ADVERTISEMENT

കവി നിറുത്തിയെടുത്തു നിന്നാണ് വായനക്കാർ വായിച്ചു തുടങ്ങുന്നത്. അത് കവിയുടെ 'മനോഭാവത്തെ' ഉൾക്കൊണ്ടുമാകാം, അല്ലാതെയുമാകാം. ഓരോ കവിതയും ഒരായിരം ആശയങ്ങളെയാണ് പ്രസവിക്കുന്നത്. പലപ്പോഴും അത് കവി ഭാവനകൾക്കുമപ്പുറമാവും. തന്റെ ആശയങ്ങളെ വാക്കുകളുടെ മറപിടിച്ച്, കവിതകളാക്കി അവതരിപ്പിച്ച പുസ്തകമാണ് ഇയാസ് ചൂരൽമലയുടെ "ഒന്നല്ല രണ്ടാണ്." പുസ്തകത്തിന്റെ ശീർഷകത്തിൽ തുടങ്ങുന്ന ജിജ്ഞാസ അവസാന പേജ് വരെയും നമ്മെ ത്രസിപ്പിച്ചു നിർത്തുന്നുണ്ട്. ബാല്യവും വിശപ്പും രാഷ്ട്രീയവും തുടങ്ങി സമകാലികമായ എല്ലാ വിഷയങ്ങളെയും സമം ചേർത്താണ് പുസ്തകം രചിച്ചിരിക്കുന്നത്. കവിത രൂപം കൊണ്ട സന്ദർഭവും സാഹചര്യവും മനസ്സിലാക്കി കവിത വായിക്കുമ്പോൾ അതിന്റെ മനോഹാരിത വർധിക്കുന്നത് കൊണ്ടുതന്നെ, വായനക്കാർ അവകളെ കുറിച്ച് ബോധവാന്മാരാണെങ്കിൽ ഓരോ കവിതയും ഇരട്ടി മധുരമായിരിക്കും. തന്നെ വായിക്കുമോ എന്നത് ഓരോ എഴുത്തുകാരനെയും നിരന്തരം അലോസരപ്പെടുത്തുന്നൊരു ചോദ്യമാണ്. 'ഞാൻ നട്ട കവിതകളിൽ' കവിയുടെ ആ ആദി നമുക്ക് കാണാം. എങ്കിലും ആശയവും ആദർശബോധവുമുള്ള ചിലർ തന്റെ കവിതകൾക്ക് വെളിച്ചമേകാൻ വരുമെന്നതാണ് കവിക്കുള്ള ആശ്വാസം. മികച്ച ആശയങ്ങളെ യുഗങ്ങൾക്കിപ്പുറവും ജനം വായിക്കുന്നതിന് കാലം തന്നെയല്ലേ സാക്ഷി.

അരാഷ്ട്രീയതയുടെ അനുഭൂതികളിലകപ്പെട്ട് അകാരണമാം ജീവൻ പൊലിഞ്ഞവർക്കുള്ള അല്ല, ജീവൻ ത്യജിക്കാൻ ഒരുങ്ങുന്നവർക്കുള്ള മുന്നറിയിപ്പു കൂടിയാണ് 'ഓർമ്മ പ്രതിഷ്ഠ'. രക്തസാക്ഷിയെന്ന് മുദ്രകുത്തി കവല‌കളിലെ സ്തംഭങ്ങളാകുന്നവരുടെ കുടുംബ പശ്ചാത്തലം, ചിന്തിക്കാനും പറയാനും ഏറെ നൽകി കവി ആവിഷ്കരിക്കുന്നുണ്ട്. ആൾകൂട്ടത്തിൽ ഒറ്റപ്പെട്ടുവെന്ന് തോന്നുന്നവരുടെ ഹൃദയങ്ങളെ വരച്ചിടുകയാണ് 'കനലൊരു തരി'. തന്റെ ഉള്ളിൽ നീറി നീറി പുകയുന്ന ഒരായിരം പ്രശ്നങ്ങൾ തന്നെ തന്നെ കാർന്നു തിന്നുകൊണ്ടിരിക്കുന്നു. തന്റെ പ്രശ്നം അവനോ അവളോ അല്ല, മറിച്ച് താൻ തന്നെയാണെന്ന് തിരിച്ചറിയുമ്പഴേക്കും അയാൾ ഏറെ വൈകിയെന്നും, ജീവിതം തന്നെ നശിച്ചുവെന്നും തിരിച്ചറിവ് അയാൾക്കുണ്ടാകുന്നു. ഇല്ലാ വ്യഥകളെ ഓർത്ത്, നഷ്ട സൗഭാഗ്യങ്ങളെ ഓർത്ത് ചടഞ്ഞിരിക്കുന്നവർക്കായുള്ള ഒരു പിൻതാങ്ങായിതിനെ കണക്കാക്കാം.

കണ്ണുരുട്ടി, ബെഞ്ചിലടിച്ച് ക്ലാസ്സിനെ നിശബ്ദമാക്കിയിരുത്തി ക്ലാസ്സെടുക്കുന്ന മാഷ്മാരിൽ നിന്നും വ്യത്യസ്തനെ തിരയുകയാണ് 'കണക്കുമാഷ്'. നമ്മുടെ നൊസ്റ്റാൾജിക്ക് ഓർമകളിലെ കണക്കുമാഷിനെ അപ്പാടെ തിരുത്തുകയാണ് കവി. ഒരു പക്ഷെ, ഒരു മാഷ് എങ്ങനെയാവണമെന്ന് സൂചിപ്പിക്കുകയുമാവാം. വിശപ്പകറ്റുവാൻ തന്റെ മുമ്പിൽ ഒരു പൊതിച്ചോറുമായി പ്രത്യക്ഷപ്പെടുന്ന 'എന്റെ ദൈവവും', ധാരാളിത്തവും അമിതവ്യയവും മൂലം 'വിശപ്പറിയാത്തവരും' ഇന്നിന്റെ സത്യങ്ങളാണ്. അവരെ ഒരു പക്ഷേ നാം നാളെയും കണ്ടേക്കാം..! കഷ്ടം. അവളുടെ 'അവധി' പ്രകൃതിയെതന്നെ അലോസരപ്പെടുത്തുന്നെന്ന് മാത്രമല്ല, നാലുപാടും ഉറക്കെ ചോദിക്കുന്നുമുണ്ട്. തിരിച്ചറിയാതെ, വിലനൽകാതെ അവളെ കാണുന്നവർക്ക് ഇതൊരു മറുപടിയാണ്. ചുട്ട മറുപടി. കമ്പോളങ്ങളിലെ കാഴ്ച്ച വസ്തുവോ, പ്രദർശനവസ്തുവോ ആക്കാനുള്ള 'ഒന്നല്ല', മറിച്ച് സ്വത്തവും വ്യക്തിത്വവും മനസ്സിലാക്കി മാനിക്കേണ്ട 'രണ്ടാണ്' സ്ത്രീയും പുരുഷനും. ലൈംഗികാസക്തിയോടെ മാത്രം സ്ത്രീയെ കാണുന്ന ലിബറലിസവും, സ്വയമേറ്റെടുത്ത ദൗത്യത്തിൽ നിന്ന് തെന്നിമാറുന്ന ഫെമിനിസവും കവിതയ്ക്ക് മറുപടി പറയണം.

ഭൂമിയിൽ ഒന്നിനും ഒരാൾക്കും ശല്യമാകാതെയുള്ള 'എന്റെ ഉറക്കം' സാധ്യമാണോ? സാധ്യമാകും; മരണത്തിലൂടെ. നന്മയും ധാർമ്മികതയും ഗുണദോഷിക്കുമ്പോൾ, നേർവഴി തിരിക്കുമ്പോൾ കേവലം വിഡ്ഢികളും കോമാളികളും മാത്രമായിപ്പോകേണ്ടി വരുന്ന ആരും അങ്ങനെയൊരു ഉറക്കം കൊതിക്കും. കാരണം, അപ്പോൾ എനിക്കൊന്നും കേൾക്കേണ്ടതില്ല, കാണേണ്ടതില്ല. വ്യത്യസ്തങ്ങളായ വിഷയങ്ങളിൽ വൈവിധ്യമായ ഓരോ കവിതകളും ഒന്നിനൊന്നു മെച്ചം തന്നെ. ഓരോ കവിതകളിലും പുതിയ പുതിയ മാറ്റങ്ങളെ കവി പരീക്ഷിക്കുന്നുമുണ്ട്. പല കവിതകളിലെയും ആദ്യാക്ഷരപ്രാസവും ശൈലി മാറ്റവുമെല്ലാം ഇതിനുദാഹരിക്കാം. ആശയങ്ങൾക്ക് മരണമില്ല. അവ ഓരോ കാലത്തും പുത്തനാദർശങ്ങളായി രൂപം പ്രാപിക്കും. അവിടെ താനും തന്റെ നിലപാടും കവി വ്യക്തവും കൃത്യവുമായി വരച്ചിടുന്നുണ്ട്.

Content Summary: Malayalam Article ' Kavitha Vaakkukalum Ashayangalum Samam Chernnathu ' Written by Majid Mannumkulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com