'മദ്യപിച്ചെത്തി കുട്ടികളെ ദേഹോപദ്രവം ചെയ്യും', ആഹാരം പോലും കഴിക്കാൻ അനുവദിക്കില്ല, സ്കൂളില്‍ വിടില്ല...
Mail This Article
"അമ്മേ... അമ്മേ..." മൂത്ത കുട്ടി ചിന്നു വിളിച്ചു. "അമ്മേ..." അവൾ ഒന്നുകൂടി നീട്ടി വിളിച്ചു. "ഊം... എന്തേ... എന്റെ പൊന്നുമോൾ ഇതുവരെയും ഉറങ്ങിയില്ലേ..." "ഇല്ലമ്മേ.. എനിക്കുറക്കം വരണില്ല..." "അതെന്താ... അച്ഛൻ ഇന്നും കുടിച്ചു. അല്ലേ...?'' "ഉം" "അമ്മേ.... അമ്മ എന്നെയൊന്നു താരാട്ടുപാടിയുറക്കിയിട്ട് എത്ര കാലായി.. കൊതിയാകുന്നു അമ്മേ...." "അത്... മോളെ... അതിനിനി അമ്മയ്ക്കു കഴിയില്ലല്ലോ.. നിങ്ങളെങ്ങനെ സുഖമായിരിക്കുന്നോ..? അച്ഛൻ കുടിച്ചിട്ട് എന്റെ മക്കളെ തല്ലാറുണ്ടോ...?" "ഉണ്ടമ്മേ.. പല രാത്രികളിലും അച്ഛൻ ഞങ്ങളെ ഉറക്കാറേയില്ല... കുടിച്ചിട്ട് അച്ഛൻ ഞങ്ങളെയെന്നും ദേഹോപദ്രവം ചെയ്യും. ആഹാരം പോലും കഴിക്കാൻ അനുവദിക്കില്ല. ഇപ്പോൾ അമ്മ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ഞങ്ങൾ ആശിച്ചു പോകുന്നു... അമ്മ എന്തിനാ ഞങ്ങളെ അനാഥരാക്കിയിട്ടിട്ട് പോയ്ക്കളഞ്ഞത്..? അച്ചുവിന്റേയും അമ്മുവിന്റേയും എല്ലാ കാര്യങ്ങളും ഒരമ്മയെ പോലെ ഞാൻ നോക്കാറുണ്ട്. തെരുവിൽ പാട്ടു പാടി ഭിക്ഷയെടുത്തു കിട്ടുന്നത് മുഴുവൻ അച്ഛൻ കുടിച്ചു തീർക്കുകയാ പതിവ്. കണ്ണീരൊഴിഞ്ഞ ദിനങ്ങളില്ല."
"അമ്മ അടുത്തുണ്ടായിരുന്നുവെങ്കിൽ ഞങ്ങൾക്കീ ഗതി വരില്ലായിരുന്നു. അമ്മയുടെ താരാട്ടു കേട്ടുറങ്ങാൻ കൊതിയാകുന്നു. അന്തിയുറങ്ങാൻ ഒരിടം കൂടി ഞങ്ങൾക്കില്ല. തെരുവുനായ്ക്കളുടെ ഇടയിൽ ഭയന്നു വിറച്ചു കൊണ്ടു വേണം ഞങ്ങൾക്കോരോ ദിനവും കഴിഞ്ഞുകൂടാൻ.. യൂണിഫോമിൽ സ്കൂൾ കുട്ടികൾ പോകുന്നത് കണ്ണിൽ നിന്ന് മറയുന്നതു വരെ കൊതിയോടെ നോക്കി നിൽക്കും. അമ്മ തന്നെയല്ലേ പറഞ്ഞിരുന്നത് എന്റെ മോൾ രാജയോഗത്തിലാണ് പിറവിയെടുത്തതെന്ന്. എന്നിട്ടിപ്പോൾ എന്താണ് സംഭവിച്ചിരിക്കുന്നത്. ഗതികെട്ട പ്രേതം കണക്കെ നാടു തോറും അലയാനല്ലേ വിധി. കുന്നുപോലെ ആഗ്രഹങ്ങൾ തന്നു നിറച്ചിട്ട് എന്റെ അമ്മ ശൂന്യതയിലേക്ക് ഞങ്ങളെ തനിച്ചാക്കിയിട്ട് പൊയ്ക്കളഞ്ഞുവല്ലോ... ഈ വിശപ്പിന്റെ വിളി അമ്മ കേൾക്കുന്നുണ്ടോ..? ഈ പാട്ടിന്റെ സ്വരം ആരും എത്തിപ്പെടാത്ത ശൂന്യതയിലിരുന്നു അമ്മയ്ക്ക് കേൾക്കാൻ കഴിയുന്നുണ്ടോ...? കാലം തീർത്ത ശരശയ്യയിൽ ഞങ്ങളുടെ മോഹങ്ങളെല്ലാം ചിറകറ്റു വീണു.
"എന്റെ... പൊന്നുമോളേ..." "എന്താമ്മേ...." "അച്ചുവിനേം അമ്മുവിനേം സ്നേഹിച്ചു കൊതി തീരുംമുമ്പേ, കാലം എന്നെ..." "അമ്മ കരയുകയാണോ..." "ഇല്ല... ഇനി എന്റെ മക്കൾക്കു വേണ്ടി ഈ അമ്മ കരയാതെയിരിക്കാം. അമ്മ പറഞ്ഞ എല്ലാ സൗഭാഗ്യവും നിങ്ങളെ തേടിയെത്തും. അച്ഛൻ കുടി നിർത്തി നിങ്ങളെ സ്നേഹിക്കാൻ തുടങ്ങും. മറ്റു കുട്ടികളെപ്പോലെ നല്ല യൂണിഫോം ധരിച്ച് മിടുക്കരായി നിങ്ങളും സ്കൂളിൽ പോകും. അങ്ങനെ ചിറകറ്റു പോയ സ്വപ്നങ്ങളെല്ലാം പൂത്തു തളിർക്കും. ശൂന്യതയിലിരുന്നു കൊണ്ട് അമ്മ നിങ്ങളുടെ സൗഭാഗ്യത്തെയോർത്തു സന്തോഷിക്കും. ഇനി എന്റെ മക്കൾ സുഖമായ് ഉറങ്ങിക്കോ..." "ശരിയമ്മേ..."
Content Summary: Malayalam Short Story ' Chirakatta Swapnangal ' Written by Minumon S. Kayamkulam