അർഹതപ്പെട്ടതല്ല എന്നറിഞ്ഞിട്ടും ഞാൻ കാത്തിരുന്നു... - കഥ

HIGHLIGHTS
  • പനംതത്ത (കഥ)
malayala-poem-anaadhikala-pranayam
Representative image, Photo Credit: lilkar/istockphoto.com
SHARE

പ്രണയം.. ഹാ എത്ര സുന്ദരമായ പദം... കേൾക്കുമ്പോൾ തന്നെ ഒരു കൊളുത്തിട്ടു നിറുത്തിയതുപോലെ. അനുഭവിച്ചാലോ? മധുരവും... പുളിയും' ഉപ്പും... എരിവും... വേണ്ട... ഞാനത് പറയില്ല... അനുഭവിച്ചറിഞ്ഞാൽ മതി. പ്രണയം എന്ന പദത്തിന് മൂന്നക്ഷരം.. മൂന്നക്ഷരമുള്ള പല വാക്കും വന്യമായ വേദന നൽകുന്നതാണ്. ജീവിതം.. മരണം.. വിരഹം... വഞ്ചന.. ഇതിൽ ഏറ്റവും കടുപ്പമാണ് പ്രണയം. ഒരിക്കൽ നിർമ്മിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ ഒരു പ്രകാരത്തിലും ഇല്ലാതാക്കാൻ കഴിയാത്ത മനോവികാരമാണ് പ്രണയമെന്ന് കേട്ടിട്ടുണ്ട്. വാട്സാപ്പ് ന്റെ നിരീക്ഷണത്തിൽ...

ഉള്ളവന് ലഹരിയാണ്....

ഇല്ലാത്തവന് കാത്തിരിപ്പാണ്....

നഷ്ടപ്പെട്ടവന് വിരഹമാണ് പ്രണയം.

എങ്കിലും എല്ലാറ്റിനും അതിന്റേതായ ഒരു സുഖമുണ്ട്. ടീനേജ്കാരുടെ പ്രണയം കണ്ടിട്ടാവണം കവികൾ പറയുന്നത് നാലു നാളത്തെ കമ്പമെന്നാണ്. എനിക്ക് അർഹതപ്പെട്ടതല്ല എന്നറിഞ്ഞിട്ടും പ്രണയമെന്ന കൂട് കെട്ടി ഞാൻ കാത്തിരുന്നു. ആനച്ചാൻ കുഴി പാടശേഖരം മോട്ടോർ വച്ച് വെള്ളം വറ്റിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞാനും എന്റെ മനസ്സ് ഒരുക്കാൻ തുടങ്ങി. വെള്ളം വറ്റിത്തുടങ്ങിയപ്പോൾ കൃഷിക്കാർ പോത്തിനെ വച്ച് നിലം ഉഴുതുമറിച്ചു. നിലം ഒരുക്കി വിത്തെറിത്തു. പതുക്കെ പതുക്കെ പല ദിക്കിൽ നിന്നും പ്രാവുകൾ വന്നു തുടങ്ങി.. ഒരുക്കപ്പെട്ട് വിത്തെറിഞ്ഞുകാത്തിരുന്ന എന്റെ ഹൃദയത്തിന്റെ പാടത്തേക്ക് ഒരു കിളിയും വന്നില്ല.

വരും... വരാതിരിക്കില്ല. ഞാൻ കാത്തിരുന്നു.. അവസാനം ഞാൻ മടുത്തു.. വീണ്ടും ആനച്ചാൻ കുഴിയിലേക്ക് പാരവശ്യത്തോടെ ഞാൻ നോക്കി. ശരിയാ.. ഉടമസ്ഥന് അസഹ്യമായ രീതിയിൽ കിളികൾ വന്ന് പൊയ്ക്കോണ്ടേയിരിക്കുന്നു. ഞാനിട്ട വിത്ത് കൊള്ളില്ലേ?.. എനിക്ക് സംശയമായി. കിളികൾ പലവട്ടം വന്നു.. ആനച്ചാൻ കുഴി പാടം പലവട്ടം പൂക്കുകയും കൊയ്യുകയുമൊക്കെ തുടർന്നു കൊണ്ടേയിരുന്നു. വേനലും മഞ്ഞും മഴയും മാറി മാറി വന്നു. കാലം പതുക്കെ കടന്നു പോയി. തുറന്നിട്ട എന്റെ ഹൃദയത്തിന്റെ പൊന്നഴിക്കൂട്ടിലേക്ക് ഒരു കിളിയും വന്നില്ല. എങ്കിലും ഞാൻ ഒറ്റയ്ക്കിരുന്ന് സ്വപ്നങ്ങൾ നെയ്തുകൂട്ടി.. എന്റെ മനസ്സ് എവിടേക്കോ പാറി നടക്കുന്ന പനം തത്തയായ് മാറി...

