'ഉത്സവപ്പറമ്പിൽ സ്വർണ്ണം നഷ്ടപ്പെട്ട് യുവതി', കാട്ടി കൊടുത്തത് നിരപരാധിയായ അനാഥ യുവാവിനെ...

HIGHLIGHTS
  • പുതിയ വെളിച്ചം (കഥ)
malayalam-short-story-sad-man-shadow
Representative image, Photo Credit:KatarzynaBialasiewicz/istockphoto.com.
SHARE

അമ്പലപ്പറമ്പിലെ ഉത്സവ തിരക്കിനിടയിൽ നഷ്ടപ്പെട്ടുപോയ സ്വർണ ഉരുപ്പടിക്ക് എന്റെ നേരെ വിരല് ചൂണ്ടിയ ആ സ്ത്രീ ആരാണ്.. അല്ലെങ്കിലും ജന്മത്തിലെ തെരുവിൽ വലിച്ചെറിയപ്പെട്ട എനിക്ക് അമ്മയെന്ന സ്ത്രീ വെറും സങ്കൽപം ആയിരുന്നല്ലോ. ഒരു വിരൽ ചൂണ്ടലിൽ എന്റെ ശരീരത്തിൽ പതിഞ്ഞുവീണ കൈപ്പാടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ പറ്റുന്നതായിരുന്നില്ല.. ഇതൊന്നും മതിയാവാഞ്ഞിട്ടാണല്ലോ.. കൊമ്പൻമീശയും ആറടി പൊക്കവുമുള്ള സബ് ഇൻസ്പെക്ടർക്കും സംഘത്തിനും എന്നെ കൈമാറിയത്.. സ്ത്രീകളും കുട്ടികളും കാഴ്ചക്കാരായി ചുറ്റും കൂടിയിരിക്കുന്നു. ജനങ്ങളുടെ വിശ്വാസത്തെ ശരിവച്ചു കൊണ്ടായിരിക്കുമോ തളർന്ന് വീണ് കിടക്കുന്ന എന്നെ പൊലീസ് കോൺസ്റ്റബിൾ പിടിച്ചെഴുന്നേൽപ്പിച്ചത്, നിന്നനിൽപ്പിൽ സബ്ഇൻസ്പെക്ടർ വലതുകാൽ ഉയർത്തി നാഭിക്ക് തൊഴിച്ചു മലർത്തി. തൊഴികൊണ്ട് പെട്രോമാക്സ് വിളക്കിന്റെ ചില്ലുടയും പോലെ കൊഴിഞ്ഞു നിലത്തുവീണു. വിലാപങ്ങൾ ആയിരുന്നില്ല ചുറ്റുനിന്നും ഉയർന്നുകേട്ടത്.. പകയുടെ നെരിപ്പോടിൽ കത്തിജ്ജ്വലിച്ച അട്ടഹാസങ്ങൾ ആയിരുന്നു.

ഉത്സവപ്പറമ്പിൽ നഷ്ടപ്പെട്ട സ്വർണ ഉരുപ്പടി എന്റെ ശരീരത്തിലെ ഓരോ മാംസപേശികളിലും തിരഞ്ഞ് അവർക്ക് മടുത്തു കാണണം.. അല്ലെങ്കിൽ പച്ചനോട്ടുകൾ കൈമടക്കുവാൻ സ്വന്തം വേരുകൾ ഒന്നും തന്നെ ഇല്ല എന്ന തിരിച്ചറിവായിരിക്കാം വഴിയോരത്ത് ഉപേക്ഷിക്കാൻ കാരണം. എങ്ങനെയാണ് ആൾതാമസമില്ലാത്ത ഇടിഞ്ഞുപൊളിഞ്ഞ് നിലം പൊത്താറായ ഈ വീടിന്റെ ഉമ്മറതിണ്ണയിൽ ഞാൻ എത്തിപ്പെട്ടത് എന്നറിയില്ല. ചുറ്റും കാഴ്ചക്കാരായി കടന്നു പോയവരിൽ സ്വർഗ്ഗത്തിന്റെ വക്താക്കളെന്ന് സ്വയം അഹങ്കരിച്ചു നടക്കുന്ന എല്ലാ മതവിശ്വാസികളെയും കണ്ടിരുന്നു. ആരെയും സഹായത്തിന് കണ്ടില്ല, കാരണം എന്നെ തെരുവിലുപേക്ഷിച്ചവരുടെ മതം ഏതാണെന്ന് ആർക്കും അറിയില്ലല്ലോ! 

എന്റെ നിലവിളിയിൽ ഭഗവാനും, ക്രിസ്തുവും, അല്ലാഹുവും ഒന്നും ഇല്ലായിരുന്നല്ലോ... ഒരു മതത്തിലും പിറക്കാത്തവന്ന് സഹായത്തിന് ആരായിരിക്കും കൂട്ട്? ശരീരത്തിൽ ഇനി അവശേഷിക്കുന്നത് കളർ പോയ കീറിയ നിക്കർ മാത്രമാണ്. പുറത്ത് പെരുമഴയിൽ കുതിർന്ന് ഭൂമി തണുത്ത് വിറങ്ങലിച്ചു നിന്നു. ചെളിപുരണ്ട നിക്കർ മഴയിൽ കുതിർന്ന് ശരീരത്തിൽ അവശേഷിച്ച ചൂടിനെ കാർന്ന്തിന്നു, മാംസപേശികൾ മരവിപ്പിലേക്കുള്ള യാത്രയിലായിരുന്നു, ശരീരത്തിലെ ഓരോ അണുവിൽ നിന്നും നീറ്റലായി പുറത്തുചാടുന്ന വേദന വകവെയ്ക്കാതെ നിക്കർ പതിയെ ഊരിയെടുത്തു, കോലായിലെ വടക്കേ മൂലയിലെ പൊട്ടിപ്പൊളിഞ്ഞ ചുമരിൽ ആരോ കരികൊണ്ട് ആഭാസ വാക്കുകൾ കോറിയിട്ടതിന്റെ മുകളിലായി അത് നിവർത്തിയിട്ടു.

അമ്പലങ്ങളിൽ ഉറഞ്ഞുതുള്ളുന്ന കോമരം കണക്കെ മഴ പുറത്ത് താണ്ഡവമാടുന്നുണ്ടായിരുന്നു. പൂർണ്ണനഗ്നനായി തണുത്തു മരവിച്ച സിമൻറ് അടർന്നു ചാടിയ തറയിൽ പെരുമഴയേയും നോക്കി നിസ്സഹായനായി ഇരിക്കുമ്പോഴാണ്, ഇളകിയാടിയ പടിവാതിൽ തുറന്ന് കീറിയ കുടയും ചൂടി താടിയും മുടിയും നരച്ച വൃദ്ധനായ ഒരു ഭിക്ഷക്കാരൻ കടന്നുവന്നത്. എന്റെ ദയനീയത കണ്ടിട്ടാവാം അയാൾ ഒന്നും ഉരിയിടാതെ കൈയ്യിലുള്ള ഭാണ്ഡക്കെട്ടിൽ നിന്നും അഴുകിയ ഒരു നിക്കർ എടുത്ത് എന്റെ നേരെ നീട്ടിയത്. കാരുണ്യമുള്ള മനസ്സുകളെ തേടിനടന്നാൽ കാണില്ല, അത് പലപ്പോഴും ആവശ്യക്കാർക്കു മുമ്പിൽ പ്രത്യക്ഷപെടാറാണ് പതിവ് എന്ന വചനം കുരിശുപള്ളിക്ക് മുമ്പിലെ വലിയ മതിലിൽ ചായംപൂശി എഴുതിവെച്ചത് ഓർമയിൽ തേടിയപ്പോഴാണ് അറുപത് കഴിഞ്ഞ വൃദ്ധൻ നീട്ടിയ നിക്കർ വാങ്ങി നഗ്നത മറച്ചത്.

കാണാത്ത പുതിയ ലോകത്തിലേക്ക് വൃദ്ധൻ ഒരു ചെറുചിരിയോടെ ക്ഷണിച്ചപ്പോൾ തിമിർത്തുപെയ്യുന്ന മഴ വകവെക്കാതെ വൃദ്ധന്റെ കൈയ്യും പിടിച്ച് പുറത്തേക്ക് നടന്നു. എന്റെ മുമ്പിൽ നടക്കുന്ന ഈ വൃദ്ധന്റെ പേരാണോ യേശു? അതോ ഭഗവാനോ? അല്ലാഹുവോ? എനിക്കറിയില്ല. കാരണം ഒരു മതത്തിലും ജനിക്കാത്തവന്റെ ദൈവത്തിന് എന്തായിരിക്കും പേര്!? മതഭ്രാന്തന്മാർ വിൽപ്പനച്ചരക്കാക്കി വെച്ച ദൈവങ്ങളിൽ ഞാൻ തിരഞ്ഞിട്ട് കണ്ടെത്താനാവാത്ത ആ സത്യവും തേടി കീറിയ കുടക്കീഴിൽ വൃദ്ധന്റെ ഓരം പറ്റി പെരുമഴത്തുള്ളികളെ ചവിട്ടിമെതിച്ച് പുതിയ വെളിച്ചവും തേടി ഞാൻ നടന്നു... 

Content Summary: Malayalam Short Story ' Puthiya Velicham ' Written by M. P. B. Shaukath

Disclaimer

മനോരമ ഒാൺലൈൻ യുവർ ക്രിയേറ്റീവ്, റൈറ്റേഴ്സ് ബ്ളോഗ് സെക്‌ഷനുകളിൽ പ്രസീദ്ധികരിക്കുന്ന കഥ, കവിത, ലേഖനം എന്നിവയുടെയും മറ്റു രചനകളുടെയും പൂർണ ഉത്തരവാദിത്തം ലേഖകർക്കു മാത്രമായിരിക്കും. രചനകളുടെ പകർപ്പവകാശം സംബന്ധിച്ച പരാതികളിൽ മനോരമ ഒാൺലൈനോ മലയാള മനോരമ കമ്പനിയോ കക്ഷിയായിരിക്കുന്നതല്ല

മനോരമ ഓൺലൈനിൽ നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ രചനകൾ പേരും വിലാസവും ഉൾപ്പെടെ literature@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS