സമയം ഒൻപതു മണിയായി. ഇനിയും ഹോംനഴ്സ് എത്തിയിട്ടില്ല. ഇപ്പോഴെങ്കിലും ഇറങ്ങിയാലേ സമയത്തിന് ഓഫിസിൽ എത്താൻ കഴിയുകയുള്ളൂ. ശനിയാഴ്ച വീട്ടിൽ പോയ അവൾ ഇന്നലെ ലീവ് പറയുകയും ഇന്ന് അതിരാവിലെ തന്നെ എത്തിക്കൊള്ളാമെന്ന് പറഞ്ഞിരുന്നതുമാണ്. ഇവരെയൊന്നും വിശ്വസിക്കാൻ പറ്റില്ല! ഞാൻ അക്ഷമയോടെ റോഡിലേക്ക് നോക്കി നിന്നു. പെട്ടെന്ന് ഒരു ഓട്ടോറിക്ഷയിൽ അവൾ വന്നിറങ്ങി. "എന്താ ഇത്രയും താമസിച്ചത്" എന്റെ ചോദ്യം കേൾക്കാത്ത മട്ടിൽ അവൾ അകത്തേക്ക് കയറി. സമയം വൈകിയതിനാൽ ഞാനും വളരെ വേഗം ഓഫിസിലേക്ക് യാത്രയായി. അവളോടു ചോദിക്കാനിരുന്ന കാര്യങ്ങൾ വന്നിട്ട് ആകാമെന്ന് വച്ചു. യാത്രയിൽ ഉടനീളം ഞാൻ അവളെപ്പറ്റി ആലോചിച്ചു കൊണ്ടിരുന്നു.
എന്റെ ഓഫിസിലെ സുഹൃത്തിന്റെ ബന്ധുവഴിയാണ് അവൾ ഇവിടെ ജോലിക്ക് എത്തിയത്. നാൽപതു വയസ്സിനടുത്തു പ്രായമുള്ള സൗമ്യ മുഖമുള്ള അവളെ ഒറ്റനോട്ടത്തിൽ തന്നെ ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. വർഷങ്ങളായി ഏതോ കോളജ് ഹോസ്റ്റലിൽ ജോലിയായിരുന്നു. ഇപ്പോൾ ഹോസ്റ്റൽ അടച്ചുപൂട്ടിയതിനാൽ ഇവിടെ ജോലിക്ക് എത്തിയതാണ്. വിവാഹിത ആയിരുന്നെങ്കിലും ഭർത്താവ് മരിച്ചുപോയെന്നും കുട്ടികൾ ഇല്ല എന്നും അവൾ പറഞ്ഞു. അവളുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും അമ്മയെ കാണാൻ എല്ലാ ആഴ്ചയും വീട്ടിൽ പോകണമെന്നും പറഞ്ഞു. "എല്ലാ ആഴ്ചയും വീട്ടിൽ പോകാൻ പറ്റില്ല" എന്ന് ഞാൻ പറഞ്ഞപ്പോൾ അവൾ ദേഷ്യത്തോടെ ചോദിച്ചു: "നിങ്ങളുടെ അമ്മയെ നോക്കാൻ ഞാനുണ്ട്. എന്റെ അമ്മയെ ആരു നോക്കും? എനിക്ക് എന്റെ അമ്മയേയും നോക്കണം." ഞാൻ ഒന്നും പറയാനാകാതെ നിശബ്ദയായി. ഇവിടെ കിടപ്പിലായ അമ്മയെ നോക്കുവാനാണ് അവളെ ജോലിക്ക് എടുത്തതെങ്കിലും മറ്റ് വീട്ടുജോലികളിലും അവൾ സഹായിക്കും. മാത്രമല്ല അമ്മയോട് സീരിയൽ കഥകളും അവളുടെ ഹോസ്റ്റൽ ജോലിക്കാലത്തെ അനുഭവങ്ങളും പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞുകേൾപ്പിക്കും. അതിനാൽ അമ്മയ്ക്കും അവളെ വളരെ ഇഷ്ടമായിരുന്നു.
