ADVERTISEMENT

"നന്ദുവേട്ടാ ചായ " കല്യാണ പിറ്റേന്ന് രാവിലെ പത്രം വായിച്ചു കൊണ്ടിരുന്ന എന്റെ  മുന്നിലേക്ക് അവൾ ചായ നീട്ടി. ചെറു നാണത്തോടെ നിൽക്കുന്ന അവളെ നോക്കി, പിന്നെ ചായ കപ്പിലേക്കും. പളുങ്കു പോലെ തെളിഞ്ഞു നിൽക്കുന്ന സ്ഫടിക കോപ്പയിലെ ആവി പറക്കുന്ന കട്ടൻ ചായ. പറഞ്ഞ പോലെ അവൾ വാക്ക് പാലിച്ചിരിക്കുന്നു. വിവാഹ നിശ്ചയം കഴിഞ്ഞു പല തവണ അനഘയോടൊത്തു കറങ്ങിയിട്ടുണ്ട്. അവളുടെ കോളജിന് അടുത്തുള്ള സക്കീറിക്കാന്റെ റ്റീ ഷോപ്പായിരുന്നു ഞങ്ങളുടെ പ്രധാന മീറ്റിങ് പോയിന്റ്. "നന്ദ്സ്.. നമ്മുടെ കല്യാണം കഴിഞ്ഞു ഞാനാദ്യം തരുന്ന ചായ സ്പെഷ്യലായിരിക്കണം". സക്കീറിക്കാന്റെ പതപ്പിച്ച ചായയും വടയും കഴിച്ചോണ്ടിരിക്കുമ്പോഴായിരുന്നു അനഘയുടെ ഈ പറച്ചില്. "എന്തോന്ന് സ്പെഷ്യൽ?". "ഞാൻ സമ്മാനമായിട്ടു നൽകുന്ന കപ്പിലായിരിക്കണം ആ ചായ". അന്നത്തെ ആ പ്രഖ്യാപനം ഇന്നിതാ യാഥാർഥ്യമായിരിക്കുന്നു. വെളുപ്പാൻ കാലത്തേ ആ കട്ടൻ ചായയ്ക്ക്‌ ഒരു പ്രത്യേക ഭംഗി തോന്നി. 

അവൾ തിരക്കിട്ടു അകത്തേക്ക് പോകുന്നത് നോക്കി കൊണ്ട് ഞാൻ കപ്പു ചുണ്ടോടടുപ്പിച്ചു. "ആഹാ!, സൂപ്പർ.." പക്ഷെ ഒരു പ്രശ്‌നം ചായയ്ക്ക്‌ മധുരം ഒട്ടുമില്ല!.  അവളെ വിളിച്ചിട്ടു ചായയ്ക്ക്‌ മധുരമില്ലാന്നു പറഞ്ഞാലോ?. അല്ലെങ്കിൽ വേണ്ട, ഇത്രേം ഡെക്കറേഷനോടെ  ആദ്യമായി നീട്ടിയതല്ലേ, അവൾക്കു വിഷമമാവും. ദൈവമേ ഇനി ഈ ചായ പോലെ മധുരമില്ലാത്തതാകുമോ ഇനിയങ്ങോട്ടുള്ള ജീവിതം?. വേണ്ട, തൽക്കാലം ഇത് ആരുമറിയണ്ട. മധുരമില്ലാത്ത ചായ കുടിച്ചു തീർത്തു ഒന്നുമറിയാത്ത ഭാവത്തിൽ ചാരിയിരുന്നു പത്ര വായന തുടർന്നു. പക്ഷെ അടുത്ത പ്രശ്നം തലപൊക്കി, മരുമകൾ ആദ്യമായിട്ട് കൊണ്ട് പോയ ചായ മധുരമില്ലാത്തതാണെന്നു അമ്മയറിഞ്ഞു, പിന്നെ കല്യാണ വീട്ടിലെ വിരുന്നുകാരായ ബന്ധുക്കളും. എല്ലാവരുടെയും കളിയാക്കലിനു മുന്നിൽ നവ വധു ഒരു ശകലം ചമ്മി.  "മധുരമില്ലെന്നു പറഞ്ഞില്ലല്ലോ എന്നോട്". ഞങ്ങളുടെ സ്വകാര്യ സംഭാഷണത്തില്‍ അവള്‍ പരിഭവമറിയിച്ചു. "ആ ഞാനതു ശ്രദ്ധിച്ചില്ല" "നുണ, നിങ്ങള് അത്ര ഓപ്പണല്ലാ ല്ലേ?"അവളെന്റെ സ്വഭാവം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. "ഞാൻ അടുക്കളയിലെത്തിയപ്പഴേ എല്ലാർക്കുമുള്ള ചായ റെഡി ആയിരുന്നു, എനിക്കറിയോ അതിൽ പഞ്ചാരയില്ലാന്നു". അവൾ പിന്നെയും പിറു പിറുത്തു. 

"എന്നാലും ചായ കപ്പു കസറിയിട്ടുണ്ട് കേട്ടോ." ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു. "ഇവിടെ എല്ലാർക്കും രാവിലെ കട്ടനാണോ?" "നിന്റെ വീട് പോലെയല്ല ഇവിടെ, കുറച്ചു അംഗ സംഖ്യ കൂടുതൽ ആണ്, ഒരു നേരം എല്ലാർക്കുമുള്ള കട്ടൻ ചായ തയാറാക്കും, ആവശ്യക്കാർക്ക് മധുരം കൂട്ടിയും കുറച്ചും അതീന്നു എടുത്തു കൊടുക്കും" വീട്ടിലെ അന്തരീക്ഷത്തെ കുറിച്ച് അവൾക്കു ക്ലാസ്സെടുത്തു കൊടുത്തു. ഇത് നേരത്തെ അറിയാമെങ്കിൽ അവളെ വീട്ടീന്ന് ചായ കപ്പിന്റെ കൂടെ പാലും കൂടി കൊണ്ട് വന്നേനെ, അവളുടെ മുഖ ഭാവം കണ്ടപ്പോൾ തോന്നി. "ഡോ, ഇതത്ര ഇഷ്യൂ ആക്കേണ്ട, നിനക്ക് ഒരു കാര്യമറിയോ, ചായയിൽ എനിക്കിഷ്ടം കട്ടൻ ആണ്. അതും വളരെ മധുരം കുറച്ചിട്ടു" അവളെ ഒന്ന് കൂളാക്കാൻ അടുത്ത നമ്പരിറക്കി. "അയ്യേ എന്നാ പിന്നെ ചൂടു വെള്ളം കുടിച്ചാൽ പോരെ?" "ചൂടു വെള്ളത്തിന് ചായയുടെ കിക്ക് കിട്ടില്ലല്ലോ?" ഞാൻ തുറന്നടിച്ചു. "ചായക്ക്‌ എന്തോന്ന് കിക്ക്" "അതൊക്കെയുണ്ട്, തൽക്കാലം നീ ഒന്ന് മനസ്സിലാക്ക് എനിക്ക് ഇനി ചായക്ക്‌ മധുരമുണ്ടെങ്കിലും ഇല്ലെങ്കിലും ഒരു പ്രശ്നവുമില്ല. സന്തോഷമേയുളളൂ." "ചായയെ തരുന്നില്ല!. ന്നാ പ്പോരേ". സമാധാന ചർച്ച അവളുടെ ആ കൗണ്ടറിൽ ഫുൾ സ്‌റ്റോപ്പിട്ടു. 

"മിസ്റ്റർ നന്ദൻ ദിസ് ഈസ്‌ യുവർ പ്ലേസ്." പുതിയ ഓഫിസിലെ കമ്പ്യൂട്ടർ ഡെസ്ക് കാണിച്ചിട്ട് എന്റെ റിപ്പോർട്ടിങ് ഓഫിസർ നിർദേശങ്ങൾ തന്നു കൊണ്ടിരുന്നു. ഞാനൊരു മലയാളി ആണെന്നും ദുബായിൽ ആദ്യമായിട്ട് ആണെന്നും സൗഹൃദ സംഭാഷണത്തിൽ ഞാനറിയിച്ചു. അത് കണ്ടിട്ടാവണം അദ്ദേഹം "ഐ വിൽ ഇൻട്രൊഡ്യൂസ് യു വൺ ജന്റിൽമാൻ" എന്നും പറഞ്ഞു ഓഫിസിലെ ഒരു കോണിലേക്കു എന്നെ കൊണ്ട് പോയി. ഡെസ്കിൽ താടിക്കു കൈയ്യും കൊടുത്തു കമ്പ്യൂട്ടറിൽ നോക്കിയിരിക്കുന്ന ഒരു മലയാളിയെ പരിചയപ്പെടുത്തി തന്നിട്ട് അദ്ദേഹം എങ്ങോട്ടോ പോയി. "അയാം തോമസ് ഫ്രം പാലാ" ഞാനെന്നെയും പരിചയപ്പെടുത്തി. പിന്നെ കുറച്ചു കുശലം പറച്ചില്. അതിനിടയിൽ വിശാല ഓഫിസിനെ കുറിച്ചും അവിടെയുള്ള ഫെസിലിറ്റികളെ കുറിച്ചും തോമസ് മനസിലാക്കി തന്നു. കൂട്ടത്തിൽ ഒരു കോർണറിൽ ഉള്ള പാൻട്രിയിലേക്കു ക്ഷണിച്ചു.

"ചായയോ കാപ്പിയോ? എന്ത് വേണമെങ്കിലും നമ്മളെന്നെ ഉണ്ടാക്കണം." "ഐ പ്രീഫെർ ബ്ലാക്ക് റ്റീ. ഞാനുണ്ടാക്കി കൊള്ളാം." കഴുകി വെച്ച കപ്പെടുത്തു ഒരു ടീ ബാഗെടുത്തിട്ടു, ഇലക്ട്രിക് കെറ്റിലിലെ തിളച്ച വെള്ളം കപ്പിലേക്കു പകർന്നു. ഒരു സ്പൂണെടുത്ത് ടീ ബാഗിനെ കപ്പിനരികിൽ ചേർത്തമർത്തി ആവശ്യത്തിന് കടുപ്പം വരുത്തിച്ചു. എന്റെ ടീ മേക്കിങ് ശ്രദ്ധയോടെ നോക്കിയിട്ടു തോമസ് ചോദിച്ചു. "ഷുഗർ വേണ്ടേ? ഡയബെറ്റിക്കാന്നോ?" "ഏയ് അല്ലാ, ഇങ്ങനെ ഇടയ്ക്കു പതിവുള്ളതാണ്, ടീ വിതൗട് മിൽക്ക് & ഷുഗർ. അതിനു പ്രത്യേക രസമാണ്" ഒരു നേർത്ത ചിരിയോടെ കപ്പു ചുണ്ടോടപ്പിച്ചു ആസ്വദിച്ച് ഒരു സിപ്പെടുത്തു. പണ്ടെങ്ങോ തന്റെ ശ്രീമതി നീട്ടിയ കല്യാണ സമ്മാനത്തിന്റെ ഓർമ്മകൾ ഉണരാനുള്ള എന്തോ ഒരു കിക്ക് കിട്ടിയ പോലെ തോന്നി.

Content Summary: Malayalam Short Story ' Madhuramilla Chaya ' Written by Shabeer Ali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com