ADVERTISEMENT

ഒരു പാവം പഴയ ചെരുപ്പിലെന്തിരിക്കുന്നുവെന്ന് ന്യായമായും നിങ്ങൾക്ക് ചോദിക്കാം. തന്റെ ജീവിത കാലത്ത് യജമാനത്തിയെ നല്ല വണ്ണം സേവിച്ചതു മൂലം ശോഷിച്ചതും തേഞ്ഞു തീർന്നതുമായ ചെരുപ്പ്, (ഒരു വള്ളിക്ക് ചെറിയ പൊട്ടലുമുണ്ട് ) നടത്തിയ അതിജീവനത്തിന്റെ കഥയാണ് ചുവടെ. കേരളത്തിലെ എല്ലാ വീട്ടമ്മമാരെയും പോലെ ചുറുചുറുക്കും ശുഷ്കാന്തിയും കാര്യപ്രാപ്തിയുമുള്ള ഒരു വനിതാ രത്നമാണ് ലിൻഡയും. തന്റെ തിരക്കുപിടിച്ച ഷെഡ്യൂളുകൾക്കിടയിൽ നിന്ന് ഒരു ദിവസം ചേച്ചിമാരോടും അപ്പനും അമ്മക്കുമൊപ്പം കുറച്ചു സമയം ചിലവഴിക്കാൻ പ്ലാൻ തയാറാക്കി, തലേന്ന് തന്നെ വീടിനും വീട്ടുകാർക്കും വേണ്ടതെല്ലാം ഒരുക്കി, വേണ്ട നിർദ്ദേശങ്ങളെല്ലാം നൽകി, ഏതാനും മണിക്കൂറുകളിൽ പോലും തന്റെ അഭാവം മൂലം ഒരു കുറവും അവിടെ ഉണ്ടാകുവാൻ ഇടയില്ലാത്ത വിധത്തിൽ കാര്യങ്ങൾ സെറ്റാക്കി.

വേണ്ടവർക്ക് വേണ്ടതെല്ലാം ലഭിച്ചെന്ന് ഉറപ്പു വരുത്തി, ധൃതിയിൽ ഒരു കുഞ്ഞു മേക്കപ്പൊക്കെയിട്ട്, ഓടിച്ചെന്ന് ചേട്ടന്റെ ബൈക്കിന്റെ പിന്നിൽ കയറി, തൊടുപുഴയ്ക്കുള്ള സൂപ്പർ ഫാസ്റ്റിലെ, മൂന്നുപേർക്കിരിക്കാവുന്ന സീറ്റിൽ ഒറ്റയ്ക്കിരുന്ന് ദീർഘശ്വാസം മൂന്നാലെണ്ണം വിട്ട്, ഒന്നാശ്വസിച്ച് തന്നെത്തന്നെ ആകെ മൊത്തം ടോട്ടലായൊന്നു വിലയിരുത്തിയപ്പോഴാണ്, ഓട്ടപ്പാച്ചിലിനിടയിൽ ചെരുപ്പു മാറാൻ മറന്നതറിഞ്ഞത്. സത്യമായും ലിൻഡ ഡെസ്പായി പോയി. വീട്ടിലെ നിത്യാഭ്യാസങ്ങൾക്കിടയിൽ തന്റെ കാലിടറാതെ 90 മൈൽ സ്പീഡിൽ പാഞ്ഞു നടക്കാൻ തന്നെ സഹായിച്ച അതേ ചെരുപ്പുകൾ, ഞങ്ങളിവിടെത്തന്നെയുണ്ട് ചേച്ചീ, എന്ന മട്ടിൽ ലിൻഡയെ നോക്കി പതിയെ ചിരിച്ചു. ലിൻഡയ്ക്ക് ആ ചിരി അത്ര പിടിച്ചില്ലെന്നു മാത്രമല്ല പ്രതിഷേധമായി തന്റെ പാദങ്ങളെ അവയിൽ നിന്ന് ബലമായി മോചിപ്പിക്കുകയും ചെയ്തു.

