പത്രോസ് ജോലിയിൽ നിന്നും വിരമിച്ചിട്ട് രണ്ട് വർഷം തികഞ്ഞു. മുഴുവൻ പേര് പത്രോസ് മത്തായി. പേരുകേട്ട തറവാടിലെ അംഗം. എല്ലാ രീതിയിലും മറ്റുള്ളവരിൽ മതിപ്പുള്ളവാക്കുന്ന പശ്ചാത്തലം. പക്ഷെ ഈയിടെയായി പുള്ളിക്കൊരു മിസ്സിംഗ്. ചുരുക്കി പറഞ്ഞാൽ ജീവിതം മടുത്തു തുടങ്ങി എന്ന് പറയുന്നതാവും ശരി. റിട്ടയർമെന്റിനു ശേഷം ആദ്യ വർഷം വീട്ടുകാര്യവും മറ്റും നോക്കി കഴിച്ചു കൂട്ടിയെങ്കിലും പിന്നെ അങ്ങോട്ട് മനസ്സിന് എന്തോ ഒരു വൈക്ലബ്യം. സ്ഥിരമായി അകാരണമായ ദുഃഖം ദേഷ്യം തുടങ്ങിയ വികാരങ്ങൾ തോന്നി തുടങ്ങിയിട്ടുണ്ടെങ്കിൽ അത് ഡിപ്രെഷൻ തന്നെയാണ്. ഭാര്യയും പിള്ളേരും പറഞ്ഞപ്പോൾ പത്രോസ് ഒരു സൈക്കോളജിസ്റ്റിനെ കാണാൻ പോയി. പ്രശ്നം അവിടെയും തീരാത്തപ്പോൾ മരുന്ന് കഴിച്ചു തുടങ്ങി. ഒരു മാസം കഴിഞ്ഞപ്പോൾ അതും നിറുത്തി. ജോലിയിൽ നിന്നും വിരമിക്കുമ്പോൾ സാധാരണയല്ലേ എന്ന് നിങ്ങൾ ചോദിക്കുമായിരിക്കും. പക്ഷെ ഇവിടെ ഒരു വ്യത്യാസമുണ്ട്. കാരണം വിരമിക്കൽ അല്ല ഇതിന് കാരണം എന്നത് തന്നെ.
ഏതൊരു സത്യക്രിസ്ത്യാനിയെ പോലെ പള്ളിയിലും മറ്റും കൃത്യമായി പോകുമെങ്കിലും മനസ്സിൽ അത് ചടങ്ങ് മാത്രമായിരുന്നു പത്രോസിന്. അങ്ങനെ ഇരിക്കെ കുറച്ചുനാൾ മുൻപ് ആരോ അയച്ചു കൊടുത്ത ലിങ്കിൽ നിന്നും തുടങ്ങിതാണ് ആപ്തവാക്യങ്ങൾ വായിക്കൽ. ശ്രീബുദ്ധൻ പറഞ്ഞ ചില ആപ്തവാക്യങ്ങൾ വാട്സാപ്പിലും പിന്നെ യൂട്യുബിലും വായിച്ചും കണ്ടും മനഃപാഠമാക്കി കക്ഷി. ഒരു വിശ്വാസി ആണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയാൻ പറ്റില്ല. ആത്മവിശ്വാസി എന്ന് പറയുന്നതാവും ശരി. മറ്റുള്ളവരെ ഉൾകൊള്ളാനുള്ള മനസ്സ് അത് ഏതായാലും ഉണ്ട്. പലർക്കും അത് ബോധ്യപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ ദിവസം പഴയ സഹപാഠികളുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞ ശേഷമാണു ഈ മിസ്സിംഗ് കൂടുതലായത്. കോളേജ് സുഹൃത്തുകളിൽ പലരുമായി ഇപ്പോഴും വാട്സാപ്പിലും മറ്റും ബന്ധം പുലർത്തിയിരുന്നെങ്കിലും അവരും ഏറെ മാറി കഴിഞ്ഞു എന്ന് മനസ്സിലായപ്പോൾ പോലും വിഷമം തോന്നിയില്ല. പണ്ട് തോന്നിയ പ്രണയങ്ങൾ പോലും നിറം മങ്ങിയ ഓർമ്മകളായി. ബുദ്ധൻ പറഞ്ഞതെത്ര ശരി. “ആഗ്രഹങ്ങളാണ് സകല ദുഖങ്ങൾക്കും കാരണം”. ഇതിന്റെ കൂടെ ഒരു ആപ്തവാക്യം കൂടി അയാൾ ചേർത്ത് വായിച്ചു. “ഫെമിലിയാരിറ്റി ബ്രീഡ്സ് കൺടെമ്പ്റ്റ്”. പച്ചക്ക് പറഞ്ഞാൽ ഒരു വ്യക്തിയെ കൂടുതൽ അറിയും തോറും ആ വ്യക്തിയോടുള്ള പുച്ഛം വർധിക്കും. ഈ പറഞ്ഞത് ശരിക്കും വയസ്സാവും തോറും ഒരു മനുഷ്യൻ കൂടുതൽ കൂടുതൽ അനുഭവിച്ചറിയുന്നു. പത്രോസ് ഈ സത്യം അടുത്തറിയാൻ തുടങ്ങിയത് ഈയിടെയാണ്. ശ്രദ്ധിച്ചു തുടങ്ങിയത് എന്ന് പറയുന്നതാവും ശരി. സമൂഹത്തിന്റെ മുന്നിൽ വെള്ളപൂശി നടക്കുകയും പ്രമാണിമാരെന്നു സ്വയം വിശ്വസിക്കുകയും മറ്റുള്ളവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ബന്ധുക്കൾ മുതൽ പഴയ പരിചയക്കാർ വരെ ഈ ഗണത്തിൽ പെടും.
നേരത്തെ പറഞ്ഞ ശൂന്യത പിടിമുറുക്കിയപ്പോഴാണ് ആരോ യോഗയെ കുറിച്ചും മൈൻഡ്‌ഫുൾനെസ്സിന്റെ ഗുണങ്ങളെ കുറിച്ചും പറഞ്ഞത് പത്രോസിന്റെ ശ്രദ്ധയിൽ പെട്ടത്. അതിന്റെ പൊരുൾ തന്നെക്കാൾ ഒരു പത്തിരുപതു വയസിനു ഇളപ്പമുള്ള ഇൻസ്‌ട്രക്ടർ ലളിതമായി പറഞ്ഞപ്പോൾ ആദ്യം വിശ്വാസമായിലെങ്കിലും പതുക്കെ പതുക്കെ പ്രായോഗികതലത്തിലേക്ക് കിടന്നപ്പോൾ ഗുണം കണ്ടു തുടങ്ങി. സ്വന്തം പ്രവർത്തികളാണ് ഒരാളുടെ മനസ്സികാവസ്ഥയെ നിർണയിക്കുന്നതെന്ന തിരിച്ചറിവാണ് പ്രധാനം. മനസ്സമാധാനം, സുഖനിദ്ര നല്ല ഭക്ഷണം ഇതൊക്കെ മതി സന്തോഷത്തിന്. ഇൻസ്‌ട്രക്ടർ പയ്യൻ പറഞ്ഞു നിർത്തുമ്പോൾ പത്രോസ് തന്റെ പഴയ ഓഫീസ് മുറിയും പത്രാസ്സും ഓർത്തു പോയി. അതാണല്ലോ ഇതിനൊക്കെ കാരണം.
“ഡിസ്സയർ ഈസ് തെ ക്കോസ് ഓഫ് ഓൾ സോറോസ്സ് മൈ ഡിയർ മാൻ”. ബുദ്ധൻ പറഞ്ഞ ആ പരമ സത്യം ഐഎഎസ്സുകാരനായ പയ്യൻ ബോസ്സ് ഒരിക്കൽ തന്നെ മറ്റുള്ളവരുടെ മുന്നിൽ വച്ചു നിറുത്തി പൊരിപ്പിച്ച ശേഷം പറഞ്ഞതപ്പോൾ തോന്നിയ അതെ ശൂന്യത തന്നെയല്ലേ ഇപ്പോഴും തോന്നുന്നത്. അന്ന് ഫയലിൽ രതീഷിനു സ്ഥാനകയറ്റം നൽകാൻ എഴുതിയത് അവനെ സഹായിക്കാൻ വേണ്ടി തന്നെയായിരുന്നെങ്കിലും അവൻ എന്ത് കൊണ്ടും അതിന് അർഹനായിരുന്നു. പക്ഷെ അത് ലഭിക്കാൻ അഞ്ച് വർഷം കൂടി അവൻ വേണ്ടി വന്നു എന്നതും നീതി നിഷേധം തന്നെയാണ്. ബുദ്ധൻ ഇങ്ങിനെയൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും “കരയുന്ന കുട്ടിക്കേ പാലുള്ളു” എന്നത് മറ്റൊരു ലോകസത്യം. സെൽഫ് മാർക്കറ്റിംഗ് നടത്താത്തവന് അർഹിക്കുന്ന സ്ഥാനമോ പദവിയോ കിട്ടില്ല ഈ കാലത്തു എന്നത് രാവിലെ പത്രം തുറന്നാലോ നിരത്തിലിറങ്ങിയാലോ വ്യക്തമാകും. പഞ്ചായത്ത് മെമ്പർ തൊട്ട് ലോക നേതാക്കൾ വരെ ഇതല്ലേ ചെയ്യുന്നത്. മെമ്പർ ഫ്ലെക്സ് ബോർഡ് വെയ്ക്കുമ്പോൾ ഉന്നതങ്ങളിൽ വിരാജിക്കുന്നവർ ജനങ്ങളുടെ ചിലവിൽ തങ്ങൾ കൊടുത്ത വാഗ്ദാനങ്ങൾ നടപ്പിലാക്കി എന്ന് കൊട്ടിഘോഷിക്കുന്ന പരസ്യങ്ങൾ പത്രങ്ങളിലും, മാധ്യമങ്ങളിലും സൈബർ ലോകത്തും തെക്കെട്ടും വടക്കോട്ടും എന്ന് വേണ്ട എല്ലാ ദിശകളിലും ഇടതടവില്ലാതെ ചീറി പായിച്ചു കൊണ്ടേയിരിക്കുന്നു. ഈപ്രയോഗം ചെയ്തില്ലെങ്കിൽ അടുത്തപ്രാവശ്യം കസേര കാണില്ല എന്നത് ഉറപ്പ്. ഇതൊക്ക എന്തിനിവിടെ പറയുന്നു എന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടാവാം. പത്രോസ് ചെയ്യാത്തതും ഇതാണ്. സെൽഫ് മാർക്കറ്റിംഗ്. മുൻപേ സൂചിപ്പിച്ച മിസ്സിങ്ങിന്റെ ഒരു പ്രധാന കാരണം മേല്പറഞ്ഞ കാര്യങ്ങളുമായി ബന്ധപെട്ടു കിടക്കുന്നു എന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞത്. ഇത് പോലുള്ള മിസ്സിങ്ങുകളുമായി എത്രയോ പത്രോസ് മത്തായിമാർ ജീവിക്കുന്നുണ്ടാവും മരിച്ചിട്ടുണ്ടാവും. പലരും മരിച്ചു ജീവിക്കുന്നുമുണ്ടാവാം. അവരൊക്കെ സെൽഫ് മാർക്കറ്റിങ്ങിൽ പരാജയപ്പെട്ടവരാക്കാനാണ് സാധ്യത.
ഇനി കഥനായകനായ പത്രോസ്സിലേക്കു തിരിച്ചു വരാം. നേരത്തെ പറഞ്ഞ ചികിത്സകൾ ഫലം കാണാതെ വന്നപ്പോൾ ഇനി ഇത്തരത്തിൽ ഒരു പരിപാടിയും വേണ്ട എന്ന് തീരുമാനിച്ചതാണ് കക്ഷി. അപ്പോഴാണ് യോഗ ക്ലാസ്സിൽ പോകുന്ന സുഹൃത്ത് പുതിയ ക്ലാസ്സ് ആരംഭിച്ചതിനെ കുറിച്ച് പറഞ്ഞത്. അങ്ങിനെയാണ് മൈൻഡ്ഫുൾനെസ്സ് എന്ന് ജീവിത രീതി ഒന്ന് പരീക്ഷിച്ചു കളയാം എന്ന് തീരുമാനിച്ചതും. ക്ലാസ്സ് എടുക്കുന്ന ആൾ ഒരു പയ്യനാണെന്നും അതും ഒരു ഫ്രീക്കൻ കൂടിയാണെന്നും മനസ്സിലാക്കിയപ്പോൾ അതിനു പോണ്ട എന്ന് വിചാരിച്ചു പത്രോസ്. ന്യൂജെൻ എന്ന കേട്ടാൽ അലർജിയാണ്. ഏതായാലും ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി ആദ്യ ക്ലാസ്സിനു പോകാൻ തീരുമാനിച്ചു.
ഓരോ നിമിഷവും അതിന്റെ പൂർണതയിൽ ജീവിക്കുക എന്ന് ആശയം ആണ് ക്ലാസ്സിന്റെ പൊരുൾ. ഇംഗ്ലീഷിൽ പറഞ്ഞാൽ മൈൻഡ്ഫുൾനെസ്സ്. ആദ്യത്തെ ക്ലാസ്സ് കഴിഞ്ഞു ഭാര്യയോട് എന്തെങ്കിലും ഒഴുവു കിഴിവ് പറഞ്ഞു നിർത്താനായിരുന്നു പരിപാടി. പക്ഷെ രണ്ട് ക്ലാസ്സ് കഴിഞ്ഞപ്പോൾ തന്നെ പത്രോസ് തീരുമാനം മാറ്റി. അന്നത്തെ ക്ലാസ്സ് മതിയാക്കി ഇറങ്ങുമ്പോൾ പയ്യനോട് പത്രോസ് ചോദിച്ചു. എന്റെ ഉള്ളിൽ കൃത്യമായി പറഞ്ഞാൽ നെഞ്ചിന്റെ ഇടത്തെ ഭാഗത്തു എന്തോ ഇരിക്കുന്ന പോലെ. അത് മനസ്സിന്റെ ഭാരമാണെന്ന് വ്യക്തം. എങ്ങിനെ ഇറക്കി വെയ്ക്കാം. പയ്യൻ ഒരു ഭാവഭേദവും ഇല്ലാതെ പറഞ്ഞു. സാറ് ഒരു കാര്യം ചെയ്യ്. ഇപ്പോൾ അടുത്ത ബസ്സ്സ്റ്റോപ്പ് വരെ നടത്തത്തിലും ശ്വാസനത്തിലും മാത്രം ശ്രദ്ധിച്ചു നടക്കുക. എന്തെങ്കിലും ചിന്ത വന്നാലും അതിലേക്കിറങ്ങാതെ വീണ്ടും മേല്പറഞ്ഞ പ്രവർത്തികൾ തുടരുക. അവൻ പറഞ്ഞ കാര്യങ്ങൾ പ്രയോഗികമാക്കി കൊണ്ട് അടുത്തതിന്റെ അടുത്ത ബസ്സ് സ്റ്റോപ്പ് വരെ നടന്നു അയാൾ. നന്നേ വിയർത്തു തളർന്നിരുന്നു. അത്ഭുതം എന്ന് പറയട്ടെ നെച്ചിടിപ്പ് കൂടിയെങ്കിലും നെഞ്ചിലെ ഭാരം എവിടെയോ പോയിമറഞ്ഞിരുന്നു. അന്ന് വൈകിട്ട് അടുത്തുള്ള കല്യാണവീട്ടിൽ താൻ ഒട്ടും ഇഷ്ടപ്പെടാത്ത പൊങ്ങച്ചകാരനായ ചൊറിയാപിള്ള എന്ന് മനസ്സിൽ വിളിച്ചിരുന്നുന്ന ബന്ധു കൂടിയായ സ്കറിയ പതിവ് ചൊറിച്ചിലുമായി അടുത്ത് കൂടിയപ്പോൾ സാധാരണ തോന്നാറുള്ള അസ്വസ്ഥത തോന്നിയില്ല പത്രോസിന്. മാത്രമല്ല സ്കറിയ അത്ര മോശക്കാരനല്ല എന്ന് തോന്നുകയും ചെയ്തു. തിരിച്ചുവരവുകളുടെ രാജാവായ ക്രിക്കറ്റ് താരം മോഹിന്ദർ അമർനാഥ് ബൗണസറിലൂടെ തന്റെ പല്ല് തെറിപ്പിച്ച മാർഷലിന്റെ അടുത്ത ബൗൺസർ സിക്സ് പായിച്ചു തിരിച്ചുവരറിയിച്ചത് കോൾമയിരോടെ ഉറങ്ങുന്നതിനു മുൻപ് അന്ന് യൂട്യൂബിൽ കണ്ടു അയാൾ. ആ രാത്രിയിൽ സുഖനിദ്ര എന്തെന്നറിഞ്ഞു ഏറെ നാളുകൾക്കു ശേഷം പത്രോസ്.
അടുത്ത ദിവസം ക്ലാസ്സിനു മുൻപ് സാർ എന്ന് വിളിച്ചു ഇൻസ്‌ട്രക്ടർ പയ്യനെ അഭിസംബോധന ചെയ്തപ്പോൾ പത്രോസ് ഭാരരഹിതനായി അവനൊപ്പം ചിരിച്ചു കലർപ്പില്ലാതെ. തന്റെ തിരിച്ചുവരവിൽ മാർഷലിന്റെ പന്ത് ഹൂക് ചെയ്തു സിക്സ് അടിച്ചപ്പോൾ മോഹിന്ദർ അമർനാഥ് ഇതേ ഭാരകുറവനുഭവിച്ചു കാണുമെന്നു അയാൾക്കപ്പോൾ തോന്നി.
Content Summary: Story written by Dr Venugopal c k