നോക്കിനിൽക്കെ വളർന്നു പന്തലിക്കുന്നു ചില ചെടികൾ
ഇന്നലെ കൊച്ചിതളുകൾ മാത്രമുണ്ടായിരുന്നവ.
നട്ടത് മുതൽ ആരുമതിനെ തിരിഞ്ഞു
നോക്കിയിരുന്നില്ല, എന്നിട്ടും....
നോക്കിനിൽക്കെ പൂവിടുന്നവയാണ് ചില ചെടികൾ
അതുവരെ പച്ച നിറം മാത്രം നിറഞ്ഞ് മുഖം നഷ്ടമായവ.
ഇന്ന് പൂവും കായും പിടിച്ച്
മറ്റേതോ ചെടിയായ് അടിമുടി വളർന്നിരിക്കുന്നു.
നോക്കിനിൽക്കെ വളർന്ന ചില കൊമ്പുകൾ
മഴയിൽ കുലുങ്ങി തരിവളകിലുക്കുന്നു ചിലർ.
നോക്കിനിൽക്കെ കൊക്കകൾക്കെത്താൻ കഴിയാത്തിടത്ത്
മട്ടുപ്പാവിൽ കയറി നിൽക്കുന്നു മറ്റു ചിലർ.
എത്ര കാലമായി കാണുന്നിങ്ങനെ, കുഞ്ഞായി,
പതിയെ ഉയരം വെച്ച്, (വെറുതെ സമയത്തെ തോൽപ്പിച്ചവർ)
ഇപ്പൊ തലയുയർത്തി നോക്കാൻ മേലാത്ത ഉയരത്തിലും!
മുത്തശ്ശനും ചെറു മക്കളും പോലെ (ആണോ?)
നോക്കി നിൽക്കെ ഉണങ്ങി ദ്രവിക്കുന്നു ചില വന്മരങ്ങൾ,
ഇന്നലെ മരണം വിളിച്ച അയൽക്കാരനെ പോലെ.
രാവിലെ വരെ "സുഖം തന്നെയല്ലേ?" എന്ന്പുഞ്ചിരിച്ചയാൾ
ഉച്ചയ്ക്ക് മരണത്തോടൊപ്പം നടന്നു.
ഇലകൾ ഊരിയെറിഞ്ഞ കൊമ്പുകൾ ഉയരത്തിൽ
തെർമോ മീറ്ററിൽ താഴോട്ടിറങ്ങിയമെർക്കുറി പോലെ
ചില്ലകൾ മാത്രമായി, വരണ്ട്ആകാശത്ത് നിന്ന്,
അനുഗ്രഹത്തിനായി മുട്ടുകുത്തി പ്രാർഥിച്ച്
കറുത്ത് കരുവാളിച്ച്.....
എത്ര പ്രസരിപ്പോടെ പച്ചയായി ചിരിച്ചതാണ് !
പെട്ടെന്ന് മണ്ണ് പുതച്ച് ഭൂമിയിലേക്കിറങ്ങിയിരിക്കുന്നു.
ഒറ്റയ്ക്ക് സംസ്കാരം നടത്തിയ മരം,
ഇപ്പോൾ മൺപുറ്റ് മാത്രം, വൻമരത്തിന്റെ ഓർമക്കുടീരം.
വൻമരങ്ങളെത്ര വീണടിഞ്ഞിട്ടുണ്ടാവും
നമ്മുടെ കണ്ണുകൾക്കപ്പുറം ഇത് പറയുമ്പോൾ?
ആകാശപ്പന്തലിനു ചുവട്ടിൽ ഉയരങ്ങളെ വകവെക്കാതെ
അയൽപക്കത്തിനപ്പുറം മരിച്ച മനുഷ്യരെ പോലെ,
ഇലക്ടിക് വിളക്കിനു ചുറ്റും പൊലിഞ്ഞൊഴിഞ്ഞ്
ഉറുമ്പുകൾ കൊടിയാക്കിയ മഴപ്പാറ്റ ചിറകുകൾ പോലെ.
എങ്കിലും തൊടിയിൽ വളർന്നാകാശം തൊടാൻ
മരങ്ങൾ ഇനിയും കാത്തു നിൽക്കുന്നു.
Content Summary: Malayalam Poem ' Vanmarangal ' Written by Dr. Yusuf Perambra