മിന്നലുപോലെ പാഞ്ഞ സൂപ്പർ ഫാസ്റ്റ് പാലാ സ്റ്റാൻഡിലെത്തി ബ്രേക്കിട്ടു. പഴയതെങ്കിലും വിശ്വസ്തയായ തന്റെ ചെരുപ്പിൽത്തന്നെ കയറി ലിൻഡ പാലാ സ്റ്റാൻഡിൽ സെയ്ഫായി ലാൻഡു ചെയ്തു. തന്നെ കാത്തു നിന്നിരുന്ന ചേച്ചിയെ കെട്ടിപിടിക്കുന്നതിനിടയിൽ ലിൻഡ പറഞ്ഞു. "എനിക്കൊരു ചെരുപ്പ് ഇപ്പത്തന്നെ മേടിക്കണം." "മേടിക്കാല്ലോ" ലിൻഡയുടെ പാവം ചെരുപ്പിലേക്കു നോക്കി ചേച്ചി ന്യായമായ ആവശ്യം അംഗീകരിച്ചു. "ദാ, ഇതിലേ പോയി നോക്കാം" മഹാറാണി ജംഗ്‌ഷനിൽ നിന്നു ഭരണങ്ങാനത്തിനുള്ള വഴി ചൂണ്ടിക്കാട്ടി ലിൻഡ പറഞ്ഞു. "അവിടെയെങ്ങും ചെരുപ്പു കടയൊന്നുമില്ല" ചേച്ചി തന്റെ വിയോജിപ്പ് വ്യക്തമാക്കി. "ദേ ബാറ്റാ, അവിടെ കയറിയാലോ?" ചേച്ചി ചോദിച്ചു. "ബാറ്റായും പാറ്റായുമൊന്നും വേണ്ട, സാദാ ചെരുപ്പു മതി" ലിൻഡ പറഞ്ഞു. അനുജത്തിയുടെ ആഗ്രഹമനുസരിച്ച് ഭരണങ്ങാനം റൂട്ടിൽ ഒരു കി.മീ. പോയിനോക്കിയെങ്കിലു ഒറ്റ ചെരുപ്പു കട പോലും ദൃഷ്ടിയിൽ പെടാഞ്ഞതിനാൽ, ഓട്ടോ വിളിക്കാനുള്ള പ്രലോഭനത്തെ അതിജീവിച്ച് കാൽനടയായി തന്നെ മഹാറാണി ജംഗ്‌ഷനിൽ തിരികെയെത്തി, ഇടപ്പറമ്പിൽ തുണിക്കടയുടെ മുന്നിലൂടെ മുൻസിപ്പൽ ഷോപ്പിങ്ങ് കോംപ്ലക്സിലുള്ള കാഴ്ചയിൽ ഭേദപ്പെട്ട ഒരു ചെരുപ്പു കടയിലെത്തി.

തങ്ങൾക്കു സംഭവിക്കാനിരിക്കുന്ന ദുര്യോഗമറിയാതെ, യജമാനത്തിയുടെ മൃദുപാദങ്ങൾക്ക് പോറലേൽക്കാതെ തന്റെ ജീവിതത്തിലെ അവസാന ദൗത്യം തികഞ്ഞ ആത്മാർഥതയോടെ നിർവഹിച്ച ചാരിതാർഥ്യത്തിൽ ചെരുപ്പുകൾ ആ പാദങ്ങളിൽ കുറച്ചുകൂടി പറ്റിച്ചേർന്നു കിടന്നു. എന്നാൽ യജമാനത്തി, ആ നിഷ്കാമ സേവനത്തെ തരിമ്പും പരിഗണിക്കാതെ നിഷ്കരുണം അവയെ തന്റെ പാദങ്ങളിൽ നിന്നു വേർപെടുത്തി. അവ ആ ശ്രമത്തെ പ്രതിരോധിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് അനിവാര്യമായ വിധിക്ക് കീഴടങ്ങി. പുതിയ ഒരു ജോഡി സുന്ദരിച്ചെരുപ്പുകൾ തങ്ങളുടെ സ്ഥാനം കവർന്നത് നീറുന്ന മനസ്സോടെ അവർ കണ്ടു നിന്നു. പുതിയ ചെരുപ്പിട്ട് കടയിലൂടെ അങ്ങുമിങ്ങും ലിൻഡ ക്യാറ്റ് വാക്ക് നടത്തി നോക്കി. "കലക്കീട്ടുണ്ട് ട്ടോ" ചേച്ചി പ്രോത്സാഹിപ്പിച്ചപ്പോൾ അതുൾക്കൊണ്ട് കുറച്ചു കൂടി ക്യാറ്റ് വാക്ക് നടത്തി തൃപ്തയായി. പഴയ ചെരുപ്പുകൾ കുശുമ്പ്, വേദന ഇത്യാദി വികാരങ്ങളാൽ വീർപ്പുമുട്ടുകയായിരുന്നു അപ്പോൾ. 

"ചേട്ടാ, ഇത് ഇവിടെ ഇട്ടേക്കുവാ" പൈസ കൊടുക്കുന്നതിനിടയിൽ ലിൻഡ കടക്കാരനോട് പറഞ്ഞു. "അതു പറ്റുകേല, വെയ്സ്റ്റ് കളയാൻ പഴയ പോലെ എളുപ്പമല്ല." ഒരു കവർ ഔദാര്യത്തോടെ നീട്ടിക്കൊണ്ട് കടക്കാരൻ പറഞ്ഞു. മനസ്സില്ലാമനസ്സോടെ പഴയ സഖികളെ കൂട്ടിലാക്കി അവർ ഇറങ്ങി. ചെരുപ്പു കളയാൻ ഒരു വേസ്റ്റുബിൻ നോക്കിയിട്ടാണേൽ ഒട്ടു കാണുന്നുമില്ല. പോകുന്ന വഴിക്ക് എവിടെയേലും കളയാമെന്നു വച്ചവർ നടന്നു. "നമുക്കോരോ തണുത്ത സോഡ നാരങ്ങാ വെള്ളമങ്ങട് കാച്ചിയാലോ?" തൂവാനത്തുമ്പികളിലെ മോഹൻലാലിനെ പോലെ ലിൻഡ ചേച്ചിയോട് ചോദിച്ചു. "നമുക്കുമൊന്ന് സുഖിക്കണ്ടേടീ?" "എങ്ങനെ, ഈ നാരങ്ങാ വെള്ളം കുടിച്ചാ സുഖിക്കാൻ പോണത്?" ചേച്ചി അതൃപ്തി അറിയിച്ചു. "നമുക്ക് തൃപ്തി കൂൾബാറിൽ പോകാം" ചേച്ചി പറഞ്ഞു. അങ്ങനെ രണ്ടാളും കൂടി തൃപ്തിയിൽ കയറി പുഡിങ്ങും ലൈം സോഡയും കഴിച്ചു. പഴങ്ങൾ നിറച്ച ട്രേകൾക്കിടയിലേക്ക് പഴയ ചെരുപ്പുകൾ അടങ്ങിയ കവർ നിക്ഷേപിക്കാൻ ഒരു ശ്രമം ഇതിനിടയിൽ കഥാനായിക നടത്തിയെങ്കിലും, തങ്ങളെ ഫോക്കസ് ചെയ്തിരിക്കുന്ന സിസി ടിവി ക്യാമറയെ ചേച്ചി, അനുജത്തിയെ കാണിച്ചതിനാൽ ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു.

ഭരണങ്ങാനത്തുള്ള ലിൻഡയേക്കാൾ രണ്ടര വയസ്സ് മൂപ്പുള്ള ചേച്ചിയെ കാണുവാൻ തീരുമാനിച്ചവർ പ്രൈവറ്റ് സ്റ്റാൻഡിലേക്കൊരു ഓട്ടോ വിളിച്ചു. പഴയ സ്റ്റാൻഡിനു മുന്നിലെത്തിയപ്പോൾ കണ്ണൂർക്കുള്ള വണ്ടി ഇപ്പോ പോകുമെന്ന മട്ടിൽ 50 ഉറുപ്പിക ഓട്ടോക്കാരനെ ഏൽപ്പിച്ച് ധൃതിയിൽ ഓട്ടോയിൽ നിന്നുമിറങ്ങി. "ചേച്ചി, ദാ ഇതു മറന്നു" ഓട്ടോക്കാരൻ ഓടി വന്ന് ചെരുപ്പു പൊതി സുരക്ഷിതമായി ലിൻഡയെ ഏൽപ്പിച്ചു. "ഓ" നെറ്റി ചുളിച്ചു കൊണ്ട് തൃപ്തിയില്ലാതെ ലിൻഡ പറഞ്ഞു. സ്റ്റാൻഡിൽ വെയ്സ്റ്റുബിൻ കാണുന്നുമില്ല. പൂഞ്ഞാർ ബസൊരെണ്ണം സ്റ്റാൻഡിൽ നിന്നുമെടുക്കുകയാണ്. ഓടിച്ചെന്ന് ബസിൽ കയറി. "രണ്ട് ഭരണങ്ങാനം" കണ്ടക്ടറോട് പറഞ്ഞു. ബസിൽ നല്ല തിരക്കുണ്ട്. ചെരുപ്പടങ്ങിയ കവർ ബസിന്റെ സീറ്റുകൾക്കു മുകളിലെ ലഗേജ് കാരിയറിൽ നിക്ഷേപിച്ചു. അൽഫോൻസാമ്മയുടെ പള്ളി കഴിഞ്ഞുള്ള സ്റ്റോപ്പിലിറങ്ങി, മുന്നോട്ടു നടന്നു. ബസ് അടുത്തു വന്നു നിറുത്തി. കിളി ഒരു കവർ ലിൻഡയുടെ കൈയ്യിൽ ഏൽപ്പിച്ചു. "വില പിടിപ്പുള്ള സാധനങ്ങൾ മറന്നു വച്ചിട്ട് ഞങ്ങളെ മെക്കിട്ട് കയറാൻ വരരുത് " അതു പറഞ്ഞ് കിളി പറന്നു പോയി. കിളി പോയ ലിൻഡ, ചേച്ചിയെ ദയനീയമായി നോക്കി.

