ദാസനും വിജയനും അവരുടെ സൗഹൃദവും

HIGHLIGHTS
  • ദാസനും വിജയനും (ലേഖനം)
Nadodikkattu Movie
നാടോടിക്കാറ്റ് എന്ന ചലച്ചിത്രത്തിൽ നിന്ന്
SHARE

മലയാള സിനിമ ഉള്ളടത്തോളം കാലം ദാസനും വിജയനും മണ്മറയില്ല എന്ന് നമുക്കെല്ലാവർക്കും അറിയാം. സിനിമയേക്കാൾ കൂടുതൽ അതിലെ കഥാപാത്രങ്ങളെ നാം ഇപ്പോൾ ഓർക്കുന്നത് അവ ട്രോളുകളിൽ നിറയുമ്പോഴാണ്. പ്രീഡിഗ്രികാരനായ വിജയനെ എപ്പോഴും ചവിട്ടിത്താഴ്ത്താൻ ശ്രമിക്കുന്ന ബി കോംകാരൻ ദാസന്റെ അപകർഷത ബോധം പലപ്പോഴും തെളിഞ്ഞു കാണുന്നുണ്ട് മൂന്ന് ചിത്രങ്ങളിലും. സീക്വലിലെ ആദ്യത്തെ ചിത്രം നാടോടിക്കാറ്റ് തന്നെയാണ് എനിക്ക് ഏറ്റവും പ്രിയം. ദാസനും വിജയനും ഒപ്പത്തിനൊപ്പം നിന്ന് കൊണ്ട് മത്സരിച്ചഭിനയിച്ചു എന്നതാണ് ഇവരെ അത്രമേൽ പ്രിയപ്പെട്ടവരാക്കുന്നത്. പിന്നീട് വന്ന പല സിനിമകളിലും ലാലേട്ടന് ചുറ്റും അംഗപരിചാരകരെ പോലെ രാജാവിന് ചുറ്റും കൂടുന്ന പ്രജകളെ പോലെ ചിലരെ ആണ് നമ്മൾ കണ്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ ദാസനും വിജയനും വളരെ വ്യത്യസ്തരാണ്‌. വിജയൻ സ്ക്രീനിൽ ദാസനോടൊപ്പം തന്നെ സ്പേസ് പങ്കിടുന്നുണ്ട്. ദാസന്റെ കഷ്ടപ്പാടിലും ദാരിദ്ര്യത്തിലും കൂടെയുള്ള വിജയൻ. നാമെല്ലാരും കൊതിക്കില്ലേ ഇങ്ങനെ ഒരു സുഹൃത്തിനെ. നമുക്കെന്താ വിജയാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത് എന്ന് ഒരിക്കലെങ്കിലും ചോദിക്കാത്ത മലയാളി ഉണ്ടോ?

നാടോടിക്കാറ്റ് മനുഷ്യന്റെ പച്ചയായ അവസ്ഥകൾ കാണിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഇപ്പോഴും ഈ ചിത്രം കാണാൻ ഇരിക്കുമ്പോൾ ബോറടിക്കാത്തത്. തൊഴിലില്ലായ്മ മലയാളികളുടെ സ്വന്തം പ്രശ്‌നം ആയത് കൊണ്ടു ദാസന്റെയും വിജയന്റെയും പ്രശ്‌നങ്ങൾ നമ്മുടെ വീട്ടിലെ കാര്യങ്ങൾ പോലെ ഏതൊരു ശരാശരി മലയാളിക്കും തോന്നും. ദാസനേക്കാൾ പ്രായോഗികബുദ്ധിയുള്ള വിജയൻ പലയിടങ്ങളിലും തീരുമാനങ്ങൾ എടുക്കുന്നുണ്ട്. പശുവിനെ വിൽക്കാനും ഗൾഫിൽ പോകാൻ ഗഫൂർക്കയെ കാണാനും ഉള്ള തീരുമാനങ്ങൾ വിജയന്റെയാണ്. അയാൾക്ക് പഠിപ്പിന്റെയോ ദുരഭിമാനത്തിന്റെയോ അമിതഭാരമില്ല. എന്നാൽ ദാസൻ അഭിമാനിയാണ് ബികോം വരെ പഠിച്ചിട്ടുള്ളയാളാണ് എന്ന് സ്വയം ഓർമിപ്പിച്ചു കൊണ്ടേ ഇരിക്കുന്ന ഒരാളാണ്. ഇങ്ങനെകുറെ വൈരുദ്ധ്യങ്ങൾ കൊണ്ട് അടുത്തും കൊടുത്തും അവരുടെ സൗഹൃദം മുന്നോട്ട് പോകുന്നുണ്ട്. വളരെ ഒഴുക്കോട് കൂടിയുള്ള നൈസർഗികമായ പ്രയാസമേതുമില്ലാത്ത അഭിനയം രണ്ട് പേരും കാഴ്ച്ച വെച്ചിട്ടുണ്ട്. അവർ തമ്മിൽ വളരെ കംഫർട്ടബിൾ ആണെന്നത് ആ കഥാപാത്രങ്ങൾക്കും ഊർജം പകർന്ന് കൊടുത്തു.

akkare akkare akkare
നാടോടിക്കാറ്റ് എന്ന ചലച്ചിത്രത്തിൽ നിന്ന്

പട്ടണപ്രവേശത്തിലേക്ക് കടക്കുമ്പോൾ സിദ്ദിഖ് ലാൽമാർ തൊടുത്തു വിട്ട ആദ്യത്തെ അമ്പു മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ അത് നിലനിർത്തുക എന്ന 'നിസ്സാര'മായ ജോലി മാത്രമേ ശ്രീനിവാസന് ഉണ്ടായുള്ളൂ. തമാശ രൂപത്തിൽ പറഞ്ഞതാണെങ്കിലും അത് വളരെ പ്രയാസമേറിയ ഒരു ജോലി തന്നെയാണ്. തമിഴ്നാട് പൊലീസിൽ ജോലി ലഭിച്ച ദാസനും വിജയനും പിന്നീട് ഒരു കൊലക്കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ വരുന്നതും ഇവിടെ ശിക്കാരി ശംഭുമാർ ആയി വിലസുന്നതും വളരെ രസകരമായ കാഴ്ചകൾ തന്നെയാണ്. നാടോടികാറ്റിലെ ദാസന്റെ പ്രണയം വളരെ നിർമലവും ആത്മാർഥവും ആണെന്ന് നമുക്ക് തോന്നും. എന്നാൽ പിന്നീട് രാധക്ക് എന്ത് പറ്റിയെന്ന് ആരും പറയുന്നില്ല. എന്നാലും ദാസനും വിജയനും പട്ടിണി മാറ്റിയ ജോലിയോടുള്ള കടപ്പാടും അതിന്റെ പേരിൽ കൈനോട്ടക്കാരായും കുട നന്നാക്കാൻ വരുന്നവരായുമൊക്കെയുള്ള പകർന്നാട്ടങ്ങൾ ഗംഭീരമാക്കി. ഇവർ തമ്മിലുള്ള ഓരോ സീനിലും ഇവരുടെ കെമിസ്ട്രി കാഴ്ചക്കാരെ രസിപ്പിക്കുന്നുണ്ട്. അതൊക്കെ തന്നെയാണ് ആ ചിത്രത്തിന്റെ വിജയം.

അക്കരെയക്കരെയക്കരെ സത്യൻ അന്തിക്കാടിന്റെ കൈയ്യിൽ നിന്നും പ്രിയദർശൻ ഏറ്റു വാങ്ങിയത് കൊണ്ടാണോ എന്നറിയില്ല കേരളം വിട്ട് പോയത്. വിജയൻ ദാസന്റെ കൂടെ അമേരിക്കയിൽ പോകാൻ വേണ്ടി മീൻ അവിയൽ ഉണ്ടാക്കുന്നതൊക്കെ ചിരിപ്പിച്ചു കളഞ്ഞു. ആദ്യമായി പ്രായോഗിക ബുദ്ധിയുള്ള വിജയനും പ്രണയം തോന്നുന്നുണ്ട് സേതുലക്ഷ്മി സിസ്റ്ററോട്. അവിടെയും ആശാൻ അമേരിക്കയിൽ നഴ്‌സിനെ കല്യാണം കഴിച്ചു സുഖമായി ജീവിക്കാൻ ഉള്ള ബുദ്ധി ആണ് കാണിക്കുന്നത്. ദാസനും വിജയനും ആദ്യം മുതൽ പാരവെപ്പൊക്കെ ഉണ്ടെങ്കിലും ആദ്യമായി അതൊരു ജീവൻ മരണ കളിയായി മാറുന്നത് അമേരിക്കയിൽ നടക്കുന്ന ക്ലൈമാക്സിൽ ആണ്. ദാസനും വിജയനും കൂടെ കര കാണാ കടലല മേലെ മോഹപൂ കുരുവി പറന്നേ എന്ന് പാടുമ്പോൾ നമ്മളും കൂടെ പാടിയിട്ടില്ലേ ഈ ഗാനം. സ്വർഗ്ഗത്തിലോ അതോ സ്വപ്നത്തിലോ എന്ന് പാടി അമേരിക്കയിൽ ഓടി ചാടി നടക്കുന്ന ദാസനും വിജയനും അടിപൊളി തന്നെയല്ലേ സുഹൃത്തുക്കളെ. എന്റെ ഇഷ്ട ജോഡി അവർ തന്നെയാണ്. എപ്പോഴും കൂടെയുള്ള സുഹൃത്തുക്കൾ. ഒരാളില്ലാതെ മറ്റെയാളെ ഒറ്റയ്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത സൗഹൃദം.

Content Summary: Malayalam Article ' Dasanum Vijayanum ' Written by Shiju K. P.

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA