'അവളൊടൊപ്പം അയാൾ മുറിയിലേക്ക് കടന്നു', പിറ്റേന്ന് അപ്പാർട്ട്മെന്റിൽ രക്തത്തിന്റെ മണം
Mail This Article
വാക്കുകളിലും നോട്ടങ്ങളിലും സൂക്ഷ്മതകളൊളിപ്പിച്ച ഭൂതകാലങ്ങളെക്കുറിച്ചോർത്ത പകലുകളിൽ മാത്രം അവളിലൊരു വല്ലാത്ത അനുഭൂതി നിറഞ്ഞു. ഒന്നിനോടും അഭികാമ്യമില്ലാത്തൊരു ജീവിതം മാത്രമായിരുന്നു. ആദ്യത്തെ പകലിനെയും അവസാനത്തെ രാത്രിയെക്കുറിച്ചും ഓർക്കാൻ ഇഷ്ടപ്പെടാതെ അവൾ ആ പാർസൽ ഓഫിസിൽ ജോലിക്ക് വന്നുകൊണ്ടേയിരുന്നു. ആരോടും മിണ്ടാതെ വിലാസങ്ങളിൽ നിന്നും വിലാസങ്ങളിലേക്കവൾ കൂപ്പുകുത്തികൊണ്ടിരുന്നു..
നീണ്ടുകിടക്കുന്ന തെരുവിലൂടെ അയാൾ നടന്നു, ചുറ്റും ആളുകളുടെ കോലാഹലങ്ങൾ മുഴങ്ങി നിന്നു. ഇടയ്ക്കിടയ്ക്ക് കടന്നുപോകുന്ന നീല നിറത്തിലുള്ള ട്രാൻസ്‌പോർട്ട് ബസ്സുകൾ തെരുവിന്റെ തിരക്കുകളെ നിയന്ത്രിച്ചു. ഉച്ച വെയിലിന്റെയും തിരക്കുകളുടെ സന്ധിചേരലിൽ നഗരമങ്ങനെ മുങ്ങികിടന്നു. അതിനിടയിലാണ് പാർസൽ ഓഫിസിന്റെ ചില്ലിനിടയിലൂടെ ലൂസി അയാളെ കണ്ടത്.
അയാൾ ലൂസിയെ അങ്ങനെ കാണാൻ തീരുമാനിച്ചതെന്താണെന്ന് അവൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല, എങ്കിലും അന്നും പിന്നീടും നഗരത്തിന്റെ തിരക്കിനിടയിൽ വളരെ ദൂരത്തും ചിലപ്പോൾ അടുത്തും നടന്നു പോകുന്ന അയാളെ ശ്രദ്ധിക്കുന്നത് അവളുടെ ഒരു പതിവായിത്തുടങ്ങി. ഒരുനാൾ തിരക്കിനിടയിലൂടെ അവിചാരിതമായി അയാൾ അവളുടെ മുന്നിൽ വന്നു നിന്നു. പിന്നീട് മെല്ലെ പുഞ്ചിരിച്ചുകൊണ്ട് അയാൾ സ്വയം പരിചയപ്പെടുത്തി. അവളും ആദ്യമായി അപരിചിതത്വത്തിന്റെ അടയാളങ്ങളില്ലാതെ പുഞ്ചിരിച്ചു..
ഗിരിനിരകൾക്കപ്പുറം വസന്തങ്ങളുടെ കുത്തൊഴുക്കിൽ നിന്നിരുന്നൊരു പൂവ്, ഒരു നീല ശംഖുപുഷ്പം. അതിനെ നിസാരമായിപ്പറിച്ചുകൊണ്ടുവന്നു കൊട്ടാരങ്ങളുടെ അറകളിൽ ഇട്ടുകൊണ്ട് സ്നേഹിക്കാൻ ശ്രമിച്ചതുപോലെ അവൾക്ക് തോന്നിയിരിക്കാം. കൗമാരങ്ങളുടെ മുഖങ്ങളിൽപ്പോലും അവളെ കാണുമ്പോഴൊക്കെ കാമം എരിയുന്നതായി പലപ്പോഴും അവൾ ഞെട്ടലോടെ കണ്ടിരുന്നു. അതിന്റെ ആഘാതങ്ങളെ മായ്ക്കുന്ന പോലെ പിന്നീട് ഒരുനാൾ വീണ്ടും അയാൾ വന്നു ശരീരമാകെ സുഗന്ധം വമിപ്പിച്ചുകൊണ്ട്, സാന്ത്വനത്തിന്റ സ്പർശം ചൊരിഞ്ഞയാൾ അവളെ നോക്കി വീണ്ടും പുഞ്ചിരിച്ചു...
നീണ്ടൊരു മഴ പെയ്യുന്ന ഒരു വൈകുന്നേരത്തിലാണ് അവർ അവസാനമായി കണ്ടുമുട്ടിയത്, താഴെ അവളുടെ അപ്പാർട്ട്മെന്റിന്റെ വാതിലിലൂടെ ഉള്ളിലേക്ക് അയാളോടൊപ്പം അവൾ മടിച്ചു മടിച്ചു കയറി. അന്ന് അയാൾ വമിപ്പിക്കുന്ന സ്നേഹത്തിന്റ ഗന്ധം. ഇഴുകിയ, പതിഞ്ഞൊരു തരം മുല്ലമൊട്ടിന്റെ മണമുള്ള ഒരു അത്തറിന്റെ മണം മാത്രമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ലൂസിക്ക് ഛർദിക്കാൻ തോന്നി. മുറ്റത്തെ തളം കെട്ടിയ വെള്ളത്തിലൂടെ തെന്നിക്കളിക്കുന്ന മഞ്ഞപ്പൂവുകൾ പോലെ ജീവിതത്തിന്റെ ഭാരം നഷ്ടപ്പെട്ടവൾ കണ്ണീർ വമിക്കാത്തൊരു തരം അവസ്‌ഥയിലേക്ക് എത്തിച്ചേർന്നു.
ഒടുവിൽ മുറിയിലാകെ രക്തം പടർന്നു, ഒരു ചുമരിനോട് ചേർന്ന് ലൂസിയുടെ ശരീരം തണുത്തു കിടന്നു, ഉറുമ്പുകൾ ഉണങ്ങിയ രക്തപാടിനെ പൊതിഞ്ഞു.. പച്ച രക്തത്തിന്റെ മണം തളം കെട്ടിയിരുന്നു, ഒരു തരം നാറ്റം. ആളുകൾ കൂടിയപ്പോൾ അയാൾ വീണ്ടും വന്നു. ഇടയിലൂടെ അവളെ ഒന്നുകൂടി നോക്കി പിന്നെ പടികൾ കടന്നയാൾ തിരിച്ചു നടന്നു. കനം കുറഞ്ഞ മുല്ലമൊട്ടിന്റെ അത്തറിന്റെ ഗന്ധം പിന്നെയും അവിടെ അവശേഷിച്ചു.
Content Summary: Malayalam Short Story ' Sayahnangalude Veshappakarchakal ' Written by P. Harirag