അടുത്ത ശ്രമം പരാജയപ്പെടാൻ പാടില്ല. ചുറ്റും നോക്കി. ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയിട്ട് രണ്ടും കൽപ്പിച്ച് പോകുന്ന പോക്കിൽ അറിയാത്ത മട്ടിൽ ചെരുപ്പ് റോഡ് വക്കിലേക്കൊരു തട്ടങ്ങു തട്ടി. സ്പീഡിൽ മുന്നോട്ടു പോകവേ വീണ്ടും പിൻവിളി "ചേച്ചീ" ഒരു കുട്ടി ആ കവറുമായി ഓടിയെത്തി, കവർ ഉടമസ്ഥയെ ഏൽപ്പിച്ചിട്ട് വന്ന പോലെ ഓടി മറഞ്ഞു. "ഇതെന്നെയും കൊണ്ടേ പോകൂ" കലിയോടെ ലിൻഡ പറഞ്ഞു. "നീയതിനി കളയാൻ നോക്കണ്ട വീട്ടിലേക്ക് കൊണ്ടു പൊക്കോ." ചേച്ചി ഉപദേശിച്ചു. "കളയാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ" ലിൻഡ വിടാൻ ഭാവമില്ല. അടുത്ത ഓട്ടോയിൽ കയറി ചേച്ചിയുടെ വീട്ടിലെത്തി. മറന്നു വച്ച ഭാവത്തിൽ കവർ ഓട്ടോയിൽ വച്ചെങ്കിലും, ഉത്തരവാദിത്വമുള്ള ഡ്രൈവർ അത് കൃത്യമായി കണ്ടെത്തി ഉടമസ്ഥയെ ഏൽപ്പിച്ചു. "ചേച്ചിക്ക് മറവി കൂടുതലാ" അവന്റെ കമന്റ് കേൾക്കാത്ത മട്ടിൽ ലിൻഡ വീട്ടിലേക്ക് കയറി.

ചേച്ചിയെ കാണുവാൻ അപ്പനുമമ്മയും എത്തിയിരുന്നു. തന്നെ സന്ദർശിക്കുവാൻ അനുജത്തി വന്നതിന്റെ സന്തോഷത്തിൽ ചേടത്തി അനുജത്തിയുടെ കരം കവർന്ന കൂട്ടത്തിൽ ആ കവർ കൂടി കൈമാറ്റം ചെയ്യപ്പെട്ടു പോയി. തനിക്കിഷ്ടപ്പെട്ട "ചുരട്ട്" എന്ന പലഹാരം ആൻസ് ബേക്കറിയിൽ നിന്നും അനുജത്തി വാങ്ങി കൊണ്ടുവന്നതെന്ന അത്യാഗ്രഹത്തിൽ, പൊതി തുറന്ന ചേച്ചി കണ്ടത്, മൃതപ്രായരായ ഒരു ജോഡി പഴയ ചെരുപ്പായിരുന്നു. മുഖത്തു നിന്നും ചിരി മായാതെ അതേ ഉൽസാഹത്തോടെ കവർ ലിൻഡയെ തന്നെ തിരികെ ഏൽപിച്ചു കൊണ്ട് ചേച്ചി ഇപ്രകാരം മൊഴിഞ്ഞു. "ഇത് മോള് തന്നെ വച്ചോളൂ" "ഇതിവിടെയെങ്ങാനും കളയാൻ വല്ല മാർഗ്ഗവുമുണ്ടോ?" ലിൻഡ ചോദിച്ചു. "കൊണ്ടു പൊക്കോണം ഇവിടുന്ന്" ചുരുട്ട് കിട്ടാത്ത ദേഷ്യത്തിൽ ചേച്ചി പറഞ്ഞു. മറ്റു വിശേഷങ്ങൾക്ക് പ്രസക്തിയില്ലാത്തതിനാൽ നമുക്ക് കാര്യത്തിലേക്ക് മടങ്ങി വരാം.

