ഓർമയിലെ വേനൽക്കാലം

HIGHLIGHTS
  • ഓർമയിലെ വേനൽക്കാലം (കഥ)
mango-tree
Image Credit : Jibin Chempola/ Malayala Manorama
SHARE

എല്ലാ പ്രാവശ്യത്തെയും പോലെ ഇത്തവണയും അമ്മാവനും കുടുംബവും വീട്ടിൽ വന്നിട്ടുണ്ട്.. ഇനി രണ്ട് മാസത്തെ ചൂട് കാലം എല്ലാവരും ഒരുമിച്ച് ആസ്വദിക്കാനുള്ളതാണ്, വീട്ടിന് മുറ്റത്തു വെച്ചുള്ള ക്രിക്കറ്റ്‌ കളിയും പിന്നെ കുറച്ചു ദൂരെ കുടുംബ സ്ഥലത്ത് ചെന്നിട്ടുള്ള മാങ്ങ പറിക്കലുമാണ് പ്രധാന പരിപാടി... ഉച്ചക്ക് ചോറും കഴിച്ച് വെയിലിന്റെ കനം ഒന്ന് കുറയാൻ വേണ്ടി കാത്തിരിക്കും. മൂന്നു മൂന്നരയോടെ നമ്മൾ നാൽ ആൾക്കാരും കൂടി ഇറങ്ങും മാങ്ങ പറിക്കാനായി. ശീമക്കൊന്നയിൽ മറ്റൊരു ചെറിയ വടി കെട്ടിവെച്ചാണ് മാങ്ങ പറിക്കാനുള്ള കൊക്ക ഉണ്ടാക്കാറ്. അത് കൂടാതെ തന്നെ കുറച്ചു വേറെയും വടികൾ കരുതാറുണ്ട്, കൊയ്യ എന്നാണ് അതിന്റെ വിളിപ്പേര്. പിന്നെ ചാക്ക് അല്ലെങ്കിൽ കുറച്ചു സഞ്ചിയും കരുതും.. അത്രയും ആണ് കൈയ്യിൽ കരുതാറുള്ളത്. നമ്മൾ നാല് പേരും കൂടി വീടിന്റെ പിറകിലെ മതിൽ ചാടിയിറങ്ങി നേരെ പടിഞ്ഞാറോട്ടുള്ള നടത്തം... കണ്ടം എന്ന് വിളിപ്പേരുള്ള വയലിലെ നിവർന്നു കിടക്കുന്ന വരമ്പിൽ കൂടിയാണ് നടത്തം.. പക്ഷേ ആ നടത്തത്തിൽ എന്തൊക്കെയാണ് സംസാരിച്ചത്... ഓർത്തെടുക്കാൻ പറ്റുന്നില്ല... പക്ഷേ എന്നിരുന്നാലും ആ നടത്തതിന്റെ ആവേശം ഒരിക്കൽ പോലും കുറഞ്ഞു പോയിരുന്നില്ല..

നെൽകൃഷിയുള്ള വയലുകൾ ഉഴുതു മറിച്ചിട്ടുണ്ടാവും അടുത്തൊരു വിതയ്ക്കലിന് മുമ്പായി. അക്കാലത്തു എല്ലാ വർഷവും സ്ഥിരമായി താറാവിന്റെ കൂട്ടം വരാറുണ്ടായിരുന്നു.. താറാകൂട്ടത്തിന് പിറകിലായി നീണ്ടു മെലിഞ്ഞ അല്ലെങ്കിൽ വെള്ള കൊമ്പൻ മീശയും കുട വയറും പിന്നെ പഴകിയ മുണ്ടും കുപ്പായവും ധരിച്ചു കൈയ്യിൽ ഒരു നീളൻ വടിയുമായി താറാകൂട്ടത്തിന്റെ നോട്ടക്കാരനും.. വെയിലിനു കാഠിന്യം കുറയേണ്ട സമയം ആയെങ്കിലും ചൂടിനു കുറവൊന്നും ഇല്ല.. കൊക്കയുടെ മുന്നിലും പിന്നിലുമായി ഓരോരുത്തർ പിടിച്ചിട്ടുണ്ട്, വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് ചാക്ക് മൂന്നാമന്റെ തൊക്കിളിനടിയിൽ വൃത്തിയായി മടക്കി വെച്ചിട്ടുണ്ട്. അര മണിക്കൂറോളം നടക്കാനുണ്ട്, വെയിലേറ്റ് മെലിഞ്ഞുണങ്ങിയ വരമ്പിലൂടെ നടക്കുമ്പോൾ റബ്ബർ ചെരുപ്പിന്റെ വള്ളി പൊട്ടുന്നതോ അല്ലെങ്കിൽ വരമ്പിൽ നിന്ന് കാൽ തെറ്റി കണ്ടത്തിലോട്ട് വഴുതുന്നതോ ഇടയ്ക്ക് അലോസരം ഉണ്ടാക്കുന്നുണ്ട്.

