സ്ഥലം കാസർഗോഡ് ബളാൽ, രാവിലെ എണീറ്റ് ആ ചേട്ടന്റെ പന്നി ഫാം കണ്ട് വന്ന ഉടനെ പറഞ്ഞു എല്ലാരും കാറിൽ കേറിക്കോ ഇവിടെ അടുത്ത് ഒരിടം വരെ പോയേച്ചും വരാം. നമ്മടെ ഒരു പയ്യന്റെ പെര കൂടൽ ആണെന്ന്. തലേ ദിവസം മുതൽ തന്നെ അങ്ങനെയാ. കാറിൽ കേറിക്കോ പോകാം എന്നേ പറയൂ അവിടെത്തുമ്പോളേ എങ്ങോട്ടാ മനസ്സിലാകൂ. അഞ്ചുമിനിറ്റിനുള്ളിൽ സ്ഥലം എത്തി കാർ നിർത്തി ഇറങ്ങി. കുറച്ചു മുകളിലോട്ട് ഞങ്ങൾ എല്ലാവരും നടന്നു കയറി. കാര്യം ഏകദേശം മനസ്സിലായി. ആ ചേട്ടന്റെ സഹായിയുടെ വീട് കേറി താമസം ആണ്. സൈഡിലെ മൺ തിട്ടയിലൂടെ വീടിന്റെ ഇറയത്തുകൂടി നടന്ന് മുന്നോട്ട് ചെല്ലുമ്പോൾ മഴ ചാറ്റൽ ഉണ്ടായിരുന്നു. ഉമ്മറ ഭാഗത്തു തന്നെ ഒരു വലിയ പച്ച വീപ്പയിൽ നിറയെ വെള്ളവും അതിലൊരു പാട്ടയും ഉണ്ടായിരുന്നു. ഞങ്ങൾ കൈയ്യിൽ ഉണ്ടായിരുന്ന കുട മുറ്റത്തുവച്ചു കാലുകഴുകി വീട്ടിനകത്തു കയറി. ക്ഷണിക്കാതെ വന്ന ഞങ്ങളെ കണ്ടിട്ടും വീട്ടുകാരനും ഭാര്യയും രണ്ട് മക്കളും അവിടെ നിന്നിരുന്നവരും ഓടി വന്ന് നിറഞ്ഞ ചിരിയോടെ ഞങ്ങളെ ഉള്ളിലേക്കിരുത്തി.
കാറ്റിലോ മണ്ണിടിച്ചിലിലോ പഴയ വീട് നശിച്ചുപോയതാണ്. ഈ വീട് ഇപ്പോ പുതുതായി ഈ വീട്ടുകാരന്റെയും മറ്റും കഠിനാധ്വാനത്തിന്റെ ഫലമായി ഉണ്ടാക്കിയതാണ്. വീട്ടുകാരും അയൽവാസികളും എല്ലാരും കൂടി ഒരു ഇരുപത് പേർ കാണും. വീടിന്റെ മുൻ വശത്തു ചരിച്ചു കെട്ടിയ ചായ്പ്പ് പോലെ ഉള്ള ഒരിടം. അവിടെ സിമന്റ് ഇട്ട് രണ്ട് അടുപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്. ആ ഭാഗത്തു ലൈറ്റ് ഒന്നും കണ്ടില്ല. രാത്രി ഒക്കെ പെരുമാറാൻ മറ്റെന്തെങ്കിലും വെളിച്ചം വേണ്ടി വരും. വീടിന്റെ മുൻവശത്തും പിൻവശത്തും ഉള്ള വാതിലുകൾക്ക് കട്ടിളയും കതകും കൊടുത്തു ഭദ്രമാക്കിയിട്ടുണ്ട്. കൽചുമരുക്കൾക്ക് പകരമായി ആസ്ബസ്റ്റോസ് ഷീറ്റുകൾ നിരത്തി അടുക്കി കവുങ്ങിന്റെ അലകുകൾ പാകി കയറുകൾ കൊണ്ടും കമ്പികൾകൊണ്ടും ശക്തമായി കെട്ടിവച്ചിട്ടുണ്ട്. വീടിനുൾവശം ഒരു ഹാൾ ഉം വേറെ രണ്ട് മുറികളും ഷീറ്റും കർട്ടൻ ഉം ഉപയോഗിച്ചു വിഭജിച്ചു. മുൻവശത്തുനിന്നും ഉള്ളിലേക്ക് കയറുമ്പോൾ ഉള്ള ഹാളിന്റെ ചുമരിൽ ഒരു ടീവിയും സെറ്റപ്പ് ബോക്സും ഉണ്ട്. പഴയ വീടിന്റെ കറന്റ് കണക്ഷൻ ഉള്ളിടത്തുനിന്ന് ഒരു വയർ വലിച്ചു ഹാളിലെ ടീവിയും ലൈറ്റും പ്രവർത്തിപ്പിച്ചിട്ടുണ്ട്.
