പഠിച്ചെടുക്കുവാൻ പാടുള്ളൊരാ പുസ്തകം
അടച്ചുവച്ചു ഞാൻ നാളുകൾമുൻപെന്നോ
മാറാലമൂടിയ മനസിന്റെയൊരുകോണിൽ
ഭദ്രമായ് നിദ്രയിൽ കണ്ടെടുത്തിന്നു ഞാൻ
മറിച്ചുനോക്കിയാ താളുകളൊക്കെയും
മരിക്കാത്ത എൻ ചിരികൾ പലതിലും
വിരലുകളിലെണ്ണാമാ താളുകളിലവസാനം
എഴുതിയ വരികളോ പടർന്നിരുന്നു
മണലിന്റെ ചൂടിൻ വിയർപ്പാൽ പടർന്നതോ
നഷ്ടത്തിൻ കണ്ണുനീർത്തുള്ളികൾ നനച്ചതോ
ഇനിയും എഴുതുവാൻ താളുകൾ അതിലില്ല
കനമുള്ള പുറംചട്ട ഒന്നൊഴിച്ചാൽ
ഒഴിച്ചിട്ടിരിക്കുന്നു നാളെയതാർക്കോ
ചായങ്ങൾപൂശി മനോഹരമാക്കുവാൻ
നിറങ്ങളാൽനിറയുന്ന നാളുകൾക്കായി ഞാൻ
ആ പുസ്തകം ഭദ്രമായ് തിരികെവച്ചു
Content Summary: Malayalam Poem ' Ente Pusthakam ' Written by Midhun Suresh