ഭരണങ്ങാനത്തെ ചേച്ചിയെ കൂട്ടിക്കൊണ്ടു പോകുവാൻ വന്ന അപ്പനും അമ്മയ്ക്കുമൊപ്പം മറ്റു രണ്ടു സഹോദരിമാരും വണ്ടിയിൽ കയറി. വണ്ടി പുറപ്പെടാൻ ഗിയർ മാറിയപ്പോൾ അവിടുത്തെ അമ്മച്ചി ഒരു കവർ ലിൻഡയെ ഏൽപ്പിച്ചു കൊണ്ടു പറഞ്ഞു. "ഇപ്പഴേ നിനക്ക് മറവി തുടങ്ങിയോ ലിൻഡ?" അമർത്തിയ ചിരികൾക്കിടയിൽ വൈക്ലബ്യത്തോടെ ലിൻഡ കവർ വാങ്ങി. ഇൻഡ്യൻ കോഫി ഹൗസിൽ നിന്നും മസാല ദോശയും വെജിറ്റബിൾ കട്‌ലറ്റും കഴിക്കുന്നതിനിടയിൽ ലിൻഡയുടെ ചെരുപ്പ് കഥയ്ക്ക് ജൂറിയുടെ പ്രത്യേക പരാമർശമുണ്ടായി. താഴേക്കിറങ്ങുമ്പോൾ പരിചയക്കാരനായ സെക്യൂരിറ്റി ചേട്ടൻ പറഞ്ഞു. "രാവിലെ മുതൽ മഹാറാണിക്കു മുന്നിൽ കറങ്ങുന്നതാണല്ലോ?" "അതിനു തനിക്കെന്നാ" ന്നു മനസ്സിൽ പറഞ്ഞു കൊണ്ട് ലിൻഡ അവിടെ കവർ ഉപേക്ഷിക്കുവാനുള്ള ശ്രമം ഉപേക്ഷിച്ചു.

പിൻസീറ്റിലിരുന്ന ലിൻഡ ആരും കാണാതെ ആ കവർ ഡ്രൈവറുടെ സീറ്റിനടിയിലേക്ക് കാലു കൊണ്ട് തളളി വച്ചു. മൂത്ത ചേച്ചിയെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ തൊടുപുഴയ്ക്കുള്ള ബസിൽ കയറ്റി വിട്ടു. ലിൻഡയെ ഏറ്റുമാനൂരെ വീട്ടിൽ പോർച്ചിലിറക്കി വിട്ട് തിരിച്ചിറങ്ങി ഗേറ്റിലെത്തിയപ്പോൾ അമ്മ പറഞ്ഞു. "ദേ ലിൻഡയുടെ ചെരുപ്പ്" ചുരുട്ട് കിട്ടാത്ത ചൊരുക്കിൽ രണ്ടാമത്തെ ചേച്ചി ആ കവർ ഗേറ്റിലെ ന്യൂസ് പേപ്പർ ബോക്സിൽ തിരുകി കയറ്റി. പുത്തൻ ചെരുപ്പിട്ട് ക്യാറ്റ് വാക്ക് നടത്തുകയായിരുന്നു ലിൻഡ. പുറത്തു നിന്നും കയറി വന്ന ലിൻഡയുടെ ചേട്ടൻ ഒരു കവർ ലിൻഡയ്ക്കു നേരേ നീട്ടിക്കൊണ്ട് പറഞ്ഞു. "നിന്റെ ചെരുപ്പ് ആരാണ്ട് പൊതിഞ്ഞ് ന്യൂസ് പേപ്പർ ബോക്സിൽ വച്ചിരുന്നതാ, ഇന്നാ." കരച്ചിലിന്റെ വക്കിലെത്തിയ ലിൻഡ പൊതി തട്ടിപ്പറിച്ചു കൊണ്ട് പറഞ്ഞു. "ഇങ്ങു തന്നേക്ക്, ഞാനതു തന്നെ ഇട്ടോളാം" പുത്തൻ ചെരുപ്പ് കട്ടിലിനടിയിലേക്ക് തള്ളി പഴയ വള്ളി പൊട്ടിയ ചെരുപ്പ് ലിൻഡ വീണ്ടും പാദങ്ങളോട് ചേർത്തു. ഇനിയൊരിക്കലുമാർക്കും പറിച്ചെറിയാൻ പറ്റാത്ത വിധത്തിൽ ലിൻഡയുടെ ചെരുപ്പുകൾ പാദങ്ങളെ ഇറുകിപ്പുണർന്നു.

Content Summary: Malayalam Short Story ' Lindayude Cheruppu ' Written by Tom K. Joseph Kallarackal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com