയുന്നത് എന്റെ ബന്ധുവോ, മകളോ ഒന്നുമല്ലല്ലോ. ട്രെയ്‌നിന്റെ ചങ്ങല വലിച്ച് നിർത്തുമ്പോൾ ഉണ്ടാകുമായിരുന്ന ചെറിയ അസൗകര്യങ്ങൾ മാത്രമാണ് ആ യാത്രക്കാരെ അതിൽനിന്നു പിന്തിരിപ്പിച്ചത്. തന്നെ ഏൽപ്പിച്ച കേസ് വിജയിപ്പിക്കാൻ ശ്രമിക്കുക മാത്രമാണ് ആളൂര് ചെയ്തത്. സൗമ്യയുടെ നിലവിളി കേട്ടിട്ടും കേട്ടില്ലെന്ന് നടിച്ച് ട്രെയ്‌നിന്റെ ചങ്ങല വലിക്കാൻ തയാറാകാതിരുന്ന യാത്രക്കാർ അല്ലേ കൂടുതൽ കല്ലേറ് ഏറ്റുവാങ്ങേണ്ടവർ എന്ന വേറിട്ട ഒരു ചിന്തയാണ് എനിക്ക് ഉണ്ടായത്.
Content Summary: Malayalam Short Story Written by Mary Josy Malayil