വയസ്സേറെയായിട്ടുമെന്റെ
മുത്തശ്ശിയമ്മ
കാതില് തോടയിട്ട് കവുങ്ങിൻ
കസവ് നേര്യതും പച്ചിലക്കരമുണ്ടും,
വരകളടുക്കിയ നെറ്റിമേൽ ചന്ദനക്കുറിയുമിട്ട്
മുറുക്കിച്ചുവപ്പിച്ച ചുണ്ടുകൾ
വിടർത്തി, "ഉണ്യേ"...ണ്യേ..ന്ന്
നീട്ടിവിളിക്കുന്നുണ്ട്.
പരന്നൊഴുകുന്ന ഓണനിലാവത്തെന്തു
ചേലാ ന്റെ മുത്തശ്ശിയമ്മക്ക്!
അന്തിച്ചെമപ്പില് പാലമൊട്ടുകൾ
വിടരുമ്പോലുള്ളാ ചിരിയൊന്നു കാണുന്നോ..?
എന്റെ കൺമുന്നിൽ നീണ്ട് പുളഞ്ഞ്
വഴികൾ മറയുന്നു..
അങ്ങ് ചരൽപാതകളുടെ കയറ്റത്തിലാകാശം മുട്ടി
വള്ളിക്കുന്ന് മല...
സഹ്യനിൽ നിന്നൊഴുകിയെത്തുന്ന
താരിളം തെന്നലിലാടി
പലവർണ്ണപ്പൊലിമയിലരിപ്പൂങ്കുലകൾ...
ഫ്ലാറ്റ് നമ്പർ നൂറ്റിപതിനെട്ടിൽ നിന്നും
ഞാനടർന്നു വീഴുന്നു
ഓർമ്മകളുടെ കുത്തൊഴു
ക്കിലേക്ക് മറിയുന്നു.
നേരം പുലർന്നുണ്യേന്ന്
ഓമനച്ചന്തത്തിലോർമ്മപ്പെടുത്തുന്നമ്മ..
ഓണമിങ്ങെത്തിയെന്നോമൽ കിനാവുകൾ
ഓണക്കോടിചുറ്റിയിളവെയിൽ നീരാട്ട്...
തൊടിയാകെ തുമ്പപ്പൂ
പറമ്പാകെ കാക്കപ്പൂ..
പൂപറിക്കാൻ പോകാം..
പൂപറിക്കാൻ പോകാം...കൂട്ടരേ...
ഇടറിവീഴുന്ന സ്വരതാളത്തിലെന്റെ
കവിതയിൽ കണ്ണീരിറങ്ങുന്നു.
ഓമനപ്പൊട്ടന്റെ കോലം
കണ്ടുണ്ണിയോടിയൊളിക്കുന്നു
പേടിച്ചരണ്ട മാൻപേട കണ്ണുകൾ
പുലികളിമേളത്തിൽ
കൗതുകം വിടർത്തുന്നു..
കുമ്മാട്ടിക്കളി വേറെ ഓണത്തല്ലൊരു കൂട്ടർ,
ആട്ടക്കളം തുള്ളൽ, കൈകൊട്ടിക്കളി...
വടംവലി, തുമ്പിതുള്ളൽ...
ഇന്നിലെ
നഷ്ടങ്ങളാണെനിക്കെല്ലാ
മെന്നാലുമെത്രയോ മാസ്മരചൈതന്യ
മനുഭൂതിദായകം!...
ഒരു കവർപാക്കറ്റിലോണത്തെ
യൊരുക്കുമ്പോൾ
റെഡിയിലയിൽ സദ്യയുടെ
വിഷപ്പകിട്ട് പകരുമ്പോൾ
പഴമോണമോർമ്മയായ്
പറമ്പിലെ പടർപ്പുകളിൽ
വെള്ളരി, മത്തനും കുമ്പളം
പയറുകൾ, ചേമ്പ്, ചേനക്കൂട്ടം
തലകുനിച്ചിരിക്കുന്നു.
എന്റെ കവിതയിൽ നിശ്ചലത
പടരുന്നു.
Content Summary: Malayalam Poem ' Onanilavathe Muthassiyamma ' Written by Jasiya Shajahan