പൊന്നാനി ഹോസ്പിറ്റലിലെ തിരക്കുള്ള ഒരു ഒപി, ഈ ബല്ല്യ ഡോക്ടർ ചാർജെടുത്തിട്ട് മാസങ്ങളെ ആയുള്ളൂ, നാലാളു അറിഞ്ഞു വരുന്നേയൊള്ളു. ഡോക്ടറുടെ മേശക്ക് ചുറ്റും ചക്കമ്മേൽ ഈച്ച കൂടിയ പോലെ ആൾക്കാർ നിക്കാണ്.. അമ്മായി മരിച്ചിട്ട് വേണം കട്ടിലൊന്നൊഴിയാൻ എന്നപോലെ, കുറെ ഒപി ചീട്ടുകളിങ്ങനെ നീണ്ടു വരുന്നു, അതിനിടയിൽ ആ കുപ്പിവളയിട്ട കൈയ്യിന്നെന്തോ ഒരു പ്രത്യേകത..!
ഒരു ഹിന്ദിക്കാരിയും അവരുടെ പാവം പിടിച്ച ഭായ്‌യുമാണ്, ഒരു ചേഞ്ച് ആയിക്കോട്ടെ.. അവരെ പിടിച്ചിരുത്തി, മുറി മലയാളത്തിൽ അവര് പറഞ്ഞു.. "സേട്ടാ, പണി പിടിച്ചു" സുഗമ ഹിന്ദി പരീക്ഷ പാസ്സായ ഞാനാണ്, കൂടാണ്ടെ കുച്ച് കുച്ച് ഹോത്ത ഹെയും, കബി കുഷി കബി കം ഉം ഉണ്ട് കൂട്ടിന്!! അങ്ങ് കീച്ചിയേക്കാം.... ബുക്കാർ ഹേ ഹോ (പനി ഉണ്ടോ )!!! ഉൾടീ ആതെ ഹോ, ഹും ഹോ (ഛർദി ഉണ്ടോ)!!! പിന്നെ അവസാനത്തെ ഐറ്റം ഖാസീ ഹോ (ചുമ ഉണ്ടോ )!!! എന്നിട്ട് ചുറ്റും കൂടിയിരിക്കുന്ന ആൾക്കാരെ നോക്കി, നമ്മള് ഹിന്ദി എത്ര കണ്ടതാന്നുള്ള ഭാവത്തിൽ അങ്ങട്ട് ഞെളിഞ്ഞിരുന്നു. അപ്പോഴുണ്ട് ഒരു വലിയുമ്മ അപ്പുറത്തെ താത്താനെ തോണ്ടുന്നു.. "ഡോക്ടർ ഇംഗ്ലിഷ് മീഡിയം ആണെന്നാ തോന്നുന്നേ" (ജഗതി മോഹൻലാലിന്റെ സിനിമയിൽ പറയുന്ന ഡയലോഗ് പോലെ)...! ഉം...! അപ്പുറത്തെ സുന്ദരിയായ ജൂനിയർ ഡോക്ടറെ നോക്കി നമ്മളൊന്ന് ഇരുത്തി മൂളി... ഇതൊക്ക എന്തു ചീള് കേസ്.
ഹിന്ദിയിലെ എന്റെ മൊഴി കേട്ടതും ഭായിക്ക് ഞാനൊരു ബഡാ ഭായ് ആയി, പിന്നെ ഹിന്ദിയിൽ അനർഗള നിർഗളമായി വാക്കുകളിങ്ങനെ പ്രവാഹിച്ചു... പക്ഷെ എനിക്കോ മറ്റുള്ളോർക്കോ ഒന്നും മനസ്സിലായില്ല... വേണ്ടീർന്നില്ല.. നമ്മളെ വെടി എപ്പഴോ തീർന്നീർന്നു... ഇനി ഇപ്പൊ ലോകഭാഷയായ ആംഗ്യ ഭാഷ തന്നെ ശരണം.. അവസാനം ഒരു ഹോ ഹു ഹം ഹോ.. ചേർത്തങ്ങു ഒപ്പിച്ചു.. പിന്നീടൊരിക്കലും ഭായ്മാരെ അടുത്ത് ഹിന്ദി പറഞ്ഞു ആളാവാൻ പോയിട്ടില്ല, അവര് മലയാളം പഠിക്കട്ടെ അല്ല പിന്നെ!
Content Summary: Malayalam Short Story ' Mem Hum Ho ' Written by Dr. Shameel K. M.