ADVERTISEMENT

വേനൽമഴ പെയ്തൊഴിഞ്ഞ സന്ധ്യ. പറവകൾ ചേക്കേറുന്നു. ചുവപ്പു മായുന്നു. പുതുമണ്ണിന്റെ ഗന്ധം. ഓർമകളുടെ കാണാകയത്തിൽ പ്രകൃതിപോലും അവളെ തിരയുന്നത്പോലെ തോന്നി. ഒരു ചെറുപുഞ്ചിരി അറിയാതെ എന്നിൽ വിടർന്നു. ഒരുപക്ഷേ, ഒരിക്കലും നടക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും വെറുതെയെന്നോണം.. അല്ലെങ്കിൽ മനസിന്റെ ഒരു വികൃതി.. എന്നൊക്കെ ആശ്വസിച്ചെങ്കിലും വിങ്ങുന്ന ഒരു കനലോർമയായി അവൾ മനസിന്റെ ഒരു കോണിൽ അലയടിക്കുന്നു. ഞാൻ ഓർക്കുന്നു ആ കണ്ടുമുട്ടലുകൾ... നിശബ്ദമായി മൊഴികൾ കൈമാറിയ സായാഹ്നങ്ങൾ.. ആൾക്കൂട്ടത്തിൽ എന്നെ തിരയുന്ന ആ മിഴികൾ... മിഴികൾകൊണ്ടു സംസാരിച്ച പൂമരതണലുകൾ.. മൂകസാക്ഷിയായ ഗുൽമോഹർ.. തൊട്ടുനിൽക്കാൻ കൊതിച്ച അവസരങ്ങൾ.. കൈമാറിയ ആശകൾ.. ദുഃഖങ്ങൾ..

ആ വിടർന്ന കണ്ണുകൾ ഇന്നും വേട്ടയാടുന്നു...ആ പുഞ്ചിരിയുടെ മാധുര്യം ഇന്നും ഒരു നിഴലായ് അവശേഷിക്കുന്നു... ഒരിക്കലും മായാത്ത ഓർമകളുടെ, മധുരനൊമ്പര നിലാവെളിച്ചവും പേറി ആ തൃസന്ധ്യയിൽ പതിയെ നടന്നു.. ഓരോ കാൽവെപ്പിലും ആ നനുത്ത ശബ്ദം ഞാൻ അറിയുന്നു.. ഒരുപക്ഷെ ഞാൻ ആഗ്രഹിച്ചിരിക്കാം ഒരിക്കൽകൂടിയെന്ന്. ഒരു നോട്ടത്തിനായ്.. ഒരു പിൻവിളിക്കായ്‌.. ഒരു മന്ദസ്മിതത്തിനായ്.. കാത്തിരുന്ന നിമിഷങ്ങൾ.. ഒരുപക്ഷേ കാലം മായ്ക്കാത്ത മുറിവുകൾക്കുംമീതെ ഒരു അപരിചിതനെപോലെ ആ ഓർമകൾ തന്നെ നോക്കി അട്ടഹസിക്കുകയാകാം..

അവസാനമായ് കണ്ടനാൾ, ആ മിഴിയിണകൾ എന്താണ് തന്നോട് പറഞ്ഞത്?.. ആ ചുണ്ടുകൾ നന്നേ ചുവന്നിരുന്നു.. ആ കവിൾത്തടം നന്നേ വാടിയിരുന്നു. എന്നും ശ്രീത്വം വിളങ്ങിയിരുന്ന നെറ്റിത്തടം ശൂന്യമായിരുന്നു.. എന്നും പിന്നിയിട്ടിരുന്ന ആ മുടിയിഴകൾ അലസമായിരുന്നു.. ആ വിറയാർന്ന നനുത്ത കൈകൾ... ഒരുപക്ഷേ അവൾ!! ഹൊ! ദാഹിക്കുന്നു. ശബ്ദമിടറുന്നു. തൊണ്ടയിൽ ആരോ ഭാരംകയറ്റിയത് പോലെ. വല്ലാത്ത ദാഹം.. ദാഹം ശമിപ്പിക്കാൻ ഒരു പേമാരി പെയ്തെങ്കിൽ എന്നുതോന്നി! ഒരു നിശ്വാസത്തിന്റെ നിർവൃതിയോടെ ആകാശത്തേക്ക് മുഖമുയർത്തവെ ഒരു മഴത്തുള്ളിയുടെ സ്പർശം ഞാൻ അറിഞ്ഞു.. അതെ അത് അവളായിരുന്നു..

Content Summary: Malayalam Short Story ' Orikkalkoodi ' Written by Vineeth Palazhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com