എനിക്കിന്ന് കതിരിന്റെ മണമാണ്
പക്ഷികൾ വരുമായിരിക്കും,
കൊത്തിപ്പകുത്ത് കളിച്ചു മറിഞ്ഞു
വിളവെടുപ്പിന്റെ വിളവെടുക്കാൻ
കുഞ്ഞുപാദങ്ങൾ കൃഷിക്കാരന്റെ
പോൽ കഠിനമായി ചവിട്ടില്ല
അവർ ഇടയ്ക്ക് ചിരിക്കും, ചിരി -
എനിക്കേറേ ഇഷ്ടമാണ്
അയാൾ പലപ്പോഴും ചിരിച്ചിരുന്നില്ല,
പകുതി അടച്ച മനസും!
അല്ലെങ്കിൽ വെയിലിൽ വിയർത്തു
ആർക്കെങ്ങനെ ചിരിക്കാനാവും..?
മഴയും കാറ്റും വേനലും..., ചിരി-
അയാൾക്കൊപ്പം ഞാനും മറന്നോ?
അല്ല, പുതു ഞാർ നട്ട ദിനത്തിൽ
അയാൾ ചിരിച്ചിരുന്നു. ഞാനും
പണ്ടൊക്കെ പാട്ടുണ്ടായിരുന്നു
ഇപ്പോൾ ശടപട ശബ്ദങ്ങൾ...,
പണ്ടൊക്കെ അവർ വരമ്പത്തിരുന്നു
കഥയും പറഞ്ഞിരുന്നു
"ഞാനങ്ങനെ ലോകം കണ്ടേ...
ഏനൊപ്പം നീയും കണ്ടേ...
നീ പിന്നെ എന്നെ മറന്നേ..
ഞാൻ നിന്നെ കാത്തുമിരുന്നേ.."
ചിരി വരുന്നുണ്ടോ
കുട്ടികൾ വരണുണ്ട്.., മണ്ണിന്റെ,
എന്റെ മനസിന്റെ ഭാഗമാകാൻ.
ഇനി കളികഴിഞ്ഞു കാണാം
Content Summary: Malayalam Poem ' Mannu ' Written by Litheesh