വാർന്നു പോയ ചോര തൻ
ചരിത്ര സ്മൃതിയിൽ നിന്നു
നാം വീണ്ടുമാദരങ്ങൾ കൊണ്ട്
മൂടിടേണ്ടൊരീ ദിനം.!
നോവ് തിന്നു മാഞ്ഞു പോയ
തെത്ര രക്തസാക്ഷികൾ
വിപ്ലവങ്ങളേറെയുണ്ട് നമ്മൾ
നമ്മളായതിന്നു മുമ്പതേ...
നേരിടും കരുത്തിനാലനീതി
കൾക്കുമേലെയും, നീതിതേടി
സംഘടിച്ചു ശക്തിയാൽചെറു-
ത്തു പിന്നഗ്നിയായ് ജ്വലിച്ചവർ!
സമരതീരമന്നതിൽ വിവിധ
മുറകൾ കൊണ്ടതും, സത്യവും
അഹിംസയും സമന്വയിച്ച സത്യാ-
ഗ്രഹങ്ങൾക്കു സാക്ഷിയായതും.!
സ്മരണയിൽ കൊരുത്തിടാം
തൻ സിരകളിൽ നിറച്ചിടാം,
ചോര ചിന്തി നേടിയൊരീ സ്വാത-
ന്ത്ര്യമൊന്നു കാത്തു കാത്തിടാം..!
Content Summary: Malayalam Poem ' Swathanthrya Smarana ' Written by Abhilash Panikkasseri