ADVERTISEMENT

പരിശീലനത്തിന്റെ അവസാന തയാറെടുപ്പിലായിരുന്നു അവർ. തൊട്ടു തലേ ദിവസം അവർ നാലു പേരും ഒന്നിച്ചു കൂടി നാളെ ചെയ്യേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തപ്പോൾ ഒരുങ്ങി വരേണ്ട ഡ്രസ്സിനെക്കുറിച്ചും ചർച്ചയായി. ഏതായാലും സാരി മതി എന്നാദ്യം പറഞ്ഞത് രാധികയാണ്. മറ്റു മൂവരും അത് അംഗീകരിച്ചു. തലേ ദിവസം അവർക്കൊരു മൂകതയായിരുന്നു. 45 ദിവസം കുട്ടികളോടൊത്തുള്ള ജീവിതം. അത് അവർ ഓരോരുത്തരും അനുഭവിക്കുകയായിരുന്നു. ആസ്വദിക്കുകയായിരുന്നു. അധ്യാപക പരിശീലനത്തിന്റെ ഭാഗമായാണ് ടീച്ചിംഗ് പ്രാക്ടീസിന് അവർ ആ സ്കൂളിൽ എത്തിയത്. ഒന്നാം വർഷത്തെ ഒബ്സർവേഷന് വേണ്ടി കഴിഞ്ഞ വർഷം അവരിൽ മൂന്നുപേർ അവിടെ വന്നിരുന്നു. രാധിക, വൈഷ്ണ, കൃഷ്ണാ സുനിൽ. ഇവരുടെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് അവരുടെ ഉറ്റ സുഹൃത്തായ വർഷയെ ഈ വർഷം കൊണ്ടുവന്നത്.

പ്രകൃതി സൗഹൃദത്തെ ഏറെ ഇഷ്ടപ്പെടുന്നവരായിരുന്നു അവർ. ജൈവവൈവിധ്യോദ്യാനത്തിൽ രാജമല്ലി പൂക്കൾ വിടർന്ന് നിൽക്കുന്ന കാഴ്ച നോക്കി മതി മറന്നുപോയ വർഷയെ നോക്കി കിളി ശബ്ദത്തിന്നുടമയായ വൈഷ്ണ പറയുമ്പോൾ നീയും കൂടി ഈ ജൈവവൈവിധ്യോദ്യാനത്തിൽ ഉണ്ടായാൽ മാത്രമേ അതിന്റെ പരിപൂർണത ലഭിക്കുമെന്ന് തിരിച്ചു പറയും. കാരണം ആ പൈങ്കിളിയുടെ പാട്ട് അതി മനോഹരമായിരുന്നു. ശരിയായിരുന്നു. ആ ഉദ്യാനത്തിന്റെ ഒരു മുളങ്കാട്ടിൽ നിന്ന് ഉയരുന്ന ഗീതം വർഷയെ ഹഠാദാകർഷിച്ചിരുന്നു. 45 ദിവസം എത്രവേഗമാണ് കടന്നുപോയത് എന്ന് കൃഷ്ണ പറഞ്ഞപ്പോൾ വർഷയിൽ അശ്രുകണം വർഷിച്ചത് രാധിക തുടച്ചു. വൈഷ്ണ അപ്പോൾ പുറംതിരിഞ്ഞു നിന്നു വിതുമ്പുകയായിരുന്നു.

രാവിലെ എത്തിയാൽ തന്നെ വർഷയുടെ ചിന്ത സ്കൂളിലെ ഉദ്യാനങ്ങളിലേക്കാണ് പോകുന്നത്. പഴയ കെട്ടിടത്തിന്റെ മുന്നിൽ പടർന്നു നിൽക്കുന്ന ഡിവിഡി മരവും അതിൽ പടർന്നു കയറിയ കോളാമ്പി ചെടിയിൽ നിറഞ്ഞിരിക്കുന്ന പൂക്കളെ കാണാനുമാണ്. മഞ്ഞപ്പൂക്കളെ കുറിച്ച് നൂറ് നാവാണ്. 'മഞ്ഞപ്പൂവിൻ മധുരിമ പകരും വണ്ടായി ഞാൻ മാറുമ്പോൾ' - അത്രമാത്രം മഞ്ഞപ്പൂവിനോടുള്ള അധമ്യമായ അഭിനിവേശം വർഷയുടെ ഹൃദയതാളം ആയിരുന്നു. അവരിൽ ഏറെ ചെറിയ വൈഷ്ണയുടെ സ്വരമാധുര്യം കൃഷ്ണ സുനിലു പോലും അനുകരിക്കാറുണ്ട്. കിളികൾതൻ മൊഴി തന്നെയാണ് വൈഷ്ണയുടെ ശബ്ദം എന്ന് ഏഴാം ക്ലാസിലെ വിദ്യാർഥികൾ പലപ്പോഴും മാഷിനോട് പറയാറുണ്ട്. നിശബ്ദയാമങ്ങളുടെ താഴ്‌വരയായിരുന്നു അവർ. ആ നിശബ്ദതയിൽ ബോധമണ്ഡലത്തിൽ നിന്ന് വരുന്ന നിശാന്ത ഗീതത്തിന്റെ അനുരണനം വാക്കുകളിൽ നിഴലിച്ചിരുന്നു. ഓരോ ദിവസം കഴിയുമ്പോഴും അവർ വിങ്ങലിന്റെ മാനസികാവസ്ഥയിലായിരുന്നു. 

ഏഴാം ക്ലാസ് ബിയിലെ അഷിക, ഒരിക്കൽ വന്ന് ടീച്ചറെ ഇതിന്റെ ആശയം എന്തെന്ന് ചോദിച്ചപ്പോളായിരുന്നു ആ കണ്ണുകൾ ശ്രദ്ധിച്ചത് എവിടെയോ കണ്ടു പരിചയം ഉള്ളതുപോലെ. അവരുടെ സംശയം തീർത്തു കൂട്ടുകാരിയോടോപ്പം മടങ്ങിപ്പോകുന്നത് കണ്ണെടുക്കാതെ നോക്കിനിന്നുപോയി. ഏത് ചോദ്യത്തിനും ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയുന്ന ആരാധ്യ. അങ്ങനെ എത്രയെത്ര കുട്ടികൾ. അവരുടെ പ്രിയപ്പെട്ട മക്കൾ. ശേഷിച്ച ദിവസം മാത്രം ഇവരോടൊപ്പം അറിയാതെ നെടുവീർപ്പിട്ടു. ആ നാലുപേരുടെയും മനസ്സ് ഒന്നായിരുന്നു. പലപ്പോഴും മാഷ് അവരുടെ പേര് തെറ്റി ഉച്ചരിക്കാറുണ്ട്. ആയിടയ്ക്കാണ് നിസർഗ്ഗയെ കുറിച്ച് ചോദിച്ചത്. ഞങ്ങൾ നാലു പേരെ ഉള്ളൂ മാഷേ, അതിൽ നിസർഗ്ഗ ഇല്ല എന്ന് വർഷ പറഞ്ഞപ്പോൾ, നിങ്ങളുടെ കൂടെ ഉണ്ടെന്ന് മാഷും പ്രതിവചിച്ചു. പലപ്പോഴും മാഷിനോട് നിസർഗ്ഗ ആരാണെന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ മാഷും വ്യക്തമായ സൂചനയൊന്നും തന്നില്ല എന്ന് കൃഷ്ണ, വൈഷ്ണയോട് പറഞ്ഞു. നിസ്സർഗയെ നിങ്ങൾ തന്നെ കണ്ടെത്തിക്കോളൂ എന്നാണ് മാഷ് പറഞ്ഞത്.

അവിടെയുള്ള ജൈവവൈവിധ്യോദ്യാനത്തിലെ മീൻകുളം വർഷയെ പലപ്പോഴും ആകർഷിച്ചിട്ടുണ്ട്. അവിടെയുള്ള രാജമല്ലിയും മന്ദാരവും നന്ത്യാർവട്ടവും അമ്പഴവും തെച്ചിയും ചെമ്പരത്തിയും കാണുമ്പോൾ എന്തൊരു ഹൃദയ ആഹ്ലാദമാണ്. പക്ഷേ അവിടെയുള്ള നെല്ലി മരത്തിലെ ഇലകളിൽ ഇറ്റിറ്റു വീഴുന്ന മഴത്തുള്ളി സൗന്ദര്യം ആ ടീച്ചറെ ഏറെ ആകർഷിച്ചിട്ടുണ്ട്. അതിനിടയിൽ പാകമെത്താത്ത നെല്ലിക്ക നോക്കി, 'നമ്മൾ പോകുന്നതിനു മുമ്പ് ഇതൊന്നും മൂപ്പെത്തുമെന്നു തോന്നുന്നില്ല' രാധിക പറഞ്ഞു. അപ്പോഴും അവിടെ നിസർഗ്ഗ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ആരും ശ്രദ്ധിക്കാതെ മുളങ്കാട്ടിൽ നിന്ന് നിസർഗയുടെ സംഗീതം അവർക്ക് കേൾക്കാൻ കഴിഞ്ഞു. അവസാന ദിവസം സ്റ്റേജിൽനിന്ന് അവർ നാലുപേരും സെൽഫി എടുത്ത് ഇറങ്ങുമ്പോൾ രാധികയുടെ കണ്ണുനീർ താഴെ വീണു. അവരുടെ സങ്കടത്താൽ മഴ ഇറ്റിറ്റു വീഴുമ്പോൾ മുളങ്കാട്ടിൽ നിന്ന് നിസർഗ്ഗയുടെ സംഗീതം കേൾക്കാമായിരുന്നു. നിസർഗ്ഗ ആരാണെന്ന് ഉത്തരം തേടി ആ സൗഹൃദങ്ങൾ യാത്ര തുടരുകയാണ്. ഹൃദയത്തിൽ നന്മയുടെ പുഷ്പവും മഞ്ഞിന്റെ വിശുദ്ധിയും സൂക്ഷിച്ചുകൊണ്ട് അവർ നടന്നകലുകയാണ്.

Content Summary: Malayalam Short Story ' Nisarga ' Written by Suresh Kumar Punnad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com