ADVERTISEMENT

എങ്ങും ഓണത്തപ്പനെ വരവേൽക്കാനുള്ള ഉത്സാഹതിമിർപ്പിലാണ്. സുമ ടീച്ചറിനെയും പ്രതീക്ഷിച്ച്, ടീച്ചറിന്റെ ഭർത്താവ് അരുണും നാലു വയസ്സ് മാത്രം പ്രായമുള്ള മാനുഷിയും ഗേറ്റിന്റെ ചുവട്ടിൽ നിൽക്കുകയാണ്. മാനുഷിയുടെ സ്കൂളിൽ അന്ന് ഓണാഘോഷമായിരുന്നു. ചുവപ്പും മഞ്ഞയും നിറത്തിലുള്ള ഫ്രോക്കും ധരിച്ച്, ടീച്ചർ നൽകിയ പൂക്കളും കൈയ്യിൽ പിടിച്ച് മാനുഷി പാട്ടുപാടി നിൽപ്പുണ്ട്. അച്ഛാ, അമ്മ എന്താ താമസിക്കുന്നത്?. സമയം അഞ്ചു മണി കഴിഞ്ഞു നമുക്ക് അത്തപ്പൂക്കളം ഇടണ്ടേ? പുത്തൻ ഉടുപ്പ് എടുക്കണ്ടേ? എനിക്ക് നീല നിറത്തിലുള്ള ഫ്രോക്ക് മതി. ഇന്ന് ഗൗരിയിട്ടിരുന്നത് നീല ഫ്രോക്കായിരുന്നു. എനിക്കും അതുമതി. അമ്മ എന്തായെത്താത്തത്? കുഞ്ഞ് അസ്വസ്ഥയാകുന്നതു കണ്ട്, അരുൺ പെട്ടെന്ന് തന്നെ മോളുടെ ശ്രദ്ധമാറ്റുന്നതിനു വേണ്ടി, മാനുഷിയുടെ സ്കൂളിലെ ഓണാഘോഷ പരിപാടികളെ കുറിച്ച് ചോദിക്കുന്നു. മോളുടെ പാട്ട് എല്ലാവർക്കും ഇഷ്ടമായോ? അതേ അച്ഛാ, അമ്മ പഠിപ്പിച്ചു തന്ന ഓണപാട്ട് ടീച്ചറിനും നല്ലതുപോലെ ഇഷ്ടമായി, എനിക്ക് ടീച്ചർ കവിളത്ത് ഉമ്മ തന്നു, ലഡു തന്നു, പൂക്കൾ തന്നു. മാനുഷി ഉടനെ പാട്ട് പാടാൻ തുടങ്ങി...

പൂവേ പ്പൊലി പൂവേ പ്പൊലി പൂവേ...

ഓണം വന്നേ, ഓണത്തപ്പൻ വന്നേ,

മുറ്റം നിറയേ പൂക്കളം നിറക്കാം ....... എന്നു പാടുന്ന സമയത്ത് ഒരു ഓട്ടോറിക്ഷ ഗേറ്റിനരികിൽ വന്നു നിന്നു. പാട്ടു നിർത്തി മാനുഷി അമ്മയുടെ അരികിലെത്തി. അമ്മേ, അമ്മേ പോകാം. അമ്മേ എനിക്ക് നീലനിറത്തിലുള്ള ഫ്രോക്ക് മതി. ഗൗരിയും, അനുവും അതാ ഇട്ടിരുന്നത്. എന്തു ഭംഗിയായിരുന്നു!!. ശരി മോളേ, നമുക്ക് ഇപ്പോൾ തന്നെ പോകാം. സുമ വീട്ടിൽ കയറി... വസ്ത്രം മാറ്റി, അരുൺ ഉണ്ടാക്കി വെച്ചിരുന്ന കോഫിയും കുടിച്ച് വീടുപൂട്ടിയിറങ്ങി. അരുണും മാനുഷിയും ആദ്യമേ തന്നെ കാറിൽ കയറിയിരുന്നു. അല്ലേലും മാനുഷി എപ്പോഴും ബാക്ക് സീറ്റിൽ തനിച്ച് തന്റെ പാവകളായ - റാണി പൂച്ചയോടും, സ്വർണ്ണ മയിലിനോടും വർണ്ണ തത്തമ്മയോടും കൂട്ടുകൂടി പാട്ടു പാടി രസിക്കുകയാണ് പതിവ്. അത് എപ്പോഴും അരുണിനേയും സുമയേയും വളരെയധികം ഉല്ലാസഭരിതരാക്കിയിരുന്നു. സുമ ടീച്ചർ കാറിന്റെ ഡോർ തുറന്ന് സീറ്റ് ബെൽറ്റിട്ട് ഇരുന്നു. എന്നാൽ നമുക്കു പോകാം. അരുൺ ഉടനെ തന്നെ കാർ ബാക്കിലേക്ക് എടുത്തു.. ആ സമയത്ത് മാനുഷിയുടെ നിലവിളി... അയ്യോ അമ്മേ അച്ഛാ.....!