ഈയാഴ്ച അവൾ വീട്ടിൽ പോയതിനു ശേഷം ഞാൻ മുറി വൃത്തിയാക്കുകയായിരുന്നു. പെട്ടെന്നാണ് അത് എന്റെ ശ്രദ്ധയിൽ പെട്ടത്. അവളുടെ ബെഡ്ഡിനടിയിൽ ഒരു ഇരുമ്പ് പിച്ചാത്തി! എന്തിനായിരിക്കാം അവൾ ഇത് അവിടെ സൂക്ഷിച്ചിരിക്കുന്നത്? എനിക്കാകെ ഭയമായി. പത്രങ്ങളിലെ പല വാർത്തകളും എന്റെ മനസ്സിലൂടെ കടന്നുപോയി.. ഇന്ന് ജോലികഴിഞ്ഞ് എത്തുമ്പോഴേ അവളോട് ഇതിനെപ്പറ്റി ചോദിക്കണം എന്ന് ഉറപ്പിച്ചാണ് ഞാൻ വീട്ടിലേക്ക് വന്നത്. എന്നാൽ ഞാൻ ചോദിക്കുന്നതിനു മുൻപ് തന്നെ അവൾ വളരെ ഗൗരവത്തിൽ എന്നോട് ചോദിച്ചു: "എന്റെ കത്തി എവിടെ?" "ആരെ കൊല്ലാനാണ് നീ ഈ കത്തിയുമായി നടക്കുന്നത്?" ചോദ്യം ഇഷ്ടപ്പെട്ടില്ലെങ്കിലും അവൾ സൗമ്യമായി മറുപടി പറഞ്ഞു: "ജീവിച്ചിരിക്കുന്നവരെയല്ല". "പിന്നെ? മരിച്ചവരെയാണോ?" ഞാൻ പരിഹാസത്തോടെ ചോദിച്ചു.
അപ്പോൾ സ്വരംതാഴ്ത്തി അവൾ പറയാൻ തുടങ്ങി: "മരിക്കാറായ ആളുകളെ കാണാൻ, മുൻപ് മരിച്ചുപോയ പല ആത്മാക്കളും വരും. അവർ വരുന്നത് മരിക്കാൻ കിടക്കുന്നവർക്ക് കാണാം. അവർ അവരോട് സംസാരിക്കും. നമ്മൾ വിചാരിക്കും അവർ അത് ഉറക്കത്തിൽ 'പിച്ചും പേയും' പറയുന്നതാണെന്ന്. അവർ 'ആരോ വന്നിരിക്കുന്നു' എന്ന് പറയുന്നതെല്ലാം സത്യമാണ്. നമ്മൾ കാണുന്നില്ല എന്നേയുള്ളൂ. ആ പ്രേതാത്മാക്കളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടാനാണ് ഈ ഇരുമ്പിന്റെ കത്തി ഞാൻ സൂക്ഷിക്കുന്നത്. ഇരുമ്പ് കൈയ്യിലുണ്ടെങ്കിൽ പിന്നെ അവർ അടുക്കുകയില്ല…" അവൾ പറഞ്ഞു നിർത്തി. "അതിന് കത്തി തന്നെ വേണമെന്നുണ്ടോ, ഇരുമ്പിന്റെ താക്കോലോ മറ്റെന്തെങ്കിലും ആയാലും പോരെ?" ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു. "എന്നാലും മതി" അവൾ ഗൗരവത്തോടെ പറഞ്ഞു. അടുത്ത ദിവസം മുതൽ വീടിന്റെ താക്കോൽ അവളുടെ തലയിണക്കീഴിലായി!
Content Summary: Malayalam Short Story ' Surakshayude Vazhikal ' Written by Thankachan Pathiyamoola