ഇമ്മാനുവൽ – സലോമി ജോൺ വൽസൻ എഴുതിയ കവിത
Mail This Article
ഇമ്മാനുവൽ
നീ നന്ദിഹീനർക്കായ്
നിന്ദനമേറ്റവൻ...
നിനക്കായ് വഴിതുറക്കാൻ
മറന്നവൻ
നിന്റെ നാൾവഴികൾ
ഇരുൾക്കാടുകളായി
എന്നിട്ടും
വെളിച്ചം അറച്ചു നിന്ന
മനുഷ്യ വഴികളിൽ
മിന്നൽപ്പിണറായി
നീ ജ്വലിച്ചു....!.
അവർ,
അകാരണമായ്
നിന്നിൽ കുറ്റമാരോപിച്ചവർ,
നിന്റെ വിശുദ്ധ നീതിയിൽ
പൊള്ളിയവർ
പാപപങ്കിലമായ
അനീതിയിൽ നിന്നെ ക്രൂരം,
കുരിശേറ്റി...
നിന്റെ തിരുവചനങ്ങൾ
ചാട്ടുളിയായ് നെഞ്ചിൽ
തറച്ച കീട ജന്മങ്ങൾ,
നിന്റെ ജീവനായ്
കിടങ്ങൊരുക്കി....
നിന്റെ തിരുവുടൽ
ജഡമാക്കാൻ
കഴുക ജന്മമെടുത്തു...
ഇമ്മാനുവൽ,
അവർ നിന്നെ
പരാജിതന്റെ പിഞ്ഞിപ്പഴകിയ
മേലങ്കിയണിയിച്ചു,
പരിഹാസത്തിന്റെ
മുൾക്കിരീടമണിയിച്ചു
തേജസ്സാർന്ന നിന്റെ
തിരുനെറ്റിയിലൂടെ മുൾമുനയേറ്റ്
ചോര വാർന്നു നിൻ തിരുമുഖം
ചുവന്നു നനഞ്ഞു
മ്ലേച്ഛമായ, നീച
ജന്മങ്ങളെ കണ്ടു കുഴഞ്ഞ
കൃഷ്ണമണികൾ
തളർന്നു കൂമ്പി
കൺ തടങ്ങളിൽ
ചോരച്ചാൽ ഒഴുകി..
നിന്നെ കഴുവേറ്റാൻ
പണിതെടുത്ത ഭാരിച്ച
മരക്കുരിശ്
ചാട്ടവാറേറ്റു
മുറിവേറ്റ നിൻ തോളിൽ അവരേറ്റി..
ദുരന്തങ്ങളാൽ
തേഞ്ഞു തീർന്ന
പാദരക്ഷയുടെ വാറഴിച്ചു
ചവുട്ടടിയിൽ അവർ തറച്ച
അവരുടെ പരാജയത്തിന്റെ മുള്ളുകൾ
വലിച്ചൂരി
തേജസ്സാർന്ന തനുവോടെ
കൽപിത നിയോഗത്തിനായ്
നീ നിണമൊഴുക്കി....
ഇമ്മാനുവൽ,
നിനക്കതു തടയാനാവുമായിരുന്നു...
എന്നിട്ടും നീ പതിത ജന്മങ്ങൾക്കായ്
പീഡാസഹനമേറ്റ്
പതിതനായ്....
ഒടുവിൽ
ജീവിതത്തിന്റെ
ചുട്ടു പഴുത്ത മരണ
മുനമ്പിലേക്ക്
പരിത്യാഗത്തിൻ
പടച്ചട്ടയണിഞ്ഞു
നഗ്ന പാദനായ് നടന്നു നീ...
ഇമ്മാനുവൽ നീയായിരുന്നു
എന്റെ ദൈവം..
ദുരിതവഴികളിൽ
എന്റെ പാദം കല്ലിൽ തട്ടാതെ കാത്തവൻ..!
ശത്രുപാളയത്തിൽ
എന്നെ അകപ്പെടുത്താത്തവൻ
ദുരന്തക്കോട്ടയിൽ
എനിക്ക് കാരുണ്യ വിളക്കായവൻ...
ഇമ്മാനുവൽ
വിഷമവിഷ ദംശനമേറ്റ്
കുഴഞ്ഞു വീഴുമീ വിനാഴികയിൽ
ഞാനറിയുന്നു
നീയായിരുന്നു എന്റെ ദൈവം....
നീ മാത്രമാണെന്റെ ദൈവം..
Content Summary: Malayalam Poem ' Immanuel ' Written by Salomi John Valsan