കൊച്ച എന്ന് വിളിപ്പേരുള്ള കൊക്ക് ഒറ്റക്കാലിലും ഇരു കാലിലും ഒക്കെയായി അങ്ങിങ്ങായി നിലയുറപ്പിച്ചുണ്ട്, അവന്റെ അന്നത്തേക്കുള്ള ഇരയെ തേടി.. അതും ഒരു ചന്തമുള്ള കാഴ്ചയാണ്.. കണ്ണിൽ ഇരുട്ട് കയറുന്ന വെയിലത്തു തിളങ്ങി നിൽക്കുന്ന അതിന്റെ തൂവെള്ള നിറം.. നടത്തം പകുതിയാവുന്നതേ ഉള്ളൂ ശ്മശാനത്തിന് അടുത്തെത്തി.. കുറച്ചു ദൂരെ വയലിനു വശങ്ങളിൽ വീടുകൾ കാണാമെങ്കിലും ആരും ആ സമയത്ത് പുറത്തുണ്ടാകാറില്ല.. അല്ലെങ്കിലും ഈ വെയിലത്തു നമ്മൾ അല്ലാതെ വേറെ ആര് നടക്കാൻ.. ശ്മശാനത്തിന് അടുത്തായി ഒരു വെള്ളച്ചാൽ ഉണ്ട്. മഴക്കാലത്ത് നിറഞ്ഞു ഒഴുകുമെങ്കിലും വേനലിൽ വറ്റി വരണ്ട സ്ഥിതിയാണ് എപ്പോഴും. ചിലപ്പോഴൊക്കെ അതിനടുത്തായി മഞ്ഞയും വെള്ളയും നിറത്തിലുള്ള ഒരു പൂവ് വിടർന്നിരിക്കുന്നത് കാണാറുണ്ടായിരുന്നു. പക്ഷേ ഒരിക്കൽ പോലും അത് തൊട്ട് നോക്കാനോ പറിക്കാനോ ധൈര്യപ്പെട്ടിരുന്നില്ല, കാരണം എന്താണെന്നു ചോദിച്ചാൽ ഒരു വ്യക്തത ഇല്ല, ചിലപ്പോൾ അത് റോസപ്പൂ പോലെ ആകർഷിച്ചിട്ടില്ലായിരിക്കാം അല്ലെങ്കിൽ കുറേ പുല്ലുകൾക്കും പടർപ്പുകൾക്കുമിടയിൽ വളർന്നത് കൊണ്ട് അതിനുമാത്രം ഭംഗി തോന്നിയിട്ടില്ലായിരിക്കാം അതുമല്ലെങ്കിൽ ശ്മശാനത്തിന് അടുത്ത് വളർന്നത് കൊണ്ടായിരിക്കാം.. എന്തിരുന്നാലും ചിലപ്പോൾ അറിയാതെ പോയത് മറ്റൊരു സൗന്ദര്യത്തെ ആയിരിക്കാം..

ഒരു കൂട്ടം തെങ്ങിൻ തുരുത്തു കൂടി കടന്നു പോയി ഞങ്ങൾ. ശ്മശാനം വരെ ഞങ്ങളുടെ വീട്ടിൽ നിന്ന് നോക്കിയാൽ കാണാം.. ഞങ്ങൾ ഇപ്പോൾ മറ്റൊരു ഗ്രാമത്തിൽ എത്തി എന്ന് വേണമെങ്കിൽ പറയാം.. പണ്ട് തറവാട് ഉണ്ടായിരുന്ന സ്ഥലത്തേക്കാണ് ഞങ്ങൾ പോവുന്നത്.. അവിടെ മാവും സപ്പോട്ട മരവും പിന്നെ ഗാഭീര്യത്തോടെ സ്ഥിതി ചെയുന്ന പുളി മരവും ഉണ്ട്. എന്തോ, പുളി പറിക്കാൻ വലിയ താൽപര്യം ഉണ്ടാവാറില്ലായിരുന്നു ഞങ്ങളിൽ ആർക്കും. മാങ്ങ തന്നെയാണ് പ്രധാന ലക്ഷ്യം പിന്നെ സപ്പോട്ട നല്ലത് കിട്ടിയാൽ ചിലപ്പോൾ പറിക്കാറുണ്ടായിരുന്നു. വളപ്പിൽ എത്തിയാൽ ആദ്യം ചെയ്യാറുള്ളത് ഒരു നിരീക്ഷണം ആണ്... ചാക്കിൽ നിറക്കാനുള്ളത്ര മാങ്ങ ഉണ്ടോ എന്നറിയാൻ... എന്നാലല്ലേ ഇത്രയും നടന്നു വന്നത് മുതലാവുകയുള്ളൂ... കപ്പക്കാ മാങ്ങ പറിക്കാൻ മാവിന്റെ മുകളിൽ കയറിയേ മതിയാവൂ.. അതിനു മാത്രം ഉയരത്തിലാണ് മാങ്ങ ഉണ്ടാവാറു. മൂത്ത ചേട്ടനാണ് അതിന് മുന്നിൽ നിൽക്കാറ്. പിന്നെ ഞങ്ങൾ മൂന്നു പേരും കൊയ്യ കൊണ്ടുള്ള കസർത്താണ് ആദ്യം മാങ്ങ എറിഞ്ഞു ഇടാൻ വേണ്ടി.

കപ്പക്കാ മാങ്ങയും ഗോ മാങ്ങയും സപ്പോട്ടയും എല്ലാം പറിച്ച് കഴിയാറായപ്പോഴേക്കും എല്ലാവരും ദാഹിച്ചിട്ടുണ്ടാവും. അപ്പോഴാണ് യശോധേച്ചിയെ ഓർമ വരിക.. പണ്ട് തറവാട് ഉണ്ടായ സമയത്തുള്ള പരിചയമാണ് ഉമ്മയോടും ഉമ്മൂമ്മയോടും യശോധേച്ചിക്ക്. വളപ്പിന്റെ അതിരിൽ നിന്ന് കുറച്ചു നടന്നാൽ യശോധേച്ചിയുടെ വീട് എത്തി. ഞങ്ങൾ അവിടെ ചെന്നാൽ അവർക്ക് സന്തോഷം ആണ്.. ഒരു പാട്ടയിൽ നിറയെ, പഞ്ചസാര കലക്കിയ വെള്ളം തരും. അതും കുടിച്ച് ഇറങ്ങാൻ നേരം യശോധേച്ചിയുടെ തോട്ടത്തിൽ നിന്ന് ഉണ്ടായ പച്ചക്കറികൾ - പടവലമോ വെള്ളരിക്കയോ തന്നു വിടും. വിഷുക്കാലമാണെങ്കിൽ കൂടെ കാരയപ്പവും. അതും കൂടെ കിട്ടിയാൽ ഞങ്ങൾ ഡബിൾ ഹാപ്പി. അങ്ങനെ മാങ്ങയും സപ്പോട്ടയും യശോധേച്ചി  തന്നു വിട്ട പച്ചക്കറികളും ചാക്കിൽ നിറച്ച് തിരിച്ചു വീട്ടിലേക്കുള്ള നടത്തം.. ആ നടത്തത്തിൽ എപ്പോഴോ ഉമ്മുമ്മ പഴയ ഭരണിയിൽ ഉപ്പിൽ ഇട്ട് വെക്കാൻ പോവുന്ന മാങ്ങയെ പറ്റിയുള്ള ചിന്ത കടന്നു പോയിട്ടുണ്ടായിരിക്കും. വീടെത്താറാവുമ്പോഴേക്കും സൂര്യൻ അസ്തമിച്ചിട്ടുണ്ടാവും.. പള്ളിയിലെ മഗ്‌രിബ് ബാങ്ക് വിളി കേൾക്കാം.. ഞങ്ങളുടെ മുഖത്തു ഒരു ദൗത്യം വിജയിച്ചു വന്ന ഭാവവും.

Content Summary: Malayalam Short Story ' Ormayile Venalkkalam ' Written by Insaf

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS