കുരുന്നുകളെത്തമ്മിൽ
തല്ലിക്കുകയല്ല
വിഷവിത്തിറക്കുകയല്ല
അധ്യാപനം
നല്ലതു തിരിച്ചറിയാനും
അംഗീകരിക്കാനും
പഠിക്കുന്നുണ്ടോ എന്നു
നോക്കുകയാണുവേണ്ടത്!
വഴിതെറ്റിയൊഴുകുന്നുണ്ടോ എന്നു
തിരിച്ചറിയണം
കഞ്ചാവിലൂടെ
ആംഗലേയത്തിന്റെ
ചവിട്ടുപടികൾ കയറി,
എംഡിഎംഎയിലേക്ക് കാലം
പുരോഗമിക്കുന്നുണ്ടോ എന്നറിയണം!
നന്മനിറവാണോരോ
കുട്ടിയും
ഗുരുക്കന്മാർ
ആഭാസന്മാരുടെ
കുപ്പായമിടുന്നുണ്ടോയെന്ന്
മൂന്നാംകണ്ണുകൊണ്ടു കാണണം!
നാളെയുടെ
നീലാകാശങ്ങളിൽ
ചിറകുവിരിക്കാനുള്ളവർ
വീണുപോകാതിരുന്നാൽ
രക്ഷപ്പെടുന്നതൊരു
ലോകമാണ്!
മാഞ്ഞുപോകുന്ന
പിരിയോഡിക് ടേബിൾ
പറഞ്ഞുകൊടുക്കാനും
ചരിത്രങ്ങൾ സത്യമാണെന്നും
ശാസ്ത്രം നിലനിൽപിന്നാധാരമാണെന്നും
ഉണർത്താൻ
സ്വയമുണരണം!
മുസ്സോളിനിമാർ
എഴുന്നെള്ളുന്ന കാലമാണെന്ന
ഓർമ്മകളുടെ
വിത്തുപാകാൻ
അധ്യാപകരുണരണം.
അസംബ്ലിയിൽ
പറഞ്ഞുപഠിപ്പിക്കേണ്ടത്
പാഠങ്ങളല്ല,
അച്ചടക്കവുമല്ല
സ്നേഹിക്കാനും താങ്ങാകാനും
ചോദ്യങ്ങൾ ചോദിക്കാനും
ചെറുത്തുനിൽക്കാനുമാണ്!
ആകാശം
ഭൂമിക്കുമേൽ നിൽക്കുന്നത്
മരങ്ങൾ
താഴെ നോക്കിനിൽക്കുന്നതിനാലാണെന്ന്
കിളികൾ
പറക്കുന്നതിനാലാണെന്ന്
പൂക്കൾ
ചിരിക്കുന്നതിനാലാണെന്ന്
അവരെ
ചൊല്ലാതെ കേൾപ്പിക്കണം!
പെയ്യുന്ന മഴയിലൊക്കെയും
കുളിരുമാത്രമല്ല
കവിതയും
സ്നേഹവും
വിശ്വാസവുമുണ്ടെന്ന്
അവരെ ഓർമ്മിപ്പിക്കണം!
ശ്വസിക്കുന്ന വായുവും
കുടിക്കുന്ന വെള്ളവും
ആ കണ്ണടക്കാരൻ ഫക്കീർ
നഗ്നനെഞ്ചിൽ
വെടിയുണ്ടകളേറ്റുവാങ്ങി,
സംഭാവനചെയ്തതാണെന്ന്
അവർ തിരിച്ചറിയണം!
ചരിത്രപാഠങ്ങളിൽ
ഓറഞ്ചുപാടമില്ലെന്നും
ഡാർവിനും
ഭഗത്-സിങും
അബേദ്ക്കറുമാണുള്ളതെന്നും
പറഞ്ഞുകൊടുക്കണം!
ഉന്മാദത്തിന്റെ
വിത്തുകളുമായി
മതിലിനപ്പുറമവർ
കാത്തിരിപ്പുണ്ടെന്നും
സ്നേഹത്തോളം
വിലയുള്ളൊരുന്മാദവും
നിലവിലില്ലെന്നും
മനസ്സിലാക്കിക്കൊടുക്കണം!
ഭരണഘടന കടലാസുതാളല്ല,
ജീവിതക്രമമാണെന്നറിയണം
നാടിന്നുയിരാകുവാൻ
അവനേ കഴിയൂ
Content Summary: Malayalam Poem ' Adhyapakadinasamsakal ' Written by Kinav