ഓർമ്മതൻ ജാലകവാതിൽ കടന്ന്
ഓണക്കിളികൾ പറന്നെത്തി.
നാടും നഗരവും പൂത്തൊരുങ്ങി
മാവേലി മന്നനെ വരവേൽക്കാനായി
സ്മൃതികളിൽ മായാതെ
കൊഴിയാതെ നിൽപ്പുണ്ട്
ഒരു കുടന്ന നിറയെ ഓണപൂക്കൾ.
മുത്താറി കുന്നിലും പാടത്തും തൊടിയിലും
പൂക്കളെ തേടി അലഞ്ഞിരുന്നു.
ചന്തമേറും മുള്ളിൻ പൂക്കളും
തൂവെണ്ണ തോൽക്കും തുമ്പപൂവും,
ചുണ്ട് ചുവപ്പിച്ചു ചെമ്പരത്തിയും,
കാക്കപ്പു, തെച്ചിപ്പു, നന്ത്യാർ വട്ടങ്ങളും..
ചാണകമെഴുകിയ തിരുമുറ്റത്ത് പൂക്കളം,
കൂട്ടുകാരോടൊത്ത് തീർത്തിരുന്നു.
വറുതി മാസം കഴിഞ്ഞെത്തുന്ന ചിങ്ങത്തെ
മതിവരാതെ ഞാൻ സ്നേഹിച്ചിരുന്നു.
കൊതിയൂറും സദ്യവട്ടങ്ങൾ ഒന്നുമില്ലെങ്കിലും
പശി മാറ്റാൻ തിരുവോണം തന്നിരുന്നു.
പുത്തനുടുപ്പിന്റെ മാദക ഗന്ധവും..
കൂട്ടുകാരോടൊത്തുള്ള പൂവിളിയും...
തുമ്പിയും പൂക്കളും നാട്ടിടവഴികളും
ഓർമയായി മാറിടുമ്പോൾ അറിയുന്നു
നോവായി നിറയുന്നു
പോയകാലത്തിന്റെ സൗകുമാര്യം.
ചിങ്ങമേ നന്ദി.. തിരുവോണമേ നന്ദി..
നന്മയും, സ്നേഹവും സമൃദ്ധമായി
വിളയട്ടെ മാമലനാട്ടിൽ ഒന്നാകെ..
Content Summary: Malayalam Poem ' Thiruvoname Nandi ' Written by Binoj C. P.