വീടുകേറിത്താമസം ആയതുകൊണ്ട് ഒരു മുറിയിൽ ഒരു പ്ലാസ്റ്റിക് മേശമേൽ മുത്തപ്പന്റെ പടത്തിന് മുന്നിൽ വിളക്ക് തെളിയിച്ചു നിലത്തു നാക്കിലയിൽ വെറ്റിലയും, അടക്കയും, പഴവും, മലരും ശർക്കരയും. ആ വിളക്കിൽ നിന്ന് അഗ്നി പകർന്നാവണം പാൽ തിളപ്പിക്കാൻ അടുപ്പിൽ വച്ചത്. പാൽ തിളച്ചതും അതിൽ പഞ്ചസാര ചേർത്തിളക്കി കൂടിനിന്നവർക്കെല്ലാം ഗ്ലാസ്സിലേക്ക് പകർന്ന് നൽകി. അച്ഛനും അമ്മയ്ക്കും രണ്ട് പെണ്മക്കൾക്കും താമസിക്കാൻ അവർ ഉണ്ടാക്കിയെടുത്ത വീട്. കേറിതാമസത്തിന്റെ അന്ന് അവരുടെ മുഖത്തു കണ്ട ആ സന്തോഷം അത് വല്ലാത്ത ഒരു പ്രതീക്ഷയും പോസിറ്റിവിറ്റിയുമായിരുന്നു. നിലം മിനുക്കാതെ ചുവരുതേക്കാതെ പെയിന്റ് അടിക്കാതെ ജനലോ പ്ലംബിങ്ങോ വയറിങ്ങോ ഇല്ലാതെ ഒക്കെ ആണെങ്കിലും ആരോടും പരാതി ഇല്ലാതെ നിറഞ്ഞ ചിരിയും മനസിലെ സന്തോഷവും സ്വന്തം വീടെന്ന സ്വപ്നത്തിനു മുന്നിൽ നിൽക്കുന്ന ആത്മാഭിമാനത്തിന്റെതായിരുന്നു.
ക്ഷണിക്കാതെ അപ്രതീക്ഷിതമായി ചെന്നതാണെങ്കിലും ഞങ്ങൾ അവർക്ക് ഇരട്ടി മധുരമായിരുന്നു. ഒരു വീടുകൂടലിന് ചെന്ന് ഒന്നും കൊടുക്കാതെ എങ്ങനെയാ പോകുന്നെ, നമുക്ക് എന്തെങ്കിലും ചെയ്യാം എന്ന് തമ്മിൽ പറഞ്ഞപ്പോൾ, ഹേയ് വേണ്ട ഒരിക്കലും വേണ്ട അതിന്റ ആവശ്യം ഇല്ല നിങ്ങൾ വന്നത് തന്നെ വലിയ സന്തോഷം എന്നൊരാൾ ഉറച്ച സ്വരത്തോടെ പറഞ്ഞു. അടുത്ത തവണ കാണാമെന്നു പറഞ്ഞിറങ്ങുമ്പോൾ മനസ്സിൽ നിറഞ്ഞുനിന്നത് ആ വീടും വീട്ടുകാരും മാത്രമായിരുന്നില്ല നാം പണ്ട് സ്കൂളിൽ പഠിച്ചപോലെ, മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങളിൽ ഒന്നായ പാർപ്പിടം ആണ് ഇപ്പോൾ കണ്ടത്. ആഡംബരങ്ങളോ ആർഭാടങ്ങളോ ഒന്നും തൊട്ടുതീണ്ടാത്ത വീട്.
Content Summary: Malayalam Experience Note Written by Neethu Cholakkad