കോട്ടയം വിട്ടു. ഞാൻ പറന്നു തുടങ്ങി. വാളയാർ കഴിഞ്ഞപ്പോൾ കേരളവും വിട്ടു. പിന്നെ ഊരുതെണ്ടിയേപ്പോലെ ഒരു കറക്കമായിരുന്നു. ഡൽഹിയും കടന്ന് കാശ്മീർ വരെ ചെന്നെങ്കിലും എങ്ങും മനസ്സുടക്കിയില്ല. എന്റെ ഹൃദയത്തിന്റെ പൊന്നഴിക്കൂട്ടിലേക്ക് ഇനി ഒരു കിളിയും വരില്ല എന്നു ഉറപ്പിച്ച നിമിഷം.. ഞാൻ തീരുമാനിച്ചു. ഇല്ല തളരില്ല.. ഒറ്റയ്ക്കെങ്കിൽ അങ്ങനെ.. ആർക്കും പിടികൊടുക്കില്ല' വിവേകാനന്ദനെ മനസ്സിൽ മനസ്സിൽ ധ്യാനിച്ച് കന്യാകുമാരിയിലേക്ക് ഒറ്റ പറക്കൽ.. തപസ്സിരിക്കണം.. അതാണ് ലക്ഷ്യം.

കവടിയാർ കൊട്ടാരത്തിനടുത്തു കൂടി പറക്കുമ്പോൾ പെട്ടെന്ന് മനസ്സിൽ ഒരു കൊളുത്ത് വന്നു വീഴുന്ന പോലെ ഒരു ശബ്ദം. ഞാൻ ഞെട്ടിത്തരിച്ചു. താഴേക്ക് നോക്കി. ഒരു വീട്ടുമുറ്റത്ത് ഒരു ബഹളം.. എടീ.. അഹങ്കാരീ.. തിരുവനന്തപുരത്താണ് ജനിച്ചതെങ്കിലും ഇവടെ ഭാഷ കോട്ടയത്തിന്റേതാ.. തള്ള മകൾക്കു നേരേ ചീറി. ഞാൻ കാര്യം തിരക്കി.. പെൺകുട്ടിയുടെ മൂത്ത ആങ്ങളെനെ അണ്ണാ എന്നു വിളിക്കാൻ പറഞ്ഞിട്ട് ഇവൾ അച്ചായാ എന്നാണ് വിളിക്കുന്നതെന്ന് പോലും.. ഞാൻ ന്യായം പറഞ്ഞു: മോൾക്ക് ഇഷ്ടമുള്ളത് വിളിക്കട്ടേന്ന്. തള്ള വിട്ടില്ല. അതീ നാട്ടിൽ നടക്കൂല.. അങ്ങനെ വല്ല മോഹോം ഇവക്ക് ഉണ്ടെങ്കിൽ അത് മദ്ധ്യ തിരുവിതാംകൂറിലേ നടക്കൂ..

എന്നിലെ കോട്ടയംകാരൻ ഉണർന്നു. ഞാൻ ഒരു കോട്ടയം കുഞ്ഞച്ചനായി. ജയിക്കാനായി ജനിച്ചവന്റെ മുമ്പിൽ തള്ള തകർന്നടിഞ്ഞു.. നിമിഷങ്ങൾക്കുള്ളിൽ മോളും ഫ്ലാറ്റായി... അവളന്നെ അച്ചായാ എന്നു വിളിച്ചു. എന്റെ ഹൃദയത്തിന്റെ പൊന്നഴിക്കൂട് ഞാൻ അവൾക്കായ് തുറന്നിട്ടു. ഞങ്ങൾ ഒരുമിച്ചിരുന്ന് സ്വപ്നങ്ങൾ പങ്കുവച്ചു. ഞാനവളെ കെട്ടിപ്പിടിച്ചു.. ചുംബനപ്പൂ കൊണ്ട് മൂടി.. ഞാനവളെ പ്രണയത്തിന്റെ മായാലോകത്തേക്ക് പറത്തി വിട്ടു. പോയ് വരൂ, നീ.. എൻ കിളിയേ.. കാത്തു നിൽക്കാം നിൻ വഴിയിൽ.. ആനച്ചാൻകുഴി പാടം പൂത്തപ്പോൾ പലപ്പോഴായി അവളും പൂത്തു.. കഴിഞ്ഞ ദിവസം അവൾ വീണ്ടും എന്നോടു പറയുകയാണ്.. എനിക്ക് ഇനിയും പൂക്കണം.. പച്ചയായ ജീവിത യാഥാർഥ്യങ്ങളോട് പടവെട്ടി പരുക്കനായിത്തീർന്ന എന്റെ മനസ്സ് ആ വാചകം ഉൾക്കൊണ്ടില്ല. ഞാൻ പറഞ്ഞു. വേണ്ട... വേണ്ട.. നേരത്തേ പൂത്തതിനുള്ള സ്കോപ്പ് ഒക്കെയേ എന്റെ കൈയ്യിലുള്ളൂ.

Content Summary: Malayalam Short Story ' Panamthatha ' Written by Anil K. R.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS