'കുടുംബത്തിനായി മാത്രം ജീവിച്ചവൾ', ഇന്ന് ജീവിതത്തില്‍ ഒറ്റയ്ക്ക്...

HIGHLIGHTS
  • സ്റ്റെല്ല – നിഷ്കാമം (കഥ)
malayalam-short-story-indian-woman-waiting-1
Representative image. Photo Credit:Gourab Bose Photography/Shutterstock.com
SHARE

മുരൻ, ഈ നഗരത്തിൽ ഇന്നെന്റെ അവസാന ദിവസമാണ്, നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. മൂന്ന് വർഷം കൂടുമ്പോൾ ഉണ്ടാകുന്ന സ്ഥലം മാറ്റം പ്രതീക്ഷിച്ചത് തന്നെ. എന്നാൽ ഓർഡർ ഇത്ര വേഗം വരുമെന്ന് കരുതിയില്ല. ഒക്കെ ഒതുക്കി കെട്ടാൻ രണ്ടേ രണ്ടു ദിവസം മാത്രം. ആരെയും സഹായത്തിന് പ്രതീക്ഷിക്കണ്ടല്ലോ. ആകെയുള്ള ആശ്വാസം നീ ചെവിയിൽ ഉള്ളതാണ്. ആരെങ്കിലും ഒരാൾ കേൾക്കാനെങ്കിലും ഉണ്ടല്ലോ, ഒറ്റയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ, തളർന്നുപോകാതിരിക്കാൻ, ഒറ്റപ്പെടാതിരിക്കാൻ ഞാൻ ഓരോ നിമിഷവും ശ്രമിക്കുകയാണ്. നീ പറഞ്ഞപോലെ കാറിന്റെ പുറകിൽ ആദ്യം സാധനങ്ങൾ നിറച്ചു. അത് കഴിഞ്ഞു പുറകിലെ സീറ്റിൽ, ഏതാണ്ട് മുകൾഭാഗം തൊടുന്നത് വരെയുണ്ടായിരുന്നു സാധനങ്ങൾ. മുന്നിലെ സീറ്റിന് താഴെയും  സാധനങ്ങൾ നിറഞ്ഞു, ഇടത് വശത്തെ കണ്ണാടി കാണില്ലയെന്നായി. എത്രവേഗമാ നിനക്ക് ദേഷ്യം വന്നത്. "സുരക്ഷ ആദ്യം", കണ്ണാടി കാണുന്നപോലെ സാധനങ്ങൾ ഞാൻ വീണ്ടും ഒതുക്കി. ഇപ്പോൾ എന്റെ കാർ കണ്ടാൽ ഒരു നാടോടിയെപ്പോലെയുണ്ട്. അല്ലെങ്കിലും ജീവിതം മുഴുവൻ ഇന്നുവരെ നാടോടിയുടെ ജീവിതമായിരുന്നു. ഡൽഹി മുതൽ എത്രയെത്ര നഗരങ്ങൾ. എല്ലാം അതിജീവിച്ചു ഇതുവരെയെത്തി.

ഈ ജോലിയില്ലാതെ പറ്റില്ലല്ലോ, പപ്പ പെട്ടെന്ന് മരണപ്പെട്ടപ്പോൾ, മമ്മി തളർന്നു വീണപ്പോൾ, കുടുംബത്തിന്റെ ഭാരം തലയിലേറ്റി. പപ്പ ജീവിതത്തിൽ ഒന്നുമാത്രമേ പറഞ്ഞുള്ളൂ, നീയൊരു നല്ല ജോലി സമ്പാദിക്കണം, താഴെയുള്ളവരെയെല്ലാം നോക്കണം. തന്റെ ജീവിതം പിന്നെ അതിനായി മാത്രം ഉഴിഞ്ഞുവെച്ചു. ഓരോ നഗരത്തിനോടും വിട പറയുമ്പോൾ ഒരുപാട് ഓർമ്മകൾ കൂടെ കൂട്ടുന്നുണ്ട്. ജീവിതത്തിന്റെ ഒരോ വെല്ലുവിളികളെയും തനിയെ നേരിടാൻ പഠിപ്പിച്ച നഗരങ്ങൾ. എന്റെ ഈ ജോലിയാണ് കുടുംബത്തെ മുന്നോട്ട് കൊണ്ടുപോയത്. താഴെയുള്ള നാലുപേരെയും പഠിപ്പിച്ചു, നല്ല ജോലികൾ കിട്ടി, അവരും അവരുടെ മക്കളും എനിക്ക് മക്കളായിരുന്നു. ഓരോ മക്കളുടെയും സ്കൂൾ തുറക്കുമ്പോഴും, പിറന്നാൾ ആകുമ്പോഴും, ക്രിസ്തുമസ്സിനും ഈസ്റ്ററിനും ഓണത്തിനും വിഷുവിനും പെരുന്നാളുകൾക്കും എല്ലാം പുതുവസ്ത്രങ്ങളും സമ്മാനങ്ങളും നൽകി. എന്തിന്, അവരുടെ വിവാഹങ്ങൾക്ക് ഞാൻ തന്നെ സ്വർണ്ണാഭരണങ്ങൾ വാങ്ങി നൽകി. അഭിമാനത്തോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുമ്പോൾ, ഞാൻ പപ്പയോട് പ്രാർഥിച്ചു പറഞ്ഞു, ഈ മകൾ അച്ഛൻ പറഞ്ഞ കടമകൾ എല്ലാം ചെയ്യുന്നു, എനിക്ക് പപ്പയുടെ അനുഗ്രഹങ്ങൾ മാത്രം മതി.

പോകുന്ന വഴിയിലാണ് അനുജത്തിയുടെ വീട്, നീണ്ട യാത്ര ആയതിനാൽ അവിടെയൊന്ന് വിശ്രമിക്കാമെന്ന് കരുതി. തനിച്ചു എത്ര ദൂരെയായാലും ഇപ്പോൾ വണ്ടിയോടിച്ചുപോകാൻ എനിക്ക് ഭയമൊന്നുമില്ല. ജീവിതം നേരിടാനുള്ളതാണ്, നേരിട്ടല്ലേ മതിയാകൂ, ഒളിച്ചോടി തീർക്കാനുള്ളതല്ല ജീവിതം. അനിയത്തിയുടെ വീട്ടിൽ വിശ്രമിക്കുമ്പോഴാണ് ഓണമൊക്കെ അടുത്തല്ലോ എന്നോർമ്മ വന്നത്. അവർക്കെല്ലാം ഓണപ്പുടവയെടുത്ത് കൊടുക്കാമെന്ന് കരുതി, വലിയ ഷോപ്പിൽ പോയി, അവർക്കാവശ്യമുള്ളതെല്ലാം അനിയത്തിക്കും, ഭർത്താവിനും, അവരുടെ മക്കൾക്കും എല്ലാം വാങ്ങിക്കൊടുത്തു. മുമ്പേ പറഞ്ഞല്ലോ, വലിയവരായാലും, ചെറിയവരായാലും അവരെല്ലാം എന്റെ മക്കൾ തന്നെയാണ്. പുറത്തു നിന്നായിരുന്നു ഭക്ഷണം. എന്തോ, അനിയത്തിയുടെ മകന് അത് വയറ്റിൽ പിടിച്ചില്ലെന്ന് തോന്നുന്നു. അവൻ ഛർദ്ദിച്ചു തളർന്നിരുന്നു. എന്റെ മകന് എന്തുപറ്റിയെന്ന്‌ ചോദിച്ചു അവന്റെ അരികിൽ ഞാനുമിരുന്നു. കുറച്ചു വിശ്രമിച്ചാൽ ശരിയാകുമെന്ന് പറഞ്ഞു അവൻ കിടന്നു.

പെട്ടെന്നാണ് ആരോ മരിച്ചെന്ന് പറഞ്ഞു ഒരു ഫോൺ വന്നത്, അടുത്ത ബന്ധുവൊന്നുമല്ല. എങ്കിലും എല്ലാവരും പെട്ടെന്ന് പോകാൻ തയാറായി. അനിയത്തി വന്ന് മോനോടും തയാറാവാൻ പറഞ്ഞു. ഞാൻ ചോദിച്ചു, അവൻ തളർന്നിരിക്കുകയല്ലേ, ഒന്ന് വിശ്രമിച്ചോട്ടെ, ഞാനും ഇവിടെയുണ്ടല്ലോ. പെട്ടെന്നായിരുന്നു അനിയത്തി എന്റെ നേരെ തിരിഞ്ഞു പറഞ്ഞത്. "ചേച്ചിക്കല്ലെങ്കിൽ എങ്ങനെ സ്വന്തബന്ധങ്ങൾ അറിയാം. നിങ്ങൾ തനിയെ താമസിച്ചു ജീവിച്ചു, നിങ്ങൾക്ക് കുടുംബമായി പോകേണ്ടതിനെ കുറിച്ചോ, എല്ലാവരുമായി സഹകരിക്കുന്നതിനെകുറിച്ചോ എന്തറിയാം". എനിക്ക് ഷോക്കേറ്റതുപോലെയായി മുരൻ. വീണുപോകാതിരിക്കാൻ ഞാൻ തൊട്ടടുത്ത തൂണിൽ രണ്ടു കൈകൾ ചേർത്ത് പിടിച്ചു. "ആരെങ്കിലും  മരിച്ചാലോ, കല്യാണത്തിനോ, അതോ എന്ത് ചടങ്ങിനായാലും ഞങ്ങൾ കുടുംബം ഒന്നായി തന്നെയാണ് പോകാറ്, ചേച്ചിക്കത് മനസ്സിലാകില്ല" അനിയത്തിയുടെ ഭർത്താവും പൂർത്തിയാക്കി. "ഞാനെന്റെ മോന് സുഖമില്ലാത്തതിനാലാണ് പറഞ്ഞത്" എന്ന് പറയാൻ നാവിൽ വന്നു. എന്റെ മോൻ എന്നൊക്കെ ഇനി പറയാനാകുമോ എന്ന് ഞാൻ സംശയിച്ചു. "കുട്ടിക്ക് സുഖമില്ലല്ലോ, അതാ അങ്ങനെ പറഞ്ഞത്, ക്ഷമിക്കുക" ഞാൻ പറഞ്ഞു.

പുറത്തേക്കിറങ്ങി, ഞാൻ മുറ്റത്ത് നടന്നു, ഞാൻ, കുടുംബം എന്തെന്ന് അറിയാത്തവൾ, ഈ ജീവിതം ഇന്നുവരെ കുടുംബത്തിനായി മാത്രം ജീവിച്ചവൾ. എന്റെ  കണ്ണുകൾ നിറഞ്ഞൊഴുകി, അതാണ് മുരൻ, നിന്നെ വീണ്ടും വിളിച്ചത്. എനിക്ക് പറയാൻ നീയല്ലേ ഉളളൂ. നിന്റെ സമാശ്വാസ വാക്കുകൾ വളരെ പെട്ടെന്ന് എന്റെ മനസ്സിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സഹായിച്ചു. അവർക്ക് ഓണത്തിന് വേണ്ടതെല്ലാം വാങ്ങിക്കൊടുത്തുകഴിഞ്ഞു, തന്റെ കടമകൾ കഴിഞ്ഞിരിക്കുന്നു. താനിനി എന്തിന് ഇവിടെ കാത്തു നിൽക്കണം. "നിങ്ങൾ ഇറങ്ങുകയല്ലേ, ഞാനും ഇറങ്ങുകയാണ്" ഞാൻ അനിയത്തിയോട് പറഞ്ഞു. "ഒരു ദിവസം ഇവിടെ താമസിച്ചിട്ട് പോകാം എന്നല്ലേ ചേച്ചി പറഞ്ഞത്, പിന്നെയെന്താണ് മാറ്റിയത്?" അനിയത്തി ചോദിച്ചു. "ഓഫിസിൽ നിന്ന് ഫോൺ വന്നു, നാളെത്തന്നെ അവിടെ ജോലി തുടങ്ങണം". ഞാൻ പറഞ്ഞു. ഞാൻ ഇറങ്ങി, വണ്ടി നല്ല വേഗതയിൽ ആയിരുന്നു, ഞാനെന്തിനാണ് ഇങ്ങനെ ജീവിക്കുന്നത്. ഞാൻ മാത്രം ഒറ്റ, കുടുംബബന്ധങ്ങൾ അറിയാത്തവൾ, എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. 

മുന്നിൽ ഒരു ബസ്സ് പെട്ടെന്ന് നിർത്തി, ഭാഗ്യംകൊണ്ട് മാത്രം അതിൽ ഇടിച്ചില്ല. ഈ ചിന്തകൾ ശരിയാവില്ല എന്നെനിക്ക് മനസ്സിലായി, ആ സമയത്താണ് മുരൻ, നീ വീണ്ടും വിളിച്ചത്. നിന്റെ നിർബന്ധമായിരുന്നു, വണ്ടി നിർത്താനും, ചായ കുടിക്കാനും, എന്തെങ്കിലും ഇഷ്ടമുള്ളത് കഴിക്കാനും. ചായകുടി കഴിഞ്ഞപ്പോൾ ഞാൻ കുറച്ചു ശാന്തമായി എന്നെനിക്ക് തോന്നി. അപ്പോഴാണ് നീ ചോദിച്ചത് "മറ്റുള്ളവരെക്കൂടി വിളിക്കുന്നില്ലേ, അവർക്ക് വേണ്ടതും വാങ്ങി കൊടുക്കൂ, അല്ലെങ്കിൽ പണം ഗൂഗിൾ പേ ചെയ്യൂ" മുരൻ, നിനക്കെന്നെ അറിയാം, നീ പറഞ്ഞത് തന്നെയാണ് ശരി. ഞാൻ ഫോണെടുത്ത് മറ്റൊരു അനിയത്തിയെ വിളിച്ചു, "മോളെ, ഓണത്തിന് നിങ്ങൾക്ക് എന്തൊക്കെയാണ് വേണ്ടത്?"

Content Summary: Malayalam Short Story ' Stella Nishkamam ' Written by Kavalloor Muraleedharan

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS