സത്വരം ദേവകൾ വിഷ്ണുവേ കണ്ടീനാൻ
പാലാഴി കടയുവാനേകണം രക്ഷണം
സ്നേഹമോടോതി ഭഗവാനന്നേരം
കൂട്ടിന്നായസുരരും വന്നിടട്ടേ
ഉള്ളിലുണർന്നുള്ള ഭയമോടുര ചെയ്തൂ
അസുരരവസാനം ശല്യമാകും
അതിനോട് നിങ്ങൾക്ക് ഭയപ്പാട് വേണ്ടെടോ
നാമുണ്ടെല്ലാത്തിനും പരിഹാരമായ്
മഥനം തുടങ്ങിനാൻ മന്ഥരം കടകോലായ്
പാശമായെത്തിയാ വാസുകിയും
വാലിൽ പിടിപ്പതു ദേവകൾ പേടിയാൽ
തലയിൽ പിടിച്ചിട്ടങ്ങസുരരും
മെല്ലെ മഥനവും മുന്നോട്ട് നീങ്ങവേ
മന്ഥരമാഴിയിലാഴ്ന്നു പോയീ
കൂർമ്മമായെത്തി ഭഗവാനന്നേരമാ
മന്ഥരപർവ്വതമുയർത്തിയല്ലോ
പിന്നെ തടസ്സമായെത്തിയാ വാസുകി
തന്നുടെയുള്ളിൽ നിന്നക്കാളകൂടം
ഊഴിയിൽ വീഴാതെ കൈയ്യിലെടുത്തിട്ട്
പാനം ചെയ്തീടുന്നൂ മഹാദേവനും
ഉള്ളിലിറങ്ങിയാൽ തൻപതിയില്ലെന്ന്
ഉള്ളാലെ ഭയന്നിട്ടാ കാർത്യായനീ
കണ്ഠത്തിൽ മുറുകെ പിടിച്ചു പ്രാർഥിച്ചിതാ
വൈകുണ്ഡനാഥൻ തന്നായുസ്സിനായ്
ഊഴിയിൽ വീണു പാര് നശിച്ചീടാതെ
വക്ത്രവും മൂടി മഹാവിഷ്ണുവും
കണ്ഠത്തിലുറച്ച വിഷത്തിനാൽ
നീലകണ്ഠനായീ മഹാദേവനും
ഇന്നുമാ ദിനത്തിൻ ഭക്തി തന്നോർമ്മയാൽ
രാവിലുറക്കമൊഴിക്കുന്നൂ നാം
അന്തിമമായതാ വന്നുചേർന്നീടുന്നൂ
അമൃതകുംഭമേന്തീ ധന്വന്തരീ
തട്ടിയെടുത്തൊരാ കുംഭവുമേറ്റി
പാതാളം പൂകീയസുരരെല്ലാം
ദേവരെ രക്ഷിപ്പാൻ മോഹിനീ രൂപമായ്
പിന്നെയും വന്നെത്തീ നാരായണൻ
ചെമ്മേ ചിരിയോടെയസുരരെ മയക്കിയാ
കുംഭവുമായിക്കടന്നു പോന്നൂ
Content Summary: Malayalam Poem ' Palazhimathanam ' Written by Navas Mukkathu