സുമ ടീച്ചർ തല താഴ്ത്തി മേശയിൽ ഒന്നു മയങ്ങുകയായിരുന്നു.. പെട്ടെന്ന് തന്നെ മാനുഷിയുടെ ദീനമായ സ്വരം കേട്ട് ഞെട്ടിയുണർന്നു. അയ്യോ മോളേ മാനുഷി എന്റെ പൊന്നേ, ഏങ്ങിയേങ്ങി കരഞ്ഞു. കരച്ചിൽ കേട്ടു എതിർവശത്ത് ഇരുന്ന നയന ടീച്ചർ ഓടിയെത്തി ടീച്ചർ എന്തുപറ്റി? എന്തുപറ്റി? ഉടനെ ഇത് സ്റ്റാഫ് റൂമാണ് എന്ന ബോധം സുമടീച്ചർ മനസ്സിലാക്കി. ഒന്നുമില്ല ടീച്ചർ.. ഒരു നിസംഗതയോടെ സുമ ടീച്ചർ മറുപടി നൽകി. അന്ന് ഓണാഘോഷമായിരുന്നു. എല്ലാ പേരും സ്കൂൾ ഓഡിറ്റോറിയത്തിൽ, സുമ ടീച്ചർ കഴിഞ്ഞവർഷം ഈ സ്കൂളിലേക്ക് സ്ഥലമാറ്റം കിട്ടി വന്നതാണ്. തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊന്നും ഇവിടെ ആരോടും പറഞ്ഞിട്ടില്ല. ടീച്ചറിന് തലവേദനയായതു കൊണ്ട് ഓഡിറ്റോറിയത്തിലേക്ക് പോയില്ല. നയന ടീച്ചർക്കു എൻ.എസ്.എസ് ഡ്യൂട്ടി ഉള്ളതു കൊണ്ട് പ്രോഗ്രാം ലിസ്റ്റ് തയാറാക്കാനുണ്ടായിരുന്നു. അതുകൊണ്ട് നയന ടീച്ചറും സ്റ്റാഫ് റൂമിൽ തന്നെയായിരുന്നു. പിന്നെയും സുമ ടീച്ചർ മേശയിൽ കമഴ്ന്ന് കിടന്നു. 

കഴിഞ്ഞ വർഷം ഇതേ സമയത്താണ് ടീച്ചറിനെ കണ്ണീർ കടലിൽ ആക്കിയ സംഭവം ഉണ്ടായത്. അന്ന് തന്റെ മാനുഷി മോള് അച്ഛനെയും അമ്മയേയും കളിപ്പിക്കുന്നതിനായി ബാക്ക് സീറ്റിൽ നിന്ന് ഇറങ്ങി കാറിന്റെ പുറകിൽ ഒളിച്ചിരിക്കുകയായിരുന്നു. അരുൺ കാറ് പുറകോട്ട് എടുത്തതും.... പാവം മാനുഷിമോൾ.... അയ്യോ.... എന്റെ മോള്.... രക്തം തലയിൽ നിന്ന് ധാരധാരയായി ചോർന്ന് കൊണ്ടിരുന്നു... ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന വഴിയിൽ വെച്ചു തന്നെ അമ്മയേയും അച്ഛനേയും വിട്ട് അകന്നു...! സുമടീച്ചർ ബോധം നിലച്ച് മൂന്നു മാസത്തോളം ഐസിയുവിൽ ആയിരുന്നു. സുമടീച്ചർ അന്നത്തെ സംഭവങ്ങൾ ആലോചിച്ച് ഏങ്ങിയേങ്ങി കരയുന്നുണ്ടായിരുന്നു.. 

അപ്പോഴെക്കും രണ്ട് സി - യിലെ മാനുഷിമോൾ അമ്മേയെന്നു വിളിച്ചു കൊണ്ട് അരികിൽ പൂക്കളുമായെത്തി.. രണ്ട് സി - ലെ മാനുഷിമോളുടെ അമ്മ പനി ബാധിച്ചു മരിച്ചിരുന്നു. തന്റെ മകളുടെ പേരായതു കൊണ്ട് ആ കുട്ടിയെ ഒരു മോളേ പോലെ ടീച്ചർ കണ്ടിരുന്നു. കുട്ടിയും അമ്മ വാത്സല്യത്താൽ "അമ്മേ" എന്നാണ് വിളിച്ചിരുന്നത്!! സുമ ടീച്ചറുടെ മുഖത്ത് പുഞ്ചിരി വിടർന്നു..! നയന ടീച്ചർ ഇത് കണ്ടിട്ട് ഇങ്ങനെ പറഞ്ഞു ടീച്ചറിന് സ്നേഹിക്കാൻ വീട്ടിലും മാനുഷി മോള്! സ്കൂളിലും മാനുഷി മോള്!!

Content Summary: Malayalam Short Story Written by Dr. Sindhu B. K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com