ഞാൻ കണ്ടു അലക്സാണ്ടറെ; സ്റ്റോപ്പിലേക്കു വന്നുനിന്ന ബസിൽ കയറുവാൻ പാടുപെടുകയായിരുന്നു. പ്രായത്തിൽ കവിഞ്ഞ അവശതകൾ അയാളുടെ ശരീരത്തെ ബാധിച്ചിരുന്നു. ബസിൽ, പിൻവാതിലിനോടു ചേർന്നുള്ള സീറ്റിൽ അറ്റത്ത്, വാതിലിനടുത്ത് ഇരിക്കുകയായിരുന്നു ഞാൻ. ഒരു കൈകൊടുത്ത് അയാളെ ബസിലേക്കു കയറ്റാൻ എനിക്കാവുമായിരുന്നു. ഞാനതിനു ശ്രമിച്ചില്ല. പിറകിൽ കിളിയുണ്ടായിരുന്നില്ല. ബസിൽ തിരക്കുമില്ലായിരുന്നു. കണ്ടക്ടർ ധൃതിപിടിച്ചു. ‘‘പിടിച്ചങ്ങ് കേറ് കാർന്നോരേ’’ യെന്ന് ഉറക്കെ പറഞ്ഞു. കണ്ടക്ടർ അക്ഷമനായി. അലക്സാണ്ടർ വല്ലാത്തൊരവശതയോടെ നിന്നു. ഇരുകൈകളും പടിയോടു ചേർന്നുള്ള ഇരുവശത്തെ കമ്പികളിൽപിടിച്ച്, കാലെടുത്തു പൊക്കാൻ പ്രയാസപ്പെട്ട് റോഡിൽ നിന്നു. ബസൊന്നനങ്ങിയാൽ അലക്സാണ്ടർ നിലത്തുവീഴും. എന്റെ മനസ്സ് പലവട്ടം ആഞ്ഞു അയാളെ പിടിച്ചു കയറ്റിയാലോയെന്ന്. രണ്ടാമതൊരു ചിന്തയിൽ അതു വേണ്ടെന്നു വച്ചു. പഴയ ഓർമ എന്നെ ആ ശ്രമത്തിൽനിന്നു പിന്തിരിപ്പിച്ചു. എന്തിനാണ് വേണ്ടാത്ത വയ്യാവേലിയുണ്ടാക്കണെ. വർഷങ്ങൾ അമ്പതു കഴിഞ്ഞെങ്കിലും ഇപ്പോഴും ആ ഓർമ്മ തെളിമയോടെ നിൽക്കുന്നു.
സ്കൂളിൽ പഠിച്ചിരുന്ന കാലം. ഓടുന്നതിനിടയിൽ എവിടേയോ തട്ടിവീണതായിരുന്നു അലക്സാണ്ടർ. കണ്ടു നിന്ന ഒരു കുട്ടി കൈകൊടുത്ത് എഴുന്നേൽപിക്കാൻ ശ്രമിച്ചു. അവന്റെ കൈ തട്ടിമാറ്റിയെന്നു മാത്രമല്ല എല്ലാവരും നോക്കിനിൽക്കെ ആ കുട്ടിയെ ഇടിച്ചവശനാക്കി. ആർക്കും അലക്സാണ്ടറോട് എതിർക്കാൻ ധൈര്യമുണ്ടായിരുന്നില്ല. അത്രയ്ക്ക് ശക്തനും തന്റേടിയും താന്തോന്നിയുമായിരുന്നു അലക്സാണ്ടർ. ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ അലക്സാണ്ടർ ഏഴിലായിരുന്നു. ഏഴിൽ തോറ്റുതോറ്റ് കിടക്കുകയായിരുന്നു. ഓരോ ക്ലാസ്സിലും പലപ്രാവശ്യം തോറ്റാണ് ഏഴിലെത്തിയതുതന്നെ. ഗ്രാമത്തിലെ ഗവൺമെന്റ് യു.പി സ്കൂളിൽ ഏഴു വരെയേയുള്ളല്ലോ. അപ്പോൾ ഏറ്റവും സീനിയർ ആയ വിദ്യാർഥിയായിരുന്നു അലക്സാണ്ടർ. അലക്സാണ്ടറെ ആദ്യമായി ശ്രദ്ധിക്കുന്നത് സമരത്തിൽ വച്ചാണ്. ഞാൻ ആദ്യമായി സമരം കാണുകയായിരുന്നു. നാട്ടുകാരും ആ സ്കൂളിൽ ആദ്യമായി സമരം കാണുകയായിരുന്നു. എല്ലാവരും അദ്ഭുതത്തോടെയും അവിശ്വസനീയതയോടെയും അമ്പരപ്പോടെയും, സമരം നയിച്ചുകൊണ്ടുവന്ന അലക്സാണ്ടറെ നോക്കി. എന്നെപ്പോലെതന്നെ എന്റെ ക്ലാസ്സിലെ പല കുട്ടികളും സമരം കണ്ട് ഭയന്നു.
കൈ മുകളിലേക്ക് ചുരുട്ടിയെറിഞ്ഞ് ആവേശത്തോടും ആരോടൊക്കെയോയുള്ള പകയോടും ദേഷ്യത്തോടും ബഹളം വച്ച്, മുദ്രാവാക്യം മുഴക്കി വരുകയായിരുന്നു സമരക്കാർ. ലീലാമ്മ ടീച്ചർ ക്ലാസ്സെടുത്തുകൊണ്ടിരിക്കുകയായിരുന്നു അപ്പോൾ. കണക്ക് ക്ലാസ്സായിരുന്നു. എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത വിഷയമായിരുന്നു അത്. മൂക്കത്തു ശുണ്ഠിയുള്ള ടീച്ചർ വരുമ്പോൾത്തന്നെ മൂത്രം പോകുമോയെന്നു ഭയന്നായിരുന്നു ഞാനിരുന്നത്. തലേന്നു തന്ന ഹോംവർക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. ടീച്ചർ വന്നാൽ ആദ്യം ചോദിക്കുന്നത് ഹോം വർക്കായിരിക്കും. ലീലാമ്മ ടീച്ചർ ക്ലാസ്ടീച്ചറാണ്. ടീച്ചർ വന്ന് ഹാജർ എടുത്തതേയുള്ളൂ. ആരൊക്കെ ഹോംവർക്ക് ചെയ്തിട്ടില്ലായെന്നു ടീച്ചർ ചോദിക്കാൻ തുടങ്ങുമ്പോഴായിരുന്നു ബഹളം. എല്ലാവരും പുറത്തേക്കെത്തിനോക്കാൻ ശ്രമിച്ചു. ടീച്ചർ വാതിക്കൽവരെ ചെന്നുനോക്കി. തൊട്ടടുത്ത ക്ലാസ്സിലെ ടീച്ചർ ഓടി ലീലാമ്മടീച്ചറിനടുത്തെത്തി. ‘‘സമരോ.. ഇവിട്യോ... ആരാപ്പോദ്..” – ലീലാമ്മ ടീച്ചർ സുഭദ്ര ടീച്ചറിനോടു ചോദിച്ചു. സമരമെന്നാൽ എന്താണെന്ന് ഞങ്ങൾ കുട്ടികൾക്കാർക്കും അറിയില്ലായിരുന്നു. എന്തോ അത്യാപത്ത് സംഭവിച്ചുയെന്ന് ഭയന്ന് ഞങ്ങൾ പലരും കരയാൻ തുടങ്ങി. ടീച്ചർമാർ കുട്ടികളെ സമാധാനിപ്പിക്കാതെ മാറി, കൂടിനിന്ന് കുശുകുശുത്തു.
കുറേ വല്യ കുട്ടികൾ ബഹളം വച്ച് ക്ലാസ്സിലേക്കിരച്ചു കയറി. ടീച്ചർ ഭയന്നുമാറിനിന്നു. അലക്സാണ്ടർ എല്ലാവരോടുമായി സംസാരിച്ചു: ‘‘നമ്മളിന്നു സമരം ചെയ്യുകയാണ്. എല്ലാവരും എന്റെ കൂടെ റോഡിലേക്കു വരുക. ബസ്സുകളെല്ലാം തല്ലിപ്പൊളിക്കണം. ഒരു ബസ്സും ഇനി ഇതിലൂടെ ഓടണ്ട. എന്താ ആർക്കെങ്കിലും എതിർപ്പുണ്ടോ?’’ അലക്സാണ്ടർ ഞങ്ങളുടെ മുഖത്തുനോക്കി. ഞങ്ങളുടെ വായ അടഞ്ഞുപോയിരുന്നു. ഛർദ്ദിക്കണമെന്നോ മലമൂത്രവിസർജ്ജനം ചെയ്യണമെന്നോ ഞങ്ങൾക്കു തോന്നി. കരച്ചിൽ മുഖത്തുവന്ന് കെട്ടിനിന്നു. എല്ലാവരും ഇറങ്ങുകയെന്ന് അലറിയതോടൊപ്പം അലക്സാണ്ടറും കൂട്ടാളികളും ബഞ്ചുകളും ഡസ്കുകളും പൊക്കി നിലത്തിട്ടു. ഞങ്ങൾ ഭയന്നു പുറത്തേക്കോടി. അലക്സാണ്ടറും കൂട്ടരും മറ്റു ക്ലാസ്സുകളിലേക്കു കയറിപ്പോയി. ഓരോ ക്ലാസ്സിലേയും കുട്ടികളെ പുറത്തിറക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ടീച്ചറിനെ അവിടെയെങ്ങും കണ്ടില്ല. അയൽക്കാരനായ, ആറിൽ പഠിക്കുന്ന രാകേഷേട്ടൻ എന്റടുത്തേക്കോടിവന്നു. ‘‘പുസ്തകോക്കെയെടുത്തോ... വാ...” എന്നുപറഞ്ഞ് എന്റെ കൈയ്യിൽ പിടിച്ചു. രാകേഷേട്ടനെ കണ്ടപ്പോൾ എനിക്ക് സമാധാനമായി. ഒരു കൂട്ടായല്ലോ. രാകേഷേട്ടൻ എന്നെ ബഹളത്തിനിടയിൽനിന്നു വലിച്ചുകൊണ്ടോടി. ആരും കാണാതെ, പ്രത്യേകിച്ച് അലക്സാണ്ടറുടെ കണ്ണിൽപെടാതെ മുള്ളുവേലി നൂണ്ടുകടന്ന് ഞങ്ങൾ റോഡിലെത്തി. പിന്നെ, ഓരോട്ടമായിരുന്നു വീട്ടിലേക്ക്. വീട്ടിലെത്തിയപ്പളാ സമാധാനമായേ. അന്നുതൊട്ടേ അലക്സാണ്ടറെ പേടിയായിരുന്നു.
പിന്നീട്, സമരം മാത്രം നിറഞ്ഞുനിന്ന ടൗണിലെ സ്കൂളിലേക്കു മാറിയപ്പോഴും കോളജിൽ ചെന്നപ്പോഴുമൊക്കെ ഈ ആദ്യസമരത്തിന്റെ മറക്കാനാകാത്ത ഭയം മനസ്സിലുണ്ടായിരുന്നു. ‘‘എങ്ങോട്ടാ” അലക്സാണ്ടർ ചോദിച്ചു. അലക്സാണ്ടർ ബസിൽ കയറി ഇരുന്നത് ഞാനറിഞ്ഞില്ല. എന്റെ തൊട്ടടുത്ത് ഇത്തിരി സ്ഥലമുണ്ടാക്കി അവിടെയാണ് ഇരുന്നത്. ആലോചനയ്ക്കിടയിൽ എപ്പോഴോ അറിയാതെ ഞാൻ അലക്സാണ്ടറിനിരിക്കാൻ ഇത്തിരി സ്ഥലം ഒരുക്കിക്കൊടുത്തിരുന്നു. ബസ് കുറച്ചുദൂരം ഓടിക്കഴിഞ്ഞതും ഞാനറിഞ്ഞിരുന്നില്ല. ‘‘തിര്വോന്തോരം വരെ പോണം’’ – ഞാൻ പറഞ്ഞു. അലക്സാണ്ടർ ആദ്യമായിട്ടായിരുന്നു എന്നോട് സംസാരിക്കുന്നത്. അലക്സാണ്ടറിനെ എനിക്കറിയാമെങ്കിലും അലക്സാണ്ടറിന് എന്നെ അറിഞ്ഞുകൂടല്ലോ. സ്കൂളിൽനിന്നു പോന്നിട്ടും ഞാൻ പലയിടത്തും അലക്സാണ്ടറിനെ കണ്ടു. അപ്പോഴൊക്കെ ഞാൻ അലക്സാണ്ടർ കാണാതെ അയാളെ സൂക്ഷിച്ചുനോക്കി. വലുതായപ്പോൾ പലപ്പോഴും തോന്നിയിട്ടുണ്ട്, എപ്പോഴെങ്കിലും കാണുമ്പോൾ അയാളോട് ചോദിക്കണമെന്ന്. അന്ന്, എന്തിനായിരുന്നു സമരം? അന്ന് നിങ്ങളെ പേടിച്ച് വീട്ടിലേക്കോടിയ ഒരു കുട്ടിയായിരുന്നു ഞാനെന്നു പറയണം. പക്ഷേ അലക്സാണ്ടറെ കാണുമ്പോൾ ഒന്നും പറയാനോ ചോദിക്കാനോ തോന്നാറില്ല. ആ മുഖത്ത് വലിയൊരു ദേഷ്യം എപ്പോഴും തളംകെട്ടി കിടന്നിരുന്നു. ആ കണ്ണുകൾ എല്ലാം ദഹിപ്പിക്കുന്നതായിരുന്നു. അടുക്കാൻ ഒരു ഭയം ആർക്കും തോന്നും. പിന്നീട് വർഷങ്ങളോളം അലക്സാണ്ടറെ കണ്ടില്ല. കാരണം ഞാൻ പുറംനാടുകളിലായിരുന്നല്ലോ.
‘‘തിര്വോന്തോരത്തെന്താ...” ‘‘പെൻഷന്റൊരു കാര്യം ശര്യാക്കാൻ” ‘‘പെൻഷനായിട്ടെത്ര നാളായി” ‘‘നാലഞ്ചു മാസായി” അലക്സാണ്ടർ ഇങ്ങോട്ടു സംസാരിച്ചുവരുകയാണല്ലോ. ‘‘എന്നെ അറിയുമോ” അലക്സാണ്ടറുടെ ചോദ്യം. ‘‘അലക്സാണ്ടർ” മടിച്ചുമടിച്ചാണ് ഞാൻ ആ പേരു പറഞ്ഞത്. ‘‘അതെ” അലക്സാണ്ടറുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു. ‘‘അപ്പോ അറിയാഞ്ഞിട്ടല്ല. ഒരു കൈതന്ന് എന്നെ പിടിച്ചുകയറ്റുമെന്ന് അവസാനനിമിഷം വരെ ഞാൻ പ്രതീക്ഷിച്ചു.” അലക്സാണ്ടറുടെ കണ്ണു നിറയുന്നത് അദ്ഭുതത്തോടെ ഞാൻ കണ്ടു. ഞാനാകെ വല്ലാതായി. എന്തു പറയണം... ചെയ്തതു വലിയ തെറ്റ്.. ശാരീരികാവശതകൾ അലക്സാണ്ടറെ വല്ലാതെ തളർത്തിയിരുന്നു. ‘‘വിശ്വനാഥന്റെ അനിയൻ എന്റേം അനിയനാ” അലക്സാണ്ടറുടെ വാക്കുകൾ എനിക്ക് വിശ്വസിക്കാനായില്ല. വിശ്വനാഥൻ എന്റെ ചേട്ടൻ. ചേട്ടനും അലക്സാണ്ടറും തമ്മിൽ...? ചേട്ടൻ സ്കൂളിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. അന്ന് നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു സ്കൂൾ ലീഡറായി തെരഞ്ഞെടുക്കപ്പെടുന്നത്. പക്ഷേ, ചേട്ടന് അലക്സാണ്ടറുമായി എന്തെങ്കിലുമൊരടുപ്പമുള്ളതായി എനിക്കറിയില്ല. പോരാത്തതിന് അലക്സാണ്ടർ വേറൊരു ഡിവിഷനിലുമായിരുന്നു. സമരം നടന്നന്ന് ചേട്ടൻ പനിയായി കിടപ്പായിരുന്നു. അലക്സാണ്ടറുടെ കാര്യം വീട്ടിൽ പറയുമ്പോഴൊന്നും അവർ തമ്മിൽ അടുപ്പമുണ്ടെന്ന് ചേട്ടൻ പറഞ്ഞിരുന്നുമില്ല. അതു മാത്രമല്ല വർഷങ്ങളിത്രയുമായിട്ടും അങ്ങനെയൊരു സൂചന ചേട്ടൻ തന്നിരുന്നുമില്ല. എന്നെ അറിയാമെന്നൊരു സൂചന അലക്സാണ്ടറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുമില്ല.
ഞാൻ വിസ്മയിച്ചിരിക്കേ അലക്സാണ്ടർ പറഞ്ഞു: ‘‘ചേട്ടനെ എനിക്ക് വല്യ ഇഷ്ടമായിരുന്നു, നിന്നേം...” ഞാൻ അന്തം വിട്ടിരുന്നു. ‘‘മക്കളൊക്കെ’’ ‘‘രണ്ടാൾ. ഒരാൾ ഡൽഹിയിലും ഒരാൾ മസ്ക്കറ്റിലുമാണ്’’ ‘‘കൊള്ളാം, അപ്പോൾ സ്വസ്ഥം സുഖം. ചേട്ടൻ..?” ‘‘ചേട്ടന്റേം മക്കളൊക്കെ നല്ല നിലയിലാ.. വീട്ടിൽതന്നെയിരിപ്പാ, പുറത്തേക്കൊന്നും ഇറങ്ങാറില്ല.” ‘‘അസുഖോംന്തെങ്കിലും..”? ‘‘അല്ലറചില്ലറ.. എങ്ങോട്ടാ” ‘‘ഒരു യാത്ര. ഒരാളെ കാണണം” പണ്ടത്തെ സമരത്തിന്റെ കാര്യം പറഞ്ഞാലോയെന്ന് മനസ്സിൽ തോന്നി. എന്തുകൊണ്ടോ വേണ്ടെന്നു വച്ചു. ‘‘റെയിൽവേസ്റ്റേഷനായെങ്കിൽ എനിക്കിറങ്ങണം. എന്നെയൊന്നു പിടിച്ചിറക്കോ” ‘‘ഞാനും അങ്ങോട്ടാണല്ലോ” ഒരുവിധത്തിൽ അലക്സാണ്ടറെ ബസിൽനിന്നു പിടിച്ചിറക്കി. സ്റ്റേഷനിലേക്കു നടക്കുന്നതിനിടയിൽ ചോദിച്ചു ‘‘ഇത്രയ്ക്കു വയ്യെങ്കിൽപിന്നെ...?’’ ‘‘പോകാതിരിക്കാൻ നിവൃത്തിയില്ലല്ലോ” ‘‘മക്കൾ?’’ ‘‘നാലാള്. എല്ലാവരും ആകാശം മുട്ടി നിൽക്കാണ്. നാലുപേരെ പെറ്റിട്ടപ്പോ ഒരു ചവിട്ടു ഞാൻ കൊടുത്തു. അതുംകൊണ്ട് അവളങ്ങട് പോയി. അതു വേണ്ടായിരുന്നു. പാവം. എന്തും അനുസരിച്ചിട്ടേയുള്ളൂ. ദേഷ്യം വന്നാ കണ്ണും മൂക്കും കാണാത്ത നാളായതോണ്ട് ഒരാവശ്യമില്ലാതെ അന്നങ്ങനെ ചെയ്തു. കൊടും പാപം”
സ്റ്റേഷനുള്ളിലേക്കു കടക്കുമ്പോൾ ചോദിച്ചു: ‘‘എങ്ങോട്ട്വാന്നൊച്ചാൽ ടിക്കറ്റെടുക്കാം. ക്യൂ നിൽക്കണ്ട’’ അതുകേട്ട് അലക്സാണ്ടറൊന്നു ചിരിച്ചു: ‘‘ ടിക്കറ്റൊക്കെ എപ്പളേ എടുത്തിരിക്കണു. ഇനി വണ്ടി വന്നാമതി” ‘‘എങ്ങോട്ടാന്നു പറഞ്ഞില്ല” ‘‘പറയാനൊന്നൂംല്ല്യ.. ഈ സ്റ്റേഷനീന്ന് ഈ പ്ലാറ്റുഫോമീന്ന് നേരങ്കട് നടക്കും. വടക്കോട്ടോ തെക്കോട്ടോ. എങ്ങട്ടായാലും കുഴപ്പംല്യ. ആദ്യം വണ്ടി വരണേടത്തേക്ക് പോണം” മനസ്സിലൊരാന്തൽ. അലക്സാണ്ടറുടെ സംസാരവും പ്രകൃതവും ഭംഗിയല്ലെന്നുതോന്നി. ഇത് അപകടത്തിലേക്കാണോ.. ‘‘എനിക്കു മനസ്സിലായില്ല” ‘‘എനിക്കും മനസ്സിലാവണില്ലല്ലോ.. എന്നാ ഞാൻ..” അലക്സാണ്ടർ നീങ്ങിയപ്പോൾ പിടിച്ചുനിർത്തണമെന്നുതോന്നി കൈ നീട്ടിയതാണ്. പക്ഷേ, അതു കണ്ടറിഞ്ഞ്, പഴയ, സ്കൂളിൽ വീണപ്പോൾ സഹായിച്ച കുട്ടിയെ നോക്കിയ ഒരു നോട്ടം എന്നെ അതിൽനിന്നു പിന്തിരിപ്പിച്ചു. അലക്സാണ്ടർ നടന്നുനീങ്ങി. പ്ലാറ്റ്ഫോമിലൂടെ നടന്ന് അറ്റത്ത് പാളത്തിലേക്കിറങ്ങി. വളരെക്കഴിഞ്ഞ് ആ പാളത്തിലൂടെ ഇരച്ചുവന്ന ട്രൈയിനിൽ കയറുമ്പോൾ എന്റെ കൈകാൽ വിറച്ചു. ഞാൻ വിയർത്തുകുളിച്ചു. ചക്രത്തിൽ ചോര പുരണ്ടിട്ടുണ്ടോയെന്നു നോക്കണമെന്നെനിക്കു വെറുതേ തോന്നി. ട്രെയിൻ ചൂളം വിളിച്ച് പിന്നേയും പാഞ്ഞു.
Content Summary: Malayalam Short Story ' Alexander The Great ' Written by Jayamohan Kadungalloor